വികസിത ഭാരതം: ലക്ഷ്യം നല്ലത്, മൂലധനം എവിടെ?
അമല ജോൺസൺ
Thursday, February 6, 2025 12:17 AM IST
സ്വാതന്ത്ര്യത്തിന്റെ 100 വർഷം തികയുന്ന 2047-ഓടെ ഒരു വികസിതരാജ്യമാകാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടാണ് ‘വികസിത് ഭാരത്’. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക, ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നൈപുണ്യമുള്ള, വിദ്യാസമ്പന്നരായ തൊഴിലാളികളെ നൽകുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യം. 2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് അവതരിപ്പിച്ചതിനു ശേഷം ഇന്ത്യയുടെ എല്ലാ വാർഷിക ബജറ്റുകളിലും ‘വികസിത് ഭാരത്’ എന്ന ആശയം പ്രധാനപ്പെട്ട ചർച്ചാവിഷയമാണ്.
2024-25, 2025-26 വർഷങ്ങളിലെ കേന്ദ്രബജറ്റിൽ വളരെ പ്രാധാന്യത്തോടെ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. ദീർഘകാല പദ്ധതികൾ രൂപപ്പെടുത്തുന്നതിനാൽ, ഭാവി ബജറ്റുകളിലും ഇക്കാര്യത്തിലുള്ള ശ്രദ്ധ തുടരാനാണ് സാധ്യത. എന്നാൽ, നേടിയെടുക്കാനുള്ള ദീർഘകാലപാത വ്യക്തമാണെങ്കിലും, ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു സർക്കാരിന് നിരവധി വെല്ലുവിളികൾ മറികടക്കേണ്ടതുണ്ട്.
മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച
ഇന്ത്യയുടെ സാമ്പത്തികവളർച്ച ഇപ്പോൾ മന്ദഗതിയിലാണ്. പൊതുനിക്ഷേപത്തിന്റെ അപര്യാപ്തതയും, ഉപഭോക്തൃ ആവശ്യകത കുറയുന്നതും, പ്രധാന മേഖലകളിലെ സ്വകാര്യ പങ്കാളിത്തത്തിന്റെ അഭാവവും ഇതിനു കാരണമാണ്. രാജ്യത്തിന്റെ പരിവർത്തനത്തിന് ആവശ്യമായ വേഗത്തെ ഈ വെല്ലുവിളികൾ തടസപ്പെടുത്തുന്നു.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (NSO) ആദ്യ മുൻകൂർ കണക്ക് (അഡ്വാൻസ് എസ്റ്റിമേറ്റ്) പ്രകാരം ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2023-24ലെ 8.2 ശതമാനത്തിൽനിന്ന് 2024-25ൽ 6.4 ശതമാനമായി കുറഞ്ഞു. ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തികവളർച്ചയുടെ ആദ്യകാല പ്രവചനമാണ് അഡ്വാൻസ് എസ്റ്റിമേറ്റ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇതു പിന്നീട് പരിഷ്കരിക്കപ്പെടും.
സാമ്പത്തിക സർവേ പ്രവചിച്ച 6.5-7% പരിധിയേക്കാൾ ഇതു കുറവാണ്. നോമിനൽ ജിഡിപിയുടെ വളർച്ചാനിരക്ക്, 9.7 ശതമാനമായി കണക്കാക്കപ്പെടുന്നു. ഇത് കഴിഞ്ഞ യൂണിയൻ ബജറ്റിൽ പ്രവചിച്ച 10.5 ശതമാനത്തേക്കാൾ വളരെ കുറവാണ്. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും റോഡുകൾ, ഊർജം, സാങ്കേതിക പുരോഗതി തുടങ്ങിയ അവശ്യ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ്. കൂടാതെ, പ്രാദേശിക അസമത്വങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണമാക്കി. സന്തുലിതവും സുസ്ഥിരവുമായ വളർച്ച ബുദ്ധിമുട്ടുള്ള കാര്യമാണ്.
തൊഴിലില്ലായ്മ
നമ്മുടെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് തൊഴിലില്ലായ്മ. വർധിച്ചുവരുന്ന തൊഴിലവസരങ്ങൾക്കൊപ്പം തൊഴിൽ വിപണി മുന്നേറുന്നില്ല. 2024ൽ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 7.7 ശതമാനമായിരുന്നു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ ഗണ്യമായ അന്തരം ഇതിൽ പ്രതിഫലിക്കുന്നു. ഇന്ത്യയുടെ തൊഴിൽ ബാസ്കറ്റ് വർധിച്ചിട്ടുണ്ടെങ്കിലും വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
തൊഴിൽമേഖലയിൽ സ്വയംതൊഴിൽ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതാണു കാരണം. ഇന്ത്യയിൽ ജോലി ചെയ്യുന്ന ഓരോ രണ്ടാമത്തെ വ്യക്തിയും സ്വയംതൊഴിൽ ചെയ്യുന്നവരാണ്. നൈപുണ്യ പരിശീലനം നേടിയ തൊഴിലാളികളുടെ കുറവും പ്രധാന പരിമിതിയാണ്. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ (എൻഎസ്ഡിസി) നടത്തിയ പഠനം വ്യക്തമാക്കുന്നത്, തൊഴിൽരഹിതരായ ജനസംഖ്യയുടെ വലിയൊരു വിഭാഗം ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള ബിരുദധാരികളും യുവാക്കളുമാണെന്നാണ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് ബജറ്റ് വിഹിതത്തിൽ മുൻവർഷത്തെ അപേക്ഷിച്ചു മാറ്റമൊന്നും ഉണ്ടായിട്ടില്ല. കോവിഡ് കാലത്തെ ലോക്ക്ഡൗൺ സമയത്ത് ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പിന്തുണച്ചത് തൊഴിലുറപ്പു പദ്ധതിയായിരുന്നു. മുൻവർഷം ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കായി നൽകിയ ബജറ്റ് വിഹിതം 86,000 കോടി രൂപയായിരുന്നു. നടപ്പുവർഷത്തിലും ഇതേ തുക മാത്രമാണു നൽകിയിട്ടുള്ളത്.
ഇന്ത്യയിലെ നൈപുണ്യ പരിശീലനം നേടിയ തൊഴിലാളികളുടെ ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം നിലനിൽക്കുന്നു. നൈപുണ്യമുള്ള തൊഴിലാളികളുടെ ആവശ്യം 103 ദശലക്ഷമാണെന്ന് പഠനം വിലയിരുത്തുന്നു; അതേസമയം നിലവിലെ വിതരണം വെറും 74 ദശലക്ഷം മാത്രമാണ്.
വ്യവസായങ്ങൾ വികസിക്കുകയും ഓട്ടോമേഷൻ വർധിക്കുകയും ചെയ്യുന്നതിനനുസരിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. കൂടാതെ, ഈ തസ്തികകൾ ഏറ്റവും ആവശ്യമുള്ളവർക്ക് എത്തിപ്പിടിക്കാവുന്നതാണെന്ന് ഉറപ്പാക്കുകയും വേണം. നൈപുണ്യവികസന പരിപാടികൾ വർധിപ്പിക്കുന്നതിനൊപ്പം പൊതു-സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ കൂട്ടുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും യോജിച്ച ശ്രമങ്ങൾ ആവശ്യമാണ്.
നികുതിനിരക്ക് പരിഷ്കരണം
2025-26 ബജറ്റ്, ഉപഭോഗം വർധിപ്പിക്കുന്നതിൽ, പ്രത്യേകിച്ച് ദരിദ്രവിഭാഗത്തിനും മധ്യവർഗത്തിനും ഇടയിൽ, ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. നികുതിനിരക്ക് പരിഷ്കരിക്കുന്നതിലൂടെ സർക്കാരിന് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണു പ്രതീക്ഷിക്കുന്നത്. ഇത് ഇടത്തരക്കാരുടെ നികുതി കുറയ്ക്കുമെന്നും അവരുടെ കൈകളിൽ കൂടുതൽ പണമുണ്ടാകുമെന്നും ഗാർഹിക ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവ വർധിപ്പിക്കുമെന്നും സർക്കാർ വിശ്വസിക്കുന്നു.
ഭൂരിഭാഗം ആളുകളുടെയും യഥാർഥ വരുമാനം (റിയൽ ഇൻകം) കുറയുന്നത്, ആദായനികുതി വെട്ടിക്കുറച്ചുകൊണ്ട് നികത്താൻ കഴിയില്ല. കാരണം, ഭൂരിപക്ഷവും നികുതി അടയ്ക്കാൻ പര്യാപ്തരല്ല. ഉയർന്ന വരുമാനമുള്ള നഗര നികുതിദായകർക്ക് നികുതിയിളവുകൾ ആശ്വാസം നൽകുമെങ്കിലും വിശാലമായ മധ്യവർഗത്തെ കാര്യമായി ബാധിക്കില്ല. ഈ തീരുമാനം മോദിക്ക് രാഷ്ട്രീയനേട്ടങ്ങൾ ഉണ്ടാക്കിയേക്കാം, പക്ഷേ വികസിത ഭാരതം കൈവരിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സർക്കാരിന് ഇനി ബഹുദൂരം സഞ്ചരിക്കേണ്ടിവരും. അതിനുള്ള മൂലധനവും സർക്കാർ കണ്ടെത്തേണ്ടതുണ്ട്.
(ലേഖിക തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിലെ ഇക്കണോമിക്സ് വിഭാഗം
അസിസ്റ്റന്റ് പ്രഫസറാണ്.)