ആനന്ദലീല
ഡോ. മുഞ്ഞിനാട് പത്മകുമാർ
Thursday, February 13, 2025 12:12 AM IST
അടുക്കും ചിട്ടയുമില്ലാതെ തുന്നിച്ചേർത്ത അധ്യായങ്ങൾ. അതിൽ നിറയെ തോന്ന്യാക്ഷരങ്ങളും വിചിത്രഭാവനകളും. പൂവിന്റെ മണമായിത്തീരണമെന്ന് ഇച്ഛിക്കുന്ന സങ്കല്പങ്ങൾ. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ശരീരമാണെന്ന തിരിച്ചറിവുകൾ. ഇതെല്ലാം ഒന്നായിച്ചേരുമ്പോൾ ചിലർക്ക് ജീവിതമായി. അവരെ നാം ജീനിയസ് എന്ന് അവർ കേൾക്കാതെ വിളിക്കുന്നു. അവർക്ക് ജീവിതം ശരീരം മാത്രമല്ല പരമമായ അറിവാണ്; ആനന്ദമാണ്. അവർക്ക് അധികാരത്തിന്റെയോ കുലമഹിമയുടെയോ വംശത്തനിമയുടെയോ ചിഹ്നങ്ങളൊന്നുമില്ല. ഉലകിന്റെ ഉയിരായ ഒരൊറ്റ മതത്തിന്റെ പ്രേമക്കൊടിയും പിടിച്ചാണ് മഹാകവി ഉള്ളൂർ ശിവഗിരിക്കുന്ന് കയറിയത്. അധികാരത്തിന്റെ, മതത്തിന്റെ ഭാരം മുഴുവൻ അഴിച്ചുവച്ചുകൊണ്ടുള്ള കയറ്റം. അഗ്നിശോഭയാർന്ന അരുണാചലം കയറി വിരൂപാക്ഷഗുഹയിലെത്തിയ നാരായണഗുരു രമണ മഹർഷിയെ കണ്ടപ്പോൾ പറയാതെ പറഞ്ഞതും അതാണ്. ജീവന്റെ സ്വഭാവം ആനന്ദമാണെന്ന തിരിച്ചറിവാണ് ഇതെല്ലാം. അതിന് ശില്പഭദ്രമായൊരു ജീവിതപുസ്തകത്തിന്റെ സ്ഫടികസുന്ദരമായ അകവിതാനങ്ങൾ ആവശ്യമില്ല.
ശിലയിൽ തീർത്ത മരണകാവ്യങ്ങളായ പിരമിഡുകൾ കാണുമ്പോഴും വേദപുസ്തകത്തിലെ ഗിരിപ്രഭാഷണം വായിക്കുമ്പോഴും ഞാനിതെല്ലാം ഓർക്കാറുണ്ട്. വിറകിൽ ഒളിഞ്ഞിരിക്കുന്ന അഗ്നിയെപ്പോലെ, എല്ലാ ജീവജാലങ്ങളെയും ഒന്നായി കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്. അതിനെ ആനന്ദമെന്നു വിളിക്കാം. ഇതെല്ലാം തിരിച്ചറിയാൻ കഴിയുന്ന മനസിനെ നല്ല സുഹൃത്തായി കിട്ടുക എന്നതാണ് പ്രധാനം. അതു ലഭിച്ചുകഴിഞ്ഞാൽ ജീവിതവികാരമായ ഭാഷയെ നമുക്ക് തിടമ്പായി എഴുന്നെള്ളിക്കാം. അതനുഭവിച്ചു കഴിഞ്ഞാൽ നമ്മുടെ അനുരാഗങ്ങൾ ഒരിക്കലും രോഗങ്ങളായി മാറില്ല. ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു പാട്ടിനു പിന്നാലെ ചിറകുകൾ വിടർത്തി നമുക്കു പറന്നുപോകാനാകും.
ഇതെല്ലാം പരമമായ ആനന്ദത്തിന്റെ രസമുകുളങ്ങളാണ്. ജ്ഞാനിയായ സോക്രട്ടീസ് എന്നു പറയേണ്ടതില്ല എന്ന് കെ.പി. അപ്പൻ സാർ ക്ലാസ് മുറിയിൽ പറയുന്നത് ഞാനിപ്പോൾ ഓർമിക്കുന്നു. സോക്രട്ടീസ് എന്ന നാമത്തിൽതന്നെ ജ്ഞാനം അന്തർലീനമായിരിക്കുന്നുവെന്ന് അപ്പൻസാർ വിശദീകരിക്കും. ആ അർഥത്തിൽ സോക്രട്ടീസ് എന്ന നാമം ജ്ഞാനത്തിന്റെയും ജ്ഞാനം പ്രകാശിപ്പിക്കുന്ന ആനന്ദത്തിന്റെയും മറുപേരാണെന്നു വരുന്നു. ‘ദൈവദശക’ത്തിൽ ജ്ഞാനമാനന്ദം എന്ന് നാരായണഗുരുദേവൻ പറഞ്ഞതും ഓർക്കാവുന്നതാണ്.
ആനന്ദത്തിൽനിന്ന് പുറത്താകുന്ന അവസ്ഥയെക്കുറിച്ച് ഒരു പ്രഭാഷണത്തിനിടയിൽ ഓഷോ പറയുന്നുണ്ട്. To Blissed Out എന്നാണ് ഓഷോ അതിനെ വിശേഷിപ്പിക്കുന്നത്. ആനന്ദത്തിൽനിന്ന് പുറത്താവുക എന്നതിനർഥം മൃതപ്പെട്ടു എന്നല്ല. അനന്തതയെ അറിയുന്നു എന്നാണർഥം. അനന്താനന്ദം എന്നൊരു കവിമൊഴി തന്നെയുണ്ട്. ആനന്ദത്തിൽനിന്ന് പുറത്തായവർക്കാണ് ഇടിമിന്നലാകാനും കാറ്റിനെതിരേ ഒഴുകാനും നെടുവീർപ്പുകൾകൊണ്ട് നാം മലിനപ്പെടുത്തിയ അന്തരീക്ഷത്തെ ശുദ്ധീകരിക്കാനും കഴിയുന്നത്. ഒരിക്കൽ ഒരു ശിഷ്യൻ ബുദ്ധനോട് ചോദിച്ചു:
“അങ്ങ് കണ്ടതിൽ വച്ച് ഏറ്റവും വലിയ അത്ഭുതമെന്താണ്?”
ബുദ്ധൻ പറഞ്ഞു: “പരാവൃത്തി.”
“മനസിലായില്ല” -ശിഷ്യൻ പറഞ്ഞു.
“ഉള്ളിലേക്കു നോക്കുക. അപ്പോൾ നിങ്ങൾ പുറത്തു കണ്ട സമുദ്രങ്ങളെക്കാൾ അഗാധസമുദ്രങ്ങളെ കാണാനാകും. ആയിരം കാതങ്ങൾക്കകലെയുള്ള മേഘങ്ങളെ കാണാനാകും. ഇതാണ് ആനന്ദം.” -ബുദ്ധൻ പറഞ്ഞു.
ഇതേ അനുഭവത്തിന്റെ മറുപാതിയിൽനിന്നൊരോർമ വന്ന് വാതിൽ മുട്ടുന്നു. ചോദ്യം മഹാകവി പി. കുഞ്ഞിരാമൻ നായരോടായിരുന്നു.
“അങ്ങ് കണ്ട ഏറ്റവും വലിയ സമുദ്രമേതാണ്? എന്നായിരുന്നു ആ ചോദ്യം. ഒട്ടും ആലോചിക്കാതെ പി. മറുപടി നൽകി.
“ശങ്കരാചാര്യർ.”
“അങ്ങ് കണ്ട ഏറ്റവും വലിയ സിനിമ ഏതാണ്?”
“പ്രപഞ്ചം” പി. പറഞ്ഞു. ഉത്തരങ്ങൾ തരുന്ന ഒരാനന്ദം. എത്ര ആഴത്തിൽ നിന്നാണ് ഈ ആനന്ദങ്ങളെ മഹാകവി മുങ്ങിത്തപ്പി കൊണ്ടുവരുന്നത്. സ്വന്തം കാല്പാടുകൾ മലയാളക്കരയാകെ തിരഞ്ഞു നടന്ന അവധൂതകവിയെ വായിക്കുമ്പോഴെല്ലാം നാം ആനന്ദാതിരേകത്തോളമെത്തും. അതാണ് ആനന്ദചിന്മയനായ ഒരു കവിയുടെ ജീവിതപുസ്തകം.