സ്വകാര്യ സര്‍വകലാശാലകള്‍ വന്നാല്‍ പ്രശ്നങ്ങള്‍ തീരുമോ?
അഡ്വ. വി.സി. സെബാസ്റ്റ്യൻ
Friday, February 14, 2025 4:49 AM IST
കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ തുറക്കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. സ്വകാര്യവത്കരണത്തിനും ആഗോള കുത്തകകള്‍ക്കും വന്‍കിട കോര്പറേറ്റുകള്ക്കുമെതിരേ ഇന്നലെകളില്‍ മുഷ്ടിചുരുട്ടി സമരരംഗത്തിറങ്ങി രക്തക്കളം സൃഷ്ടിച്ച് വിദ്യാഭ്യാസമേഖലയൊന്നാകെ കാലങ്ങളോളം സ്തംഭിപ്പിച്ച് നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവിയും ജീവിതവും ജീവനും പന്താടിയ ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്വകാര്യവത്കരണത്തിനും വന്‍കിട കോര്‍പറേറ്റുകള്‍ക്കും പരവതാനി വിരിക്കുന്നത് കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടാണെന്നു തത്കാലം ആശ്വസിക്കാം.
ബില്ലിലെ വ്യവസ്ഥകള്‍
കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നതിനായി കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:
1. വിദ്യാഭ്യാസ മേഖലയില്‍ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോണ്സറിംഗ് ഏജന്‍സിക്ക് അപേക്ഷിക്കാം.
2. റെഗുലേറ്ററി ബോഡികള്‍ അനുശാസിച്ചിട്ടുള്ളതു പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം.
3. 25 കോടി കോര്‍പസ് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണം.
4. മള്‍ട്ടി-കാമ്പസ് യൂണിവേഴ്സിറ്റിയായി ആരംഭിക്കുകയാണെങ്കില്‍ ആസ്ഥാനമന്ദിരം കുറഞ്ഞത് 10 ഏക്കറില്‍ ആയിരിക്കണം.
5. അധ്യാപക നിയമനം, വൈസ് ചാന്‍സലര്‍ അടക്കമുള്ള ഭരണനേതൃത്വത്തിന്റെ നിയമനം ഉള്‍പ്പെടെ വിഷയങ്ങളില്‍ യുജിസിയും സംസ്ഥാന സര്‍ക്കാരും അടക്കമുള്ള നിയന്ത്രണ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.
6. ഓരോ കോഴ്സിലും 40 ശതമാനം സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരംനിവാസികളായ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യും. ഇതില്‍ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും.
7. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാർക്കു നല്കുന്ന ഫീസിളവ്, സ്കോളര്‍ഷിപ്പ് നിലനിര്‍ത്തും.
8. അപേക്ഷ വിലയിരുത്തുന്ന വിദഗ്ധ സമിതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രമുഖ അക്കാഡമിഷ്യന്‍, സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന വൈസ് ചാന്‍സലര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാന വിദ്യാഭ്യാസ കൗണ്‍സിലിന്റെ നോമിനി, ആസൂത്രണ ബോര്‍ഡിന്റെ നോമിനി, സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ കളക്ടര്‍ എന്നിവര്‍ അംഗങ്ങളാകും.
9. സ്വകാര്യ സര്‍വകലാശാലകള്‍ക്കു മറ്റ് പൊതു സര്‍വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും.
10. സര്‍ക്കാരില്‍നിന്നു സാമ്പത്തികസഹായം ഉണ്ടാകില്ല. പക്ഷേ, ഫാക്കല്‍റ്റിക്ക് ഗവേഷണ ഏജന്‍സികളെ സമീപിക്കാം.
11. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സര്‍വകലാശാലയുടെ ഗവേണിംഗ് കൗണ്‍സിലില്‍ ഉണ്ടായിരിക്കും.
12. സംസ്ഥാന സർക്കാരിന്റെ ഒരു നോമിനി സ്വകാര്യ സര്‍വകലാശാലയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലും മൂന്നു നോമിനികള്‍ അക്കാഡമിക് കൗണ്‍സിലിലും അംഗമായിരിക്കും.
13. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും പരാതിപരിഹാര സംവിധാനങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യും.
14. പ്രൊവിഡന്റ് ഫണ്ട് ഉള്‍പ്പടെ ജീവനക്കാരുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തണം.
സ്വകാര്യമേഖലയുടെ പങ്കാളിത്തം
കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ ചാലകശക്തി സ്വകാര്യ വിദ്യാഭ്യാസ മേഖലയാണ്. ഈ രംഗത്ത് കേരളത്തിലെ ക്രൈസ്തവസമൂഹം വഹിച്ച പങ്കാളിത്തത്തിനു പകരംവയ്ക്കാന്‍ കാലങ്ങള്‍ കഴിഞ്ഞിട്ടും മറ്റൊരു സംവിധാനമില്ലെന്നുള്ളതും പരമാര്‍ഥം.
കോര്‍പറേറ്റുകള്‍ കീഴടക്കുമോ?
സ്വകാര്യ സര്‍വകലാശാലകളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് നിലവിലുള്ള വിദ്യാഭ്യാസ ഏജന്സികളേക്കാളുപരി, രാജ്യത്തെ വന്‍കിട കോര്‍പറേറ്റുകളുടെ കടന്നുവരവാണ്. കോര്‍പറേറ്റുകള്‍ നിക്ഷേപമിറക്കുമ്പോള്‍ വിദ്യാഭ്യാസത്തിനപ്പുറം ബിസിനസ് ലക്ഷ്യങ്ങള്‍ വേറെയുണ്ടാകും. 2012ല്‍ 190 സ്വകാര്യ സര്‍വകലാശാലകള്‍ ഇന്ത്യയിലുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 430 പിന്നിട്ടു.
ലോകത്തെവിടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വന്‍ വ്യവസായികള്‍ സ്വാധീനിക്കുന്ന സാഹചര്യമുണ്ട്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പിടിമുറുക്കുമ്പോള്‍ നിലവിലുള്ള സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുമെന്നുറപ്പ്.
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ സാധ്യതാപഠനം നടത്തി സ്വകാര്യ സര്‍വകലാശാലകള്‍ കടന്നുവരുമോയെന്ന ആശങ്കയുമുണ്ട്.
എയ്ഡഡ് വിദ്യാഭ്യാസ വെല്ലുവിളികള്‍
സ്വകാര്യ സര്‍വകലാശാലയ്ക്ക് സര്‍ക്കാരിന്റെ സാമ്പത്തികസഹായം ഉണ്ടാകില്ല. അതേസമയം, ചില എയ്ഡഡ് ആർട്സ് ആൻഡ് സയന്‍സ് കോളജ് മാനേജ്മെന്റുകള്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം വേണ്ടെന്നുവച്ച് മെഡിക്കല്‍ ശാസ്ത്ര സാങ്കേതിക മേഖലയിലെ കോഴ്സുകളിലേക്ക് തിരിഞ്ഞ് സ്വകാര്യ സര്‍വകലാശാലകളായി മാറാനുള്ള സാധ്യതകളും പരിഗണിക്കേണ്ടതാണ്. ഇതിനു നയപരമായ സർക്കാർ തീരുമാനം വേണ്ടിവരും.
സ്വാശ്രയ സംരക്ഷണമെവിടെ?
സ്വാശ്രയ വിദ്യാഭ്യാസമേഖലയെ മാഫിയകളെന്നും വിദ്യാഭ്യാസ കച്ചവടക്കാരെന്നും ആക്ഷേപിച്ച് രാഷ്ട്രീയ ചാവേറുകളെവച്ച് കല്ലെറിയാനും കൂച്ചുവിലങ്ങിടാനും സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കാനും മത്സരിച്ചെത്തിയവരിപ്പോള് സ്വകാര്യ സര്‍വകലാശാലകള്‍ എന്ന ആശയം മുന്നോട്ടുവയ്ക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കാതെ എടുത്തുചാടുന്നത് അപകടമാണ്.
ഇന്നും സ്വാശ്രയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂട്ടിലടയ്ക്കാന്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ ഭരണ സംവിധാനങ്ങള്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും രാഷ്ട്രീയ അജണ്ടകളും മറികടന്ന് സ്വകാര്യ സര്‍വകലാശാല വിജയിപ്പിച്ചെടുക്കാന്‍ കേരളത്തില്‍ അത്ര എളുപ്പമല്ല.
50:50 എന്ന ഫോര്‍മുലയില്‍ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ കൂട്ടിലടച്ചവര്‍ 60 ശതമാനം വിദ്യാര്‍ഥികളെ കേരളത്തിനുപുറത്തുനിന്നാകാമെന്ന് സ്വകാര്യ യൂണിവേഴ്സിറ്റികളോടു പറയുന്നതില്‍ എന്തു ന്യായീകരണം? സര്‍ക്കാരിന്റെ ഒരു സാമ്പത്തിക സഹായവുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളെ വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന വിവരക്കേടിനു സര്‍ക്കാരിന് ഉത്തരമുണ്ടോ? സ്വകാര്യ യൂണിവേഴ്സിറ്റിക്ക് ഫീസ് സ്വന്തമായി നിശ്ചയിക്കാം. അതേ രീതിയില്‍ പണം മുടക്കി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ഫീസ് നിശ്ചയിക്കുന്ന വിരോധാഭാസം കാണാതെ പോകുന്നതെന്ത്?
സ്വയംഭരണമാണ് പക്ഷേ?
സ്വയംഭരണ സ്ഥാപനങ്ങളെന്ന് യുജിസി പ്രഖ്യാപിച്ച സ്വാശ്രയ സ്ഥാപനങ്ങളില്‍ നിയന്ത്രണം മുഴുവന്‍ സര്‍ക്കാരിന്. ഉദാഹരണം സ്വാശ്രയ എൻജിനിയറിംഗ് കോളജുകള്‍. സ്വയംഭരണ കോളജുകള്‍ക്ക് സ്വതന്ത്രമായി അഡ്മിഷന് നടത്താം. പക്ഷേ, കേരളത്തില്‍ മാത്രം പറ്റില്ല.
അഡ്മിഷനും ഫീസും സര്‍ക്കാര്‍ നിശ്ചയിക്കും. സാങ്കേതിക യൂണിവേഴ്സിറ്റിയുടെ കൈകടത്തല്‍ വേറെയും. 2023ലെ യുജിസി റെഗുലേഷന് പ്രകാരം സ്വയംഭരണ കോളജുകള്‍ക്ക് യൂണിവേഴ്സിറ്റിയില്‍ അഫിലിയേഷന് ഫീസില്ല. കേരളത്തിലെ സാങ്കേതിക യൂണിവേഴ്സിറ്റി അഫിലിയേഷന് ഫീസ് എന്ന പേരു മാറ്റി മറ്റൊരു പേരില്‍ പണം ഈടാക്കുന്ന പദ്ധതി നടപ്പാക്കുന്നു.
സര്‍ക്കാര്‍ അവകാശവാദം
20 പ്രമുഖ സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് കാംപസ് ആരംഭിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശവാദമുയര്‍ത്തുന്നു. ആരോഗ്യ, നിയമ, സാങ്കേതിക പഠന മേഖലകളാണിവര് ലക്ഷ്യംവയ്ക്കുന്നത്. ടൗണ്‍ഷിപ്പുകളും പിന്നാമ്പുറത്തുണ്ട്.
വിമാന, റെയില്‍ സൗകര്യമുള്ള ജില്ലകളിലാവും സ്വകാര്യനിക്ഷേപം എത്തിച്ചേരുക. താമസസൗകര്യം മുതല്‍ വിനോദകേന്ദ്രങ്ങള്‍ വരെ ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസ ടൗണ്‍ഷിപ്പുകള്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുമെന്നാണു പ്രതീക്ഷ. ഇതോടൊപ്പം നിക്ഷേപവും തൊഴില്‍സാധ്യതകളും മറ്റൊരു സാധ്യതയും.