നീറ്റ് യുജി 2025: മൂന്നു മണിക്കൂര്‍ പരീക്ഷ; എല്ലാ ചോദ്യവും നിര്‍ബന്ധം
Monday, February 10, 2025 12:54 AM IST
എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിയുഎംഎസ്, ബിഎസ്എംഎസ്, ബിഎച്ച്എംഎസ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന നീറ്റ്-യുജി പരീക്ഷ 2025 മെയ് നാലിന് നടക്കും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പരീക്ഷ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരിക്കും. ജൂണ്‍ 14ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വെബ്സൈറ്റില്‍ ഫലം പ്രഖ്യാപിക്കും.
നിശ്ചിത സീറ്റുകളിലെയോ സ്ഥാപനങ്ങളിലെയോ ബിവിഎസ്്സി ആന്‍ഡ് എഎച്ച്, ബിഎസ്്സി (ഓണേഴ്സ്)/ബിഎസ്്സി നഴ്സിംഗ് പ്രവേശനത്തിനും ഈ സ്കോര്‍ ആണ് പരിഗണിക്കുന്നത്. വിദേശത്തുള്ള മെഡിക്കല്‍ അല്ലെങ്കില്‍ ഡെന്റൽ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്സുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) വിഭാഗക്കാര്‍ക്കും നീറ്റ് യുജി യോഗ്യത ആവശ്യമാണ്.
അപേക്ഷിക്കാനുള്ള യോഗ്യത
https://neet.nta.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കാം. ഈ വര്‍ഷം ഡിസംബര്‍ 31ന് മത്സരാര്‍ഥിക്ക് 17 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. പ്ലസ് ടു/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങള്‍, മാത്തമാറ്റിക്സ്/മറ്റേതെങ്കിലും ഇലക്ടീവ്, ഇംഗ്ലീഷ് എന്നിവ പഠിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പ്രത്യേകം ജയിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്ക് (പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 40 ശതമാനം) നേടി ജയിച്ചവരായിരിക്കണം.
വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസം നേടിയവര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ ജയിച്ച് പന്ത്രണ്ടാം ക്ലാസില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം. അവരുടെ യോഗ്യതയ്ക്ക് അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് (എഐയു), തുല്യത നല്കിയിരിക്കുകയും വേണം. പ്ലസ്ടു പരീക്ഷ എഴുതാന്‍ പോകുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഇവര്‍ പ്രവേശനത്തിനായുള്ള ആദ്യറൗണ്ട് കൗണ്‍സലിംഗില്‍ യോഗ്യത നേടിയിരിക്കണം. ബിയുഎംഎസ് അഡ്മിഷന് ആഗ്രഹിക്കുന്നവര്‍ ഉര്‍ദുവോ അറബിയോ പേര്‍ഷ്യന്‍ ഭാഷയോ ഒരു വിഷയമായി പഠിച്ച് പത്താം ക്ലാസ് ജയിച്ചിരിക്കുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത പത്താം ക്ലാസ് ഉര്‍ദു ടെസ്റ്റ്/പ്രവേശനപരീക്ഷ ജയിച്ചിരിക്കുകയോ വേണം. ബഎസ്എംഎസ് അഡ്മിഷന് ആഗ്രഹിക്കുന്നവര്‍ പത്താം ക്ലാസിലോ ഹയര്‍ സെക്കന്‍ഡറിയിലോ, തമിഴ് ഒരു വിഷയമായി പഠിക്കുകയും പരീക്ഷ ജയിച്ചിരിക്കുകയും വേണം.
പരീക്ഷയുടെ ഘടനയും ഭാഷയും
മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമേറിയ പരീക്ഷയില്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുള്ള ഒരു പേപ്പര്‍ ഉണ്ടാകും. പേനയും പേപ്പറും ഉപയോഗിച്ചുള്ള എഴുത്തുപരീക്ഷയാണിത്. 45 ചോദ്യങ്ങള്‍ ഫിസിക്സില്‍നിന്നും 45 ചോദ്യങ്ങള്‍ കെമിസ്ട്രിയില്‍നിന്നും ബാക്കിയുള്ള 90 ചോദ്യങ്ങള്‍ ബയോളജി (ബോട്ടണി, സുവോളജി) യില്‍ നിന്നുമാണ്. ആകെയുള്ള 180 ചോദ്യങ്ങളും നിര്‍ബന്ധിതമാണ്. ശരിയുത്തരം അഥവാ അനുയോജ്യമായ ഉത്തരം എഴുതിയാല്‍ നാലുമാര്‍ക്കുവീതം കിട്ടും. ഒരു ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. പരമാവധി മാര്‍ക്ക് 720 ഉണ്ടായിരിക്കുന്നതാണ്. 180 മിനിറ്റുകളാണ് പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. നാഷണല്‍ മെഡിക്കല്‍ കമ്മിഷന് വെബ്സൈറ്റില്‍ പരീക്ഷയുടെ സിലബസ് ലഭിക്കും.
ഒന്നില്‍ക്കൂടുതല്‍ ശരിയായ ഓപ്ഷനുകള്‍ ഒരു ചോദ്യത്തിനുണ്ടെന്നു വന്നാല്‍, ശരിയായ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് രേഖപ്പെടുത്തിയവര്ക്കേ നാല് മാര്‍ക്ക് നല്‍കൂ. എല്ലാ ഓപ്ഷനുകളും ശരിയാണെന്നു വന്നാല്‍, ആ ചോദ്യത്തിന് ഉത്തരം രേഖപ്പെടുത്തിയ എല്ലാവര്ക്കും നാലുമാര്‍ക്ക് നല്‍കും. എല്ലാ ഓപ്ഷനും തെറ്റാവുക, ചോദ്യം തെറ്റാവുക, ചോദ്യം ഒഴിവാക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ പരീക്ഷയെഴുതിയ എല്ലാവര്ക്കും നാല് മാര്‍ക്ക് നല്‍കുന്നതായിരിക്കും.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ മൊത്തം 13 ഭാഷകളില്‍ ചോദ്യപ്പേപ്പറുകള്‍ പുറത്തിറക്കും. അപേക്ഷ നല്കുമ്പോള് നിങ്ങള്‍ക്കുവേണ്ട ഭാഷ രേഖപ്പെടുത്തണം. പിന്നീട് ഇത് മാറ്റാന്‍ സാധിക്കില്ല. കേരളത്തിലെയും ലക്ഷദ്വീപിലെയും കേന്ദ്രങ്ങളില്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളാവും ഉണ്ടാവുക.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: പത്തനംതിട്ട, പയ്യന്നൂര്‍, വയനാട്, ആലപ്പുഴ/ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി. മൂന്നുകേന്ദ്രങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് തെരഞ്ഞെടുക്കണം. സ്വന്തം മേല്‍വിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തുള്ള പരീക്ഷാകേന്ദ്രങ്ങള്‍ എല്ലാവരും തെരഞ്ഞെടുക്കണം.വിദേശരാജ്യങ്ങളിലെ പരീക്ഷാകേന്ദ്രങ്ങള്‍: കുവൈത്ത്, ദുബായ്, അബുദാബി, ദോഹ, മസ്കറ്റ്, റിയാദ്, ഷാര്‍ജ.
അറിഞ്ഞിരിക്കേണ്ട മറ്റു വിവരങ്ങള്‍
ആയുഷ് അടക്കമുള്ള രാജ്യത്തെ എല്ലാ അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങള്‍, എയിംസ്, ജിപ്മര്‍, കല്പിത സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍, കേന്ദ്രീയ സ്ഥാപനങ്ങള്‍, എന്നിവയിലെ ബാച്ച്ലര് ബിരുദ പ്രവേശനം ഈ പരീക്ഷയുടെ സ്കോര്‍ പ്രകാരമാണ് നടത്തുന്നത്.
ഇതില്‍ ഓള് ഇന്ത്യ ക്വോട്ട, സംസ്ഥാന ക്വോട്ട തുടങ്ങിയ സീറ്റുകളും ഉള്‍പ്പെടും. സ്വകാര്യ, അണ്‍എയ്ഡഡ്, എയ്ഡഡ് മൈനോറിറ്റി, നോണ്മൈനോറിറ്റി മെഡിക്കല്‍ കോളജുകളിലെയെല്ലാം എന്‍ആര്‍ഐ / മാനേജ്മെന്റ് ക്വോട്ട, സെന്‍ട്രല്‍ പൂള് ക്വോട്ട ഉള്‍പ്പെടെ എല്ലാ സീറ്റുകളും ഇതിലുണ്ടാവും.
അഗ്രികള്‍ച്ചറുമായി ബന്ധപ്പെട്ട ബാച്ച്ലര് കോഴ്സുകളിലെ 20% ഓള് ഇന്ത്യ ക്വോട്ട ഈ പരീക്ഷയുടെ സ്കോര്‍ പരിഗണിച്ചല്ല നടത്തുന്നത്.