മനുഷ്യത്വമില്ലാത്ത നാടുകടത്തൽ
ജോർജ് കള്ളിവയലിൽ
Friday, February 7, 2025 2:22 AM IST
“കാലുകളിൽ ചങ്ങലകൊണ്ടു ബന്ധിച്ചു. കൈകൾ കെട്ടി. വിമാനത്തിലെ സീറ്റിൽനിന്ന് അനങ്ങാൻ അനുവദിച്ചില്ല. മൂത്രം ഒഴിക്കാൻപോലും കാലുപിടിക്കേണ്ടി വന്നു. ശൗചാലയത്തിന്റെ വാതിൽ തുറന്ന് അകത്തേക്കു തള്ളിയിടുകയായിരുന്നു. 40 മണിക്കൂറോളം പറഞ്ഞറിയിക്കാൻ പ്രയാസമുള്ള സഹനമായിരുന്നു, വിമാനത്താവളത്തിലും പുറത്തും. പെട്ടി വലിച്ചെറിയുന്നതു പോലെയാണ് ഞങ്ങളെ വലിച്ചിഴച്ചത്. മൃഗങ്ങളോടുപോലും ഇതിലും മര്യാദയുണ്ടാകും’’- അമേരിക്കയയിൽനിന്നു നാടുകടത്തപ്പെട്ടു സൈനിക വിമാനത്തിൽ അമൃത്സറിലെത്തിയ യുവകർഷകനായ ഹർവീന്ദർ സിംഗ് എന്നയാൾ പറഞ്ഞു. കുട്ടികളൊഴികെ എല്ലാവരെയും വിലങ്ങിട്ടാണ് ഇന്ത്യയിലെത്തിച്ചത്.
“പനാമയിലെ കാട്ടിൽ ഒരു മനുഷ്യൻ മരിക്കുന്നതും മറ്റൊരാൾ കടലിൽ മുങ്ങിമരിക്കുന്നതും നേരിൽ കണ്ടു. കടലിൽ ഞങ്ങളും മുങ്ങിമരിക്കുമോയെന്നു ഭയപ്പെട്ടു. കൊടുംവനങ്ങളിലൂടെയും മലകളിലൂടെയും അടക്കം ദിവസങ്ങളോളം ഞങ്ങൾ നടന്നു. പർവതങ്ങൾ താണ്ടി. പതിനെട്ടോളം കുന്നുകൾ കടന്നു. കീഴ്ക്കാംതൂക്കായ മലകളിലൂടെയുള്ള യാത്ര ഭയപ്പെടുത്തുന്നതായിരുന്നു. വഴുതിവീണാൽ രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ല. ആർക്കെങ്കിലും പരിക്കേറ്റാൽ അവർ മരിക്കും. വഴിയിൽ വേറെയും മൃതദേഹങ്ങൾ ഞങ്ങൾ കണ്ടു’’- പഞ്ചാബിലെ ഹോഷിയാർപുരിൽ തഹ്ലി ഗ്രാമത്തിൽനിന്നുള്ള നാല്പതുകാരനായ ഹർവീന്ദർ സിംഗും ഗുരുദാസ്പുരിൽനിന്നുള്ള ജസ്പാൽ സിംഗ് എന്ന മുപ്പത്താറുകാരനും പറഞ്ഞു.
വീടും പറന്പും പണയം വച്ച്
ഏജന്റിന് ഹർവീന്ദർ 42 ലക്ഷവും ജസ്പാൽ 30 ലക്ഷവും രൂപ നൽകി. മറ്റൊരാൾ ഒരു കോടി രൂപ നൽകിയെന്ന് പത്രലേഖകരോടു പറഞ്ഞു. അമേരിക്കയിലേക്കു നിയമപരമായി പോകാനായിരുന്നു ഇത്രയധികം പണം നൽകിയതെന്നും തിരിച്ചെത്തിയവർ പറഞ്ഞു. വീടും പറന്പും പണയപ്പെടുത്തിയും സ്വർണാഭരണങ്ങൾ വിറ്റും സ്വകാര്യ പലിശക്കാരിൽനിന്ന് അമിത പലിശയ്ക്കും ബന്ധുക്കളിൽനിന്നു കടം വാങ്ങിയുമാണു മിക്കവരും പണം നൽകിയത്. അമേരിക്കയിൽ ജോലി കിട്ടിയാൽ പണം തിരിച്ചുനൽകാമെന്നായിരുന്നു കരുതിയത്. പേടിസ്വപ്നമായി മാറിയ അമേരിക്കൻ സ്വപ്നയാത്രയുടെ ദുരിതങ്ങൾ വിവരിക്കുന്പോൾ തിരിച്ചെത്തിയവരുടെ കണ്ണുകൾ നിറഞ്ഞു.
കൊള്ളപ്പലിശയ്ക്ക് ബ്ലേഡുകാരനിൽനിന്നു വായ്പയെടുത്തും ഒരേക്കർ ഭൂമി പണയം വച്ചും വ്യാജ ഏജന്റിനു 42 ലക്ഷം രൂപ നൽകിയാണ് ഹർവീന്ദർ എട്ടു മാസം മുന്പ് അമേരിക്കയിലേക്കു പോകാൻ ശ്രമിച്ചത്. രണ്ടര മാസം മുന്പ് ഗ്വാട്ടിമാലയിലായിരുന്നപ്പോൾ അവസാനമായി നൽകിയ 10 ലക്ഷം രൂപ ഉൾപ്പെടെ ഹർവീന്ദറിന്റെ യാത്രയുടെ ഓരോ ഘട്ടത്തിലും ഏജന്റ് പണം തട്ടിയതായി ഭാര്യ കുൽജീന്ദർ കൗർ വെളിപ്പെടുത്തി. പല ഭൂഖണ്ഡങ്ങിലൂടെയും രാജ്യങ്ങളിലൂടെയും മാസങ്ങളോളം ദുരിതയാത്ര ചെയ്ത ഹർവീന്ദർ ഒരിക്കലും അമേരിക്കയിലെത്തിയതുമില്ല. പന്തു തട്ടുന്നതുപോലെ പല രാജ്യങ്ങളിലേക്കും തട്ടിവിട്ടു. മരിച്ചുപോകുമോയെന്ന ഭയപ്പെട്ട ദിവസങ്ങളുണ്ടായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് ആദ്യബാച്ചിൽ നാടുകടത്തിയ 104 അനധികൃത കുടിയേറ്റക്കാരിൽ ഉൾപ്പെട്ടവരാണ് ഈ ഹതഭാഗ്യർ. പ്രസിഡന്റ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുന്നതിനു ദിവസങ്ങൾക്കു മുന്പാണ് ഇന്ത്യൻ പൗരന്മാരെ അമേരിക്ക അവഹേളിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. രേഖകളില്ലാതെ അമേരിക്കയിലേക്കു കടക്കാൻ ശ്രമിച്ചവരെ തിരിച്ചയച്ചതിനല്ല, മറിച്ച് ഇതിനായി സ്വീകരിച്ച അതിക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണ് പാർലമെന്റിലും പുറത്തും വലിയ രോഷത്തിനിടയാക്കിയത്.
കൂടുതൽ ഗുജറാത്ത്, ഹരിയാന
അമേരിക്കയിൽനിന്നു നാടുകടത്തപ്പെട്ടവരിൽ 33 പേർ വീതം ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽനിന്നും 30 പേർ പഞ്ചാബിൽനിന്നും മൂന്നു പേർ വീതം മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നും രണ്ടു പേർ ചണ്ഡിഗഡിൽനിന്നുമാണ്. നാലു വയസുള്ള ആണ്കുട്ടിയും അഞ്ച്, ഏഴു വയസ് പ്രായമുള്ള രണ്ടു പെണ്കുട്ടികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 13 പേരും 19 സ്ത്രീകളും അമേരിക്കയുടെ സൈനിക വിമാനത്തിലുണ്ടായിരുന്നു.
ട്രംപ് ഭരണകൂടം വിന്യസിച്ച അമേരിക്കയുടെ കൂറ്റൻ സൈനികവിമാനമായ സി-17 ഗ്ലോബ്മാസ്റ്റർ ബുധനാഴ്ച അമൃത്സറിൽ ഇറങ്ങുന്നതിനു മുന്പ് ഇന്ധനം നിറയ്ക്കുന്നതിനായി നാലു വിമാനത്താവളങ്ങളിൽ ഇറങ്ങിയിരുന്നു. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ ശാരീരികമായി മാത്രമല്ല, മാനസികമായും തളർന്നുവെന്ന് യാത്രികർ പറഞ്ഞു.
ആകെ 40 മണിക്കൂർ നീണ്ട യാത്രയ്ക്കിടെ ശരിയായി ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ പോലും കഴിഞ്ഞില്ല. ഭക്ഷണം കഴിക്കാൻ പോലും കൈയിലെ വിലങ്ങഴിക്കാൻ അവർ തയാറായില്ല. കൈവിലങ്ങ് അഴിക്കാമോയെന്ന അഭ്യർഥന കേട്ടതായി പോലും നടിച്ചില്ല. കൈയിൽ വിലങ്ങുമായി ഭക്ഷണം കഴിക്കാൻ നിർബന്ധിക്കും. ദയ തോന്നിയ ഒരു വിമാന ജീവനക്കാരൻ ഞങ്ങൾക്കു പഴങ്ങൾ വാഗ്ദാനം ചെയ്തു.
പൊലിഞ്ഞു സ്വപ്നം, എല്ലാ നഷ്ടം
ജനുവരി പകുതി വരെ ഹർവീന്ദർ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഭാര്യ കുൽജീന്ദർ, പന്ത്രണ്ടുകാരനായ മകൻ, 11 വയസുള്ള മകൾ എന്നിവരുമായി ഫോണിൽ വിളിച്ചു കഷ്ടപ്പാടുകളെക്കുറിച്ചു സംസാരിച്ചിരുന്നു. കഷ്ടപ്പാടുകൾ വിവരിച്ച് ഇടയ്ക്കു വീഡിയോ സന്ദേശങ്ങളും അയച്ചിരുന്നു. ജനുവരി 15നാണ് അവസാനമായി സംസാരിച്ചത്. കഴിഞ്ഞ മാസം ഹർവീന്ദറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടർന്ന് ട്രാവൽ ഏജന്റിനെതിരേ ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയിരുന്നതായി കുൽജീന്ദർ പറഞ്ഞു.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ എന്നും പാടുപെടുകയായിരുന്നുവെന്നു ഹർവീന്ദറും ഭാര്യയും പറഞ്ഞു. 13 വർഷം മുന്പ് വിവാഹിതരായ ഈ ദന്പതികൾ പശുവിനെ വളർത്തി പാൽ വിറ്റാണു വരുമാനം കണ്ടെത്തിയിരുന്നത്. ഏജന്റിനെ വിശ്വസിച്ചായിരുന്നു യാത്ര തുടങ്ങിയതെന്നു ഹർവീന്ദർ പറഞ്ഞു. നിയമപരമായി 15 ദിവസത്തിനുള്ളിൽ അമേരിക്കയിലേക്കു കൊണ്ടുപോകാമെന്ന് അകന്ന ബന്ധുവാണു വാഗ്ദാനം ചെയ്തത്. അയാൾ വഴിയാണ് ഏജന്റിനെ ബന്ധപ്പെട്ടത്.
ഒടുവിൽ ഹർവീന്ദറിനും കുടുംബത്തിനും എല്ലാം നഷ്ടപ്പെട്ടു. ചതിച്ച ഏജന്റിനെതിരേ കർശന നടപടിയെടുക്കണമെന്നും ചെലവഴിച്ച 42 ലക്ഷം രൂപ തിരികെ നൽകണമെന്നും ഹർവീന്ദറും ഭാര്യയും ആവശ്യപ്പെട്ടു. ലക്ഷങ്ങളുടെ കടം എങ്ങനെ വീട്ടുമെന്നറിയില്ല.
ദുരിതയാത്ര എട്ടു രാജ്യങ്ങളിലൂടെ
ഖത്തർ, ബ്രസീൽ, പെറു, കൊളംബിയ, പനാമ, നിക്കരാഗ്വ, ഗ്വാട്ടിമാല, മെക്സിക്കോ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് അമേരിക്കൻ അതിർത്തിയിലെത്തിയത്. പലയിടത്തും കിലോമീറ്ററുകളോളം നടക്കേണ്ടി വന്നു. കാടും മലയും കടന്നു മാസങ്ങളോളം നൂറുകണക്കിനു കിലോമീറ്റർ നടന്നു. എല്ലാം അമേരിക്കയെന്ന ഒരേയൊരു സ്വപ്നസാക്ഷാത്കാരത്തിനായി. വിവിധ ഭൂഖണ്ഡങ്ങളിലൂടെ മാസങ്ങളോളം നടത്തിയ അപകടകരമായ യാത്രയുടെ അവസാനത്തിൽ, അവർക്കു കിട്ടിയതു സ്വാതന്ത്ര്യവും സ്വപ്നജീവിതവുമല്ല; തണുത്ത ചങ്ങലകളും കൊടിയ പീഡനങ്ങളും. അവഹേളനങ്ങൾ വേറെയും.
മെക്സിക്കൻ അതിർത്തിക്കടുത്ത് അമേരിക്കൻ അതിർത്തി പട്രോൾ പോലീസാണ് ഇവരെ പിടികൂടിയത്. യുഎസിലേക്ക് കടക്കുന്നതിനു മുന്പ് ആറ് മാസം ബ്രസീലിൽ ചെലവഴിച്ചുവെന്ന് ജസ്പാൽ സിംഗ് പറഞ്ഞു. ജനുവരി 24നാണ് യുഎസ് ബോർഡർ പട്രോൾ അറസ്റ്റ് ചെയ്തത്. അമേരിക്കൻ തടങ്കലിൽ 11 ദിവസം കിടന്നു. “ഞങ്ങളെ നാടു കടത്തുമെന്ന് അറിയില്ലായിരുന്നു. മറ്റൊരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയാണെന്നു ഞങ്ങൾ കരുതി. പിന്നീടാണ് ഇന്ത്യയിലേക്ക് തിരിച്ചു നാടുകടത്തുകയാണെന്ന വിവരം അറിയിച്ചത്. അമൃത്സറിൽ ഇറങ്ങുന്നതുവരെ കൈകാലുകൾ ചങ്ങലയിൽ ബന്ധിക്കുകയും ചെയ്തു’’-ജസ്പാലും ഹർവീന്ദറും പറഞ്ഞു.
മാധ്യമങ്ങളോടു മിണ്ടാൻ വിലക്ക്
മനുഷ്യക്കടത്തുകാരുടെ ചതിയിലും വഞ്ചനയിലും പെട്ടു ജീവിതം തകർന്ന ഹതഭാഗ്യരിൽ ചിലർ മാത്രമാണു ജന്മനാട്ടിൽ തിരിച്ചെത്തിയത്. നിയമപരമായ കുടിയേറ്റം വാഗ്ദാനം ചെയ്തു ലക്ഷക്കണക്കിനു രൂപ വാങ്ങിയ ഏജന്റുമാർ കബളിപ്പിച്ചുവെന്നു മനസിലാക്കാൻ പോലും ആഴ്ചകളെടുത്തു. കടം വാങ്ങിയ 30 ലക്ഷം രൂപ നൽകിയാണ് ഏജന്റ് സമ്മാനിച്ച ‘കഴുത റൂട്ട്’ തെരഞ്ഞെടുത്തതെന്നു മറ്റൊരാൾ പറഞ്ഞു.
ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങി ബിജെപി ഭരണ സംസ്ഥാനങ്ങളിൽനിന്നുള്ളവർ മാധ്യമങ്ങളോടു സംസാരിക്കാതിരിക്കാൻ പോലീസ് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
അമേരിക്കയിൽനിന്നു നാടുകടത്തപ്പെട്ട കുട്ടികളും സ്ത്രീകളും അടക്കം 33 ഗുജറാത്തികളെ പ്രത്യേക വിമാനത്തിലാണ് അമൃത്സറിൽനിന്ന് ഇന്നലെ അഹമ്മദാബാദിലെത്തിച്ചത്. ഗാന്ധിനഗർ, മെഹ്സാന, വഡോദര, ഖേദ ജില്ലകളിൽനിന്നായിരുന്നു കൂടുതൽ പേർ.
അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്നു പോലീസ് വാഹനങ്ങളിലാണ് ഇവരെ സ്വന്തം വീടുകളിലെത്തിച്ചത്. കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസും ചോദ്യം ചെയ്ത ശേഷമാണ് ആളുകളെ നാടുകളിലേക്ക് അയച്ചത്.
‘പട്ടിഷോ’യ്ക്ക് കോടികൾ
നാടുകടത്തലിന് അമേരിക്ക ഉപയോഗിച്ച സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് വിമാനത്തിന് മണിക്കൂറിന് 24,95,400 രൂപ (28,500 ഡോളർ) പ്രവർത്തനച്ചെലവ് കണക്കാക്കുന്നുവെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള 40 മണിക്കൂർ യാത്രയ്ക്ക് മാത്രം 10 കോടിയോളം രൂപ. മടക്കയാത്രയ്ക്കു വേറെ ചെലവും. ലോകചരിത്രത്തിലെ ഏറ്റവും ചെലവേറിയ നാടുകടത്തലാണ് അമൃത്സറിലേക്ക് അമേരിക്ക നടത്തിയതെന്നാണു റിപ്പോർട്ട്. സാധാരണ നാടുകടത്തലിന് ഉപയോഗിക്കാറുള്ള ചാർട്ടർ വാണിജ്യ വിമാനങ്ങൾക്കു മണിക്കൂറിന് 15 ലക്ഷത്തോളം (17,000 ഡോളർ) ആണു ചെലവ്.
അടുത്തിടെ ഗ്വാട്ടിമാലയിലെ കുടിയേറ്റക്കാരെ നാടുകടത്തിയ അമേരിക്കൻ സൈനിക വിമാനത്തിന് ഒരാൾക്ക് കുറഞ്ഞത് 4,09,331 രൂപ (4,675 ഡോളർ) ആയിരുന്നു ചെലവ്. ഇതേ റൂട്ടിൽ അമേരിക്കൻ എയർലൈൻസിലെ ഫസ്റ്റ് ക്ലാസ് ടിക്കറ്റിന്റെ വിലയുടെ അഞ്ചിരട്ടിയിലധികമാണിത്.
വാണിജ്യ വിമാനത്തിൽ അയയ്ക്കുന്നതിനു പകരം ‘പട്ടിഷോ’ കാണിച്ച് താൻപ്രമാണിത്തം കാണിക്കാനാണ് 104 പേരെ കയറ്റാനായി കൂറ്റൻ സൈനികവിമാനം അമേരിക്ക ഉപയോഗിച്ചതെന്നു മലയാളി എംപിമാർ പരിഹസിച്ചു. അനധികൃത കുടിയേറ്റക്കാരെ കുറ്റവാളികളായും അന്യഗ്രഹ ജീവികളായും വിശേഷിപ്പിച്ച ട്രംപ് അനധികൃത കുടിയേറ്റത്തെ അധനിവേശം എന്നും വിശേഷിപ്പിച്ചിരുന്നു.