വിഷമകാലത്തെ ബജറ്റ്
സാബു ജോണ്
Thursday, February 6, 2025 12:20 AM IST
ആവശ്യങ്ങൾ അനവധി, വിഭവങ്ങൾ പരിമിതം. എല്ലാക്കാലത്തും ധനമന്ത്രിമാർ നേരിടുന്ന വിഷമസ്ഥിതിയാണിത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ വിഷമാവസ്ഥയുടെ അങ്ങേയറ്റം കണ്ടാണു രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് തയാറാക്കുന്നത്.
ഉടനടി ഒരു തെരഞ്ഞെടുപ്പു വരാനില്ല എന്നത് ബാലഗോപാലിന് ആശ്വാസം പകരുന്നുണ്ട്. എന്നാൽ, വർഷാവസാനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്നത് വിസ്മരിക്കാനുമാകില്ല. ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കിയേക്കാവുന്ന സാഹസിക നടപടികൾ കൈക്കൊള്ളണമെങ്കിൽ കേരളത്തിൽ ഏതു സർക്കാരും ആദ്യ രണ്ടു വർഷങ്ങളിൽ അതു ചെയ്യണം.
കാരണം, മൂന്നാം വർഷം ലോക്സഭാ തെരഞ്ഞെടുപ്പു വരും. നാലാം വർഷം തദ്ദേശ തെരഞ്ഞെടുപ്പ്. അതിനടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പും. ഈ സാഹചര്യത്തിൽ നാലാംവർഷത്തെ ഈ ബജറ്റിൽ വമ്പൻ പരിഷ്കാരങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.
തുടരുന്ന അനിശ്ചിതത്വങ്ങൾ
കഴിഞ്ഞ ബജറ്റ് അവതരിപ്പിക്കവേ രണ്ട് അനിശ്ചിതത്വങ്ങളെക്കുറിച്ചാണു ധനമന്ത്രി പറഞ്ഞത്. ഒന്ന്, അന്താരാഷ്ട്രതലത്തിൽ നടക്കുന്ന യുദ്ധങ്ങൾ. രണ്ടാമത്തേത്, കേന്ദ്രത്തിന്റെ അവഗണന. രണ്ടും ഇന്നും തുടരുകയാണ്. മൂന്നാമത് ഒരു അനിശ്ചിതത്വംകൂടി കൂടുതലായി ധനമന്ത്രി കാണേണ്ടിവരും. അത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണനടപടികളാണ്. ട്രംപ് നാളെ എന്തു ചെയ്യുമെന്ന് ആർക്കും പ്രവചിക്കാനാകില്ല. ഇന്ത്യക്കെതിരേ ഉയർന്ന ചുങ്കം ചുമത്തുന്നതുപോലെയുള്ള നടപടികളുണ്ടായാൽ അതു സാമ്പത്തികമായി കേരളത്തെയും ബാധിക്കും.
യുദ്ധത്തിന്റെ അന്തരീക്ഷം ഇന്നും നിലനിൽക്കുന്നു. അതേത്തുടർന്ന് ലോകമാകെത്തന്നെ വളർച്ചയിൽ ഇടിവുണ്ടാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രം ഒരുപക്ഷേ മയപ്പെട്ടേക്കുമെന്നു കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചപ്പോൾ ധനമന്ത്രി പ്രതീക്ഷിച്ചു. എന്നാൽ, അങ്ങനെയൊന്നും ഉണ്ടായില്ല. ഇത്തവണത്തെ കേന്ദ്ര ബജറ്റ് കൂടി വന്നതോടെ ഇനി അവിടെനിന്ന് ഉദാരമായി ഒന്നും പ്രതീക്ഷിക്കാനില്ലെന്നും ബോധ്യമായി. ഈ പശ്ചാത്തലത്തിൽ ധനമന്ത്രിക്കുമേൽ സമ്മർദമേറും.
ഒരുപാടു പ്രതീക്ഷകൾ
ക്ഷേമപെൻഷൻ 2,500 രൂപയായി ഉയർത്തുമെന്നത് രണ്ടാം പിണറായി സർക്കാർ കൊടുത്ത വാക്കായിരുന്നു. ഇപ്പോൾ പെൻഷൻ 1,600 രൂപയാണ്. അടുത്ത രണ്ടു ബജറ്റുകളിലായി 900 രൂപയുടെ വർധന ഇപ്പോഴത്തെ നിലയിൽ എളുപ്പമല്ല. എങ്കിലും ക്ഷേമപെൻഷനിൽ എന്തെങ്കിലും വർധനയുണ്ടാകുമെന്ന് പെൻഷൻ വാങ്ങുന്നവർ പ്രതീക്ഷിക്കുന്നുണ്ട്. 65 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻകാർ ഇടതുസർക്കാരിനു രാഷ്ട്രീയമായി ഏറെ പ്രധാനപ്പെട്ടവരാണ്.
സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനു സമയമായി. പ്രതിപക്ഷ യൂണിയനുകൾ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ഭരണപക്ഷത്തെ സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്സിലും സമരപാതയിലാണ്. സംസ്ഥാന ജീവനക്കാർ ഇടതുപക്ഷത്തിന്റെ നട്ടെല്ലാണ്. അവരെ പിണക്കുന്നത് രാഷ്ട്രീയമായി ഇടതുമുന്നണിക്കു ദോഷം ചെയ്യും.
എന്നാൽ, സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ശമ്പളപരിഷ്കരണത്തിന് അനുകൂലമല്ല താനും. ഡിഎ കുടിശിക പോലും കൊടുക്കാൻ സാധിക്കാത്തത്ര ഞെരുക്കത്തിലാണു സർക്കാർ. അപ്പോഴും ശമ്പളപരിഷ്കരണ കമ്മീഷനെ സർക്കാർ പ്രഖ്യാപിക്കുമോ എന്നറിയാൻ പത്തു ലക്ഷത്തോളം വരുന്ന സംസ്ഥാന ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുകയാണ്.
എങ്ങുമെത്താതെ പോകുന്ന വരുമാനം
കേന്ദ്രത്തിൽനിന്നുള്ള വിഹിതം കുറയുകയും കടമെടുപ്പു പരിധിയിൽ കർക്കശ നിലപാടു സ്വീകരിക്കുകയും ചെയ്യുന്നതോടെ സ്വന്തം വിഭവങ്ങൾ വച്ച് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത നിലയിലാണു സർക്കാർ. ശമ്പളം, പെൻഷൻ, പലിശ തുടങ്ങി ഒഴിവാക്കാനാകാത്ത ചെലവുകളിൽ കുറവു വരുത്താനാകില്ല. ഇത്തരം ചെലവുകൾ കഴിഞ്ഞാൽ പിന്നെ അധികമൊന്നും ബാക്കിയില്ല. ഇതാണു കേരളം നേരിടുന്ന വെല്ലുവിളി. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ 70 ശതമാനം ശമ്പളം, പെൻഷൻ, പലിശ എന്നീ മൂന്നിനങ്ങൾക്കായി ചെലവഴിക്കുകയാണ്.
കടം ജിഎസ്ഡിപിയുടെ 3-3.5 ശതമാനം എന്ന നിലയിൽ കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുകയാണ്. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടങ്ങളും സംസ്ഥാനത്തിന്റെ കടത്തിന്റെ പരിധിയിൽ പെടുത്തുന്നു. ഇതോടെ കടമെടുക്കുന്നതിനും കർശന നിയന്ത്രണം വന്നിരിക്കുകയാണ്. പൊതുകടത്തിന്റെ അനുപാതം കുറച്ചുകൊണ്ടു വരാൻ കഴിയും എന്ന നേട്ടമുണ്ടെങ്കിലും ദൈനംദിന പ്രവർത്തനങ്ങൾക്കുപോലും പണമില്ലാതെ നട്ടംതിരിയുന്ന അവസ്ഥയിലാകും സർക്കാർ. കേന്ദ്രത്തിൽനിന്നുള്ള വിഹിതത്തിലും ഇടിവുണ്ട്.
രാജ്യത്തിന്റെ വളർച്ചയിൽ ഇടിവുണ്ടാകുന്നുണ്ട്. ഇതു വരുമാനം കുറയുന്നതിനു കാരണമാകും. കേന്ദ്രസർക്കാരിന്റെ വരുമാനം കുറഞ്ഞാൽ കേരളത്തിനുള്ള വിഹിതത്തിലും കുറവുണ്ടാകും. ആദായനികുതിയിൽ ഇളവുകൾ അനുവദിച്ചതിന്റെ ഫലമായി ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു കേന്ദ്രസർക്കാർ പറയുന്നത്. അതു ശരിയാണെങ്കിൽ ഈയിനത്തിലെ കേരളത്തിനുള്ള കേന്ദ്ര വിഹിതത്തിൽ മാത്രം 1,950 കോടി രൂപയുടെ കുറവുണ്ടാകും.
നോട്ടം സ്വകാര്യനിക്ഷേപത്തിൽ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും സ്വകാര്യനിക്ഷേപത്തിലൂടെ വളർച്ച കൈവരിക്കാമെന്ന പ്രതീക്ഷയിലാണു സർക്കാർ. ഉത്പാദനമേഖലയിലെ വളർച്ചാനിരക്ക് ആകെ വളർച്ചയേക്കാൾ കൂടുതലുണ്ടെന്നാണ് സർക്കാർ പറയുന്നത്. വിഴിഞ്ഞം തുറമുഖത്തെ ചുറ്റിപ്പറ്റിയും മറ്റും വ്യവസായശൃംഖല കൊണ്ടുവന്നും ഐടി മേഖലയിലേക്കു കൂടുതൽ നിക്ഷേപങ്ങൾ ആകർഷിച്ചും ഉത്പാദനമേഖലയിൽ വളർച്ച കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യ വ്യവസായ എസ്റ്റേറ്റും കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുമെല്ലാം യാഥാർഥ്യമായതാണ്. നിക്ഷേപകർക്കു പ്രോത്സാഹനം നൽകുന്ന കൂടുതൽ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും.
നടപ്പുവർഷം വാർഷികപദ്ധതിയിൽ 50 ശതമാനം വെട്ടിക്കുറവു വരുത്തി. വരുംവർഷവും പദ്ധതിയിൽ വലിയ പ്രതീക്ഷ വേണ്ട. കേന്ദ്രത്തിൽനിന്നുള്ള വരവിലും കാര്യമായി പ്രതീക്ഷിക്കേണ്ട. ആഭ്യന്തര വരുമാനത്തിലും കുതിച്ചുചാട്ടം ഉണ്ടാകുമെന്നു കരുതാൻ വയ്യ.
ജിഎസ്ടി നടപ്പിലായതോടെ സംസ്ഥാനത്തിന്റെ വരുമാനസ്രോതസുകളെല്ലാം നഷ്ടമായി. മദ്യവും പെട്രോളിയം ഉത്പന്നങ്ങളും മാത്രമാണ് ഇനി സംസ്ഥാനത്തിനു സ്വതന്ത്രമായി നികുതി നിശ്ചയിക്കാവുന്നതായുള്ളത്. അതിൽ പെട്രോളിൽ തൊടാൻ എളുപ്പമല്ല. മദ്യത്തിന് ഇടയ്ക്കിടെ നിരക്കുവർധന വരുത്തുന്നുണ്ട്. നികുതിയിതര വരുമാനം വർധിപ്പിക്കാൻ ചില നടപടികളുണ്ടായേക്കും. എന്നാൽ, അതിൽനിന്നെല്ലാം പരിമിതമായ വരുമാനവർധനയേ ലഭിക്കുകയുള്ളൂ എന്നതാണു പ്രശ്നം.
സംസ്ഥാനത്തിനു പുറത്തേക്കുള്ള യുവാക്കളുടെ ഒഴുക്കിന്റെ സ്വാധീനം കേരളത്തിന്റെ സമ്പദ്ഘടനയിലുണ്ട്. വ്യാപാരത്തിൽ ഇടിവുണ്ട്. കേരളത്തിൽ നിന്നു വലിയ തുക പുറത്തേക്കു വിദ്യാഭ്യാസച്ചെലവായി ഒഴുകുന്നു. ഇതിനൊന്നും തത്കാലം പരിഹാരം സാധ്യമല്ല.
കിഫ്ബിയോ ബി പ്ലാൻ
കേന്ദ്രാവഗണന തുടർന്നാൽ ബി പ്ലാനിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നു ധനമന്ത്രി കഴിഞ്ഞ ബജറ്റിൽ പറഞ്ഞിരുന്നു. എന്നാൽ, അത്തരം ബദലുകളൊന്നും ഇതുവരെ കണ്ടില്ല.
കിഫ്ബി വഴി നിർമിച്ച റോഡുകൾക്കു ടോൾ പിരിക്കുന്നതു സംബന്ധിച്ച ഗൗരവമായ ആലോചനകൾ ഇപ്പോൾ നടക്കുന്നുണ്ട്. ഇതു ബി പ്ലാനിൽ പെടുമോ എന്നറിയില്ല. സാമ്പത്തികമായി ഇതു വിവേകപൂർവമായ നടപടിയാണ്. ദേശീയപാതകളിൽ കേന്ദ്രസർക്കാർ ടോൾ പിരിക്കുന്നുണ്ടല്ലോ. എന്നാൽ, രാഷ്ട്രീയമായി വിവേകപൂർവമായ നടപടിയാണെന്നു പറയാനാവില്ല. കിഫ്ബി വഴി വരുമാനമുണ്ടാക്കാൻ സാധിക്കുന്ന പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തുനിഞ്ഞേക്കുമെന്ന് ധനമന്ത്രിതന്നെ സൂചന നൽകിയിട്ടുണ്ട്.