മണിപ്പുരിൽ വരട്ടെ പുതുസൂര്യൻ
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Friday, February 14, 2025 11:59 PM IST
സൂചികൊണ്ട് എടുക്കാവുന്നതു തൂന്പകൊണ്ട് കിളച്ചതുപോലെയായി മണിപ്പുരിലെ സ്ഥിതി. ഏറെ വൈകിയാണെങ്കിലും ഫെബ്രുവരി ഒന്പതിന് എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചപ്പോൾ മണിപ്പുരിൽ സമാധാനത്തിനു വഴിതുറക്കുമെന്നു ജനം കരുതി. നാലുദിവസം കഴിഞ്ഞാണ് സംസ്ഥാനത്തു രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്. ഗവർണർ അജയ് കുമാർ ഭല്ലയുടെ റിപ്പോർട്ടിന്മേലാണു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ തീരുമാനം. 2023 മേയ് മൂന്നിനു തുടങ്ങിയ വംശീയകലാപം കത്തിപ്പടർന്നു നാശംവിതച്ച ആദ്യമാസത്തിൽ തന്നെ മണിപ്പുരിൽ ഏർപ്പെടുത്തേണ്ടിയിരുന്ന രാഷ്ട്രപതി ഭരണമാണു 21 മാസത്തിനുശേഷം നടപ്പാക്കിയത്.
രാഷ്ട്രപതിഭരണത്തിൻകീഴിൽ മണിപ്പുരിലെ പരസ്പരം പോരടിക്കുന്ന മെയ്തെയ് - കുക്കി വിഭാഗങ്ങളെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ചർച്ച നടത്തുമെന്നു രാജ്യം പ്രതീക്ഷിക്കുന്നു. എന്നാൽ, പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള സമയം നീട്ടിവാങ്ങിയ താത്കാലിക ഇടവേളയാണു രാഷ്ട്രപതി ഭരണമെന്നാണു ബിജെപി നേതാക്കൾ പറയുന്നത്. ഇതിനായി മണിപ്പുർ നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ്. ‘സസ്പെൻഡഡ് ആനിമേഷൻ’ എന്നാണു ഔദ്യോഗിക പ്രയോഗം. ആറുമാസത്തിനകം നിയമസഭ ചേരണമെന്ന ഭരണഘടനാചട്ടം പാലിക്കാതെ കഴിഞ്ഞ ബുധനാഴ്ച നിയമസഭയുടെ കാലാവധി കഴിഞ്ഞതിനാൽ മറ്റൊരു മാർഗവും ശേഷിച്ചതുമില്ല.
പ്രധാനമന്ത്രി ഒഴിഞ്ഞുമാറരുത്
രണ്ടുവർഷം മുന്പുള്ള മേയിൽ തുടങ്ങിയ മണിപ്പുർ കലാപത്തിന്റെ പുതിയൊരു അധ്യായമാണു രാഷ്ട്രപതിഭരണത്തിലൂടെ തുറന്നത്. അക്രമങ്ങളുടെ അധ്യായം അവസാനിച്ചുവെന്നു തീർത്തു പറയാനാകില്ല. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം തീരുന്നതിനു വേണ്ടിയാണു രാഷ്ട്രപതി ഭരണത്തിന്റെ പ്രഖ്യാപനം നീട്ടിയത്. പാർലമെന്റ് സമ്മേളനം നടക്കുന്പോൾ ആയിരുന്നെങ്കിൽ പ്രധാനമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ അവിടെ വിശദമായ പ്രസ്താവന നടത്തേണ്ടി വരുമായിരുന്നു. ഇനിയിപ്പോൾ മാർച്ച് 10ന് പാർലമെന്റ് വീണ്ടും സമ്മേളിക്കുന്നതുവരെ രാഷ്ട്രീയക്കളികൾക്കു സമയമുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മണിപ്പുരിലെ പ്രതിസന്ധി പാർലമെന്റിലും പുറത്തും ചർച്ച ചെയ്യുന്നതു ഒഴിവാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. ലോകത്തെ ഞെട്ടിച്ച നിന്ദ്യമായ കൂട്ടബലാത്സംഗങ്ങളും അതിക്രൂര കൊലപാതകങ്ങളും ഉണ്ടായിട്ടും സ്വന്തം ജനതയെ ആശ്വസിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും മണിപ്പുരിലേക്കു പോയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മണിപ്പുരിലെ പ്രചാരണം പോലും മോദി ഇതിനായി ഒഴിവാക്കി.
ജനരോഷം കണ്ടില്ലെന്നു നടിച്ച്
പ്രധാനമന്ത്രി മോദിയുടെ മൗനം ഒരു വശത്തു പ്രശ്നപരിഹാരം അകറ്റിയപ്പോൾ മറുവശത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ രണ്ടു മണിപ്പുർ യാത്രകളും പരിഹാരത്തിലേക്കുള്ള മാർഗമായില്ല. കലാപം രൂക്ഷമായപ്പോൾ ദേശീയ നേതാക്കളും കേരള എംപിമാരും ക്രൈസ്തവ മേലധ്യക്ഷന്മാരും മണിപ്പുരിലെത്തി ആശ്വാസത്തിനു ശ്രമിച്ചിരുന്നു. അധികാരം പിടിക്കാനായി ഏതു നാണംകെട്ട അധാർമിക കളികൾക്കും നേതാക്കൾ തയാറാകുന്നതാണു ദുരന്തം.
എങ്ങിനെയും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപിയുടെ എംപി സംബിത് പത്ര ഇംഫാലിൽ ക്യാന്പ് ചെയ്തു നടത്തിയ മാരത്തണ് ചർച്ചകൾ ഫലം കണ്ടില്ല. എങ്കിലും അധികം വൈകാതെ പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമത്തിലാണു ബിജെപി. ഇതിനിടെ, അക്രമങ്ങൾ ആവർത്തിക്കാതെ നോക്കേണ്ടതുണ്ട്.
വേരൂന്നിയ വംശീയ സ്വത്വബോധം
ഓരോ ഗോത്രത്തിന്റെയും ഉത്ഭവം മുതൽ ജീവിത സംസ്കാര വൈവിധ്യങ്ങൾ വരെ മനസിലാക്കുക മുഖ്യമാണ്. മതവിശ്വാസം ശക്തമായപ്പോഴും വംശീയമായ സ്വത്വബോധമാണു മുന്നിൽ. മെയ്തെയ്കളിലും കുക്കികളിലും കാലങ്ങളായി വേരൂന്നിയ ശക്തമായ വംശീയ സ്വത്വബോധം വേഗത്തിൽ ഇല്ലാതാക്കാനാകില്ല. അതിന്റെ ആവശ്യവുമില്ല. മലയോര ജനതകളുടെ സാഹസികത, പ്രതിരോധശേഷി, വെല്ലുവിളികൾ നേരിടാനുള്ള ചങ്കൂറ്റം, കഠിനാധ്വാനം, ലാളിത്യം, നേരായ സമീപനം തുടങ്ങിയ ഗുണങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താൻ കഴിയണം. രാജ്യസ്നേഹത്തിൽ മാത്രമല്ല, ആദർശങ്ങളിലും അഭിലാഷങ്ങളിലും ഏകമനസാണ് ഗോത്രവിഭാഗങ്ങൾക്കുള്ളത്. കുക്കികളിലും മെയ്തെയ്കളിലും സമാന സവിശേഷതകളുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കുകയാണു സർക്കാർ ചെയ്യേണ്ടത്.
സ്വഭാവം അറിയുന്നവരെ കൂട്ടണം
മണിപ്പുരിന്റെ സമാധാനവും പുരോഗതിയും ഉറപ്പാക്കാനായി ഫലപ്രദവും ശക്തവും ദീർഘവീക്ഷണവുമുള്ള നടപടികൾ ഇത്രകാലവും ഉണ്ടായില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചു അറിവും താത്പര്യവുമുള്ള നിഷ്പക്ഷമതികളുടെ സേവനവും സഹകരണവും തേടാൻ സർക്കാർ മടിക്കരുത്. ഗോത്ര സമൂഹങ്ങളിലെ രക്തരൂഷിതമായ വൈരാഗ്യങ്ങളുടെയും മുൻകാല സംഘർഷങ്ങളുടെയും ആഴത്തിലുള്ള സ്വഭാവം അറിയാവുന്നവരുടെ അഭിപ്രായങ്ങൾക്ക് വില കൽപിക്കണം. വിദൂര മലയോരങ്ങളിലടക്കം പരിചയമുള്ള, നിഷ്പക്ഷമതികളും പ്രാപ്തരുമായ നിരവധി സർക്കാർ, സൈനിക ഉദ്യോഗസ്ഥരുണ്ട്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന ജോയിന്റ് സെക്രട്ടറിയും പിന്നീട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായിരുന്ന ജി.കെ. പിള്ളയെ പോലെയുള്ളവരുമായി ആലോചിച്ച് കേന്ദ്രസർക്കാർ ആത്മാർഥമായ ശ്രമം നടത്തുകയാണു പ്രധാനം.
നീതിയും നിരായുധീകരണവും
മെയ്തെയ്, കുക്കി വിഭാഗങ്ങളിലെ തീവ്ര സായുധ ഗ്രൂപ്പുകളുടെ നിരായുധീകരണം ഉറപ്പാക്കാൻ പക്ഷപാതിത്വമില്ലാത്ത ശക്തമായ നടപടികൾ ആവശ്യമാണ്. ഇരുഭാഗത്തെയും വൻ ആയുധ ശേഖരങ്ങളും വെടിക്കോപ്പുകളും വീണ്ടെടുത്തേ മതിയാകൂ. സന്നദ്ധ സേന, ഗ്രാമ പ്രതിരോധ വോളണ്ടിയർമാർ തുടങ്ങിയവരെല്ലാം കലാപത്തിന്റെ ഒരു വശത്തു ചേർന്നവരാണ്. അത്തരം സംവിധാനങ്ങളും പിരിച്ചുവിടണം. അതിർത്തി സംസ്ഥാനത്തെ അനധികൃത കുടിയേറ്റം, മയക്കുമരുന്നു കച്ചവടം തുടങ്ങിയ പ്രശ്നങ്ങൾക്കും ദീർഘകാല പരിഹാരം ആവശ്യമാണ്.
ആഭ്യന്തരയുദ്ധ സമാനമായ സാഹചര്യമാണ് അവിടെയുള്ളത്. രാജ്യത്തിന്റെ മുഖ്യധാരയിൽനിന്നു അന്യവ്തകരിക്കപ്പെട്ട ജനതകളെ ചേർത്തുനിർത്താനാകണം.
ചരിത്രപരമായ കാരണങ്ങളോടൊപ്പം സമീപകാലത്തെ ചില തത്പര ഗ്രൂപ്പുകളുടെ വംശീയവും വർഗീയവുമായ തീവ്ര നിലപാടുകളും പ്രശ്നം അതീവ സങ്കീർണമാക്കിയിട്ടുണ്ട്. മണിപ്പുരിലെ വിവിധ സമൂഹങ്ങൾക്കിടയിലുള്ള എല്ലാ തീവ്ര, സായുധ ഗ്രൂപ്പുകളെയും സമാധാനത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും പാതയിലെത്തിക്കാൻ സർക്കാരും പൊതുസമൂഹവും രാഷ്ട്രീയ, മതമേലധ്യക്ഷന്മാരും യോജിച്ചു പ്രവർത്തിക്കണം.
അവഗണന തുടരരുത്
വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങളുടെ നീതിപൂർവമായ ലഭ്യതയാണു മറ്റൊരു പ്രശ്നം. ഗോത്രജനതയുടെ മതപരവും വിശ്വാസപരവുമായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റങ്ങളും നിയന്ത്രണത്തിനുള്ള ശ്രമങ്ങളും ഉണ്ടാകരുത്. മെയ്തെയ്കളെ സംബന്ധിച്ചിടത്തോളം പട്ടികവർഗ സംവരണത്തേക്കാളേറെ ഭൂമിയുടെ അവകാശത്തിനു വേണ്ടിയുള്ള മോഹമാണു സംഘട്ടനത്തിനു വഴിതെളിച്ചതെന്ന വസ്തുതയും വിസ്മരിക്കപ്പെടരുത്. അപ്പോഴും ഭരണഘടനയുടെ അനുച്ഛേദം 371(സി) അനുസരിച്ചു ഗോത്ര ജനതയ്ക്ക് അർഹമായ പ്രത്യേക അവകാശങ്ങൾ നിഷേധിക്കരുത്.
ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തെയ് വിഭാഗമാണു കാലങ്ങളായി ഭരണം നിയന്ത്രിക്കുന്നത്. 60 അംഗ നിയമസഭയിൽ 40 പേരും ഇംഫാൽ താഴ്വരയിൽ നിന്നുള്ളവരാണ്. മെയ്തെയ് ഭൂരിപക്ഷ താഴ്വാര പ്രദേശങ്ങളിൽ വികസനം ഒതുങ്ങി. ബിജെപിയിലെ ഏഴു പേർ അടക്കമുള്ള 10 കുക്കി എംഎൽഎമാരും സ്വതന്ത്ര ഭരണപ്രദേശം കൂടിയേതീരൂവെന്നു പരസ്യമായി കർക്കശ നിലപാടെടുക്കാൻ കാരണവും കാലങ്ങളായുള്ള ഭരണ, വികസന അവഗണന കൂടിയാണ്.
ഇച്ഛാശക്തിയുണ്ടെങ്കിൽ സാധ്യം
ഭരണപരവും സൈനികവുമായ നടപടികളോടൊപ്പം മനുഷ്യത്വപരവും ആത്മാർഥവുമായ അനുരഞ്ജനശ്രമങ്ങളാണു മണിപ്പുരിൽ ഉണ്ടാകേണ്ടത്. ബിരേൻ സിംഗിനു പകരം മറ്റൊരു മുഖ്യമന്ത്രിയെ കണ്ടെത്തുന്നതുകൊണ്ടു പ്രശ്നം പരിഹരിക്കപ്പെടാനിടയില്ല. ബിജെപി നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഗോത്രജനത വിശ്വസിക്കില്ല.
പരസ്പരം വിദ്വേഷത്തിൽ കഴിയുന്ന മെയ്തെയ് - കുക്കി വിഭാഗങ്ങളെ അനുരഞ്ജനത്തിലേക്കു കൊണ്ടുവരികയാണു മുഖ്യം. ആഴത്തിലുള്ള മുറിവുണക്കുകയും നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയുമാണു വേണ്ടത്. ജമ്മു കാഷ്മീരിൽ അടക്കം സമാധാനം കൊണ്ടുവന്നുവെന്ന് അവകാശപ്പെടുന്ന സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ മണിപ്പുരിൽ സമാധാനം കൊണ്ടുവരാനാകും.