ആരാവും നേതാവ്?
അനന്തപുരി / ദ്വിജൻ
Sunday, February 9, 2025 12:21 AM IST
രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സന്പൂർണ ബജറ്റും അവതരിപ്പിക്കപ്പെട്ടു. ക്ഷേമപെൻഷനിലെ വർധനയടക്കം 2021ൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളിൽ പലതും നടപ്പാക്കുന്നതു സംബന്ധിച്ച് പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനങ്ങൾ ഇല്ലാതെയാണ് ധനമന്ത്രി ബാലഗോപാൽ ബജറ്റ് പ്രസംഗം പൂർത്തിയാക്കിയത്. ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്കു മറുപടി പറയുന്പോൾ പുതിയ പ്രഖ്യാപനങ്ങൾ നടത്തിക്കൂടെന്നില്ല.
സർക്കാരിനുവേണ്ടി മറുപടി പറയുന്പോൾ വേണമെങ്കിൽ മുഖ്യമന്ത്രിക്കും പുതിയ ശന്പള കമ്മീഷൻ അടക്കമുള്ള പ്രഖ്യാപനങ്ങൾ നടത്താം. ഏതായാലും ജനങ്ങളുടെ കൈയടി വളരെ പെട്ടെന്ന് കിട്ടുന്ന പ്രഖ്യാപനങ്ങൾ ഇല്ലാതെയാണ് ധനമന്ത്രി പ്രസംഗം വായിച്ചുതീർത്തത്.
തെരഞ്ഞെടുപ്പു ബജറ്റ് എന്ന് ആർക്കും പറയാനാവാത്ത ഒന്ന്. എന്നാൽ നേരത്തേ പ്രചരിപ്പിക്കപ്പെട്ടതുപോലെ കിഫ്ബി പദ്ധതികൾക്ക് ടോൾ ചുമത്തുന്ന കാര്യവും പ്രഖ്യാപിച്ചില്ല. പക്ഷേ പദ്ധതികളിലൂടെ വരുമാനം ഉണ്ടാക്കും എന്ന് സൂചന നല്‍കിയിട്ടുണ്ട്. പത്തു വർഷമായി അധികാരത്തിനു പുറത്തു നിൽക്കുന്ന ജനാധിപത്യമുന്നണിയും പത്തു വർഷമായി കേരളം ഭരിക്കുന്ന ഇടതുമുന്നണിയും അധികാരം പിടിക്കാനും നിലനിർത്താനും വേണ്ടിയുള്ള നീക്കങ്ങൾ ജാഗ്രതയോടെ ആരംഭിച്ചിട്ടുണ്ട്.
ആരാവും ഓരോ മുന്നണിയെയും നയിക്കുന്നത് എന്നത് ഇപ്പോൾ അണിയറക്കളികളിലെ വലിയ വിഷയം തന്നെയാണ്. പ്രായപരിധിയുടെ പേരിൽ പിണറായിക്ക് ഇടതുമുന്നണിയുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറേണ്ടി വന്നാൽ പകരക്കാരനെ കണ്ടുപിടിക്കുക അവർക്ക് അത്ര എളുപ്പമല്ല. സ്വാഭാവിക പിൻഗാമിയായി വരുമായിരുന്ന കോടിയേരി അന്തരിച്ചു. അടുത്ത അവകാശിയാകുമായിരുന്ന ഇ.പി. ജയരാജനെ സമർഥമായി ഒതുക്കി. എം.വി. ഗോവിന്ദൻ അത്ര ജനകീയനല്ല. ശൈലജ ടീച്ചർ അടക്കമുള്ള പലരും പരിഗണിക്കപ്പെടാം. ഇങ്ങനെ പോകുന്നു അവിടത്തെ വിഷയങ്ങൾ.
ബിജെപി മുന്നണിയെ മുന്നണിയാക്കുന്ന ബിഡിജെഎസ് അവിടെ തുടരുമോ എന്നുപോലും സംശയത്തിലാണ്. അതുകൊണ്ട് അവർക്ക് ക്യാപ്റ്റനല്ല വിഷയം മുന്നണിയാണ്. ജനാധിപത്യമുന്നണിയിൽ ക്യാപ്റ്റൻ സ്ഥാനമോഹികൾ പലരുണ്ട്. അതുതന്നെയാണ് അവരുടെ ദുര്യോഗവും. കോണ്‍ഗ്രസിലെ സ്ഥാനമോഹികൾ തെരഞ്ഞെടുപ്പിനു ശേഷം തങ്ങളുടെ പദവി ഉറപ്പിക്കാനായി തെരഞ്ഞെടുപ്പുകാലത്തുതന്നെ കളിച്ചുകൂടെന്നില്ല. അതുണ്ടായാൽ ഇടതുമുന്നണിക്ക് മൂന്നാമൂഴം ഉറപ്പാവും.
പതിവിൽനിന്നു വ്യത്യസ്തമായി സമുദായ നേതാക്കൾ അടുത്ത മുഖ്യമന്ത്രി ആരാകണം എന്നതു സംബന്ധിച്ച തങ്ങളുടെ നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വെള്ളാപ്പള്ളി നടേശൻ കോണ്‍ഗ്രസിലെ ക്യാപ്റ്റനും സിപിഎമ്മിലെ ക്യാപ്റ്റനും ആരാവണം എന്ന് ഇക്കുറി പരസ്യമായി പറയുന്നുണ്ട്. സാധാരണ സിപിഎമ്മിൽ ആരു ക്യാപ്റ്റനാവണമെന്ന് സമുദായ നേതാക്കൾ പറയുന്ന പാരന്പര്യമില്ല എന്നതുകൊണ്ട് വെള്ളാപ്പള്ളി പിണറായിക്കുവേണ്ടി ബാറ്റിംഗിന് ഇറങ്ങിയതിന്റെ ഉദ്ദേശ്യം സംശയിക്കണം.
തലസ്ഥാനത്തെ ടാഗോർ തിയറ്ററിൽ ബഹറിൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ വ്യവസായി രവി പിള്ളയെ ആദരിക്കുന്നതിനു നടന്ന സർവകക്ഷി യോഗമായ രവി പ്രഭാ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി പറഞ്ഞതാണ് സത്യം. ബിജെപി നേതാക്കളായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ചടങ്ങിലുണ്ടായിരുന്നു.
സ്വാഗതപ്രസംഗം നടത്തിയ ജി. രാജ്മോഹൻ, രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രി എന്നു വിശേഷിപ്പിച്ചു. അതിനോടു പ്രതികരിച്ച് മുഖ്യമന്ത്രി പറഞ്ഞു: “സ്വാഗതപ്രസംഗകൻ രാഷ്ട്രീയം പറയില്ലെന്ന് പറഞ്ഞു. എന്നിട്ട് കോണ്‍ഗ്രസിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന പ്രസ്താവന നടത്തി. അതും കോണ്‍ഗ്രസിൽ വലിയ ബോംബായി മാറുന്ന ഒരു ആശംസ. ചെന്നിത്തലയോട് ഈ ചതി വേണ്ടിയിരുന്നില്ല”. മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ട് എല്ലാവരും ചിരിച്ചു. പക്ഷേ അതിൽ വലിയ സത്യമുണ്ട്.
മുഖ്യമന്ത്രിയുടെ പരിഹാസത്തിന്റെ മുന പ്രതിപക്ഷനേതാവിനെ വല്ലാതെ അസ്വസ്ഥനാക്കിയെന്നു തോന്നുന്നു. പിറ്റേന്ന് അദ്ദേഹം തിരിച്ചടിച്ചു. 2006ലും 2011ലും അച്യുതാനന്ദനെതിരേ നടന്ന കളിയുടെ കഥകളൊന്നും എന്നക്കൊണ്ട് പറയിക്കരുത്. കോണ്‍ഗ്രസിൽ മുഖ്യമന്ത്രിസ്ഥാനാർഥികൾ ഇല്ലെന്നുവരെ അദ്ദേഹം പറഞ്ഞു. ഈ ആശയക്കുഴപ്പത്തിനിടെ അവിടെ ഘടകക്ഷികളിൽനിന്നു ക്യാപ്റ്റൻ വരുമോ എന്ന ചോദ്യം പ്രസക്തമാകുന്നു.
മുന്നണിഭരണത്തിൽ വലിയ കക്ഷിയുടെ പ്രതിനിധി തന്നെ ക്യാപ്റ്റനാകണം എന്നില്ല. 1960ൽ കോണ്‍ഗ്രസ് മുന്നണിയുടെ ക്യാപ്റ്റൻ പിഎസ്പിക്കാരനായ പട്ടം താണുപിള്ളയായിരുന്നു. 1977ൽ കോണ്‍ഗ്രസ് മുന്നണിയുടെ ക്യാപ്റ്റൻ സിപിഐയുടെ സി. അച്യുതമേനോനായിരുന്നു.
ഇപ്പോഴത്തെ ജനാധിപത്യമുന്നണിയുടെ ആദ്യത്തെ മുഖ്യമന്ത്രി ലീഗ് നേതാവ് സാക്ഷാൽ സി.എച്ച്. മുഹമ്മദ് കോയ ആയിരുന്നു. അതുകൊണ്ട് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കുറി ജനാധിപത്യ മുന്നണിയെ നയിച്ചാൽ തെറ്റൊന്നുമില്ല. എന്നാൽ, 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ലീഗ് അഞ്ചാം മന്ത്രിയെ ചോദിച്ചതുപോലൊരു പ്രത്യാഘാതം അതിനുണ്ടാവാം.
നിയമസഭയിലെ അംഗബലം അനുസരിച്ച് ലീഗിന് അവകാശപ്പെട്ടതായിരുന്നു അഞ്ചാം മന്ത്രി. പക്ഷേ ലീഗിന്റെ ആവശ്യം വിവാദമാക്കിയപ്പോൾ ആ ആവശ്യത്തിന് വല്ലാത്ത വർഗീയനിറം വന്നു. ഇക്കാലത്ത് അത്തരം ഒരു പ്രചാരണം വരുന്നതുതന്നെ യുഡിഎഫിന് ദോഷമാകും. 2021ൽ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവച്ച് കേരളത്തിൽ മത്സരിക്കാൻ വന്നത് ജനാധിപത്യമുന്നണിയുടെ പതനത്തിന് വഴിവച്ച കാരണങ്ങളിൽ ഒന്നായിരുന്നു.
ഇടതുമുന്നണിയും പിണറായിയുംതന്നെ
2026ലും ഇടതുമുന്നണിതന്നെ അധികാരത്തിൽ വരുമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രവചനം. അതിനു കാരണം എൻഡിഎ ശക്തി നേടുന്നതും അതിലൂടെ കോണ്‍ഗ്രസ് ദുർബലമാകുന്നതുമാണ്. സിപിഎമ്മിൽ പിണറായിക്കു പകരം ആരുമില്ലെന്ന് നടേശൻ പറയുന്നു. അദ്ദേഹത്തെ മാറ്റാൻ നോക്കിയാൽ വിനാശമാവും ഫലം. നടേശൻ മുന്നറിയിപ്പു കൊടുത്തു.
കോടിയേരിയെപ്പോലെയുള്ള നേതാക്കളെ സിപിഎം വളർത്തുന്നില്ല എന്ന ആക്ഷേപവും നടേശനുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പ്രവർത്തനം സർക്കാരിന് ദോഷമുണ്ടാക്കുന്നു എന്ന മുന്നറിയിപ്പും അദ്ദേഹം നല്കി. തന്റെ നീരിക്ഷണങ്ങളെ നല്ല ഉദ്ദേശ്യത്തോടെ കാണണം എന്നും അഭ്യർഥിച്ചു.
പ്രായപരിധി തുടരുമെന്ന് കാരാട്ട്
സിപിഎമ്മിലെ പദവികൾ വഹിക്കുന്നവർക്ക് കണ്ണൂർ കോണ്‍ഗ്രസിലെ തീരുമാനം അനുസരിച്ചുള്ള പ്രായപരിധി ഉണ്ടാവുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ട് പറഞ്ഞു. കഴിഞ്ഞ തവണ പിണറായി വിജയന് ഒഴിവു കൊടുത്തത് അദ്ദേഹം മുഖ്യമന്ത്രിയായതുകൊണ്ടായിരുന്നു. അതിനർഥം ഇക്കുറിയും പിണറായിക്ക് ഒഴിവു കിട്ടുമെന്നാണോ? 2025 ഏപ്രിൽ രണ്ടു മുതൽ ആറുവരെ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോണ്‍ഗ്രസാകും തീരുമാനിക്കുക. സമ്മേളനത്തിനായി അംഗീകരിച്ച രാഷ്ട്രീയപ്രമേയം 23-ാം കോണ്‍ഗ്രസിന്റേതുതന്നെയാണ്. കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ പാർട്ടികളുമായി സഹകരിക്കും.
കോണ്‍ഗ്രസുമായി സഖ്യമില്ല, നീക്കുപോക്കുകൾ നടത്തും. മതേതര ശക്തികളുടെ ഐക്യമാണ് പാർട്ടിയുടെ നയം. രാഷ്ട്രിയ പ്രമേയത്തിന് മാർച്ച് അഞ്ചുവരെ ഭേദഗതികൾ നിർദേശിക്കാം. കേരളത്തിൽ വിവിധ സമുദായങ്ങളിലേക്ക് ബിജെപി കയറുന്നത് പ്രതിരോധിക്കാൻ പാർട്ടിക്കായില്ലെന്ന് ലോക്സഭാ ഫലം വ്യക്തമാക്കുന്നുവെന്നും രാഷ്ട്രീയപ്രമേയം പറയുന്നു.
കായികമേഖലയിലെ കളിക്കാർ
കായികരംഗത്ത് കളിക്കാരേക്കാൾ വലിയവർ കളിപ്പിക്കുന്നവരാകുന്നതിന്റെ സാക്ഷ്യമാണ് ഡെറാഡൂണ്‍ ദേശീയ ഗെയിംസിൽ കണ്ടത്. അവിടെ കേരളത്തിന്റെ ജഴ്സിപോലും ഇല്ലാതെ കളിച്ച കേരളത്തിലെ വോളി ടീമുകൾ സ്വർണവും വെള്ളിയും നേടി. കേരള വനിതകൾ 3-2ന് തമിഴ്നാടിനെ തോല്പിച്ച് സ്വർണം നേടിയപ്പോൾ പുരുഷന്മാർ ഫൈനലിൽ സർവീസസിനോട് 3-1ന് തോറ്റ് വെള്ളി നേടി. സ്പോർട്സ് കൗണ്‍സിലും ഒളിന്പിക് അസോസിയേഷനും തമ്മിലുള്ള തർക്കം മൂലമാണ് കളിക്കാർക്ക് ഈ ദുർഗതി ഉണ്ടാവുന്നത്. ഈ വഴക്കുമൂലം കഴിഞ്ഞ വർഷം ഗോവയിൽ നടന്ന ഗെയിംസിൽ പങ്കെടുക്കാനായില്ല. ഇക്കുറി ഹൈക്കോടതിവിധി മൂലമാണ് കേരള ടീമുകൾക്ക് പങ്കെടുക്കാനായത്.
1977ലെ കൽക്കട്ട നാഷണലിൽ ഇങ്ങനെ രണ്ടു കേരളാ വോളി ടീമുകൾ എത്തുന്ന നില ഉണ്ടായിരുന്നു. രണ്ടു സംഘടനകൾ തമ്മിലുള്ള വഴക്കായിരുന്നു വിഷയം. ജിമ്മി ജോർജ്, ജോസ് ജോർജ്, ഗോപിനാഥ് തുടങ്ങിയ അന്തർദേശീയ താരങ്ങൾ സംഘടനയിലെ വഴക്കു മൂലം വല്ലാതെ ക്ലേശിച്ചു. കളി സംഘടിപ്പിക്കാൻ വരുന്നവർ കളിക്കാരെ ‘പിഡിപ്പിക്കു’ന്നത് കേരളത്തിന് അന്തഃസുകേടാണ്.
കായികതാരങ്ങളെയും കൊടിയുടെ നിറം നോക്കി പരിഗണിക്കുന്നത് കഷ്ടമാണ്. കായികതാരങ്ങളുടെ സർക്കാർ നിയമനത്തിൽ നടക്കുന്ന സ്വജന പക്ഷപാതംമൂലം പോലീസിലെ സ്പോർട്സ് ചുമതലയുള്ള എഡിജിപിക്ക്, അതും പിണറായിയുടെ സ്വന്തം അജിത്കുമാറിന് ആ പദവി ഒഴിയേണ്ടിവന്നു. അദ്ദേഹത്തിനുപോലും സാധിക്കുന്നില്ല ചിലരുടെ വഴിതെറ്റിയുള്ള കായികസ്നേഹം.