ചൂലൊടിച്ച് താമരപ്പൂക്കളം!
ജോര്‍ജ് കള്ളിവയലില്‍
Sunday, February 9, 2025 12:25 AM IST
കാൽ നൂറ്റാണ്ടിനുശേഷം ഡൽഹിയിൽ ബിജെപി അധികാരം പിടിച്ചതു ദേശീയ രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കും. കൃത്യമായി 27 വർഷത്തിനു ശേഷമാണു കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കു ദേശീയ തലസ്ഥാനത്തു ജയിക്കാനായത്. കേന്ദ്രഭരണത്തിൽ ഹാട്രിക് നേടിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂക്കിനു താഴെ എത്തിപ്പിടിക്കാനാകാതെപോയ ഡൽഹിയിലെ ബിജെപിയുടെ ഉജ്വലവിജയത്തിന് ഇരട്ടിമധുരമാണ്.
മോദിയുടെ പ്രഭാവകാലത്തുപോലും കിട്ടാക്കനിയായിരുന്ന നേട്ടമാണു ഡൽഹിയിൽ ഇത്തവണ സ്വന്തമായത്. ആം ആദ്മി പാർട്ടിയുടെയും കോണ്‍ഗ്രസിന്റെയും വീഴ്ചകൾ ബിജെപിക്കു നേട്ടമായി. രണ്ടു തവണത്തെ ഒറ്റയക്കത്തിൽനിന്നാണു വ്യക്തമായ കേവല ഭൂരിപക്ഷത്തോടെ ബിജെപി അധികാരം പിടിച്ചത്. ശക്തനായ മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലാതിരുന്നിട്ടും ബിജെപിക്കു കൂറ്റൻ വിജയം കൈയിലെത്തി. ശക്തമായ ഭരണവിരുദ്ധ വികാരവും കേജരിവാളിന്റെ പ്രതിച്ഛായ തകർക്കുന്നതിലെ ബിജെപി തന്ത്രവുമാണു മുഖ്യകാരണങ്ങൾ.
• പഞ്ചാബ് കോട്ട കാക്കുമോ?
ഇന്ത്യൻ രാഷ്ട്രീയത്തിലെ പുത്തൻ താരോദയമായ അരവിന്ദ് കേജരിവാളിന്റെയും ആം ആദ്മി പാർട്ടിയുടെയും തകർച്ചയുടെ ആഘാതം പെട്ടെന്നു മാറില്ല. തുടർച്ചയായി മൂന്നു തവണ ഭരണത്തിലെത്തുകയും രണ്ടു തവണ വൻവിജയം നേടുകയും ചെയ്ത ശേഷമുള്ള പതനത്തിനു വേദന കൂടുതലാകും. എഴുപതംഗ നിയമസഭയിൽ 67, പിന്നീട് 62 സീറ്റുകൾ നേടിയ ശേഷമാണ് ഇത്തവണ 40 സീറ്റുകൾ എഎപിക്കു നഷ്ടമായത്. എഎപിയുടെ നട്ടെല്ലായ കേജരിവാളും മനീഷ് സിസോദിയയും തോറ്റു തുന്നംപാടിയതിന്റെ ക്ഷീണം ചെറുതല്ല. ഏതാനും ആഴ്ചകളിലേക്കു മുഖ്യമന്ത്രിയായ അതിഷിയുടെ വിജയമാകും ആശ്വാസം. ഡൽഹിയിൽ എഎപിയുടെ ചൂലിനെ ബിജെപി തൂത്തെറിഞ്ഞു. ചൂലൊടിച്ചാണു താമര വിടർന്നത്. ഒരിടയ്ക്കു പ്രധാനമന്ത്രിപദം വരെ മോഹിച്ച കേജരിവാളിന് ഇനി പഞ്ചാബിലെ ശേഷിച്ച ഏക കോട്ടയും ദേശീയ പാർട്ടി പദവിയും കൈവിടാതെ നോക്കുകയാകും പ്രധാനം.
• കൂന്പൊടിഞ്ഞ് കോണ്‍ഗ്രസ്
ഷീല ദീക്ഷിതിന്റെ നേതൃത്വത്തിൽ 1998 മുതൽ ഡൽഹിയിൽ ഹാട്രിക് ജയവും ഭരണവും നേടിയ കോണ്‍ഗ്രസിനാകട്ടെ വട്ടപ്പൂജ്യത്തിലാണു നാണക്കേടിന്റെ പുതിയ ഹാട്രിക്. കേന്ദ്രഭരണവും മിക്ക സംസ്ഥാനങ്ങളിലെ ഭരണവും കൈവിട്ട കോണ്‍ഗ്രസിന് നിലനില്പിനായി പേരിനൊരാളെ പോലും നിയമസഭയിലെത്തിക്കാനാകാത്ത വൻവീഴ്ച. എങ്കിലും ബിജെപിക്കെതിരേ ഇനിയെങ്കിലും ഒന്നിച്ചില്ലെങ്കിൽ രക്ഷയില്ലെന്ന തോന്നലിൽ നിന്നാകും പ്രതിപക്ഷത്തെ ഇനിയുള്ള രാഷ്ട്രീയനീക്കങ്ങൾ.
ബിജെപിക്കു മുന്പിൽ തകർച്ച ആവർത്തിച്ചതിനേക്കാളേറെ, പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ എഎപിയുടെ മുന്നിലാണു കോണ്‍ഗ്രസ് വീണ്ടും തകർന്നടിഞ്ഞത്. കേരളം, ബംഗാൾ, ഡൽഹി, പഞ്ചാബ് അടക്കം പരസ്പരം കടിച്ചുകീറുന്ന ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ് അപകടത്തിലാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനെതിരേ സഖ്യകക്ഷി നേതാക്കൾ വരെ ഉയർത്തിയ വിമർശനങ്ങളുടെ ആക്കം കൂട്ടാൻ ഡൽഹി ജനവിധി കാരണമാകും.
• പ്രതീക്ഷിച്ച ജനവിധി
ഡൽഹിയിലെ ജനവിധി നിഷ്പക്ഷ നിരീക്ഷകർ പ്രതീക്ഷിച്ചതുപോലെയാണ്. ചേരിനിവാസികളും റിക്ഷ തൊഴിലാളികളും അടക്കമുള്ള പാവപ്പെട്ടവരും സിക്കുകാരും ബിജെപിയെ തോല്പിക്കാൻ ആഗ്രഹിച്ച ന്യൂനപക്ഷങ്ങളും എഎപിക്കു വോട്ട് ചെയ്തു. ഹിന്ദുത്വവാദികളെ ആകർഷിക്കാൻ കേജരിവാൾ നടത്തിയ തുടർച്ചയായ ശ്രമങ്ങളിൽ ആശങ്കയുള്ള ന്യൂനപക്ഷ വോട്ടർമാരിൽ ചിലർ കോണ്‍ഗ്രസിനെ തുണച്ചുവെന്നു വേണം കരുതാൻ.
ഒരു ദശാബ്ദക്കാലം അടക്കിഭരിച്ച ഡൽഹിയിലാണ് അസ്തിത്വത്തിനായി പോരാടേണ്ട ഗതികേടിലേക്ക് എഎപി വീണത്. കോണ്‍ഗ്രസിന്റേത് ഇതിലും വലിയ തകർച്ചയാണെന്ന് ആശ്വസിച്ചതുകൊണ്ടു കാര്യമില്ല. ഇരുപതു ശതമാനം വോട്ടെങ്കിലും നേടാമെന്നു പ്രതീക്ഷിച്ച കോണ്‍ഗ്രസിനാകട്ടെ കഴിഞ്ഞ തവണത്തെ നാണംകെട്ട നാലു ശതമാനം വോട്ട് ഇരട്ടിയാക്കാൻ പോലുമായില്ല. ആം ആ്ദമി പാർട്ടിക്കും കേജരിവാളിനുമെതിരേ ബിജെപി കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കേസുകളും പ്രചാരണങ്ങളുമാണു ഫലം കണ്ടത്.
• ബിജെപി ഒരുക്കിയ കെണി
കേജരിവാളിന്റെയും എഎപി സർക്കാരിന്റെയും പ്രതിച്ഛായയിൽ വിള്ളൽ വീഴ്ത്തുന്നതിൽ ബിജെപി വിജയിച്ചു. ഡൽഹി മദ്യനയ അഴിമതിക്കേസും അതിന്റെ പേരിൽ കേജരിവാളിനെ ജയിലിൽ അടച്ചതും മാത്രമല്ല കാരണം. അഴിമതിക്കെതിരേ പോരാടി അധികാരത്തിലെത്തിയ കേജരിവാളും അഴിമതിക്കാരനാണെന്ന തോന്നൽ വലിയൊരു വിഭാഗം വോട്ടർമാരിൽ സൃഷ്ടിക്കാനായി. കേജരിവാളിനു പുറമെ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് തുടങ്ങിയ നേതാക്കളെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തതു വെറുതെയല്ല.
ഡൽഹി മുഖ്യമന്ത്രിക്കായി പണിത ആഡംബരവസതിയും കേജരിവാളിനു തിരിച്ചടിയായി. ‘ശീഷ്മഹൽ’ എന്നു വിളിച്ച കൊട്ടാരവസതിയും എഎപി ഉയർത്തിയ പാവപ്പെട്ടവനുവേണ്ടിയുള്ള മുഖ്യമന്ത്രിയെന്ന ബിംബവും ചേരാതെയായി. മൊത്തം 7.91 കോടി ചെലവു പ്രതീക്ഷിച്ചു തുടങ്ങിയ മുഖ്യമന്ത്രി വസതിയുടെ നവീകരണത്തിന് 33.66 കോടി രൂപ ചെലവഴിച്ചുവെന്ന സിഎജി റിപ്പോർട്ട് ശവപ്പെട്ടിയിലടിച്ച ആണിയായി.
ഡൽഹിയിലെ ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ മുതൽ ഇഡി, സിബിഐ, സിഎജി, പോലീസ് തുടങ്ങിയവരെല്ലാമുണ്ടായിരുന്നുവെന്ന എഎപി ആരോപണം തീർത്തും നുണയല്ല. കേജരിവാൾ, സിസോദിയ, സഞ്ജയ് സിംഗ് തുടങ്ങിയവരുടെ അറസ്റ്റും റെയ്ഡുകളും മുതൽ നിയമസഭയിൽ വയ്ക്കാതിരുന്നിട്ടും പുറത്തായ സിഎജിയുടെ റിപ്പോർട്ട് വരെയെല്ലാം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നു കരുതുന്നവരെ കുറ്റപ്പെടുത്താനാകില്ല. മാധ്യമങ്ങളിലും ബിജെപിയുടെ പ്രചാരണത്തിലും കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലുകൾ പരസ്യമാക്കിയാണ് എഎപി സർക്കാരിനെ പ്രതിരോധത്തിലാക്കിയത്.
• വികസനവും സൗജന്യങ്ങളും
മൊഹല്ല ക്ലിനിക്കുകൾ, സർക്കാർ സ്കൂളുകളുടെ നവീകരണം തുടങ്ങി ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നടത്തിയ വൻ പരിഷ്കാരങ്ങളും മുതൽമുടക്കും പാവപ്പട്ടവർക്കു നൽകിയ വൈദ്യുതി, കുടിവെള്ള സൗജന്യങ്ങളും സ്ത്രീകൾക്കു ബസ് യാത്ര സൗജന്യമാക്കിയതും മറ്റുമായിരുന്നു എഎപി സർക്കാരിനെ തുടർച്ചയായി അധികാരത്തിലേറ്റാൻ കാരണം. എന്നാൽ, കഴിഞ്ഞ എഎപി സർക്കാരിന്റെ കാലത്തു വിപ്ലകരമായ പുതിയ പരിഷ്കാരങ്ങളോ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളോ സൗജന്യങ്ങളോ നൽകാനായില്ല.
ബിജെപിയിൽനിന്നു ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണം പിടിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും ഡൽഹിയിലെ മാലിന്യ, കുടിവെള്ള, ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിലും എഎപി പരാജയപ്പെട്ടു. ഡൽഹിയിലെ മാലിന്യക്കൂന്പാരങ്ങളും കുടിവെള്ള പ്രശ്നവും തകർന്ന ഉൾ റോഡുകളും ബിജെപി പ്രചാരണ ആയുധമാക്കി.
സംസ്ഥാന സർക്കാരിനെ ഭരിക്കാൻപോലും അനുവദിക്കാത്ത രീതിയിലുള്ള കേന്ദ്ര നടപടികൾ കൂടിയായപ്പോൾ എഎപിയുടെ കഥ കഴിഞ്ഞു. എന്തിനും ഏതിനും ലഫ്. ഗവർണറെയും കേന്ദ്രസർക്കാരിനെയും പഴിചാരി രക്ഷപ്പെടാമെന്ന കേജരിവാളിന്റെ മോഹം ഫലിച്ചില്ല. പ്രകടമായിരുന്ന ഭരണവിരുദ്ധ വികാരം അതേപടി മനസിലാക്കാൻ കേജരിവാളിനും കൂട്ടർക്കും കഴിഞ്ഞില്ല. ഏറ്റവുമൊടുവിൽ 12 ലക്ഷം രൂപ വരെ വരുമാനമുള്ള മധ്യവർഗക്കാർക്കു പൂർണ നികുതിയിളവു പ്രഖ്യാപിച്ചതും എഎപിയെ വെല്ലുന്ന സൗജന്യ വാഗ്ദാനങ്ങളും വോട്ടർമാരെ സ്വാധീനിച്ചു.
• സഖ്യം തകർത്തതും വിനയായി
കോണ്‍ഗ്രസുമായി സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്കു മത്സരിക്കാനുള്ള കേജരിവാളിന്റെ തീരുമാനവും ഫലത്തിൽ സാഹസമായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. ലോക്സഭയിൽനിന്നു തികച്ചും വ്യത്യസ്തമായി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരാണ് ഡൽഹിക്കാർ.
എഎപിയും കോണ്‍ഗ്രസും സീറ്റു പങ്കുവയ്ക്കൽ ചർച്ച നടക്കുന്നതിനിടെയായിരുന്നു ഒറ്റയ്ക്കു മത്സരിക്കുമെന്ന കേജരിവാളിന്റെ ഏകപക്ഷീയ പ്രഖ്യാപനം. അത് അദ്ദേഹത്തിനുതന്നെ വിനയായി. എത്ര നല്ലവനായാലും അഹന്ത ജനം പൊറുപ്പിക്കില്ല. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകളാണ് മുന്‍പ് എഎപിയിലേക്ക് കൂട്ടത്തോടെ മാറിയത്. അതു തിരിച്ചുപിടിക്കേണ്ടതു കോണ്‍ഗ്രസിന്റെ നിലനില്പിന് അനിവാര്യമായിരുന്നു. അതിനാൽ എഎപിക്കെതിരേ അതിരൂക്ഷ പ്രചാരണമാണു കോണ്‍ഗ്രസ് നടത്തിയത്. അതിന്റെ ഗുണം ബിജെപിക്കായി.
കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയിരുന്നെങ്കിൽ 15 മുതൽ 20 സീറ്റുകളിൽ വരെ ബിജെപിയെ തോല്പിക്കാൻ കഴിയുമായിരുന്നു. എഎപിയും കോണ്‍ഗ്രസും ചേർന്നുള്ള വോട്ടുശതമാനത്തിൽ താഴെയാണു ബിജെപിയുടേത്. ചെറിയ സഖ്യകക്ഷികളെ ഒതുക്കാൻ നോക്കുന്ന പ്രബല പാർട്ടികൾക്കെല്ലാം ഇതു പാഠമാകും.
സഖ്യം ഉണ്ടായിരുന്നെങ്കിൽ കേജരിവാളിന്റെ തോൽവിപോലും ഒഴിവാകുമായിരുന്നു. എഎപിയുടെ സൂപ്പർ നേതാവായ കേജരിവാളെന്ന ഗോലിയാത്തിനെ ബിജെപിയുടെ 47കാരനായ പർവേഷ് വർമയെന്ന ദാവീദ് വീഴ്ത്തിയ വ്യത്യാസത്തേക്കാൾ കൂടുതൽ വോട്ടുകളാണ് കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിനു കിട്ടിയത്. സന്ദീപിനു 4568 വോട്ട് കിട്ടിയപ്പോൾ കേജരിവാൾ തോറ്റതു 4089 വോട്ടുകൾക്കാണ്. രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ലെങ്കിലും ചില സമവാക്യങ്ങൾ വലിയ മാറ്റങ്ങൾ വരുത്തുമെന്നതിലും ഉദാഹരണങ്ങളേറെ.
• ഡൽഹിയുടെ ചരിത്രപാഠങ്ങൾ
ആദ്യമായി 1952ൽ നിലവിൽ വന്ന ഡൽഹി നിയമസഭയിൽ ബ്രഹ്മപ്രകാശ് ആയിരുന്നു പ്രഥമ മുഖ്യമന്ത്രി. 1996ൽ പ്രത്യേക നിയമത്തിലൂടെ ലഫ്. ഗവർണറുടെ കീഴിൽ ഡൽഹിയിൽ മെട്രോപോളിറ്റൻ കൗണ്‍സിലായി മാറ്റി. 1990 വരെ ഇതു തുടർന്നു. 1991ലെ പ്രത്യേക നിയമത്തിലൂടെയാണു ഡൽഹിയിൽ വീണ്ടും നിയമസഭ നിലവിൽ വന്നത്. അപ്പോഴും പൂർണ സംസ്ഥാനമായില്ല. രാജ്യതലസ്ഥാനമായതിനാൽ ഡൽഹിയിലെ പോലീസിന്റെ അധികാരം കേന്ദ്രസർക്കാരിന്റെ പൂർണനിയന്ത്രണത്തിലാക്കി. ലഫ്. ഗവർണർ, പോലീസ്, ഐഎഎസുകാർ തുടങ്ങിയവരെ ഉപയോഗിച്ചു ഡൽഹി സർക്കാരിനെ കേന്ദ്രം വരിഞ്ഞുമുറുക്കി.
1993ലാണ് ഡൽഹിയിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. മദൻലാൽ ഖുറാന മുഖ്യമന്ത്രിയായി. അന്ന് 70ൽ 49 സീറ്റുകളുടെ മികച്ച ഭൂരിപക്ഷമാണു ബിജെപിക്കു കിട്ടിയത്. പ്രതിപക്ഷത്തായ കോണ്‍ഗ്രസിനേക്കാൾ ബിജെപിയിലെ അധികാര വടംവലികളാണു ഭരണത്തിനു തലവേദനയായത്. തർക്കത്തിനൊടുവിൽ ഖുറാനയെ മാറ്റി. പകരം, സാഹിബ് സിംഗ് വർമ മുഖ്യമന്ത്രിയായി. പക്ഷേ ബിജെപിയിലെ നേതൃതർക്കം കൂടിയതേയുള്ളൂ. ഒടുവിൽ 1998ൽ നിയമസഭാംഗം പോലുമല്ലാതിരുന്ന സുഷമ സ്വരാജിനെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി ബിജെപി മുഖ്യമന്ത്രിയാക്കി. കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചെത്തിയ സുഷമയ്ക്കു വെറും 52 ദിവസമേ കിട്ടിയുള്ളൂ.
1998ലെ തെരഞ്ഞെടുപ്പിൽ ഷീല ദീക്ഷിതിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ഡൽഹി ഭരണം പിടിച്ചു. 2003ലും 2008ലും തുടർച്ചയായി ഷീലയും കോണ്‍ഗ്രസും അധികാരം നിലനിർത്തി. ഹാട്രിക് ജയവും ഭരണവും കിട്ടിയതോടെ കോണ്‍ഗ്രസിൽ പടലപിണക്കം സജീവമായി. അജയ് മാക്കന്റെ നേതൃത്വത്തിലുള്ള വിഭാഗം ഏതാണ്ടു പരസ്യമായി ഷീല ദീക്ഷിതിനെതിരേ നിലകൊണ്ടു. കേരളത്തിൽ മുന്‍പ് കരുണാകരനും ആന്റണിയും നടത്തിയ ഗ്രൂപ്പുപോരിൽ നിന്നു ഡൽഹിയിലും വലിയ വ്യത്യാസമില്ലായിരുന്നു.
2004ലും തുടർന്ന് 2009ലും ഡോ. മൻമോഹൻ സിംഗിന്റെ യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തുടർച്ച നേടിയതോടെ ബിജെപിയും സംഘപരിവാർ ഗ്രൂപ്പുകളും സജീവമായി. കേന്ദ്രത്തിലെയും ഡൽഹിയിലെയും കോണ്‍ഗ്രസ് സർക്കാരിനെതിരേ അഴിമതി ആരോപണങ്ങളും അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ലോക്പാൽ നിയമത്തിനുവേണ്ടിയുളള അഴിമതിവിരുദ്ധ സമരവും കൊടുങ്കാറ്റായി. കോമണ്‍വെൽത്ത് ഗെയിംസ് അഴിമതി ആരോപണം ഡൽഹിയിലെ ഷീല സർക്കാരിനെയും ബാധിച്ചു.