യൂസർ ഫീ; അന്നു ഭൂതം പറഞ്ഞ കഥ!
Friday, February 7, 2025 2:17 AM IST
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരിക്കൽ ഒരിടത്ത് ഒരു ജൂബാ മുതലാളി ഉണ്ടായിരുന്നു. ആ നീളൻ ജൂബയും കൈത്തറി മുണ്ടും കണ്ടാൽ ഏത് ആൾക്കൂട്ടത്തിലും മുതലാളിയെ നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. ഉറങ്ങുന്പോൾ, എന്തിന്, കുളിക്കുന്പോൾ പോലും മുതലാളി ജൂബ ഊരാറില്ലെന്നായിരുന്നു ശത്രുക്കൾ പരദൂഷണം പറഞ്ഞിരുന്നത്. വായ് തുറന്നാൽ കയറുപോലെ പിരിയുന്ന സാന്പത്തിക തത്വശാസ്ത്രങ്ങൾ പറഞ്ഞ് അദ്ദേഹം ആളുകളെ അദ്ഭുതപ്പെടുത്തി വന്നിരുന്നു.
എന്തിന്റെയും കൂടെ ഇക്കണോമിക്സ് ചേർത്തിളക്കുക അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. അങ്ങനെ സ്വന്തം പേരിന്റെ കൂടെ ഇക്കണോമിക്സ് ചേർത്ത് ‘ഐസക്കണോമിക്സ്’ എന്നൊരു വിഭവം അദ്ദേഹം ഇടയ്ക്കിടെ തയാറാക്കി നാട്ടുകാർക്കു നൽകി. പലർക്കും വയറ്റിൽ പിടിക്കില്ലെങ്കിലും അതു പറഞ്ഞാൽ പുള്ളിക്കു തീരെ പിടിക്കില്ല എന്നതുകൊണ്ട് സ്വന്തം ഫാൻസ് പോലും അതു മൂക്കുമുട്ടെ കഴിക്കുന്നതായി അഭിനയിക്കുക പതിവായിരുന്നു.
അദ്ദേഹം കട്ടൻ ചായയുടെ കൂടെ കൊറിച്ചിരുന്ന മിക്സ്ചർ പോലും ‘ഇക്കണോമിക്സ്ചർ’എന്നാണ് അറിയപ്പെട്ടിരുന്നത്. കാലിയായി കിടക്കുന്ന ഖജനാവിനെ അമ്മാനമാടി അദ്ദേഹം കാണിച്ചിരുന്ന ചില പൊടിക്കൈകൾ കണ്ട് കോഴിയെ പറപ്പിക്കുന്ന കൊടിയ മന്ത്രവാദികൾ പോലും കോരിത്തരിച്ചുപോയി.
ഒരു ഫെബ്രുവരി മാസം മുതലാളി തലപുകഞ്ഞ് ആലോചന തുടങ്ങി. അടുത്ത ബജറ്റിന്റെ പാത്രം വയ്ക്കുന്പോൾ എന്തു വിളമ്പും എന്നതായിരുന്നു ആലോചന. ഖജനാവ് കംപ്ലീറ്റ് കാലിയാണ്. അറിയാവുന്ന പച്ചടിയും കിച്ചടിയും മിക്സ്ചടിയുമെല്ലാം ഉണ്ടാക്കി വിളന്പിക്കഴിഞ്ഞു. ആലോചിച്ചിട്ട് ആലപ്പുഴക്കയർ പിരിയുന്നതുപോലെ പിരിയുന്നതല്ലാതെ ഒന്നും വിരിയുന്നില്ല. ഖജനാവ് മാറ്റിയിട്ട് ചുവന്ന ബക്കറ്റ് വച്ചാലോ? പൈസ താനേ വന്നുവീണേനെ. അങ്ങനെ ചിന്താ പബ്ലിക്കേഷനായി ഇരിക്കവേ, ഖജനാവിൽ ആരും കാണാതെ എന്തെങ്കിലും പറ്റിപ്പിടിച്ചിരിപ്പുണ്ടോയെന്നറിയാൻ ഒന്നുകൂടി തട്ടിക്കുടഞ്ഞു നോക്കി. അതാ എന്തോ ഒന്നു കൈയിൽ തടഞ്ഞിരിക്കുന്നു.
ആഹാ, കൗതുകമുള്ള ഒരു കുടുക്ക! ഇതു കൊള്ളാമല്ലോയെന്നു കരുതി ധനകാര്യമേശയിൽ എടുത്തുവച്ചു. കുടുക്കയിൽ വെറുതെയൊന്നു തലോടി, അതാ ഒരു പുകച്ചുരുൾ... തന്നെപ്പോലെ കുടുക്കയും തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങിയോയെന്നു സംശയിച്ചു നിൽക്കവേ ഒരു ഭൂതം പ്രത്യക്ഷപ്പെട്ടു. കാരണഭൂതമല്ല, വെറും ഭൂതം. ചെറിയ പേടി തോന്നിയെങ്കിലും പ്രത്യയശാസ്ത്രപ്രകാരം അത് അനുവദനീയമല്ലാത്തതിനാൽ ധൈര്യം സംഭരിച്ചു ചോദിച്ചു: “നീ ആരാണ്? എങ്ങനെയാണ് കുടുക്കയിലായത്? എന്താണ് നിന്റെ പേര്?’’
ജൂബാ മുതലാളിയുടെ വേഷവും ഭാവവും ബുദ്ധിജീവി താടിയുമൊക്കെ കണ്ടപ്പോൾ ഭൂതം വിരണ്ടുപോയി. “ഞാനൊരു ചെറിയ ഭൂതമാണ് സാർ. എന്നെ ഒരു ധനമന്ത്രവാദി കുടുക്കയിലാക്കിയതാ. മറ്റൊരു കടുകട്ടി ധനമന്ത്രവാദി തലോടിയാൽ മോചനം കിട്ടുമെന്നും പറഞ്ഞു. ഇപ്പോൾ എനിക്കു മോചനം കിട്ടിയിരിക്കുന്നു. ഇനിയെന്നെ കുടുക്കയിലാക്കരുത്. പ്ലീസ്.’’
“എന്താ നിന്റെ പേര്.. നിനക്ക് എന്തെങ്കിലും ശക്തിയുണ്ടോ?’’
“എന്റെ പേര് കിഫ്ബി. ചോദിച്ചാൽ എത്ര കാശ് വേണമെങ്കിലും ഇട്ടുതരാൻ പറ്റും. പക്ഷേ, എനിക്കൊരു സാധനം കഴിക്കാൻ തരണം.’’
“നിനക്കെന്താ കഴിക്കാൻ വേണ്ടത്? ഞാൻ തന്നെ തയാറാക്കിയ ഉഗ്രൻ വിഭവങ്ങളുണ്ട്... തരട്ടേ?’’
“സർ ഞാൻ പ്രേതമല്ല, ഭൂതമാണ്. എനിക്ക് അതൊന്നും വേണ്ട, മസാല ബോണ്ട കിട്ടുമോ?’’
“മസാല ബോണ്ടയോ? അതെവിടെ കിട്ടും?’’
“അതു സായിപ്പ് ഉണ്ടാക്കുന്നതാ. അന്താരാഷ്ട്ര മാർക്കറ്റിൽ കിട്ടും.’’
“സായിപ്പ് ഉണ്ടാക്കുന്നതു വാങ്ങാൻ പാടില്ലെന്നാ ഞങ്ങളുടെ പോളിസി. നിന്റെ സ്പെഷൽ കേസ് ആയതിനാൽ മസാല ബോണ്ടയെങ്കിൽ മസാല ബോണ്ട.. ആവശ്യം പോലെ തിന്നോ.’’
“സാർ പിന്നെയൊരു കുഴപ്പമുണ്ട്, ഞാൻ തിന്നുന്ന മസാല ബോണ്ടയുടെ ശക്തി തീർന്നു കഴിയുന്പോൾ കാശ് എവിടെക്കൊണ്ട് കുടഞ്ഞിട്ടോ അവിടെയുള്ളവരെയൊക്കെ ഞാൻ തിന്നാൻ തുടങ്ങും. സമ്മതമാണോ?’’
“അതെന്തായാലും നാലഞ്ചു വർഷം കഴിയുമ്പോഴത്തെ കാര്യമല്ലേ. അന്ന് ആരൊക്കെ ബാക്കി കാണുമെന്ന് ആർക്കറിയാം. ഇപ്പോ കാര്യം നടക്കട്ടെ. കിഫ്ബിയെ കുളിപ്പിച്ചു കുട്ടപ്പനാക്കി ഞാൻ നാട്ടിലോട്ട് ഇറക്കാൻ പോകുവാ... പൂണ്ടു വിളയാടിക്കോണം. കൂട്ടിന് ഊരിപ്പിടിച്ച വാളുമായി ഊരാളുങ്കലുമുണ്ടാകും. പിന്നെ ഒരുത്തനും ഊരിപ്പോകാൻ പറ്റില്ല.’’
ഭൂതം പറഞ്ഞ കാലാവധി കഴിഞ്ഞിരിക്കുന്നു. ഇനി റോഡിലൂടെ പോകുന്നവരെയും പാലം കടക്കുന്നവരെയും കലുങ്കിൽ ഇരിക്കുന്നവരെയും സ്കൂളിൽ പഠിക്കുന്നവരെയുമെല്ലാം കിഫ്ബി തിന്നാൻ പോവുകയാണത്രേ, ഒാർക്കുക, നമ്മളെല്ലാവരും ഇനി കിഫ്ബിക്ക് മൂന്നുനേരം കഴിക്കാനുള്ള യൂസർ ഫീ ആണ്. കഥ കഴിഞ്ഞു!
മിസ്ഡ് കോൾ
പാതിവില തട്ടിപ്പിന് ഒത്താശ ചെയ്തതിൽ നിരവധി രാഷ്ട്രീയ നേതാക്കളും.
വാർത്ത
മുഴുവൻവില തട്ടിപ്പിനിടെ ഒരു നേരന്പോക്ക്!