"നിങ്ങൾ സമാധാനം ആഗ്രഹിക്കുന്നെങ്കിൽ നീതിക്കായി നിലകൊള്ളുക'
ആർച്ച്ബിഷപ് തോമസ് തറയിൽ
Saturday, February 15, 2025 12:04 AM IST
വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ സുപ്രസിദ്ധ വാക്യമാണ് ശീർഷകം. നീതി പുലർത്തപ്പെടുന്നിടത്താണു സമാധാനം നിലനിൽക്കുന്നത്. അനീതികൾക്കെതിരേ എല്ലായിടത്തും വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടു എന്നുവരില്ല, സമാധാനപ്രിയരായ ജനങ്ങൾ വലിയൊരളവുവരെ സംയമനം പാലിക്കും. അതേസമയം, സമൂഹത്തിൽ അസ്വസ്ഥതകൾ പുകഞ്ഞുകൊണ്ടിരിക്കും. ഇവ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അനീതിയുടെ ചട്ടുകങ്ങളായി തുടരുന്നത് ജനാധിപത്യ സർക്കാരുകൾക്കു ഭൂഷണമല്ല. ദേശീയ, സംസ്ഥാന തലങ്ങളിൽ ക്രൈസ്തവ സമുദായവും കർഷകസമൂഹവും അഭിമുഖീകരിക്കുന്ന അനീതികളും വിവേചനങ്ങളും നിരവധിയാണ്.
ദേശീയതലത്തിലുള്ള അനീതികൾ
മതപരിവർത്തന നിരോധന നിയമങ്ങൾ ക്രൈസ്തവവേട്ടയ്ക്കായി ദുരുപയോഗിക്കപ്പെടുന്നു. പുതുതായി രാജസ്ഥാൻ ഈ നിയമത്തിന്റെ നിർമാണ പ്രക്രിയയിലാണ്. ന്യൂനപക്ഷാവകാശങ്ങൾ വ്യാപകമായി ധ്വംസിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽപോലും അധ്യാപക-അനധ്യാപക നിയമനങ്ങൾക്കു ചട്ടങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ സർക്കാരിന് അവകാശമുണ്ടായിരിക്കുമെന്ന ഗുജറാത്ത് സർക്കാരിന്റെ നിയമം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ഞെട്ടലുളവാക്കുന്നതാണ്.
കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിലും (എൻഇപി) യുജിസിയുടെ പുതിയ ഉന്നതവിദ്യാഭ്യാസ കരടുചട്ടത്തിലും ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചു ചെറിയ പരാമർശം പോലുമില്ല. ന്യൂനപക്ഷ സ്കോളർഷിപ്പുകളും മറ്റും കേന്ദ്രം കഴിഞ്ഞ വർഷങ്ങളിൽ വലിയതോതിൽ വെട്ടിക്കുറച്ചിരുന്നു. ന്യൂനപക്ഷങ്ങൾക്കായി കേന്ദ്രബജറ്റിൽ ഈ വർഷം 3,350 കോടി രൂപ മാത്രമാണു വകയിരുത്തിരിയിരിക്കുന്നത്. 2020-21 ബജറ്റിലെ 5,029 കോടി രൂപയുടെ സ്ഥാനത്താണ് ഈ ശോഷണം. സംവരണത്തിനായുള്ള ദളിത് ക്രൈസ്തവരുടെ നിലവിളി 75 വർഷമായി മതേതര ഇന്ത്യയുടെ ബധിരകർണങ്ങളിലാണു പതിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര റബർ ബോർഡിന്റെ പ്രചാരണം വിശ്വസിച്ച്, കർഷകർ ഏറെ പ്രതീക്ഷയോടെ വച്ചുപിടിപ്പിച്ച റബർമരങ്ങൾ ഇന്നു നോക്കുകുത്തികളായി നിലകൊള്ളുന്നു. അതതു കാലങ്ങളിലുള്ള കേന്ദ്രസർക്കാരുകളുടെ നയങ്ങളാൽ വഞ്ചിക്കപ്പെട്ട് ജീവിതം ദുരിതത്തിലായ റബർ കർഷകർക്ക് ഒരു ചെറിയ സഹായം പോലും ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. റബറിനു താങ്ങുവില പ്രഖ്യാപനവുമില്ല.
ദേശീയ കടുവാ സംരക്ഷണ അഥോറിറ്റി, കേന്ദ്ര വനം-വന്യജീവി നിയമത്തിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ചിട്ടുള്ള മാതൃകാ പ്രവർത്തന നടപടിക്രമം (എസ്ഒപി) യുദ്ധകാലാടിസ്ഥാനത്തിൽ പരിഷ്കരിച്ചില്ലെങ്കിൽ ഇനിയും നിരവധി ജീവനുകൾ നഷ്ടമാകും. എസ്ഒപിയുടെ പേരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലർത്തുന്ന അലംഭാവത്തിനു മനുഷ്യജീവന്റെ വിലയാണു നൽകേണ്ടിവരുന്നത്. ഷെഡ്യൂൾ ഒന്ന് എയിൽപ്പെട്ട സംരക്ഷിത വന്യമൃഗങ്ങൾ വനത്തിൽനിന്നു പുറത്തുവന്നു മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം മനസിലാക്കി കേന്ദ്ര വനം-വന്യജീവി നിയമത്തിൽ അവശ്യംവേണ്ട ഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.
സംസ്ഥാന തലത്തിലുള്ള അനീതികൾ
• ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ
സംസ്ഥാനത്ത് ക്രൈസ്തവർ ഏറ്റവും വലിയ അനീതി നേരിടുന്നത് ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ടാണ്. കേരളത്തിലെ രണ്ടു ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഗുരുതരമായ വിവേചനമാണ് സംസ്ഥാന സർക്കാർ പുലർത്തുന്നത്. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ ഒരു വിഭാഗത്തിനു മാത്രം പ്രയോജനപ്പെടുന്ന പദ്ധതികൾ ധാരാളമായി പ്രഖ്യാപിച്ചിരിക്കുന്നു. ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ പ്രമാദമായ 80:20 അനുപാതത്തിനെതിരേ ക്രൈസ്തവർ നേടിയെടുത്ത ഹൈക്കോടതിവിധി അട്ടിമറിക്കാനെന്നു സംശയിക്കത്തക്കവിധം പൊതുവായ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറയ്ക്കുന്നു. കെടുകാര്യസ്ഥതയ്ക്ക് പേരുകേട്ട സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ, അപേക്ഷകർക്കു യഥാവിധം വായ്പകൾ അനുവദിക്കുന്നില്ല എന്നു മാത്രമല്ല, അനുവദിക്കപ്പെട്ട വായ്പകളുടെ തുടർഗഡുക്കൾ പോലും ക്രമമായി നൽകുന്നില്ല. എന്നാൽ, ഇതേ കോർപറേഷനിലൂടെ ചിലർക്കുള്ള പലിശരഹിത ഭവനവായ്പ അഞ്ചുലക്ഷം രൂപയായി വർധിപ്പിച്ചുകൊണ്ട് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ഫെബ്രുവരി ഒന്നിന് ഉത്തരവിറക്കുകയും അതിനായി പതിനൊന്നു കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, ദളിത് ക്രൈസ്തവരുടെ കൂടി ഉന്നമനം ലക്ഷ്യംവച്ചുള്ള പരിവർത്തിത ക്രൈസ്തവ, ശിപാർശിത വിഭാഗ വികസന കോർപറേഷന് ഈ ബജറ്റിൽ പദ്ധതിവിഹിതത്തിൽ കൂടുതലായി കാര്യമായ തുക അനുവദിച്ചിട്ടില്ല. ഫണ്ടില്ലാത്തതിനാൽ ഇവരുടെ വായ്പകളും സ്കോളർഷിപ്പുകളും മുടങ്ങുന്നു.
• ജെ.ബി. കോശി കമ്മീഷൻ
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കൽ ഇന്നും ഒരു മരീചികയായി തുടരുന്നു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരോടു കാണിക്കുന്ന അവഹേളനമാണിത്. ഈ കമ്മീഷന്റെ പ്രഖ്യാപനം ക്രൈസ്തവർ വളരെ ആവശത്തോടെയാണ് സ്വീകരിച്ചത്. ആറു ലക്ഷത്തോളം നിവേദനങ്ങളാണ് ക്രൈസ്തവർ കമ്മീഷനു സമർപ്പിച്ചത് എന്നു പറയുമ്പോൾ ഈ സമുദായത്തിന്റെ പ്രതീക്ഷ ആർക്കും മനസിലാകും. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് രണ്ടു വർഷമായിട്ടും അതു പുറത്തുവിടാനോ അതിലെ 284 ശിപാർശകളിൽ ഒന്നെങ്കിലും നടപ്പാക്കാനോ സർക്കാർ തുനിഞ്ഞിട്ടില്ല. എന്നാൽ, പാലൊളി കമ്മീഷൻ റിപ്പോർട്ടിനോട് ഈ സമീപനമായിരുന്നില്ല എന്നറിയുമ്പോഴാണ് വിവേചനത്തിന്റെ ആഴം മനസിലാകുന്നത്.
• ഇഡബ്ല്യുഎസ്
സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി 10% സംവരണം അനുവദിക്കുന്ന ഇഡബ്ല്യുഎസ് റിസർവേഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി എന്നത് തികച്ചും സ്വീകാര്യമായ കാര്യമാണ്. എന്നാൽ, അതിന്റെ മുന്നോട്ടുള്ള നടപടികളിൽ സംസ്ഥാന സർക്കാർ തികഞ്ഞ അനാസ്ഥയാണു കാണിക്കുന്നത്. കേന്ദ്ര മാനദണ്ഡങ്ങളിലെ നാല് സെന്റ് ഹൗസ് പ്ലോട്ട് എന്നതിലെ അവ്യക്തത പരിഹരിച്ച് കേന്ദ്രം 2022 സെപ്റ്റംബർ 12ന് പുറത്തിറക്കിയ ഉത്തരവു നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറായില്ല. ഇതുമൂലം സംസ്ഥാനത്തെ ആയിരക്കണക്കിനു യുവാക്കൾക്ക് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള അവസരം നഷ്ടപ്പെട്ടു. ഒടുവിൽ, ഹൈക്കോടതി വിധിയെത്തുടർന്ന് 2024 നവംബർ 27ന് ഇതു നടപ്പിൽ വരുത്തി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. എന്നാൽ, ലാൻഡ് റവന്യു കമ്മീഷണറുടെ എക്സിക്യൂട്ടീവ് ഉത്തരവ് ഇറങ്ങാത്തതിനാൽ പല താലൂക്ക് ഓഫീസുകളിലും സർട്ടിഫിക്കറ്റിനായി സമീപിക്കുന്ന സാധാരണക്കാരെ ഇപ്പോഴും ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുകയാണ്. ഇതു സംബന്ധിച്ച എക്സിക്യുട്ടീവ് ഉത്തരവു നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ, ലാൻഡ് റവന്യു കമ്മീഷണർക്കും റവന്യു മന്ത്രിക്കും നിവേദനങ്ങൾ നൽകിയിട്ടും നടപടികളൊന്നും ഉണ്ടാകുന്നില്ല. റവന്യു ഓഫീസുകളിൽ കയറിയിറങ്ങുന്ന പാവങ്ങളെ ചില ഉദ്യോഗസ്ഥർ പച്ചക്കള്ളങ്ങൾ പറഞ്ഞ് ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നൽകാതെ മടക്കിവിട്ടതിന്റെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.
• വിദ്യാഭ്യാസമേഖല
ഭിന്നശേഷി സംവരണത്തിന്റെ പേരിൽ സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾ ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണ്. കത്തോലിക്ക മാനേജ്മെന്റുകൾ ഭിന്നശേഷി ഉദ്യോഗാർഥികൾക്കുവേണ്ടി തസ്തികകൾ നീക്കിവച്ചു സർക്കാരിനെ അറിയിച്ചിട്ടു വർഷങ്ങളായെങ്കിലും അർഹതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെ യഥാവിധം നൽകാൻ സർക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾക്കു സാധിക്കുന്നില്ല. ഈ പ്രശ്നം കാരണം 07/11/2021നു ശേഷമുള്ള ഒഴിവുകളിൽ നിയമിതരായ അധ്യാപകർക്ക് ദിവസവേതനം മാത്രമേ ലഭിക്കൂ എന്ന അവസ്ഥയാണുള്ളത്. അധ്യയന മേഖലയിൽ ഇതുമൂലം ഉണ്ടാകുന്ന പ്രതിസന്ധി സർക്കാർ ഗൗരവത്തിലെടുക്കുന്നില്ല.
• മലയോരജനത
ഇഎസ്എ, ബഫർസോൺ വിഷയങ്ങൾ, കഠിനമായ വനനിയമങ്ങൾ, വന്യജീവി ആക്രമണങ്ങൾ, പട്ടയപ്രശ്നങ്ങൾ തുടങ്ങി നിരവധി ദുരിതങ്ങൾ മലയോര ജനത അനുഭവിക്കുന്നു. കടുവയും പുലിയും കാട്ടാനയും ദിനംപ്രതി മനുഷ്യരെ കൊല്ലുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കുന്നു. കേന്ദ്ര വനനിയമത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ പരിഹാരം കാണാവുന്ന നിരവധി സാധ്യതകൾ സ്വീകരിക്കാൻ സംസ്ഥാന വനംവകുപ്പ് തയാറാകുന്നില്ല. സംരക്ഷിത വന്യമൃഗങ്ങൾ എണ്ണത്തിൽ പെരുകി ആവാസവ്യവസ്ഥയുടെ ശേഷിക്കപ്പുറം വർധിച്ചു എന്നതാണു വന്യജീവി പ്രശ്നത്തിന്റെ മൂലകാരണം. ഇക്കാര്യം അംഗീകരിക്കാനും നിയമം അനുശാസിക്കുന്ന രീതിയിൽ വന്യജീവികളുടെ പുനർവിന്യാസം നടപ്പാക്കാനും വനംവകുപ്പു തയാറല്ല. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനു വഴങ്ങുന്ന സംസ്ഥാന വനംവകുപ്പ് തികഞ്ഞ പരാജയമാണ്. ഇവയ്ക്കുപുറമേ ഭൂനികുതി വർധനകൂടിയാകുമ്പോൾ കർഷകദുരിതങ്ങൾ അത്യന്തം കഠിനമാകുന്നു.
• കുട്ടനാട്
നെല്ല്, തെങ്ങ്, മത്സ്യം, താറാവ്, ടൂറിസം തുടങ്ങി നിരവധി സാധ്യതകളുള്ള കുട്ടനാട് ഇന്നൊരു ദുരിതക്കയമായി മാറുന്നെങ്കിൽ അത് ഇവിടുത്തെ ഭരണപരാജയത്തിന്റെ പ്രധാന ഉദാഹരണമാണ്. സർക്കാരിന് നെൽകൃഷി വികസനത്തിനു പദ്ധതികളില്ലെന്നു മാത്രമല്ല, കർഷകരിൽനിന്നു വാങ്ങുന്ന നെല്ലിനു പണം ലഭിക്കാൻപോലും വലിയ കാലതാമസം നേരിടുന്നു. വിത്തിനും വളത്തിനും വില ഉയരുകയും പണിക്കൂലി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നെല്ലിന് 40 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ്.
വെള്ളപ്പൊക്കത്തിനും കൃഷിനാശത്തിനുമെതിരായ നടപടികളൊന്നുമില്ല. കുട്ടനാടൻ പാക്കേജുകൾ പെട്ടിയിലുറങ്ങുന്നു. കുട്ടനാടിന് ഏറ്റവും പ്രയോജപ്പെടുന്ന ടൂറിസം, മത്സ്യബന്ധനം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾക്ക് കേരളത്തിൽനിന്ന് കേന്ദ്രമന്ത്രിമാരുണ്ടെങ്കിലും കുട്ടനാടിനു പദ്ധതികളൊന്നുമില്ല. കുട്ടനാടിനുവേണ്ടി കുട്ടനാടൻ കർഷകരിൽനിന്നു നേതാക്കളെ വളർത്തിയെടുക്കാൻ രാഷ്ട്രീയകക്ഷികൾ പരിശ്രമിക്കുന്നില്ല എന്നതാണ് ഈ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം.
പ്രതിഷേധം ശക്തമാകുന്നു
ക്രൈസ്തവ സമുദായവും കർഷകസമൂഹവും ഇത്രയധികം അവഗണനകൾ നേരിടുന്ന സാഹചര്യത്തിലാണ് ചങ്ങനാശേരി അതിരൂപത, സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകരക്ഷാ നസ്രാണി മുന്നേറ്റം എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
വോട്ടുബാങ്കിന്റെ വലിപ്പം മാത്രം നോക്കി നീതിയും നിയമവും നടപ്പാക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ കൺമുമ്പിൽ പൗരാവകാശ ബോധത്തിന്റെയും സമുദായശക്തിയുടെയും ചെറുത്തുനിൽപ്പ് എന്ന നിലയിൽ ഈ മുന്നേറ്റം ഒരു മുന്നണി പോരാട്ടമായി പടർന്നു പന്തലിക്കുകതന്നെ ചെയ്യും.