ഏതാണ് ദുരന്തം? വന്യജീവി ആക്രമണമോ സർക്കാർ അവഗണനയോ
സിജുമോൻ ഫ്രാൻസിസ്
Monday, February 10, 2025 12:45 AM IST
വന്യമൃഗ ആക്രമണത്തിൽ ഇന്നാരും മരിച്ചതായി കേൾക്കരുതേ എന്ന പ്രാർഥനയോടെയാണ് മലയാളിയുടെ ദിവസം ആരംഭിക്കുന്നത്. എങ്കിലും വർഷം ശരാശരി 125 പേരെയെങ്കിലും കേരളത്തിൽ വന്യമൃഗങ്ങൾ കൊന്നുതള്ളുകയാണ്. കടുവയുടെ വയറ്റിൽനിന്ന് കിട്ടിയ ആഭരണങ്ങൾ അമ്മയുടേതാണോയെന്ന തിരിച്ചറിയൽ പരേഡിന് നിന്നുകൊടുക്കേണ്ടിവരുന്ന കുഞ്ഞുങ്ങൾ ഇന്നു കേരളത്തിന്റെ കണ്ണീരാണ്. പക്ഷേ, മനഃസാക്ഷി മരവിച്ചുപോയ കപട പരിസ്ഥിതിവാദികളുടെ കണ്ണിൽ ഇതൊന്നും പെടുന്നില്ല എന്നുള്ളതാണ് ഏറെ സങ്കടകരം.
ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾ
05-04-2018ലെ സർക്കാർ ഉത്തരവ് പ്രകാരം വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന വ്യക്തികളുടെ നിയമപരമായ അവകാശികൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ 22-11-2023ലെ ഉത്തരവ് പ്രകാരം വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന വ്യക്തികളുടെ നിയമപരമായ അവകാശികൾക്ക് 10 ലക്ഷം രൂപ സമാശ്വാസ ധനസഹായമായി കൊടുക്കാൻ തീരുമാനിക്കുകയും, Wildlife Habitats Fundൽനിന്നും കേന്ദ്ര പദ്ധതികളായിട്ടുള്ള ‘Projetc Elephant & Project Tiger’ സ്കീമുകൾ പ്രകാരവും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തുക അനുവദിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ള വ്യക്തികളുടെ നിയമപരമായ അവകാശികൾക്ക് ആർക്കും ഇന്നുവരെ കേന്ദ്രവിഹിതമായ 10 ലക്ഷം രൂപ കൊടുത്തിട്ടില്ല. സംസ്ഥാന സർക്കാരിന്റെ 07-03-2024ലെ No 4/2024/DMD ഉത്തരവ് പ്രകാരം ഇത്തരം മരണങ്ങൾ സംസ്ഥാന ‘സവിശേഷ ദുരന്തം’ (State Specific Disaster) ആയി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ആയതിന്റെ ആനുകൂല്യമായ നാലു ലക്ഷം രൂപ ഉത്തരവിറങ്ങി 10 മാസം കഴിഞ്ഞിട്ടും ഒരാൾക്കു പോലും കൊടുത്തിട്ടില്ല.
സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള മന്ത്രിസഭാ പ്രഖ്യാപനം സർക്കാരിന്റെ നേട്ടമായി കൊട്ടിഘോഷിച്ചിട്ട് വനംമന്ത്രി ഇപ്പോൾ പറയുന്നു, സംസ്ഥാനത്തിന്റെ വിഹിതമായ 10 ലക്ഷം ആറു ലക്ഷമാക്കി വെട്ടിക്കുറച്ചിട്ടാണ് ഈ നാലുലക്ഷവും കൂട്ടി 10 ലക്ഷമാക്കുന്നതെന്ന്.
2018 മുതൽ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുമായി സർക്കാർ ഒപ്പിട്ടിരിക്കുന്ന ധാരണാപത്ര പ്രകാരം വനത്തിനുള്ളിൽ കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവരും വനാതിർത്തി പങ്കിടുന്നവരും വന്യമൃഗ ആക്രമണത്തിൽ മരിച്ചാൽ ഇൻഷ്വറൻസ് തുകയായ ഒരു ലക്ഷം ഇൻഷ്വറൻസ് കമ്പനി കൊടുക്കണം. ഇതൊന്നും കൊടുക്കാൻ സർക്കാർ സംവിധാനങ്ങൾ തയാറല്ല.
മറ്റു സംസ്ഥാനങ്ങളും കേരളവും
ഉത്തർപ്രദേശിൽ ആറു വർഷക്കാലത്ത് മൂവായിരത്തി അഞ്ഞൂറിലേറെ ആളുകളാണ് പാമ്പുകടിയേറ്റ് മരിച്ചത്. അവരുടെ ആശ്രിതർക്കൊക്കെ നാലുലക്ഷം രൂപ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്നു നഷ്ടപരിഹാരം നൽകുകയും ചെയ്തു. നമ്മുടെ സംസ്ഥാനത്തു മനുഷ്യ-വന്യജീവി സംഘർഷം 2024 മാർച്ചിൽ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും അനുബന്ധമായി പുറത്തിറക്കേണ്ട മാനദണ്ഡങ്ങൾ, മാർഗനിർദേശങ്ങൾ എന്നിവ പുറത്തിറക്കിയിട്ടില്ല.
മഹാരാഷ്ട്ര വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 2022 മുതൽ 25 ലക്ഷമാണ് നഷ്ടപരിഹാരം കൊടുക്കുന്നത്. കഴിഞ്ഞ നവംബറിൽ മധ്യപ്രദേശ് 8.5 ലക്ഷത്തിൽനിന്നു നഷ്ടപരിഹാരം 25 ലക്ഷമാക്കി ഉയർത്തി. ഇവിടെയും സംസ്ഥാന വിഹിതവും കേന്ദ്രവിഹിതവും സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ നാലു ലക്ഷവും ഇൻഷ്വറൻസ് തുകയായ ഒരു ലക്ഷവും ചേർത്ത് 25 ലക്ഷമാണ് ലഭിക്കേണ്ടത്.
ചോരയിൽ കൈയിട്ട് വാരുന്നവർ
2011ലാണ് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ ഫണ്ട് റെസ്പോൺസ് റൂൾ വന്നത്. അതുപ്രകാരം സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്കു വരുന്ന ഫണ്ടിന്റെ 75% കേന്ദ്രവും 25% സംസ്ഥാനവുമാണ് വഹിക്കുന്നത്.
2011-12 മുതൽ 2024-25 സാമ്പത്തികവർഷം വരെ സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് കേന്ദ്രവിഹിതമായി വന്നിട്ടുള്ളത് 2,546.61 കോടി രൂപയാണ്. ഇതുകൂടാതെ വെള്ളപ്പൊക്കം, ഉഷ്ണതരംഗം, ഓഖി അടക്കമുള്ള മറ്റു ദുരന്തങ്ങൾക്ക് പ്രത്യേക പാക്കേജായി 3,165.58 കോടി രൂപയും കൊടുത്തിട്ടുണ്ട്. ഇതിൽ സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് സംസ്ഥാന വിഹിതമായി വന്നിട്ടുള്ളത് ആകെ 848.59 കോടി രൂപയാണ്. 2024 ഡിസംബർ 31ന് ഈ അക്കൗണ്ടിൽ ചിലവഴിക്കാതെ അവശേഷിക്കുന്ന തുക 669.28 കോടി രൂപയാണ്. ഇത് കൂടാതെ 2024ൽ നഷ്ടപരിഹാരം കൊടുക്കുന്നതിനായി കിഫ്ബി 100 കോടി കൊടുത്തു. വീണ്ടും കിഫ്ബി വിഹിതം 110 കോടി കൂടി അനുവദിച്ച് ആകെ 210 കോടിയാക്കി.
വന്യമൃഗ ആക്രമണങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച ശേഷം മുപ്പതോളം മരണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. അവർക്ക് നാലുലക്ഷം വീതം കൊടുക്കാൻ കിഫ്ബിയുടെ ഈ ആദ്യവിഹിതം മാത്രം മതിയായിരുന്നു.
ഒറ്റുകാർക്കു വരെ പണം കൊടുക്കുന്ന വകുപ്പ്
2022-23ൽ പ്രസിദ്ധീകരിച്ച ‘വനം ഭരണ റിപ്പോർട്ട്’ എത്ര പേർ വായിച്ചുനോക്കിയിട്ടുണ്ടെന്നറിയില്ല. വനംവകുപ്പിന് വിവരം ചോർത്തി നൽകിയാൽ പണം ലഭിക്കും. 2022-23 കാലയളവിൽ അങ്ങനെ ഒറ്റുകാർക്ക് നൽകിയത് 1,06,500 രൂപ. ഒറ്റുകാർക്കു പാരിതോഷികം കൊടുക്കുന്ന വനംവകുപ്പിന് കൊല്ലപ്പെട്ടവന്റെ ചോരയുടെ വില കൊടുക്കാനില്ല. സർക്കാർ അവകാശപ്പെടുന്ന സാന്പത്തിക പ്രതിസന്ധിയല്ല കാരണം എന്നതിനു സർക്കാർ നൽകിയിരിക്കുന്ന കണക്കുകൾ തന്നെ സാക്ഷി.