പതിവുരീതികളെ നാടുകടത്തി ട്രംപ്
സുരേഷ് വർഗീസ്
Tuesday, February 11, 2025 2:40 AM IST
ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതുമുതൽ ഡോണൾഡ് ട്രംപ് എടുക്കുന്ന തീരുമാനങ്ങളിൽ പലതും ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ, ഗാസയെ ഏറ്റെടുത്തു സുഖവാസ കേന്ദ്രമാക്കാനുള്ള ആഗ്രഹം, പ്ലാസ്റ്റിക്കിലേക്ക് മടങ്ങിപ്പോകാനുള്ള ആഹ്വാനം, മുൻ പ്രസിഡന്റെന്ന നിലയിൽ ജോ ബൈഡനുള്ള അധികാരങ്ങൾ റദ്ദാക്കൽ മുതലായ കാര്യങ്ങൾ ലോകത്തിലെ ഏറ്റവും കരുത്തനായ ഭരണാധികാരിയിൽനിന്ന് ഉണ്ടാകുന്പോൾ അസ്വാഭാവികത തോന്നുക സ്വാഭാവികം.
ലോകാരോഗ്യസംഘടന പോലുള്ള അന്താരാഷ്ട്ര ഏജൻസികളിൽനിന്ന് അമേരിക്കയെ പിൻവലിക്കുന്നതും അയൽക്കാർക്ക് ചുങ്കം ചുമത്തുന്നതും യൂറോപ്യൻ സഖ്യകക്ഷികളോട് ശത്രുക്കളോടെന്നപോലെ പെറുമാറുന്നതുമടക്കമുള്ള ട്രംപിന്റെ നീക്കങ്ങൾ ഇപ്പോഴുള്ള ലോകക്രമത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കാം.
റിയൽ എസ്റ്റേറ്റ് വ്യവസായി, ടിവി അവതാരകൻ എന്നീ നിലകളിൽ തൊടുന്നതെല്ലാം പൊന്നാക്കിയിട്ടുള്ള ട്രംപിന് രാഷ്ട്രീയത്തിലും ജയം മാത്രമാണു താത്പര്യം. തോറ്റിട്ടും ജയിച്ച പ്രസിഡന്റ് എന്ന റിക്കാർഡ് നൂറ്റാണ്ടിനുശേഷം സ്വന്തമാക്കിയ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾക്ക് ധാർമികതയും മനുഷ്യാവകാശവും അടിസ്ഥാനമല്ല. ബലമുള്ളവനെ ചേർത്തുനിർത്തുക, ദുർബലനെ അവഗണിക്കുക എന്നതാണ് ട്രംപിന്റെ നയതന്ത്രം. അതേസമയംതന്നെ ഒരു മേശയ്ക്കിരുപുറവുമിരുന്നു ചർച്ച ചെയ്താൽ ഏതാണ്ടെല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന പ്രായോഗികബുദ്ധിയും ട്രംപിനുണ്ട്. ട്രംപിന്റെ ഭ്രാന്തൻ തീരുമാനങ്ങളിൽ പലതും എതിരാളികളെ ചർച്ചാമേശയിലേക്ക് ആകർഷിക്കാൻ വേണ്ടിയുള്ളതാണ്.
പ്രായോഗികതയുടെ വിജയം
ട്രംപിന്റെ നീക്കങ്ങൾ അവലോകനം ചെയ്താൽ ഏതുവിധേനയും കാര്യം നടത്തിയെടുക്കുക എന്നതിൽ കവിഞ്ഞ് അദ്ദേഹത്തിനു മറ്റൊരു താത്പര്യവുമില്ലെന്നു തോന്നിപ്പോകും. ഭരണം തുടങ്ങി വെറും മൂന്നാഴ്ചയ്ക്കകം തന്റെ നയങ്ങൾ ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ അദ്ദേഹം നേടിയ വിജയങ്ങൾ ഇതിനുദാഹരണം.
![](/Newsimages/nadukadathal_2025feb11.jpg)
അമേരിക്കൻ സാന്പത്തികവ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്ന അയൽക്കാരായ കാനഡയ്ക്കും മെക്സിക്കോയ്ക്കും ഇറക്കുമതി ചുങ്കം ചുമത്താനുള്ള ട്രംപിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. പുതിയൊരു വ്യാപാര യുദ്ധം ആരംഭിച്ചുവെന്ന ആശങ്ക ശക്തമായി. ഇരു രാജ്യങ്ങളിൽനിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 25 ശതമാനംവച്ച് ചുങ്കമാണ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം ചൈനയ്ക്കുമേൽ 10 ശതമാനം അധിക ചുങ്കവും പ്രഖ്യാപിച്ചു.
അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരുടെ വരവും ഫെന്റാനിൽ എന്ന മയക്കുമരുന്നിന്റെ ഒഴുക്കും തടയാൻ ഈ മൂന്നു രാജ്യങ്ങളും ഒന്നും ചെയ്യാത്തതിന്റെ പേരിലായിരുന്നു ട്രംപിന്റെ നടപടി. ഫെന്റാനിലിന്റെ വ്യാപക ഉപയോഗം അമേരിക്ക ഇന്നു നേരിടുന്ന ഏറ്റവും വലിയ മയക്കുമരുന്നു പ്രതിസന്ധിയാണ്. ചൈനയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇത് കാനഡ, മെക്സിക്കോ അതിർത്തികളിലൂടെയാണ് അമേരിക്കയിലെത്തുന്നത്.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമും ചുങ്കം വിഷയത്തിൽ ട്രംപിനോട് യുദ്ധം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും അമേരിക്കൻ ഇറക്കുമതിക്ക് 25 ശതമാനം ചുങ്കം ഏർപ്പെടുത്തുമെന്നു പറഞ്ഞു. പിന്നാലെ ട്രൂഡോയുമായും ക്ലോഡിയയുമായും ട്രംപ് സംസാരിച്ചു. ചുങ്കം ചുമത്താനുള്ള തീരുമാനം ഒരു മാസത്തേക്ക് നീട്ടിവച്ചു എന്നതായിരുന്നു ഇതിന്റെ ഫലം. ഇതൊടൊപ്പം അമേരിക്കയിലേക്കുള്ള മയക്കുമരുന്നു കടത്ത് തടയാനുള്ള പദ്ധതികൾ കാനഡയും മെക്സിക്കോയും സ്വീകരിച്ചു. കുടിയേറ്റക്കാരുടെ ഒഴുക്കു തടയുന്ന കാര്യത്തിലും മെക്സിക്കോയിൽനിന്ന് അനുകൂല നിലപാടുണ്ടായി. ചുരുക്കത്തിൽ ട്രംപ് ഉദ്ദേശിച്ച കാര്യം നടന്നു.
അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ ഇരുവശങ്ങളിലുമുള്ള പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാനമ കനാലിന്റെ നിയന്ത്രണം അമേരിക്ക വീണ്ടും ഏറ്റെടുക്കുമെന്നതായിരുന്നു ട്രംപിന്റെ മറ്റൊരു വിവാദ പ്രസ്താവന. യുഎസിലേക്കുള്ള ചരക്കുകടത്തലിൽ സുപ്രധാന പങ്കുവഹിക്കുന്ന കനാലിൽ ചൈന നടത്തുന്ന നിക്ഷേപണങ്ങളാണ് ട്രംപിനെ അസ്വസ്ഥനാക്കിയത്. വേണ്ടിവന്നാൽ ബലം പ്രയേഗിച്ചും കനാൽ ഏറ്റെടുക്കുമെന്ന് ട്രംപ് പറഞ്ഞു. തുടക്കത്തിൽ പാനമ ട്രംപിനോട് ഉടക്കുകാണിച്ചു. പക്ഷേ, അവസാനം വഴങ്ങേണ്ടിവന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽനിന്ന് പാനമ പിൻവാങ്ങി. ട്രംപ് വീണ്ടും ജയിച്ചു.
അനധികൃത കുടിയേറ്റം
അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കും എന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. അധികാരത്തിലേറിയ അന്നുമുതൽ ഇതിനുള്ള നടപടികൾ അദ്ദേഹം സ്വീകരിച്ചു. അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു നാടുകടത്താൻ തുടങ്ങി. ഇവരെ സിവിലിയൻ വിമാനങ്ങളിൽ യാത്രക്കാരായല്ല മടക്കി അയച്ചത്; മറിച്ച് തടവുകാരെപ്പോലെ വിലങ്ങുവച്ച് സൈനിക വിമാനങ്ങളിലാണ് സ്വരാജ്യങ്ങളിലെത്തിച്ചത്.
അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് 104 ഇന്ത്യക്കാരെ പഞ്ചാബിലെത്തിച്ചതും ഇങ്ങനതന്നെ. കുടിയേറ്റക്കാരെ വിലങ്ങുവച്ചതിൽ അമേരിക്ക കാണിച്ച മനുഷ്യാവകാശലംഘനം ലോകമൊട്ടുക്കു ചർച്ചയായി. പക്ഷേ, ആരും കാര്യമായ എതിർപ്പുന്നയിച്ചില്ല. ഇന്ത്യയിൽ വിഷയം വിവാദമായപ്പോൾ, ഇത് അമേരിക്കയിലെ പതിവു കാര്യം മാത്രമാണെന്നു പറഞ്ഞു കൈ മലർത്താനേ മോദിഭരണകൂടത്തിനു കഴിഞ്ഞുള്ളൂ.
പഞ്ചാബിൽ അമേരിക്കൻ സൈനികവിമാനം ഇറങ്ങിയ അന്നുതന്നെ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ കുപ്രസിദ്ധ തടവറയിലേക്കും അധനികൃത തടവുകാരുമായി അമേരിക്കൻ വിമാനം പറന്നു. ഗ്വാണ്ടനാമോയിൽ 30,000 അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ പോന്ന തടവറയുണ്ടാക്കാനാണ് ട്രംപ് നിർദേശിച്ചിരിക്കുന്നത്. പേടിപ്പെടുത്തുന്ന ഇത്തരം നടപടികൾക്കു പിന്നിലൂടെ ട്രംപ് ഒറ്റക്കാര്യമേ ലക്ഷ്യമിടുന്നുള്ളൂ- ഉള്ളതെല്ലാം വിറ്റുപെറുക്കി മനുഷ്യക്കടത്തു സംഘങ്ങൾക്കു നല്കി കാടും മലയും താണ്ടി അമേരിക്കയിലെത്താൻ ആഗ്രഹിക്കുന്ന അനധികൃത കുടിയേറ്റക്കാർ ഒന്നുകൂടി ആലോചിച്ചോളണം.
(തുടരും)