ഡീപ്സീക് - ടെക് ലോകത്തെ അദ്ഭുതശിശു
ഡോ. ജൂബി മാത്യു
Wednesday, February 5, 2025 2:15 AM IST
സമകാലിക ലോകത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) കേവലം ഒരു സാങ്കേതിക മേഖലയല്ല; മനുഷ്യ നാഗരികതയുടെ രൂപരേഖകളെ പുനർനിർവചിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ദാർശനികവും സാമൂഹികവും ധാർമികവുമായ ഒരു ചിത്രമാണിത്. എഐ വികസനത്തിന് 500 കോടി രൂപയാണ് ബജറ്റിൽ ഇന്ത്യ ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സെർവറുകളിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ജനറേറ്റീവ് എഐ മോഡൽ ഗവൺമെന്റ് പ്രഖ്യാപിച്ചുകഴിഞ്ഞു.
ചൈനയിലെ ഹാങ്ഷൂ ആസ്ഥാനമായുള്ള ഡീപ്സീക് എന്ന ഗവേഷണ ലാബ് വികസിപ്പിച്ച ഒരു നൂതന എഐ ലാംഗ്വേജ് മോഡലാണ് "ഡീപ്സീക്'. ലിയാങ് വെന്‍ഫെങ് എന്ന ഗവേഷകന് 2023ല്‍ സ്ഥാപിച്ചതാണ് ഈ ലാബ്.
2022ല്‍ അമേരിക്കന്‍ കമ്പനിയായ ഓപ്പണ്‍ എഐ ചാറ്റ് ജിപിടി അവതരിപ്പിച്ചതോടെയാണ് കൃത്രിമബുദ്ധി ലോകശക്തികള്‍ക്ക് ഒരു മത്സരവിഷയമാകുന്നത്. ചാറ്റ്ജിപിടി, ജെമിനി, ക്ലോഡ് എഐ തുടങ്ങിയ പ്രമുഖ എഐ പ്ലാറ്റ്ഫോമുകൾക്കു ബദലായാണ് ചൈന ഡീപ്സീക് പുറത്തിറക്കിയത്. ഓപ്പണ്‍ എഐയുടെ 01 മോഡലിനെ അപേക്ഷിച്ച് ഡീപ്സീക് ആര് 1ന്റെ ചെലവ് 50 മടങ്ങ് വരെ കുറവാണ്. ഈ രംഗത്തെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായി കണക്കാക്കാൻ ഡീപ് സീക്കിന്റെ വ്യത്യസ്തമാർന്ന കഴിവുകൾ സഹായിക്കുന്നു എന്ന് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പരിണാമത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഡീപ് സീക് ആർ1 ലാംഗ്വേജ് മോഡൽ. അടിസ്ഥാനപരമായി മനുഷ്യന്റെ ഭാഷയെ വിശകലനം ചെയ്യുകയും മനസിലാക്കുകയും ചെയ്യുന്ന അൽഗോരിതങ്ങളാണ് ലാംഗ്വേജ് മോഡൽ. ഇത് 671 ബില്യൺ പാരാമീറ്ററുകൾ അടങ്ങുന്ന ഒരു ന്യൂറൽ നെറ്റ്വർക്കിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. മെഷീൻ ലേണിങ്ങിൽ കൃത്യമായ പ്രവചനങ്ങൾ നടത്താനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനായി പരിശീലന പ്രക്രിയയിൽ ക്രമീകരിക്കാൻ കഴിയുന്ന എഐ സിസ്റ്റത്തിലെ ഒരു വേരിയബിളിനെ പ്രതിനിധീകരിക്കുന്ന പദമാണ് പാരാമീറ്റർ എന്നത്.
മറ്റുള്ള ഭാഷാ മോഡലുകളിൽനിന്ന് ഡീപ് സീക്കിനെ വ്യത്യസ്തമാക്കുന്നത് ചെയിൻ ഓഫ് തോട്ട് (CoT) പ്രോംപ്റ്റിംഗും റീ ഇൻഫോഴ്സ്മെന്റ് ലേണിംഗുമാണ്. പ്രോഗ്രാമിംഗ് ടാസ്കുകൾക്കായി ഡീപ്സീക്-കോഡർ, ഡെവലപ്പർമാർക്കുള്ള ലൈറ്റ് വെയ്റ്റ് പതിപ്പായ ഡീപ്സീക്-ആർ1-ലൈറ്റ്-പ്രിവ്യൂ, ഡീപ് സീക് മാത്ത് തുടങ്ങിയവ ലഭ്യമാണ്. ഡീപ്സീക്കിന്റെ എഐ മോഡലുകൾ ഓപ്പൺ സോഴ്സ് മോഡലുകളാണ് എന്നതാണ് ഓപ്പൺ എഐ പോലുള്ള എതിരാളികളിൽനിന്ന് ഡീപ്സീക്കിനെ വ്യത്യസ്തമാക്കുന്നത്.
ഈ എഐ മോഡലിന്റെ പ്രധാന ഭാഗങ്ങൾ ആർക്കും ലൈസൻസിങ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാനും പരിഷ്കരിക്കാനും സാധിക്കും. ഗണിതശാസ്ത്രം, കോഡിംഗ്, സയന്റിഫിക് പ്രോസസിംഗ്, വൈദ്യശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാനവും പ്രശ്നപരിഹാര കഴിവുകളും ഈ മോഡലിനുണ്ട്.
ഓപ്പണ്‍ എഐ, മെറ്റ പോലുള്ള കമ്പനികള്‍, വില കൂടിയ എഐ ചിപ്പുകള്‍ (Nvidia's H100 GPUകള്‍ പോലെ) ഉപയോഗിച്ച് അത്യാധുനിക മോഡലുകള്‍ വികസിപ്പിക്കുമ്പോള്‍, കുറഞ്ഞ ചെലവിലാണ് സമാന പ്രകടനം കാഴ്ചവയ്ക്കുന്ന മോഡലുകള്‍ ഡീപ്സീക് സൃഷ്ടിച്ചത്. ചാറ്റ്ജിപിടിയെക്കാൾ ഉന്നത നിലവാരവും പരിധികളില്ലാത്തതുമായ എഐ അനുഭവം ഡീപ്സീക് നൽകുന്നുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചൈനയുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി എന്തു ചോദിച്ചാലും ഒഴിഞ്ഞുമാറുമെന്നതാണ് ഡീപ്സീക്കില് പതിയിരിക്കുന്ന അപകടം. ചൈനയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കെതിരായി ഡീപ്സീക് മറുപടി തരില്ല.
ഇന്ത്യ-ചൈന നയതന്ത്ര ബന്ധം, ചൈന-തായ്വാന് ബന്ധം, ടിയാനന്മെന് സ്ക്വയര്‍ കൂട്ടക്കൊല തുടങ്ങിയ നിര്‍ണായക രാഷ്ട്രീയ വിഷയങ്ങളില്‍ ഡീപ്സീക്കിന് ഉത്തരമില്ല. “ക്ഷമിക്കണം, എന്റെ ശേഷിക്ക് അപ്പുറമുള്ള ചോദ്യമാണിത്. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം” - നിര്‍ണായകമായ പല വിഷയങ്ങളിലും ഡീപ്സീക്കിന്റെ മറുപടി ഇങ്ങനെയാണ്.