ട്രംപ് ഗാസയെ ഏറ്റെടുക്കുമോ?
പതിവുരീതികളെ നാടുകടത്തി ട്രംപ് -2 / സുരേഷ് വർഗീസ്
Wednesday, February 12, 2025 12:08 AM IST
തകർന്ന ഗാസയെ അമേരിക്ക ഏറ്റെടുത്ത് പുനർനിർമിച്ച് കടൽത്തീര സുഖവാസകേന്ദ്രമാക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് ഒട്ടും സ്വീകാര്യതയുണ്ടായില്ല. ഗാസയിലെ പലസ്തീൻകാർ മറ്റെവിടേക്കെങ്കിലും പോകണമെന്ന ട്രംപിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയുടെ സഖ്യകക്ഷികളും അറബ് രാജ്യങ്ങളും വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ സമാധാനസ്ഥാപനം ലക്ഷ്യമിടുന്ന ദ്വിരാഷ്ട്ര ഫോർമുലയ്ക്കു കടകവിരുദ്ധമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഗാസയുടെ പുനർനിർമാണ കാലയളവിൽ പലസ്തീനികളെ താത്കാലികമായി മാറ്റിപ്പാർപ്പിക്കുന്ന കാര്യമാണ് ഉദ്ദേശിച്ചതെന്നു പറഞ്ഞ് ട്രംപിന്റെ നിലപാട് മയപ്പെടുത്താൻ വൈറ്റ്ഹൗസ് പിന്നീട് ശ്രമിച്ചു.
പലസ്തീനികളെ പുറത്താക്കി ഗാസയെ ഏറ്റെടുക്കുമെന്നു പറഞ്ഞതുകൊണ്ട് ട്രംപ് എന്താണ് ഉദ്ദേശിച്ചതെന്നു മനസിലാക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നു. ബിബിസിയുടെ പശ്ചിമേഷ്യാ ലേഖകൻ ജെറമി ബോവന്റെ അഭിപ്രായപ്രകാരം ട്രംപിന്റെ പദ്ധതി നടക്കാനുള്ള ഒരു സാധ്യതയുമില്ല. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ട്രംപ് നടത്തുന്ന ശ്രമങ്ങളുടെ തുടക്കമാകാം പ്രസ്താവന. ഗാസയെ ഏറ്റെടുക്കുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ ഇറാനുമായി സമാധാന ആണവകരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഇങ്ങനെയൊരു കരാർ ഉണ്ടാക്കിയിരുന്നു. പക്ഷേ, ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ഈ കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറി. ഇതിനായി അന്ന് ട്രംപിനുമേൽ സമ്മർദം ചെലുത്തിയത് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവായിരുന്നു. നെതന്യാഹുവാണ് ഇപ്പോഴും ഇസ്രേലി പ്രധാനമന്ത്രി. അദ്ദേഹത്തിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഗാസയെ ഏറ്റെടുക്കാനുള്ള ആഗ്രഹം ട്രംപ് പ്രഖ്യാപിച്ചത്.
ഇറാനുമായി അമേരിക്ക വീണ്ടും ബന്ധമുണ്ടാക്കുന്നത് നെതന്യാഹു അടക്കമുള്ള ഇസ്രയേലിലെ തീവ്രനിലപാടുകാർക്ക് ദഹിക്കുന്ന കാര്യമല്ല. അവരെ സന്തോഷിപ്പിക്കാനായിരിക്കണം ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ് പറഞ്ഞത്. എന്തായാലും ട്രംപ് നടത്തിയത് വലിയൊരു ചൂതാട്ടമാണ്. അതിന്റെ അലയൊലികൾ ഇപ്പോഴും ശമിച്ചിട്ടില്ല. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിലൂടെ സമാധാന നൊബേൽ പുരസ്കാരം ട്രംപ് ലക്ഷ്യമിടുന്നുണ്ടാകാമെന്നും ജെറമി ബോവൻ എഴുതുന്നു. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിൽ ട്രംപ് സുപ്രധാന പങ്കുവഹിച്ചിരുന്നു.
ചറപറാ ഉത്തരവുകൾ
അധികാരത്തിലേറി മൂന്നാഴ്ച തികയ്ക്കും മുന്പ് അന്പതിലധികം എക്സിക്യൂട്ടീവ് ഉത്തരവുകളാണ് ട്രംപ് പുറപ്പെടുവിച്ചത്. പലതും മുൻ ഭരണകൂടത്തിന്റെ നിലപാടുകൾ തിരുത്തുന്നതാണ്. വിവാദ ഉത്തരവുകളിൽ ചിലത്:
1. കുടിയേറ്റവിരുദ്ധത
സത്യപ്രതിജ്ഞ ചെയ്ത ദിനംതന്നെ അമേരിക്കയുടെ പരമാധികാരം അപകടത്തിലാണെന്നു പറഞ്ഞ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുടിയേറ്റക്കാരെ തടയാൻ മെക്സിക്കോ അതിർത്തിയിൽ ഇരുന്പുവേലി നിർമാണം പുനരാരംഭിക്കുന്നതിനടക്കം ഫണ്ട് ചെലവഴിക്കുന്നതിനായി കൂടുതൽ അധികാരങ്ങൾ ഇതോടെ അദ്ദേഹത്തിനുണ്ടായി.
2. ജന്മാവകാശ പൗരത്വം
അമേരിക്കയിൽ ജനിക്കുന്ന ആർക്കും അമേരിക്കൻ പൗരത്വം ലഭിക്കുന്ന പദ്ധതി നിർത്തലാക്കി ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചു. കുടിയേറ്റക്കാർക്കും വിവിധ വീസകളിൽ അമേരിക്കയിലെത്തുന്നവർക്കും ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്നത് തടയുകയാണ് ട്രംപിന്റെ ലക്ഷ്യം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജന്മാവകാശ പൗരത്വം റദ്ദാക്കിയ ട്രംപിന്റെ നടപടിക്കെതിരേ കോടതിയിൽ കേസ് നടക്കുന്നു.
3. കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനം നിയന്ത്രണവിധേയമാക്കാൻ ഉദ്ദേശിച്ചുള്ള പാരീസ് ഉടന്പടിയിൽനിന്ന് അമേരിക്ക പിന്മാറുന്നതിനുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചു. ട്രംപിന്റെ ഒന്നാം ഭരണകാലത്തും അമേരിക്ക പാരീസ് ഉടന്പടിയിൽനിന്ന് പിന്മാറിയിരുന്നു. പിന്നീട് പ്രസിഡന്റായ ബൈഡൻ ഉടന്പടിയിൽ വീണ്ടും അമേരിക്കയെ അംഗമാക്കുകയായിരുന്നു.
4. ഊർജ അടിയന്തരാവസ്ഥ
ട്രംപ് അമേരിക്കയിൽ ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഖനനം വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
5. ലോകാരോഗ്യ സംഘടന
ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസിയായ ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്കയെ പിൻവലിക്കാനുള്ള നടപടിക്രമങ്ങളാരംഭിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവച്ചിട്ടുണ്ട്. സംഘടന കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയിൽ ട്രംപിനു തൃപ്തിയില്ല. ട്രംപിന്റെ ഒന്നാം ഭരണകാലത്തും അമേരിക്കയെ സംഘടനയിൽനിന്ന് പിൻവലിച്ചിരുന്നു. ബൈഡനാണ് വീണ്ടും ചേർത്തത്.
6. ഡൈവേഴ്സിറ്റി നയം
സ്ത്രീ, പുരുഷൻ എന്നീ രണ്ട് ലിംഗങ്ങളേ അമേരിക്കയിൽ ഇനിയുള്ളൂവെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ലിംഗമാറ്റം അനുവദനീയമല്ല. പാസ്പോർട്ട്, വീസ പോലുള്ള ഔദ്യോഗിക രേഖകളിൽ ഇതു നിർബന്ധമാണ്. ലിംഗമാറ്റ ശസ്ത്രക്രിയ, ഹോർമോൺ ചികിത്സ മുതലായവയ്ക്കു പ്രതിബന്ധങ്ങളുണ്ടാകും. അംഗപരിമിതരും ഭിന്നലിംഗക്കാരും അടക്കം പലവിധ വെല്ലുവിളികൾ നേരിടുന്നവർക്ക് തുല്യനീതി ഉറപ്പുവരുത്താനായി അമേരിക്ക പിന്തുടരുന്ന ഡൈവേഴ്സിറ്റി നയത്തിൽ ട്രംപിനൊട്ടും തൃപ്തിയില്ല. സർക്കാർ വകുപ്പുകളിൽ ഡൈവേഴ്സിറ്റി നയം പിന്തുടരുന്നതിനെ അദ്ദേഹം പലപ്പോഴും എതിർത്തു. ജനുവരി 29ന് വാഷിംഗ്ടൺ ഡിസിയിൽ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് 67 പേർ മരിക്കാനിടയായ സംഭവത്തിൽ ഒരടിസ്ഥാനവുമില്ലാതെ ഡൈവേഴ്സിറ്റി നയത്തെ കുറ്റപ്പെടുത്തിയത് ഇതിനുദാഹരണം.
7. വാക്സിൻ വിരുദ്ധത
ഫെഡറൽ സർക്കാർ ജീവനക്കാർ കോവിഡ് വാക്സിൻ നിർബന്ധമാക്കിയ ഉത്തരവ് ട്രംപ് റദ്ദാക്കി. വാക്സിൻ എടുക്കാത്തതിന്റെ പേരിൽ സൈന്യത്തിൽനിന്ന് പിരിച്ചുവിടപ്പെട്ട 8,000 പേരെ തിരിച്ചെടുക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
8. പേരുമാറ്റം
അമേരിക്ക, മെക്സിക്കോ, ക്യൂബ രാജ്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന മെക്സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി. നൂറ്റാണ്ടുകളായി പ്രയോഗത്തിലുള്ള പേരു മാറ്റുന്നത് മെക്സിക്കോ അംഗീകരിക്കുന്നില്ല.
9. നിർമിതബുദ്ധി
നിർമിതബുദ്ധിയിൽ ലോക നേതാക്കൾക്കുള്ള ആശങ്കകൾ ട്രംപിനില്ല. അമേരിക്കയെ നിർമിതബുദ്ധിയിൽ ഒന്നാമാതാക്കാനുള്ള ഉത്തരവ് അദ്ദേഹം നല്കി.
10. പ്ലാസ്റ്റിക്കിലേക്കു മടക്കം
പ്ലാസ്റ്റിക്കിലേക്കു മടങ്ങാം എന്ന ട്രംപിന്റെ പ്രഖ്യാപനമാണ് അവസാനത്തെ വിവാദം. ഫെഡറൽ സർക്കാരിന്റെ ഭക്ഷ്യപദ്ധതികളിലും പരിപാടികളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്ട്രോകൾ നിരോധിച്ച് മുൻ പ്രസിഡന്റ് ബൈഡൻ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് വരും ദിവസങ്ങളിൽ റദ്ദാക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. പരിസ്ഥിതി വിഷയങ്ങളിൽ ട്രംപ് പുലർത്തുന്ന ജാഗ്രതയില്ലായ്മയാണ് ഇവിടെ പ്രതിഫലിക്കുന്നത്. സർക്കാർ വകുപ്പുകളിലെ വെബ്സൈറ്റുകളിൽനിന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്യാനും ട്രംപ് നിർദേശിച്ചിട്ടുണ്ട്.
ഭിന്നലിംഗക്കാരോടുള്ള ട്രംപിന്റെ എതിർപ്പും വിവാദമാണ്. കായികയിനങ്ങളിലെ വനിതാ വിഭാഗത്തിൽ ട്രാൻസ്ജെൻഡറുകൾ മത്സരിക്കുന്നത് അദ്ദേഹം വിലക്കിയിരിക്കുകയാണ്. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം പ്രഖ്യാപിക്കൽ, റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നെ സഹായിക്കുന്നതിനു പകരമായി യുക്രെയ്നിലെ പ്രകൃതിവിഭവങ്ങൾ അമേരിക്കയ്ക്കു നല്കണമെന്ന ആവശ്യം, മുൻഗാമിയായ ബൈഡന് രഹസ്യരേഖകൾ പരിശോധിക്കാനുള്ള അധികാരം റദ്ദാക്കൽ തുടങ്ങിയവ ട്രംപ് ഉയർത്തിയ മറ്റു വിവാദങ്ങളാണ്.
ഇതോടൊപ്പംതന്നെ ചില നല്ല തീരുമാനങ്ങളും അദ്ദേഹത്തിൽനിന്നുണ്ടായിട്ടുണ്ട്. ഗർഭച്ഛിദ്രത്തെ എതിർക്കുന്നതിന്റെ പേരിൽ നിയമനടപടികൾ നേരിടുന്ന 23 പേർക്ക് മാപ്പു നല്കിയത് ഇതിലൊന്നാണ്. ഗുണ്ടാസംഘങ്ങളെയും മയക്കുമരുന്നു മാഫിയകളെയും ട്രംപ് തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകളുടെ പട്ടികയിലാണ് ഇവർ ഇനി ഉൾപ്പെടുക.
(അവസാനിച്ചു)