റാഗിംഗ് ക്രൂരന്മാർക്ക് മൂക്കുകയറിടണം
ഡോ. സി.ജെ. ജോൺ
Friday, February 14, 2025 4:53 AM IST
റാഗിംഗ് നിരോധനമോ ആന്റിറാഗിംഗ് സെല്ലുകളോ ഇല്ലാതിരുന്ന എഴുപതുകളിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വിദ്യാർഥിയായി ചേർന്നത്. ഇന്നത്തെപ്പോലെ സിനിമാസ്റ്റൈൽ വയലൻസിലേക്കു റാഗിംഗ് പോയിരുന്നില്ല. എന്നാലും മോശമല്ലാത്ത പീഡനപരന്പരകൾ അന്നത്തെ റാഗിംഗിലും ഉണ്ടായിരുന്നു. എതിർക്കാനാവാതെ അതൊക്കെ ഏറ്റുവാങ്ങിയപ്പോൾ വല്ലാത്ത നിസഹായത തോന്നി. ഇതു മുതിർന്ന വിദ്യാർഥികളുടെ അവകാശമെന്ന നിലയിലാണ് ജൂണിയർ വിദ്യാർഥികളുടെമേൽ പ്രയോഗിച്ചിരുന്നത്.
പരാതി പറഞ്ഞാൽ അക്രമത്തിന്റെ അളവ് കൂടുമെന്നുള്ള പേടിയുണ്ടായിരുന്നു. കാന്പസിൽ കഴിയാൻ ഭയം തോന്നിയ നാളുകളുമുണ്ടായി. ഇത് എത്രകാലം സഹിക്കണമെന്ന ആശങ്കയിലാണു ജീവിച്ചത്. കൂട്ടത്തിലുള്ള ചിലർ ജീവിതംതന്നെ അവസാനിപ്പിക്കണമെന്നു തോന്നിയെന്നു പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിലൊരാൾ ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തു.
റാഗിംഗിന് ഇരയാവുക എന്നതു വലിയ മാനസികസംഘർഷമുണ്ടാക്കുന്ന അനുഭവമാണ്. സഹജീവി ഇത്രമേൽ വേദനിക്കുന്നുവെന്ന് അറിയാതെയാണോ ഈ റാഗിംഗ് ഭീകരന്മാർ ഇതു ചെയ്യുന്നതെന്ന ആശയക്കുഴപ്പം അന്നുണ്ടായിരുന്നു.
മറ്റുള്ളവരുടെ വേദനയിൽ ആനന്ദിക്കുന്നവർ
ഒരു നഴ്സിംഗ് കോളജിൽനിന്നാണ് ഒടുവിലെ ക്രൂരമായ റാഗിംഗ് വാർത്ത പുറത്തുവരുന്നത്. മെഡിക്കൽ, നഴ്സിംഗ് കോഴ്സുകൾക്കു ചേരുന്നവർ സഹജീവികളോട് അനുതാപം കാട്ടേണ്ടവരും അവരുടെ വേദനകളിൽ ഒപ്പം നിൽക്കേണ്ടവരുമാണ്. അങ്ങനെയുള്ള പഠനമേഖലയിലേക്കു പോകുന്ന കുട്ടികൾ ഇങ്ങനെയെല്ലാം ചെയ്യുന്പോൾ വല്ലാത്ത അന്പരപ്പ് തോന്നുന്നു. മെഡിസിനു പഠിച്ചിരുന്ന നാളുകളിൽ റാഗിംഗ് ക്രൂരന്മാരുടെ പ്രകൃതം ശ്രദ്ധിച്ചിട്ടുണ്ട്. സഹജീവികളുടെ വേദനയിൽ ആനന്ദിക്കുന്നവരായിരുന്നു അവർ. അവരുടെ ജീവിതപശ്ചാത്തലത്തിൽ വ്യക്തിത്വവൈകല്യത്തിന്റെ പൊട്ടും പൊടിയും ഉണ്ടായിരുന്നു.
റാഗിംഗ് കാലഘട്ടം കഴിഞ്ഞശേഷം അവർ ജൂണിയർ വിദ്യാർഥികളുമായി കൂട്ടുകൂടുമായിരുന്നു. എന്നിരുന്നാലും അവരുടെ സ്വഭാവത്തിലുള്ള പല വൈകല്യങ്ങളും അവശേഷിക്കുന്നതായി കണ്ടു. ആയിരത്തോളം വിദ്യാർഥികൾക്കിടയിൽ റാഗിംഗ് നടത്തി ജൂണിയർ വിദ്യാർഥികളെ പീഡിപ്പിക്കുന്നവർ ന്യൂനപക്ഷം മാത്രമായിരുന്നു; പതിനഞ്ചോ ഇരുപതോ, അത്രമാത്രം. ഓരോ വർഷവും വ്യത്യസ്ത ബാച്ചുകളിൽ ചേരുന്നവരിൽ സമാനസ്വഭാവമുള്ളവർ ഇവർക്കൊപ്പം കൂടുമായിരുന്നു.
ക്രൂരത മുഖമുദ്ര
റാഗിംഗിന്റെ മുഖമുദ്ര ക്രൂരതയാണ്. ഇന്നു റാഗിംഗ് കർശനമായി നിരോധിച്ചിട്ടുണ്ട്. അതു ചെയ്താൽ കുറ്റവുമാണ്. നിയമങ്ങളുടെ വാൾമുനയുണ്ടായിട്ടും എന്തുകൊണ്ട് ഇതാവർത്തിക്കുന്നു? ഒറ്റ ഉത്തരമേയുള്ളൂ; സഹജീവികളോടു ക്രൂരത കാട്ടുന്ന, അതിൽ ആഹ്ലാദം കണ്ടെത്തുന്ന ഒരു വിഭാഗം ഇന്നുമുണ്ട്. ഇവരുള്ളിടത്തോളം കാലം റാഗിംഗ് ആവർത്തിക്കുമെന്ന് ആശങ്കപ്പെടണം. ഇവരെ സംബന്ധിച്ചു ജൂണിയർ വിദ്യാർഥികളെന്നാൽ ദുർബലരാണ്. ദുർബലരുടെമേൽ ആധിപത്യം സ്ഥാപിക്കാനുള്ള വഴി ക്രൂരതയാണെന്നു ധരിച്ചുവശായ ഒരു കൂട്ടരാണിവർ.
നിർഭയം പരാതിപ്പെടണം
ഇങ്ങനെയുള്ള ഒരുവിഭാഗം ഉള്ളിടത്തോളം ഈ കുറ്റകൃത്യം തടയാൻ എന്തു വഴി എന്നതാണു നോക്കേണ്ടത്. റാഗിംഗിന് ഇരയാവുന്നവർക്ക് നിർഭയം പരാതി പറയാനുള്ള സാഹചര്യമുണ്ടാകണം. പരാതി പറഞ്ഞശേഷം സുരക്ഷിതമായി കാന്പസിൽ കഴിയാനുള്ള സാഹചര്യമുണ്ടാകണം. പരാതി പറഞ്ഞാൽ റാഗിംഗ് ഉപദ്രവം കൂടും എന്ന ചിന്ത ഒഴിവാക്കാൻ കാന്പസ് അധികാരികൾക്കു കഴിയണം. മൗനമല്ല, എതിർക്കുക എന്നതുതന്നെയാണ് മറ്റു വിദ്യാർഥികളുടെ ഭാഗത്തുനിന്നു റാഗിംഗിനെ പ്രതിരോധിക്കാനുള്ള ശരിയായ രീതി. ഇതു പല കാരണങ്ങൾകൊണ്ടു പല വിദ്യാർഥികളും ചെയ്യാറില്ല.
റാഗിംഗ് ക്രൂരന്മാരെ നിരന്തരം നിരീക്ഷിക്കണം
മറ്റൊരു തലത്തിലും ഇതിനെ പ്രതിരോധിക്കാം. റാഗിംഗ് വീരന്മാരാകാൻ ശ്രമിക്കുന്നവരെ അവരുടെ പെരുമാറ്റരീതികളിലൂടെ തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടില്ല. അവർ കാന്പസിൽ പ്രശ്നക്കാരായിരിക്കും. വ്യക്തിബന്ധങ്ങളിൽ അക്രമവാസന പ്രകടിപ്പിക്കുന്നവരായിരിക്കും. ക്ലാസിൽ കൃത്യമായി കയറാത്തവരാകും. അവർ ഇടപെടുന്ന സാഹചര്യങ്ങളിൽ തങ്ങളുടെ പെരുമാറ്റവൈകല്യംകൊണ്ടു ശല്യക്കാരായി മാറിയവരാകാം.
റാഗിംഗ് കൂടുതൽ നടക്കാനിടയുള്ള, പുതിയ വിദ്യാർഥികൾ വരുന്ന കാലഘട്ടത്തിൽ റാഗിംഗ് വീരന്മാരെന്ന തോന്നലുണ്ടാക്കുന്ന വിദ്യാർഥികളെ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. ഇവരിൽ ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങളുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ പെരുമാറ്റവൈകല്യങ്ങൾ തിരുത്തുന്നതിന് ക്രിയാത്മകമായ സമീപനം സ്വീകരിക്കണം. എന്നിട്ടും പെരുമാറ്റവൈകല്യം ഉണ്ടായാൽ ശക്തമായ താക്കീത് ചെയ്യണം. റാഗിംഗ് നടത്തി കുറ്റവാളിയായി പോലീസ് പിടികൂടുകയും കോഴ്സ് പൂർത്തിയാക്കാനാകാതെ വരികയും ചെയ്യുന്നതിലെ അപകടം അവരെ കർശനമായി ഓർമപ്പെടുത്തണം.
നിഷ്ക്രിയരാകരുത്, അധികാരികൾ
ആന്റിറാഗിംഗ് സെല്ലുണ്ടെന്നു ചൂണ്ടിക്കാട്ടി റാഗിംഗ് സാധ്യതകളെ നേരത്തേ തിരിച്ചറിഞ്ഞു പ്രതിരോധിക്കാതെ നിഷ്ക്രിയരായിരുന്നാൽ അനിഷ്ടസംഭവങ്ങളുണ്ടായേക്കും. അക്രമത്തിന്റെ രീതികൾ മാറുന്നുണ്ട്. വയലൻസ് ആണ് ഏറ്റവും മികച്ച വിനോദമെന്നു പൊതുബോധത്തിൽ ചിന്തകൾ ഉണരുന്ന കാലഘട്ടമാണിത്. എത്രമേൽ വയലൻസ് ഉണ്ടോ അത്രമേൽ സിനിമ വിജയിക്കുമെന്ന വിചാരം വളരുന്ന കാലം. ഇക്കാലഘട്ടത്തിൽ അക്രമങ്ങൾ കണ്ട് അതനുകരിക്കാൻ സാധ്യതയുള്ള കൗമാരക്കാരിലേക്കും മറ്റു ചെറുപ്പക്കാരിലേക്കും കൃത്യമായ ശ്രദ്ധ പതിയേണ്ടതുണ്ട്.
ദുർബലരായവരുടെമേൽ എന്തും ചെയ്യാമെന്ന ഹുങ്കിന്റെ പ്രകടനമാണു റാഗിംഗ്. ഇതു സ്വാഭാവികമാണെന്നും ചില കോഴ്സുകൾ പഠിക്കുന്നവർക്ക് ഇതു നല്ലതാണെന്നുമുള്ള ചിന്താഗതികൾ സൃഷ്ടിച്ചെടുത്തു ന്യായീകരിച്ചാണു പലരും ഇതു ചെയ്യുന്നത്. ഇതു തെറ്റാണ്. ജീവിത, തൊഴിൽ മേഖലകളിലെ സങ്കീർണ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ റാഗിംഗിന്റെ ആവശ്യമില്ല. റാഗിംഗിനെ ശരിവത്കരിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
കാന്പസുകളിൽ പുതിയ വിദ്യാർഥികൾ വരുന്ന ആദ്യ രണ്ടു മാസമെങ്കിലും റാഗിംഗ് വീരന്മാരെ നിരീക്ഷിക്കാൻ സംവിധാനം വേണം. ജൂണിയർ വിദ്യാർഥികൾക്ക് റാഗിംഗിനെതിരേ പരാതിപ്പെടാനുള്ള സാഹചര്യം ഉറപ്പാക്കണം. ആ നിലയിലുള്ള ഒരു ജാഗ്രത വിദ്യാർഥികളുടെയും അധ്യാപകരുടെയും ഇടയിൽനിന്ന് ഒരുപോലെയുണ്ടായാലേ റാഗിംഗ് നിയന്ത്രിക്കാനാകൂ. റാഗിംഗ് പാടില്ലെന്നു നിലപാടുള്ള മുതിർന്ന വിദ്യാർഥികളുടെ ഇടപെടലുകളും ഈ തെറ്റിനെ കാന്പസുകളിൽ നിരുത്സാഹപ്പെടുത്താൻ ആവശ്യമായി വരും.