മറനീക്കുന്ന വയലൻസ്
ഡോ. ബിൻസ് എം. മാത്യു
Wednesday, February 5, 2025 2:13 AM IST
മനുഷ്യരുടെയെല്ലാം ഉള്ളിൽ ഹിംസ ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് പ്രശസ്ത ഇംഗ്ലീഷ് തത്ത്വചിന്തകനായ തോമസ് ഹോബ്സ് പറയുന്നത്. മതം, സമൂഹം, സംസ്കാരം തുടങ്ങിയ ഘടകങ്ങളാണ് ഈ ഹിംസ്രജന്തുവിനെ ഉള്ളിന്റെ തടവറയിൽ അടക്കിക്കിടത്തുന്നത്. സംസ്കാരത്തെയും നവോത്ഥാന മൂല്യങ്ങളെയുംകുറിച്ച് വീന്പിളക്കുന്ന മലയാളിക്ക് അത്രയ്ക്കൊന്നും അഭിമാനിക്കാവുന്ന കാര്യങ്ങളല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വയലൻസിന്റെ ഏതറ്റം വരെയും പോകാൻ കഴിയുമെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ് മലയാളി. പോലീസുകാരനെ ചവിട്ടിക്കൊല്ലുന്നതും പിഞ്ചുകുഞ്ഞിനെ യാതൊരു പ്രകോപനവുമില്ലാതെ കിണറ്റിലെറിയുന്നതും കൊലപാതകത്തിനുശേഷം മൃതദേഹം കഷണങ്ങളാക്കുന്നതും തുടങ്ങി എന്തെല്ലാം ക്രൂരകൃത്യങ്ങളാണ് അനുദിനം സംഭവിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സമൂഹമനസ് രോഗാതുരമാകുന്നുണ്ടെന്നതിന്റെ മുന്നറിയിപ്പാണ്.
ചില കൗതുകങ്ങൾ
ചുട്ട ഭക്ഷണത്തോടുള്ള പ്രീതി നമുക്കു വർധിച്ചിട്ടില്ലേ? ബാർബി ക്യു, തന്തൂരി ഷോപ്പുകൾ അടുത്തകാലങ്ങളിൽ നമ്മുടെ നാട്ടിൽ പെരുകിയിട്ടുണ്ട്. പ്രാചീന ശിലായുഗ മനുഷ്യന്റെ ഇഷ്ടഭോജ്യങ്ങളായിരുന്നു തീയിൽ ചുട്ടെടുത്ത മാംസം. പെരുന്പറകൾ മുഴക്കി വാദ്യങ്ങൾ കൊട്ടിത്തകർത്ത് അർഥരഹിതമായ ശബ്ദങ്ങളുടെ അകന്പടിയോടെ പ്രാചീനമനുഷ്യർ പാടി നൃത്തംചെയ്തു. മാന്ത്രികനൃത്തം ചെയ്യാൻ ക്ഷണിക്കുന്ന നമ്മുടെ പുതിയ പാട്ടുകൾക്ക് അർഥമെവിടെ?
ഗോത്രമനുഷ്യർ എതിർ ഗോത്രത്തിലുള്ളവരെ കൊല്ലുന്നതുപോലെ അങ്ങേയറ്റം ക്രൂരമാണ് കൊലപാതകങ്ങൾ. ലൈവ് റിപ്പോർട്ടിംഗിൽ പതിവായി കേൾക്കാം പ്രതിക്ക് കുറ്റബോധമില്ലെന്ന്.നടന്നുനടന്ന് നാം ശിലായുഗമനുഷ്യന്റെ ഇരുണ്ട ഗുഹകളിലേക്കെത്താൻ ദൂരം അധികമില്ല. ക്രൂരതയും ഹിംസയും ആഘോഷിക്കപ്പെടുന്നു. ശിക്ഷയെക്കുറിയുള്ള ഭയങ്ങൾ അപ്രസക്തമാക്കി കൊടുംകുറ്റവാളികൾ ആഘോഷപൂർവം ജയിൽ മോചിതരാകുന്നു.
ബോബോ പാവ
വയലൻസ് എങ്ങനെ കുട്ടികളിലെത്തുന്നുവെന്നു നിരീക്ഷിക്കാൻ നടത്തിയതാണ് ബോബോ പരീക്ഷണം. ചവിട്ടിമറിച്ചിട്ടാൽ പെട്ടെന്നുതന്നെ പൂർവസ്ഥിതി പ്രാപിക്കുന്ന പാവകളാണ് ബോബോകൾ. മൂന്ന് മുതൽ ആറു വയസുവരെയുള്ള കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു നിരീക്ഷണം. ഒന്നാമത്തെ ഗ്രൂപ്പിലെ കുട്ടിളെ മുതിർന്നവർ ബോബോ പാവകളെ മർദിക്കുന്ന വീഡിയോകൾ കാണിച്ചു. ഇങ്ങനെ പല പ്രാവശ്യം ആവർത്തിച്ചു. രണ്ടാം ഗ്രൂപ്പിലെ കുട്ടികളെ കാണിച്ചത് പാവയോട് വാത്സല്യപൂർവം പെരുമാറുന്ന മുതിർന്നവരുടെ ചിത്രങ്ങളായിരുന്നു. മൂന്നാം ഗ്രൂപ്പുകാരെ പാവയുമായി ബന്ധപ്പെടുത്തി പ്രത്യേകിച്ചൊന്നും കാണിച്ചില്ല.
അല്പ സമയത്തിനുശേഷം മൂന്നു ഗ്രൂപ്പുകൾക്കും ബോബോ പാവയെ നൽകി. ആദ്യത്ത കുട്ടികൾ ബോബോയെ കണ്ടതോടെ ആക്രമണം തുടങ്ങി. രണ്ടാമത്തെ കൂട്ടർ ലാളിച്ചു. മൂന്നാമത്തെ കൂട്ടർ സ്വാഭാവികമായി പാവയോട് കുട്ടികൾ എങ്ങനെ പെരുമാറുന്നുവോ അങ്ങനെ പെരുമാറി. മനുഷ്യരുടെ, പ്രത്യേകിച്ച് കുട്ടികളുടെ അനുകരണശീലത്തിന് അടിവരയിടുന്ന നിരീക്ഷണമായിരുന്നു 1962ൽ നടന്നത്.
ചോര പുരണ്ട സെല്ലുലോയ്ഡ്
യാഥാർഥ്യവും അനുകരണവും തമ്മിലുള്ള അതിർവരന്പുകൾ ഇല്ലാതാക്കുകയാണ് ക്രൈം സിനിമകൾ ചെയ്യുന്നതെന്നാണ് ആധുനികോത്തര ഫ്രഞ്ച് ചിന്തകനായ ജീൻ ബോദ്ലാർ ക്രൈം സിനിമകളെ മുൻനിർത്തി പറയുന്നത്. യാഥാർഥ്യത്തേക്കാൾ വലിയ യാഥാർഥ്യങ്ങളാണ് ക്രൈം സിനിമയിലെ വയലൻസ് സീക്വൻസുകൾ എന്നാണ് അദ്ദേഹം പറയുന്നത്.
ഹിംസയുടെ ഫലമായി ഇരയ്ക്കുണ്ടാകുന്ന തീവ്രമായ വേദനയുടെ കെടുതികളൊന്നും സ്ക്രീനിൽ കാണിക്കാതെ ആക്രമിക്കുന്ന രംഗങ്ങൾ സ്ലോ മോഷനിൽ സ്ക്രീൻ ടൈം കൂടുതൽ നൽകി അവതരിപ്പിക്കുന്പോൾ ഹിംസ ഹീറോയിസമാണെന്ന് സ്ഥാപിക്കുന്നുണ്ട്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ മികച്ച കോമഡി ചിത്രങ്ങളിറങ്ങിയത് മലയാളത്തിലായിരുന്നു. മലയാളസിനിമയിൽ ഹാസ്യത്തിന്റെ ഗ്രാഫ് എത്ര പെട്ടെന്നാണു താഴേക്കു വീണത്.
2020നുശേഷം മലയാളത്തിലിറങ്ങിയത് വിരലിലെണ്ണാവുന്ന കോമഡി ചിത്രങ്ങൾ മാത്രമാണ്.ആ സ്ഥാനം വലയൻസ് മുഖ്യപ്രമേയമാകുന്ന ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. കെജിഎഫ്, ജയിലർ പോലുള്ള തീവ്രവയലൻസ് സീക്വൻസുകളുള്ള അന്യഭാഷാ ചിത്രങ്ങളും കേരളത്തിൽ വൻ വിജയയമായിരുന്നു. തിരുവനന്തപുരത്തു നടന്ന ഒരു കൊലപാതകത്തിന്റെ പ്രചോദനം കെജിഎഫിലെ റോക്കി ഭായ് ആയിരുന്നത്രേ. ദൃശ്യം മോഡൽ ഒരു ക്ലീഷേയായി മാറി. സൂക്ഷ്മദർശിനി എന്നാണ് സംഭവിക്കുന്നത് എന്നറിയില്ല.
ലോക്ഡൗണിൽ വീടു പൂട്ടിയിരുന്ന് ഒടിടിയിലൂടെ യൗവനം നിരന്തരം കണ്ട കൊറിയൻ സീരീസ് മുതൽ കൾട്ട് സിനിമകൾ വരെ ഹിംസയുടെ വസന്തത്തിന് കാരണമായിട്ടുണ്ട്. ഹൈപ്പർ റിയൽ വയലൻസാണ് യുവതയുടെ ട്രെന്റ്. കമ്മട്ടിപ്പാടം, തല്ലുമാല, അങ്കമാലി ഡയറീസ് മുതൽ മാർക്കോ വരെ കുറേ ചിത്രങ്ങൾ ഈ നിരയിലുണ്ട്. വയലൻസിനെ എത്രമാത്രം സ്വാഭാവികമാക്കാമോ അത്രമാത്രം സ്വാഭാവികമാക്കുന്നു. നീണ്ട സീക്വൻസുകളും ദൈർഘ്യമേറിയ ഷോട്ടുകളും ഇതിനുപയോഗിക്കുന്നു. ഹൈപ്പർ റിയലിസ്റ്റിക് വയലൻസ്, സ്റ്റൈലിസ്റ്റ് ക്രൈം, സ്ലാഷർ മൂവീസ് ഇവയെല്ലാം വയലൻസിന് മിഴിവു നൽകുന്ന ചലച്ചിത്ര സങ്കേതങ്ങളാണ്.
ദൃശ്യവും ശ്രവ്യവും ചേർന്ന മികച്ച തിയറ്റർ എക്സ്പീരിയൻസാണ് മൾട്ടി പ്ലക്സിലിരുന്ന് പടം കാണുന്നവരുടെ ലക്ഷ്യം. ആക്രോശങ്ങളും അട്ടഹാസങ്ങളും ആയുധങ്ങളുടെ കൂട്ടിയുരുമ്മലുകളും പൊട്ടുന്ന ഗ്ലാസുകളും ചേർന്ന് സൗണ്ട്ട്രാക്കിൽ വിസ്മയങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത വയലൻസ് രംഗങ്ങൾക്കുണ്ട്. കട്ടച്ചോരയുംകൂടി നിറച്ചാൽ സ്ക്രീൻ കളറായി. ഇത്തരം സാധ്യതകളില്ലാത്ത കുടുംബകഥകൾക്ക് ഇനി ഒടിടിയിൽ ഇരിക്കാം.
സെല്ലുലോയ്ഡിലെ ഈ ചോര പുരണ്ട ആഘോഷങ്ങൾ ഹിംസയെ സാധാരണവത്കരിക്കുന്നുണ്ട്. ഇത്തരം രംഗങ്ങൾ ആവർത്തിച്ചു കാണാനും അനുകരിക്കാനും സിനിമകൾ കാരണമാകുന്നുണ്ട്. വയലൻസ് യുവാക്കളിൽ ആണത്തത്തെക്കുറിച്ച് പുതിയ ഭാഷ്യങ്ങൾ നിർമിക്കുന്നു. പ്രതികാരം ചെയ്യുന്ന, മദ്യപിക്കുന്ന, പുകവലിക്കുന്ന, നിയമം ലംഘിക്കുന്ന, മയക്കുമരുന്ന് ഉപയോഗിക്കുന്നതാണ് ആണത്തം എന്ന സങ്കല്പം. എത്രയെത്ര സിനിമകളിലാണ് ഇങ്ങനെയുള്ള നായകകഥാപാത്രങ്ങൾ ആവർത്തിക്കുന്നത്.
‘ആവേശം’പോലുള്ള സിനിമകൾ ഗ്യാങ്സ്റ്റർ സംസ്കാരത്തെ ഉദാത്തവത്കരിക്കുന്നുണ്ട്. കൂട്ടുകാരുടെ ഒരു കൂട്ടമുണ്ടെങ്കിൽ അവർ സ്വയം ഗ്യാങ്ങായി ഭാവന ചെയ്യുന്നു. കേരളത്തിൽ യുവാക്കൾ തമ്മിലുള്ള സംഘർഷങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സ്ക്രീൻ വയലൻസ് ആദ്യം കുട്ടികളെയും യുവാക്കളെയുമാണ് സ്വാധീനിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിൽ കുട്ടികൾ സ്കൂളിൽ നടത്തിയ വെടിവയ്പുകൾക്കു പ്രേരണയായത് ടെലിവിഷൻ സീരീസുകളും സിനിമകളുമായിരുന്നു. നമ്മുടെ സിനിമകൾ വയലന്റാകുന്നത് ഒരു സൂചനയാണ്. അത്തരം സിനിമകൾക്ക് ആളുകൾ ഇടിച്ചുകയറുന്നത് അതിലും വലിയ സൂചനയാണ്.
റീൽ ലൈഫ്
ഫേസ്ബുക്കിൽനിന്ന് ഇൻസ്റ്റയിലേക്കുള്ള മാറ്റം ടെക്സ്റ്റുകളിൽനിന്ന് റീലുകളിലേക്കുള്ള മാറ്റം കൂടിയായിരുന്നു. അടുത്തകാലത്ത് ഉയർന്നുവന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിൽ ചിലർ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ പ്രശസ്തരായവരാണ്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യപ്പെട്ട ഒരു ഇൻഫ്ളുവൻസർ ജയിലിലേക്ക് കയറുന്ന രംഗവും ഒരു റീലാക്കിമാറ്റി.
പോലീസ്, നിയമം, കോടതി ഇങ്ങനെ അധികാരത്തിന്റെയും നിയമവ്യവസ്ഥയുടെയും ഘടകങ്ങളെ ഇത്തരം റീലുകൾ ലഘൂകരിക്കുന്നുണ്ട്. റോഡിലൂടെ നിയമം ലംഘിച്ച് നടത്തുന്ന റേസുകളും നിയമപാലകരെയും അധികാരികളെയും ചീത്ത പറയുന്ന രംഗങ്ങളും ട്രെന്റിംഗ് ആകുന്നത് നിയമവ്യവസ്ഥയെപ്പറ്റിയുള്ള ഭയം ഇല്ലാതാക്കുകകൂടിയാണ്. അത് നിയമം ലംഘിക്കാൻ പ്രേരണ നൽകുന്നുമുണ്ട്. യുവാക്കൾക്കിടയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനു കാരണങ്ങളിലൊന്ന് ഇതാണ്.
ശ്ലീലം/അശ്ലീലം, നോർമൽ/അബ്നോർമൽ ഇവയ്ക്കിടയിലെ അതിർവരന്പുകളെ പല വ്ലോഗർമാരും ദുർബലമാക്കുന്നുണ്ട്. അശ്ലീലം പറഞ്ഞുകൊണ്ടുമാത്രം ട്രെന്റിങ്ങായ വീഡിയോകൾ ധാരാളം. പല യൂട്യൂബേഴ്സും അശ്ലീലത്തെയും അബ്നോർമാലിറ്റിയെയും നോർമലൈസ് ചെയ്യുന്നു. കുട്ടികൾക്ക് പെരുമാറ്റത്തെപ്പറ്റിയുള്ള വികലമായ ധാരണകൾ ഉണ്ടാക്കുന്നു. തെരുവ്, പൊതുസ്ഥലങ്ങൾ അയൽപക്കങ്ങൾ ഇവിടെയൊക്കെ നടക്കുന്ന വഴക്കുകളും സംഘർഷങ്ങളും മൊബൈലിൽ ഷൂട്ട് ചെയ്തത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ പെട്ടെന്നുതന്നെ അത് വയറലായി മാറാറുണ്ട്. ചെറിയ ക്ലാസുകളിൽപോലും കുട്ടികൾ ചേരിതിരിഞ്ഞ് അടിയുണ്ടാക്കുന്നു.
വടി നഷ്ടപ്പെട്ട അധ്യാപകർ ബാലാവകാശ നിയമം ഓർത്ത് നെടുവീർപ്പെടുന്നു. പണ്ട് തെറ്റ് എന്നു വിചാരിച്ചിരുന്ന പെരുമാറ്റങ്ങളും തെറിവിളികളും സ്വാഭാവിക പ്രതികരണമാണെന്ന ധാരണ വേഗം കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ വളരുന്നു. അധ്യാപകരുടെ മുന്പിലും ക്ലാസ് മുറികളിലും വീഡിയോകൾ കുട്ടികൾക്ക് മാതൃകകളായി മാറുന്നു. ഔപചാരികം, അനൗപചാരികം തുടങ്ങിയ സന്ദർഭവ്യത്യാസവും പെരുമാറ്റത്തിലെ ക്രമപ്പെടുത്തലുമൊന്നും കുട്ടികൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്നു.
ക്രമപ്പെടുത്തലാണ് സംസ്കാരം. വിദ്യാഭ്യാസം, മതം, നിയമവ്യവസ്ഥ തുടങ്ങിയവയെല്ലാം ഈ ക്രമപ്പെടുത്തലിന്റെ ഏജൻസികളാണ്. അതിനെയെല്ലാം അപ്രസക്തമാക്കുന്നു സിനിമയും സോഷ്യൽ മീഡിയയും.
മനുഷ്യന്റെ ജീനുകളിലെ ഉള്ളിൽ തലവച്ചുറങ്ങുന്ന ആദിമ മനുഷ്യനുണ്ട്. ആധിപത്യവും കീഴടക്കലും അക്രമവും ജീവശ്വാസംപോലെ കൊണ്ടുനടക്കുന്ന അവൻ ഉണർന്നുതുടങ്ങുന്നുവെങ്കിൽ സംസ്കാരവും ഭരണകൂടങ്ങളും നിയമവ്യവസ്ഥയും ദുർബലപ്പെട്ടു എന്നാണ് അർഥം. പിടിമുറുക്കേണ്ടതുണ്ട്. മെത്തഡോളജികൾ പുതുക്കേണ്ടതുമുണ്ട്.