‘വിശ്വഗുരു’വിനു സമാനതയില്ലാത്ത സമ്മാനം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
Monday, February 10, 2025 12:57 AM IST
രേഖകളില്ലാത്ത, അനധികൃത കുടിയേറ്റക്കാരായ 104 ഇന്ത്യക്കാരെ അമേരിക്കയിൽനിന്നു നാടു കടത്തി. സി-17 ഗ്ലോബ് മാസ്റ്റർ സൈനിക ചരക്കുവിമാനത്തിൽ, ചങ്ങലയും കൈവിലങ്ങുമണിയിച്ച് 40 മണിക്കൂർ സീറ്റിൽനിന്നനങ്ങാൻ അനുവദിക്കാത്ത ആകാശയാത്രയ്ക്കൊടുവിൽ ഫെബ്രുവരി അഞ്ചിന് അമൃത്സറിൽ ഇറക്കുകയായിരുന്നു. ഇൻഡോ-അമേരിക്കൻ ബന്ധങ്ങളിലെ മറക്കാനാകാത്ത സംഭവമായി ഇത്. അമേരിക്കയുടെ കസ്റ്റംസ്, അതിർത്തിരക്ഷാ വിഭാഗത്തിന്റെ (യുഎസ്ബിപി) തലവൻ മൈക്കിൾ ഡബ്ല്യു. ബാങ്ക്സ് സമൂഹമാധ്യമമായ ‘എക്സി’ൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഈ ദുഃഖകരമായ സംഭവം വെളിച്ചത്തു വന്നത്.
യുഎസ്ബിപിയും സമാന ഏജൻസികളും അനധികൃത പരദേശികളെ ഇന്ത്യയിലേക്ക് വിജയകരമായി തിരിച്ചയച്ചു എന്നാണതിൽ പറഞ്ഞത്. “അനധികൃതമായി അതിർത്തി കടന്നാൽ നിങ്ങളെ നീക്കംചെയ്യും” എന്ന വ്യക്തമായ സന്ദേശവും ഇന്ത്യക്കാർക്കായി അതിലുണ്ടായിരുന്നു. നാടു കടത്തിയവരുടെ കൈകളിൽ വിലങ്ങണിയിച്ചതായും കാലുകളിൽ ചങ്ങലയിട്ടതായും വീഡിയോ വെളിപ്പെടുത്തി. ഇതോടൊപ്പം ലോകത്തെ ഒന്നാമത്തെ വൻശക്തിയായ അമേരിക്ക ചാർത്തുന്ന ‘അനധികൃത കുടിയേറ്റക്കാരൻ’ എന്ന മുദ്രയും ആർക്കും ഭീതിജനകമായ അനുഭവമാണ്.
നടപ്പാക്കാന് പ്രശ്നങ്ങളേറെ
അനധികൃത കുടിയേറ്റക്കാരെ അവരുടെ ജന്മദേശത്തേക്ക് തിരിച്ചയച്ച് അമേരിക്കയെ ‘വൃത്തിയാക്കാൻ’ തീരുമാനിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇപ്പോൾ അവിടം ഭരിക്കുന്നത്. എണ്ണത്തിൽ വളരെ കൂടുതലായതിനാൽ, അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതും തിരിച്ചയയ്ക്കുന്നതും അത്ര എളുപ്പമല്ല. ഇന്ത്യയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ ഏഴു ലക്ഷത്തോളം വരും. എൽസാൽവദോർ, ഗ്വാട്ടിമാല എന്നിവയ്ക്കൊപ്പമാണീ സംഖ്യ. ഇവരിൽ 18,000 പേർക്ക് സ്വരാജ്യത്തേക്ക് തിരിച്ചുപോകാനുള്ള ഉത്തരവു ലഭിച്ചിട്ടുണ്ട്.
മൂവായിരത്തോളം പേരെ തടവിലാക്കി. മൊത്തത്തിൽ, ഇരുപതിനായിരത്തിൽപ്പരം ഇന്ത്യക്കാരെ തിരിച്ചയയ്ക്കാനാണു സാധ്യത. കാരണം, അവരെ തിരിച്ചയയ്ക്കുക എളുപ്പമാണ്. വിവിധ വകുപ്പുകളിൽ ഒരുപാട് ജീവനക്കാരെ നിയമിക്കേണ്ടിവരും എന്നതിനാൽ എല്ലാവരെയും തിരിച്ചയയ്ക്കുക എളുപ്പമാകില്ല. കുടിയേറ്റക്കാർക്കായി നിരവധി കേന്ദ്രങ്ങൾ തുടങ്ങേണ്ടതുണ്ട്. കേസുകൾ പരിഗണിക്കാനും നാടുകടത്തൽ ഉത്തരവിടാനും കൂടുതൽ ജഡ്ജിമാരെയും ആവശ്യമുണ്ട്.
സൈനികവിമാനങ്ങൾ വഴി, 1940കളിലെ ബെർലിൻ എയർലിഫ്റ്റ് മാതൃകയിലാണെങ്കിൽ, നാടുകടത്തലിന് ദശാബ്ദമോ അതിലധികമോ വേണ്ടിവരുമെന്നാണ് ഒരു റിപ്പോർട്ട്! പോരാത്തതിന്, സന്പദ്വ്യവസ്ഥയിലും അതിന്റെ ആഘാതമുണ്ടാകും. വിശേഷിച്ചും രേഖകളില്ലാത്ത കുടിയേറ്റക്കാരെ ആശ്രയിക്കുന്ന കൃഷി, മാംസസംസ്കരണം, റസ്റ്ററന്റ്-ഹോട്ടൽ എന്നീ മേഖലകളിൽ പ്രശ്നങ്ങളേറെയാണ്. പ്രസിഡന്റ് ട്രംപിന് തീർച്ചയായും ഉത്തരവുകളിറക്കാം. പക്ഷേ, അവ നടപ്പാക്കുന്നതിന് അതിന്റേതായ പ്രതിബന്ധങ്ങളുണ്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, അത്ര അനായാസമല്ല നടപ്പാക്കൽ.
ഇന്ത്യക്കാരുടെ കാര്യത്തിൽ പ്രശ്നങ്ങൾ തുടരും. അവർ നിയമമനുസരിക്കുന്നവരും താരതമ്യേന എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്നവരുമാണ്. അറസ്റ്റും നാടുകടത്തലും സങ്കീർണമല്ല. എന്നാൽ, ആകാശത്ത് 40 മണിക്കൂർ കൈവിലങ്ങും ചങ്ങലയും അപമാനകരവും അസ്വീകാര്യവുമാണ്. ചങ്ങലയിൽ നീങ്ങാൻതന്നെ അമേരിക്കൻ ഉദ്യോഗസ്ഥർ അവരെ അനുവദിച്ചില്ലെന്നത് അതിലേറെ ദുരിതമുണ്ടാക്കി. വളരെ വിഷമിച്ചാണവർ അത്യാവശ്യത്തിന് അങ്ങോട്ടുമിങ്ങോട്ടും പോയത്. ഇതിനെല്ലാം പുറമെ ഭക്ഷണം കഴിക്കുന്പോൾപ്പോലും കൈവിലങ്ങുണ്ടായിരുന്നു!
‘പുതിവു നടപടിക്രമം’
സൗമ്യമായ പെരുമാറ്റവും മൃദുഭാഷണവും ശാന്തമായ പ്രതികരണവും കൊണ്ടനുഗ്രഹിക്കപ്പെട്ട നമ്മുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കോപാകുലരായ പാർലമെന്റംഗങ്ങളോട് പറഞ്ഞതിപ്രകാരമാണ്: “നാടുകടത്തൽ പ്രക്രിയ പുതിയ സംഭവമല്ല. ഞാനാവർത്തിക്കുന്നു, പുതിയതല്ല. നിരവധി വർഷങ്ങളായി തുടർന്നുപോരുന്നതാണ്. 2009നു ശേഷം 15,756 അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്കു തിരിച്ചയച്ചിട്ടുണ്ട്.
2,042 പേരെ തിരിച്ചയച്ച 2019ലായിരുന്നു ഏറ്റവും കൂടുതൽ. അനധികൃത കുടിയേറ്റങ്ങൾ നിരുത്സാഹപ്പെടുത്തേണ്ടത് പാർലമെന്റിന്റെ സംയുക്ത ഉത്തരവാദിത്വമാണ്. അനധികൃത കുടിയേറ്റ വ്യവസായത്തിനെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കും.” ചങ്ങലയിട്ട സംഭവത്തെ ‘അമേരിക്ക പതിവായി പിന്തുടരുന്ന നടപടിക്രമം’ ആയാണ് ജയശങ്കർ വിശേഷിപ്പിച്ചത്. “നാടുകടത്തൽ അമേരിക്കയുടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ആണ് സംഘടിപ്പിക്കുന്നതും നടപ്പാക്കുന്നതും. വിലങ്ങുകളോടുകൂടി വിമാനം വഴിയുള്ള നാടുകടത്തലിന്റെ നടപടിക്രമം 2012 മുതൽ നിലവിലുള്ളതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വിലങ്ങുണ്ടാകില്ലെന്ന് ഐസിഇ നമ്മളെ അറിയിച്ചതാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രശ്നം ഗൗരവമായി പരിഗണിച്ച് ഇനി ആവർത്തിക്കാതിരിക്കാനുള്ള പരിഹാരം കണ്ടെത്തേണ്ട സമയമായിരിക്കുന്നു. അല്ലെങ്കിൽ, ഇപ്പോഴത്തെ സംഭവം ഭാവി വിദേശകാര്യമന്ത്രിമാരുടെ പ്രസംഗങ്ങളോടു കൂട്ടിച്ചേർക്കും. ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ജയശങ്കർ പറഞ്ഞ കാര്യങ്ങൾ അവർക്കും ആവർത്തിക്കേണ്ടിവരും. മറക്കാനാകാത്ത ഇത്തരം ദുരനുഭവങ്ങളുണ്ടാക്കുന്നത് വിവിധ രാജ്യങ്ങൾ ഇന്ത്യക്കു നൽകിയ ‘വിശ്വഗുരു’ എന്ന പരിവേഷത്തിനു യോജിച്ചതാകില്ല. വിശ്വഗുരുവെന്ന പ്രയോഗം മുതിർന്ന ബിജെപി നേതാക്കളടക്കം പലരും ആവർത്തിക്കുന്നതുമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിശ്വഗുരു എന്ന നിലയിൽ ഇന്ത്യയുടെ പങ്ക് സാന്പത്തിക, രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നതിലല്ല. ‘വസുധൈവ കുടുംബക’മെന്ന കാലാതീത തത്വചിന്തയെ പ്രതിഫലിപ്പിക്കുന്ന ആഗോള ഐക്യം, സമാധാനം, സമൃദ്ധിയുടെ പങ്കുവയ്ക്കൽ എന്നിവയോടുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്.
ഇമിഗ്രേഷൻ ബിൽ-2024
ഇവിടെ സുഖകരമായ സാധാരണ ജീവിതത്തിനും നിലനിൽപ്പിനും വേണ്ട ജോലി ലഭിക്കാത്തതുമൂലം വിദേശത്തു പോകുന്ന ഇന്ത്യക്കാരുടെ ദയനീയസ്ഥിതി ഇന്ത്യ പഠിക്കണം. അവർ ന്യായമായ ജീവിതം ലഭിക്കുമോ എന്നുറപ്പില്ലാത്ത രാജ്യങ്ങളിലേക്കു സ്വത്തുക്കൾ വിറ്റ് പോകുന്നു. എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയാക്കിയ ശേഷമാകില്ല ആ കുടിയേറ്റം. നിശ്ചിതകാലയളവിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്ത ജീവിതമാകും നയിക്കുക. അതവരെ സ്വന്തം രാജ്യത്തേക്കു തിരിച്ചയയ്ക്കുന്നതിനു കാരണമാകുന്നു.
അത്തരം അനധികൃത കുടിയേറ്റം ഉണ്ടാകുന്നില്ല എന്നുറപ്പാക്കാൻ രാജ്യത്തുടനീളം നിയമം നടപ്പാക്കാനുള്ള നടപടി ഇന്ത്യാ ഗവൺമെന്റ് സ്വീകരിക്കേണ്ടതുണ്ട്. സർക്കാർ ഇപ്പോൾത്തന്നെ വിദേശ ജോലികൾക്കായി ക്രമപ്രകാരമുള്ള കുടിയേറ്റത്തിനുള്ള ബിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. പരിഗണനയിലുള്ള ഇമിഗ്രേഷൻ ബിൽ-2024 നിലവിലുള്ള, ഇമിഗ്രേഷൻ നിയമം-1983 നു പകരമാണ്. തൊഴിലിനായി വിദേശത്തേക്കു കുടിയേറാൻ ഉദ്ദേശിക്കുന്ന വ്യക്തികളുടെ ആവർത്തിച്ചുള്ള കുടിയേറ്റം സുഗമമാക്കാനുള്ള മാർഗം ഇതു നിർദേശിക്കുന്നു. കോൺഗ്രസ് എംപി ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെന്ററി കമ്മിറ്റി പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിനെത്തുടർന്നാണ് ഈ ബിൽ രൂപപ്പെടുത്തിയത്.
“ഏറെ വൈകിയാണെങ്കിലും, ഓവർസീസ് മൊബിലിറ്റി (ഫസിലിറ്റേഷൻ ആൻഡ് വെൽഫെയർ) ബിൽ-2024 എന്നു താത്കാലികമായി പേരിട്ട പുതിയ നിയമം നടപ്പാക്കുന്നത് മന്ത്രാലയം ഗൗരവമായി പരിഗണിക്കുന്നു” എന്ന് ഈ റിപ്പോർട്ട് പറയുന്നു. ഇപ്പോൾ പ്രൊട്ടക്ടർ ഇമിഗ്രന്റ് ഓഫീസുകളില്ലാത്ത സംസ്ഥാനങ്ങളിൽ അവ തുടങ്ങാൻ റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. കൂടാതെ പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ ‘കുടിയേറ്റ ഹോട്ട്സ്പോട്ടു’കളിൽ ഇത്തരം ഓഫീസുകൾ വിപുലീകരിക്കാനും ഇതുവഴി കുടിയേറ്റക്കാർക്ക് മികച്ച പിന്തുണ ഉറപ്പാക്കാനും ശിപാർശയുണ്ട്.
ഇന്ത്യയിൽ കുടിയേറ്റപ്രക്രിയ നിയന്ത്രിക്കുന്ന, പ്രൊട്ടക്ടർ ജനറൽ ഓഫ് ഇമിഗ്രന്റ്സിലൂടെയാണ് വിദേശകാര്യവകുപ്പ് ഇമിഗ്രേഷൻ നിയമം-1983 നടപ്പാക്കുന്നത്. “മാറിവരുന്ന ആഗോള കുടിയേറ്റ ബലതന്ത്രവും ഇന്ത്യക്കാരുടെ ആവശ്യങ്ങളും കണക്കിലെടുത്ത് 1983ലെ ഇമിഗ്രേഷൻ നിയമത്തിലെ കാലഹരണപ്പെട്ട വ്യവസ്ഥകൾ പുതുക്കുന്നതിന് സമഗ്രമായ നിയമനിർമാണത്തിന്റെ ആവശ്യകതയെക്കുറിച്ച് കമ്മിറ്റി വളരെക്കാലമായി ഊന്നിപ്പറയുന്നു.”-കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ബില്ലിന്റെ കരട് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പക്കലാണെന്നും ഉടൻ പൊതുജനാഭിപ്രായത്തിനായി വയ്ക്കുമെന്നും വിദേശമന്ത്രാലയം കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
ബില്ലിന്റെ പ്രധാന സവിശേഷതകളെക്കുറിച്ച് കൂടിയാലോചന നടത്തണമെന്ന് കമ്മിറ്റി അഭ്യർഥിക്കുകയും പുതുക്കിയ ബിൽ ഒരു വർഷത്തിനകം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനും വ്യാപാര ഇടപാടുകൾക്കുമായി കുടിയേറ്റം വർധിച്ചുവരുന്ന ഇക്കാലത്ത് വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. നിയമലംഘനം ഉണ്ടാകുന്നില്ലെന്നുറപ്പുവരുത്തുന്നതിനു മേൽനോട്ടം വഹിക്കാൻ ശരിയായ ഉന്നതാധികാരകേന്ദ്രം ഉണ്ടാകേണ്ടതുണ്ട്. ഉചിതമായ നിർവഹണം വിശ്വഗുരുവെന്നു വിളിക്കുന്നതിന്റെ ന്യായം ഉറപ്പാക്കും. അത് കൂടിയേകഴിയൂ.