സന്തോഷിപ്പിക്കാൻ പറഞ്ഞു; കണക്കിൽ കണ്ടില്ല
റ്റി.സി. മാത്യു
Saturday, February 8, 2025 3:07 AM IST
""ഒരു സന്തോഷവാർത്ത ഉണ്ട്. സംസ്ഥാനം നേരിടുന്ന രൂക്ഷമായ ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നു’’ എന്നു പറഞ്ഞുകൊണ്ടാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ ബജറ്റ് പ്രസംഗം ആരംഭിച്ചത്. തീർച്ചയായും, ആശ്വാസകരമായ ഒരറിയിപ്പ്. എന്നാൽ, അതു വച്ചുകൊണ്ട് ക്ഷേമപെൻഷൻ വർധനയും ശമ്പള പരിഷ്കാരവും കുടിശികകളും വലിയ വികസനവുമൊക്കെ പ്രതീക്ഷിച്ചവർക്കു തെറ്റി. അവയൊന്നും ഇല്ല.
കാര്യങ്ങൾക്കൊന്നും മാറ്റമില്ല എന്നതു തന്നെ സത്യം. പിന്നെ മന്ത്രി പറഞ്ഞത്? എല്ലാവർക്കും അൽപം ആശ്വാസവും സന്തോഷവും തോന്നട്ടെ എന്നു മന്ത്രി കരുതി. അത്രമാത്രം. കമ്മി കുറഞ്ഞിട്ടില്ല, കടം കുറഞ്ഞിട്ടില്ല, മൂലധന നിക്ഷേപം വർധിച്ചിട്ടില്ല.
വരുമാനവളർച്ച കുറഞ്ഞു
കഴിഞ്ഞ വർഷം ബജറ്റ് അവതരിപ്പിച്ചപ്പോൾ ബാലഗോപാൽ കണക്കാക്കിയ വരുമാന വളർച്ച ഒരു കാര്യത്തിലും ഉണ്ടായില്ല. റവന്യു വരുമാനം 11.38 ശതമാനം വർധിച്ച് 1,38,655 കോടി രൂപ ലഭിക്കുമെന്നു പ്രതീക്ഷിച്ചു. കിട്ടുന്നത് 1,32,930 കോടി രൂപ. വർധന കേവലം 6.78 ശതമാനം. സംസ്ഥാനത്തിന്റെ തനതു നികുതി 14.2 ശതമാനം കൂടി 84,883 കോടി ആകുമെന്നു കരുതി. കിട്ടുന്നത് 81,627 കോടി രൂപ. വർധന 9.82 ശതമാനം. ജിഎസ്ടി 35,875 കോടി പ്രതീക്ഷിച്ചിടത്ത് 33,582 കോടി മാത്രം.
കുറ്റം പറയരുതല്ല,ോ കേന്ദ്രത്തിൽനിന്നുള്ള നികുതിവിഹിതം പ്രതീക്ഷയിലും കൂടുതൽ കിട്ടി. 23,882 കോടി കരുതിയിടത്ത് 25,550 കോടി ലഭിക്കും. 17.5 ശതമാനം വർധന. എന്നാൽ, കേന്ദ്രത്തിൽനിന്ന് 11,533 കോടി രൂപ ഗ്രാന്റായി പ്രതീക്ഷിച്ചിടത്ത് ലഭിക്കുന്നത് വെറും 7847 കോടി രൂപ.
ജിഎസ്ഡിപി വളർച്ചയിൽ തളർച്ച
ബജറ്റിൽ പ്രതീക്ഷിച്ചത്ര വരുമാനം കിട്ടാത്തതിനു മുഖ്യകാരണം സംസ്ഥാനത്തു വളർച്ച കുറഞ്ഞതാണ്. സംസ്ഥാന ജിഡിപി (ജിഎസ്ഡിപി) 13,11,437 കോടി ആകുമെന്നു കരുതിയത് 12,75,412 കോടി മാത്രമായി. 14.43 ശതമാനം വളർച്ച പ്രതീക്ഷിച്ചിടത്ത് 11.28 ശതമാനം മാത്രം. രാജ്യത്തു മൊത്തം വളർച്ചനിരക്ക് കുറഞ്ഞതിന്റെ ഭാഗമാണിത് എന്നുപറഞ്ഞു ധനമന്ത്രി കൈ കഴുകിയേക്കും.
ബജറ്റിൽ നടത്തിയ ആത്മപ്രശംസകൾ അപ്രസക്തമാണെന്നു പറയാതെ പറയുന്നതാണ് വളർച്ചയിലെ തളർച്ച. അടുത്ത ധനകാര്യവർഷത്തേക്ക് 11.9 ശതമാനം വളർച്ചയേ കണക്കാക്കിയിട്ടുള്ളു. തുക 14,27,145 കോടി. കുറേക്കൂടി യാഥാർഥ്യബോധം അക്കാര്യത്തിൽ പ്രകടിപ്പിച്ചു.
കടം കയറുന്ന വഴി
കടപ്പത്രം ഇറക്കി സമാഹരിക്കുന്ന 34,507 കോടി രൂപ അടക്കം മൊത്തം 45,038.52 കോടി രൂപയാണ് അടുത്ത വർഷം ധനകമ്മി. അടുത്ത വർഷം മാർച്ച് 31 ആകുമ്പോൾ സംസ്ഥാനത്തിന്റെ കടം 4,81,997.62 കോടി ആയി ഉയരും. അതു സംസ്ഥാന ജിഡിപിയുടെ 33.77 ശതമാനം ആയിരിക്കും. ഈ മാർച്ച് 31ന് കടത്തിന്റെ അനുപാതം 34.22 ശതമാനമാണ്. തുക 4,36,387 കോടി രൂപ.
റവന്യു കമ്മി കൂടുമെന്നാണു കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷിച്ചത്. പുതുക്കിയ എസ്റ്റിമേറ്റ് കാണിക്കുന്നത് ആ പ്രതീക്ഷയേയും മറികടന്നു എന്നാണ്. 27,846 കോടി രൂപ കണക്കാക്കിയത് 29,196 കോടിയായി. ജിഡിപിയുടെ 2.12 ശതമാനം പ്രതീക്ഷിച്ചത് 2.29 ശതമാനമായി. അടുത്ത വർഷം റവന്യു കമ്മി 27,124.52 കാേടി രൂപയിൽ (1.9 ശതമാനം) ഒതുങ്ങും എന്നു മന്ത്രി പ്രതീക്ഷിക്കുന്നു.
ശമ്പളം, പെൻഷൻ, പലിശ
അടുത്ത വർഷം പ്രതീക്ഷിക്കുന്ന ശമ്പളച്ചെലവ് 44,114.35 കോടി രൂപയാണ്. റവന്യു ചെലവിന്റെ 24.58 ശതമാനവും റവന്യു വരവിന്റെ 28.06 ശതമാനവുമാണിത്. പെൻഷൻ ചെലവ് 29,959.83 കോടി രൂപ വരും. റവന്യു ചെലവിന്റെ 17.73 ശതമാനം. പലിശ നൽകാൻ 31,823.72 കോടി രൂപ വേണം. ഈ മൂന്നു ചെലവുകളും ചേരുമ്പോൾ റവന്യു ചെലവിന്റെ 58.73ഉം റവന്യു വരുമാനത്തിന്റെ 69.18ഉം ശതമാനം വരും. 2023-24ൽ ഈ മൂന്നും കൂടി ചെലവിന്റെ 63.92ഉം വരവിന്റെ 73.24ഉം ശതമാനം എത്തിയിരുന്നതാണ്. അവിടെനിന്നു ഗണ്യമായി താഴ്ത്താൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇനിയൊരു ശമ്പളപരിഷ്കരണം നടന്നാൽ വീണ്ടും അവസ്ഥ മോശമാകും.
കാതലായ പ്രശ്നങ്ങൾക്ക് എന്തു പരിഹാരം?
കേരളത്തിൽ ജനനം തീരെ കുറവാകുന്നത്, വൃദ്ധജനസംഖ്യയുടെ വലിയ വളർച്ച, യുവാക്കൾ നാടുവിടുന്നത്, വർധിക്കുന്ന നഗരവത്കരണം തുടങ്ങിയ മൗലികപ്രശ്നങ്ങൾ മന്ത്രി എടുത്തുപറഞ്ഞിട്ടുണ്ട്. 2024ൽ കേരളത്തിൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 3.48 ലക്ഷം മാത്രമാണ്. മൂന്നു ദശകം മുൻപ് വർഷം ആറു ലക്ഷം കുട്ടികൾ ജനിച്ചിരുന്ന സ്ഥാനത്താണിത്. മന്ത്രി പ്രശ്നം ചൂണ്ടിക്കാട്ടി. പക്ഷേ, പരിഹാരമൊന്നും പറഞ്ഞില്ല.
വിദേശത്തേക്കുള്ള കുടിയേറ്റം അനഭിലഷണീയമാണെന്നു ബാലഗോപാൽ ചൂണ്ടിക്കാട്ടി. പ്രവാസി ടൂറിസം പ്രോത്സാഹനത്തിനപ്പുറം അവിടെയും നൂതന ആശയങ്ങളൊന്നും ബജറ്റിൽ ഇല്ല.
നഗര ജനസംഖ്യ 2001ൽ 25.96 ശതമാനമായിരുന്നു. 2011ൽ ഇത് 47.72 ശതമാനമായി. 2031 ൽ ഇത് 70 ശതമാനമാകാം. നഗരാസൂത്രണത്തിന് അർബൻ കമ്മീഷനെ നിയമിച്ചതിൽ ഒരുങ്ങുന്നു തുടർ നടപടി. വൃദ്ധസമൂഹത്തിനു ചെറിയ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷേ അവയും മുൻകാല പ്രഖ്യാപനങ്ങൾ പോലെ ആകുമോ?
അവതരണത്തിലെ സൂത്രങ്ങൾ
പല വർഷങ്ങളിലായി ചെലവാക്കിയതും ഭാവിയിൽ ചെലവാക്കുന്നതുമായ തുകകൾ ചേർത്തു ബജറ്റിൽ പ്രസ്താവന നടത്തുന്ന കേന്ദ്ര സർക്കാർ രീതി ബാലഗോപാൽ അനുകരിച്ചിട്ടുണ്ട്. ചെറിയ തുക മാത്രം തത്കാലം നൽകുന്നത് ജനം മനസിലാക്കും എന്നതാണ് വസ്തുത. ഉദാഹരണം; കാരുണ്യ പദ്ധതി. മുൻവർഷങ്ങളിൽ പ്രതിവർഷം 1300 കോടിയിലധികം നൽകിയ പദ്ധതിക്ക് 700 കോടി മാത്രം നീക്കിവച്ചു. പക്ഷേ ഇതുവരെ 4000 കോടിയോളം ചെലവാക്കിയതാണു വിസ്തരിച്ചു പറഞ്ഞത്.
മുനിസിപ്പൽ ബോണ്ടുകൾ കുറേക്കാലമായി പലരും പറയുന്ന ധനസമാഹരണ മാർഗമാണ്. അതു നടപ്പാക്കാൻ പദ്ധതി വരുമെന്നാണു മന്ത്രി പറയുന്നത്. കർശനമായ ധനകാര്യ അച്ചടക്കം പാലിക്കാത്ത നഗരസഭകൾ ഇത്തരം ബോണ്ടുകൾ ഇറക്കുന്നതിലെ അപായസാധ്യത വലുതാണ്. വേണ്ടത്ര ഗൃഹപാഠം ചെയ്തു മാത്രം ചെയ്യേണ്ട കാര്യത്തിൽ അതുണ്ടായതായി കാണുന്നില്ല.
സഹകരണ ഭവനനിർമാണ പദ്ധതി പോലുള്ള ആശയങ്ങൾ എത്ര മാത്രം പ്രായോഗികമാണെന്നു പഠിക്കുന്നതു നല്ലതാണ്. സഹകരണമേഖലയിൽ തുടങ്ങിയ പല വ്യവസായങ്ങളുടെയും വ്യാപാരങ്ങളുടെയും അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കേണ്ടതാണ്.