ഡൽഹി തെരഞ്ഞെടുപ്പും ഇന്ത്യ മുന്നണിയുടെ ഭാവിയും
പി.സി. സിറിയക്
Wednesday, February 12, 2025 12:12 AM IST
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ സീറ്റ് നേടിയതിൽ വലിയ അദ്്ഭുതമൊന്നുമില്ല. ഡൽഹി, 1960കളിലും 70കളിലും പോലും ജനസംഘത്തിന്റെ ശക്തികേന്ദ്രമായിരുന്നു. ഡൽഹിക്ക് സംസ്ഥാന പദവി ലഭിക്കുന്നതിനുമുന്‍പ് ചീഫ് എക്സിക്യൂട്ടീവ് കൗണ്‍സിലറായി ജനസംഘ് നേതാവ് വി.കെ. മൽഹോത്ര പ്രവർത്തിച്ചിരുന്നു. സംസ്ഥാന പദവി കിട്ടിക്കഴിഞ്ഞ് ബിജെപിയുടെ നേതാവ് മദൻലാൽ ഖുറാന ആയിരുന്നു മുഖ്യമന്ത്രി. ഇന്ത്യയിൽ ബിജെപിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ഖുറാന.
1998ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിത് അട്ടിമറിവിജയം നേടി, 15 വർഷക്കാലം, 2013 വരെ ഡൽഹി ഭരിച്ചു. അന്ന്, 2004 മുതൽ യുപിഎ സർക്കാരിന്റെ ഭരണകാലത്ത്, കേന്ദ്രത്തിന്റെ പൂർണപിന്തുണയോടെ ഡൽഹിയിൽ നിരവധി വികസനപദ്ധതികൾ ഏറ്റെടുത്ത് പൂർത്തിയാക്കാൻ അവർക്കു കഴിഞ്ഞെങ്കിലും, 2008 മുതൽ മൂന്നാമൂഴത്തിൽ, യുപിഎ സർക്കാരിനെതിരായി പൊന്തിവന്ന നിരവധി അഴിമതിയാരോപണങ്ങൾ (2ജി സ്പെക്ട്രം, കോമണ്‍വെൽത്ത് ഗെയിംസ്, ആദർശ് ഫ്ളാറ്റ് മുതലായവ) ഷീലാ ദീക്ഷിതിന്റെ സർക്കാരിനെയും പ്രതിരോധത്തിലാക്കി.
അക്കാലത്ത് അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ അഴിമതിക്കെതിരായി അണ്ണാ ഹസാരെയുടെ സഹകരണത്തോടെ നടത്തിയ ‘ലോക്പാൽ' സമരവും, ഡൽഹിയിൽ സ്ത്രീസുരക്ഷയെപ്പറ്റിയുള്ള വൻ പരാതികളുംകൂടി സൃഷ്ടിച്ച ഭരണവിരുദ്ധ വികാരത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട്, 2013ൽ ഷീലാ ദീക്ഷിത് പരാജയപ്പെട്ടു. അന്ന് ഏറ്റവും വലിയ കക്ഷിയായത് ബിജെപിയായിരുന്നു, 32 സീറ്റ്. ഭൂരിപക്ഷത്തിന് നാലു സീറ്റ് കുറവ്; ഭൂരിപക്ഷമില്ലാത്ത ബിജെപി സർക്കാരുണ്ടാക്കാൻ തയാറായില്ല. രണ്ടാം സ്ഥാനം നേടിയ ആം ആദ്മി പാർട്ടി (28 സീറ്റ്), എട്ടു സീറ്റ് നേടിയ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സർക്കാരുണ്ടാക്കി - അരവിന്ദ് കേജരിവാൾ മുഖ്യമന്ത്രിയായി.
വളരെ പെട്ടെന്നുതന്നെ കേജരിവാൾ, പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ, സൗജന്യ കുടിവെള്ളം, സൗജന്യ വൈദ്യുതി, പുതിയ മൊഹല്ല ക്ലിനിക്കുകൾ, സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ നടപ്പാക്കാൻ തുടങ്ങി. 2015 മേയിൽ, നാലര മാസം കഴിഞ്ഞപ്പോൾ, ലോക്പാൽ ബിൽ അവതരിപ്പിച്ചു. പക്ഷേ അതു പാസാക്കാൻ കോണ്‍ഗ്രസിന്റെ പിന്തുണ കിട്ടാതെവന്നതോടെ രാജിവച്ചിറങ്ങുന്നു. പിന്നീട് 2015ൽ പുതിയ തെരഞ്ഞെടുപ്പ്. ലഭിച്ച സമയത്ത് ജനക്ഷേമകരമായ പല വാഗ്ദാനങ്ങളും നിറവേറ്റിയ കേജരിവാളിന് ഒരവസരം കൂടി നൽകാനുള്ള അഭ്യർഥന ജനം കേട്ടു; 70ൽ 67 സീറ്റ്! അഴിമതിയില്ലാത്ത നല്ല ഭരണത്തിന് തുടക്കംകുറിച്ചു. 2020ൽ അടുത്ത തെരഞ്ഞെടുപ്പിലും വൻ വിജയം 70ൽ 62 സീറ്റ്! ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വോട്ട് ഒരുപോലെ ആം ആദ്മി പാർട്ടിയിലേക്ക് ഒഴുകി.
കേന്ദ്രഭരണച്ചുമതല വഹിച്ച ബിജെപി, കേജരിവാളിന്റെ മുന്നേറ്റം തടുക്കാൻ നീക്കങ്ങൾ മുൻപുതന്നെ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഡൽഹി ഒരു സംസ്ഥാനമാണെങ്കിൽപ്പോലും, ക്രമസമാധാനപാലനം (പോലീസ്), ഭൂമിയുടെ ഉപയോഗവും നിയന്ത്രണവും മുതലായ വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ കൈവശം തന്നെയായിരുന്നു. ഇതിനു പുറമെ, നാഷനൽ കാപ്പിറ്റൽ മേഖല (രാജ്യതലസ്ഥാന മേഖല) പ്രദേശത്തിനുവേണ്ടിയുള്ള നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്ന് മറ്റു വകുപ്പുകളിലും നയപരമായ തീരുമാനങ്ങൾ എടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, കേന്ദ്രം നിയമിക്കുന്ന ലഫ്. ഗവർണറുടെ അനുവാദം തേടണം എന്ന് വ്യവസ്ഥയുണ്ടാക്കി. കേജരിവാളിന്റെ സർക്കാരിന്റെ ഓരോ പുതിയ നീക്കത്തിനും ലഫ്റ്റനന്റ് ഗവർണർ തടസമുണ്ടാക്കി; അയച്ച ഫയലുകൾ തിരിച്ചെത്തിയില്ല.
ഇതിനിടയ്ക്ക് കേജരിവാളിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനായി മദ്യനയത്തിൽ അഴിമതി ആരോപിച്ച് കള്ളപ്പണമുണ്ടാക്കിയെന്ന് ഇഡിയുടെ കേസും രജിസ്റ്റർ ചെയ്യുന്നു. ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നു. പിന്നീട് മുഖ്യമന്ത്രി കേജരിവാളും ജാമ്യമില്ലാ കേസുകളിൽപ്പെട്ട് തിഹാർ ജയിലിലാകുന്നു. ഒരുവശത്ത് ജനക്ഷേമകരമായ പദ്ധതികൾക്ക് ഇടങ്കോലിടുന്നു; മറുവശത്ത് അഴിമതിയാരോപണവും ജയിൽവാസവും. ചാർജ്ഷീറ്റ് നൽകുന്നതിനും വിചാരണ തുടങ്ങുന്നതിനും മുൻപേ, ജാമ്യമില്ലാത്ത ജയിൽവാസം!
അതിനിടയ്ക്ക് ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നിർമാണം നടക്കുന്നു. മികച്ച പഞ്ചനക്ഷത്ര ഹോട്ടൽ സൗകര്യങ്ങളുള്ള കൊട്ടാരസദൃശ്യമായ രമ്യഹർമ്യം.
അത് കേജരിവാളിന്റെ സ്വന്തം നിർമിതിയല്ല; മാറിമാറിവരുന്ന മുഖ്യമന്ത്രിമാർക്ക് താമസിക്കാനുള്ള സർക്കാർ സംവിധാനമാണെങ്കിൽപോലും, ലളിതജീവിതം നയിക്കുന്നയാൾക്ക് എന്തിനീ മഹാസൗധം, എന്തിന് ഇന്നോവ ഫോർച്യൂണ്‍ കാറുകൾ, എന്തിന് സെക്യൂരിറ്റി? ഈ ചോദ്യങ്ങൾ ഉത്തരമില്ലാതെ പ്രചരിച്ചു. വള്ളിച്ചെരിപ്പും കഴുത്തിൽ മഫ്ളറുമായി ജനമധ്യത്തിൽ സന്നിഹിതനായിരുന്ന കേജരിവാളിന്റെ ചിത്രം മങ്ങിപ്പോയോ? അതോടൊപ്പം അഴിമതിക്കേസുകൾ!
ജനങ്ങളുടെ അതൃപ്തി മനസിലാക്കിയ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ അതിവിദഗ്ധമായി നടപ്പാക്കി. തന്നെ, ഡൽഹിയിൽ തോൽപ്പിക്കാൻ ബിജെപിക്ക് ഒരിക്കലും കഴിയില്ല എന്ന അഹങ്കാര ചിന്തകൂടി കേജരിവാളിന്റെ മനസിൽ കടന്നുകൂടിയോ? ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾതന്നെ അദ്ദേഹം പ്രഖ്യാപിച്ചു, നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പാർട്ടിയുമായി തങ്ങൾക്ക് മുന്നണിയില്ല! ഈ നിലപാട് കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചുകാണണം. ഏതായാലും "ഇന്ത്യ' സഖ്യത്തിന്റെ രണ്ടു പ്രധാന നേതാക്കൾ തമ്മിലടിക്കുന്നു; അരവിന്ദ് കേജരിവാളും രാഹുൽ ഗാന്ധിയും, പൊതുശത്രുവായ ബിജെപിയെ മറന്ന് പരസ്പരം ചെളിവാരിയെറിയുന്നു. ശേഷം ചരിത്രം! 27 വർഷത്തിനുശേഷം ഡൽഹി സംസ്ഥാനത്ത് ബിജെപി ഭരണം!
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപി വളരെ ശ്രദ്ധാപൂർവം മികച്ച തന്ത്രങ്ങൾ നടപ്പിലാക്കി ഹരിയാനയിലും മഹാരാഷ്ട്രയിലും, അതുപോലെ ഇപ്പോൾ ഡൽഹിയിലും, മികച്ച വിജയം നേടി നില ഭദ്രമാക്കിയിരിക്കുന്നു. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് ശക്തിമാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച്, അമേരിക്കൻ പര്യടനങ്ങൾക്ക് പുറപ്പെടുന്നു. ഇന്ത്യ സഖ്യം തകർന്നു കഴിഞ്ഞോ? ഇനി അനേക വർഷക്കാലത്തേക്ക് ഇന്ത്യ മഹാരാജ്യം ബിജെപിയുടെ ഭരണത്തിൻ കീഴിലോ?
ബിജെപി ആത്മവിശ്വാസത്തോടെ "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' തുടങ്ങിയ വിഷയങ്ങളുമായി മുന്നേറുന്പോൾ ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിച്ചുകൊണ്ട് പ്രതിരോധമുയർത്താൻ നമ്മുടെ പ്രതിപക്ഷ കക്ഷികൾക്കു കഴിയുമോ? "ഇന്ത്യ' സഖ്യം ഉയിർത്തെഴുന്നേൽക്കുമോ? ബിജെപിയുടെ യാഗാശ്വത്തെ തടുത്തുനിറുത്താൻ പ്രതിപക്ഷ പാർട്ടികൾക്കു കഴിയുമോ?
ഡൽഹി തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചിരുന്നെങ്കിൽ അരവിന്ദ് കേജരിവാളിന് "ഇന്ത്യ' സഖ്യത്തിന്റെ നേതൃത്വം അവകാശപ്പെട്ടുകൊണ്ട് കോണ്‍ഗ്രസിനെ സഖ്യത്തിൽനിന്ന് ഒഴിവാക്കി, മറ്റു പാർട്ടികളെയെല്ലാം സംഘടിപ്പിച്ച് ബിജെപിക്കെതിരായി ഒരു കുരുക്ഷേത്രയുദ്ധം നടത്താൻ കഴിയുമായിരുന്നു. പക്ഷേ, ഇപ്പോൾ തോൽവി ഏറ്റുവാങ്ങിക്കഴിഞ്ഞിരിക്കുന്നു. എങ്കിൽപ്പോലും, തനിക്ക് ഡൽഹി വോട്ടർമാർ 43 ശതമാനത്തിന്റെ പിന്തുണ ഇന്നും ഉണ്ട് എന്ന് കേജരിവാളിന് പറയാൻ കഴിയും.
അതേസമയം, മൂന്നു പ്രാവശ്യവും ഒരു സീറ്റുപോലും ലഭിക്കാതെ യുദ്ധക്കളത്തിൽ മുറിവേറ്റു കിടക്കുന്ന രാഹുൽ ഗാന്ധിയെപ്പറ്റി ഏറെ പരാതികളുള്ളവരാണ് മറ്റു കക്ഷികൾ മിക്കവരും. ഇതൊക്കെയാണെങ്കിലും വലിയ രാഷ്ട്രീയ പാരന്പര്യമോ പ്രത്യയശാസ്ത്ര അടിത്തറയോ ഇല്ലാത്ത കേജരിവാളിന്റെ നേതൃത്വം സ്വീകരിക്കാൻ അവർ തയാറാകുമോ? കേജരിവാളിന്റെ നിലപാടുകൾ പലതും മൃദുഹിന്ദുത്വത്തിന്റെ ചുവടുപിടിച്ച് രൂപപ്പെട്ടവയല്ലേ? ഒരു സീനിയർ നേതാവായ മമത ബാനർജിക്കോ ഡിഎംകെ നേതാവായ സ്റ്റാലിനോ യുപിയിലെ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനോ കേജരിവാളിനെ ഒരു സഖ്യകക്ഷി നേതാവായി കാണാൻ സന്തോഷമാണെങ്കിലും തങ്ങളുടെയെല്ലാം നേതാവായി അംഗീകരിക്കാൻ എളുപ്പമാണോ? ബിഹാറിലെ ലാലുപ്രസാദ് യാദവിന് അഭിമതനായിരിക്കില്ല, നരേന്ദ്ര മോദിയുടെ തീവ്രഹിന്ദുത്വ നയങ്ങളെ തീവ്രമായി എതിർക്കാത്ത കേജരിവാളിനെ!
മറുവശത്ത് എല്ലാ സംസ്ഥാനങ്ങളിലും 20 ശതമാനമെങ്കിലും ഉറപ്പുള്ള വോട്ടുകളുള്ള കോണ്‍ഗ്രസിനെ ഒഴിവാക്കുന്നത് ബുദ്ധിയാണോ എന്ന ചോദ്യവും പൊന്തിവരുന്നു. കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും അനുകൂലമായ നിലപാടെടുക്കാൻ ആഗ്രഹിക്കുന്ന ലാലുപ്രസാദ് യാദവിനെപ്പോലുള്ള ഒരു നേതാവിന് ആത്മവിശ്വാസം പകരണമെങ്കിൽ ചില നിർണായക നയംമാറ്റങ്ങൾക്ക് കോണ്‍ഗ്രസ് തയാറായേ തീരൂ.
പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ പ്രവർത്തനശൈലി മാറ്റങ്ങൾ ഉൾക്കൊള്ളണം. ലോക്സഭയിൽ മൈതാനപ്രസംഗം നടത്തുന്നതിനു പകരം, ചർച്ച ചെയ്യുന്ന വിഷയത്തെ കേന്ദ്രീകരിച്ച് മുൻകൂട്ടി തയാറാക്കിയ കുറിപ്പുകളുടെ സഹായത്തോടെ, കുറിക്കുകൊള്ളുന്ന ആക്രമണം നടത്തണം.
ഓരോ പ്രശ്നത്തിലും നിലപാട് തീരുമാനിക്കുന്നതിനു മുന്‍പ് സഖ്യകക്ഷി നേതാക്കളോട് ആലോചിച്ച് തന്ത്രങ്ങൾ മെനയണം. കോണ്‍ഗ്രസ് അധ്യക്ഷനായി വയോധികനായ ഖാർഗേയ്ക്ക് പകരം, നല്ല പ്രതിച്ഛായയും പ്രവർത്തനപരിചയവുമുള്ള ഒരു നേതാവിനെ കണ്ടെത്തണം. ഒരേ കുടുംബത്തിലെ മൂന്നു പേരും എംപിമാരായി സുഖസൗകര്യങ്ങൾ അനുഭവിച്ച് ജീവിക്കുന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത് ഓർമിക്കുക; സോണിയ ഗാന്ധി, തന്റെ രാജ്യസഭാ അംഗത്വം, അനാരോഗ്യം ഒരു കാരണമായി സൂചിപ്പിച്ച രാജിവച്ച്, ഉപദേശക റോൾ സ്വീകരിക്കുക. പുതിയ അധ്യക്ഷന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസിനെ ശക്തമാക്കാനായി ബൂത്തുതലം മുതൽ തെരഞ്ഞെടുപ്പകൾ സമയബന്ധിതമായി നടത്തുക. ഈ വിഷയങ്ങളിൽ ഉടനടി തീരുമാനമെടുത്ത് കോണ്‍ഗ്രസിന്റെ മുഖച്ഛായ നന്നാക്കേണ്ടത് അത്യാവശ്യം. ബിഹാറിലെ നിയമസഭാ തിെരഞ്ഞെടുപ്പ് മാസങ്ങൾക്കകം നടക്കാനിരിക്കുന്നു!