ഭീഷണി നിലനിർത്തി ട്രംപ്
റ്റി.സി. മാത്യു
Tuesday, February 4, 2025 1:16 AM IST
പറഞ്ഞതു ചെയ്യുന്നു എന്ന പ്രതീതി നിലനിർത്തിയെങ്കിലും ഡോണൾഡ് ട്രംപ് ഒരടി പിന്നോട്ടു വച്ചിരിക്കുകയാണ്. മൂന്നു രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ചുങ്കം ചുമത്തിയതിനു പിന്നാലെ മെക്സിക്കോയ്ക്കെതിരായ നടപടി മരവിപ്പിച്ചു. കാനഡയുമായി ചർച്ചയ്ക്കും വഴിയൊരുങ്ങി. അതിനിടെ യൂറോപ്യൻ യൂണിയനിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കാര്യങ്ങൾ തന്റെ പിടിയിൽത്തന്നെയെന്ന് ഉറപ്പിക്കാനും ശ്രമിച്ചു.
അയൽരാജ്യങ്ങളായ കാനഡയിലും മെക്സിക്കോയിലും നിന്നുള്ളവയ്ക്ക് 25 ശതമാനം, ചൈനയിൽ നിന്നുള്ളതിന് 10 ശതമാനം. കാനഡയിൽനിന്ന് ക്രൂഡ് ഓയിലും വൈദ്യുതിയും കൊണ്ടുവരുന്നതിന് 10 ശതമാനം മാത്രം. ഇങ്ങനെ മൊത്തം 1.4 ട്രില്യൺ ഡോളർ (1,40,000 കോടി ഡോളർ) ഇറക്കുമതിക്കാണു ചുങ്കം പ്രഖ്യാപിച്ചിരുന്നത്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് പല ഘട്ടമായി 38,000 കോടി ഡോളർ ഉത്പന്നങ്ങൾക്കേ ചുങ്കം ചുമത്തിയുള്ളൂ. ഇപ്പോൾ ഒറ്റയടിക്ക് അതിന്റെ മൂന്നര ഇരട്ടി തുകയ്ക്കുള്ള സാധനങ്ങൾക്കു ചുങ്കം ചുമത്താനായിരുന്നു നീക്കം.
തൊട്ടുപിന്നാലെ ബദൽ നടപടികൾ ഉണ്ടാകുമെന്നു മൂന്നു രാജ്യങ്ങളും പ്രഖ്യാപിച്ചു. കാനഡ അമേരിക്കയിൽനിന്നുള്ള 10,600 കോടി ഡോളറിന്റെ ഇറക്കുമതിക്കു രണ്ടു ഘട്ടമായി ചുങ്കം ചുമത്തുമെന്ന് പറഞ്ഞു. മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷൈൻബോം പാർദോ ട്രംപുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് നടപടി മരവിപ്പിച്ചത്.
ഒത്തുതീർപ്പാകുമോ?
ചർച്ചകൾക്കു വഴിയൊരുക്കിയെങ്കിലും ട്രംപിന്റെ നിഘണ്ടുവിൽ ഒത്തുതീർപ്പ് തന്റെ വ്യവസ്ഥകളിൽ മാത്രമുള്ള കാര്യമാണ്. ആ വ്യവസ്ഥകൾ എതിരാളികൾക്കു സ്വീകാര്യമാകുമോയെന്ന സൂചനകളും വ്യക്തമല്ല. തുടങ്ങിവച്ച വ്യാപാരയുദ്ധം ഏതുവഴി മുന്നേറുമെന്ന് പെട്ടെന്നു പറയാനാകില്ലെന്നു ചുരുക്കം.
കമ്പോളങ്ങൾ തകർന്നു
ഇനി യുദ്ധം തുടരുകയാണെങ്കിലോ? യുദ്ധപ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസം പൂർത്തിയാകുമ്പോൾ നടന്ന കാര്യങ്ങൾ ഭാവി എന്താകുമെന്നു കാണിക്കുന്നുണ്ട്.
ഓഹരിക്കമ്പോളങ്ങൾ ഇടിഞ്ഞു; ഡോളർ കുതിച്ചുകയറി, മറ്റു കറൻസികൾ ദുർബലമായി; സ്വർണം പുതിയ റിക്കാർഡ് (ഔൺസിന് 1817 ഡോളർ) കുറിച്ചു; ക്രിപ്റ്റോ കറൻസികൾ 10 ശതമാനം ഇടിഞ്ഞു; വ്യാവസായിക ലോഹങ്ങളുടെ വില തകർന്നു. ഈ വിപണികളിലെല്ലാംകൂടി വന്ന നഷ്ടം ലക്ഷക്കണക്കിനു കോടി ഡോളറിന്റേത്.
വളർച്ച കൂപ്പുകുത്തും; മാന്ദ്യം വരാം
സാമ്പത്തിക, ധനകാര്യ മേഖലകൾ വലിയ തിരിച്ചടിയാണു മുന്നിൽ കാണുന്നത്. ശനിയാഴ്ച ട്രംപ് പ്രഖ്യാപിച്ച കാര്യങ്ങൾ മാത്രം നടന്നാൽ അമേരിക്കയുടെ സാമ്പത്തികവളർച്ച 2025ൽ 1.5 ശതമാനവും 2026ൽ 2.1 ശതമാനവും കുറയാം എന്നാണ് ഏണസ്റ്റ് ആൻഡ് യംഗിലെ ചീഫ് ഇക്കണോമിസ്റ്റ് ഗ്രിഗറി ഡെക്കോ കണക്കാക്കുന്നത്. ഈ വർഷം 2.7ഉം അടുത്ത വർഷം 2.1ഉം ശതമാനം വളർച്ചയാണ് അമേരിക്കയ്ക്ക് ഐഎംഎഫ് കഴിഞ്ഞ മാസം കണക്കാക്കിയത്. അതു മുൻ പറഞ്ഞതുപോലെ ഇടിഞ്ഞാൽ അമേരിക്ക വലിയ മാന്ദ്യത്തിലാകും. അതു ലോകത്തിലെ എല്ലാ രാജ്യങ്ങളെയും മാന്ദ്യത്തിലേക്കു വലിച്ചുതാഴ്ത്തും.
കാനഡയുടെ ജിഡിപി മൂന്നും മെക്സിക്കാേയുടേത് രണ്ടും ശതമാനം കുറയാം. ആഗോള വളർച്ച ഒരു ശതമാനം ഇടിയാം എന്നാണു നിഗമനം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വളർച്ചയും ബജറ്റുകളും പദ്ധതികളും പാളും. (ഇപ്പോൾതന്നെ ഇന്ത്യയുടെ ജിഡിപി വളർച്ച നാലു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന 6.4 ശതമാനത്തിലേക്കു ചുരുങ്ങിയിരിക്കുകയാണ്).
അമേരിക്കയിൽ വിലക്കയറ്റം കുതിക്കും
ചുങ്കം വരുമ്പോൾ ഉത്പന്നങ്ങൾക്കു വില കൂടും. ഒരു സാധാരണ കാറിന്റെ വിലയിൽ 3,000 ഡോളറിന്റെ വർധനയാണു പ്രതീക്ഷിക്കുന്നത്. യുഎസിൽ വിൽക്കുന്ന കാറുകളിൽ മുക്കാൽ ഭാഗവും മെക്സിക്കോയിലോ കാനഡയിലോ നിർമിക്കുന്നതാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടമായ ടോങ്ക എന്ന കളിപ്പാട്ട കാറിന് 30 ഡോളറുള്ളത് 35 മുതൽ 40 വരെ ഡോളറാകാൻ വ്യാപാരയുദ്ധം വഴിതെളിക്കും. ധാന്യങ്ങൾ, മാട്ടിറച്ചി, ചിക്കൻ, ചെറി, തക്കാളി തുടങ്ങിയ പച്ചക്കറികൾ, മേപ്പിൾ സിറപ്പ് തുടങ്ങിയ പാനീയങ്ങൾ, അവക്കാഡോ തുടങ്ങിയ പഴങ്ങൾ, ടെക്കീല തുടങ്ങിയ മദ്യങ്ങൾ... ട്രംപിന്റെ തീരുമാനത്തെത്തുടർന്ന് അമേരിക്കൻ വ്യാപാരശാലകളിലെ ഒട്ടുമിക്ക സാധനങ്ങൾക്കും വില കയറും. കുടുംബ ബജറ്റുകൾ താളം തെറ്റും. കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുമെന്നു വാഗ്ദാനം ചെയ്താണു ട്രംപ് വോട്ട് പിടിച്ചത്.
ചുങ്കം മൂലം യുഎസ് ചില്ലറ വിലക്കയറ്റം 3.5 ശതമാനമാകാം. അതു പലിശ വർധിപ്പിക്കാൻ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിനെ (ഫെഡ്) പ്രേരിപ്പിക്കും. ചുങ്കം വർധന ഓരോ അമേരിക്കൻ കുടുംബത്തിനും വർഷം 830 ഡോളറിന്റെ അധികനികുതിക്കു സമമാണ്. ഇതു ജനങ്ങളുടെ ക്രയശേഷി കുറയ്ക്കും. രാജ്യത്തു വ്യാപാരം കുറയും. വ്യാപാരമാന്ദ്യം സാമ്പത്തിക മാന്ദ്യത്തിലേക്കും നയിക്കാം.
വിവരംകെട്ട വ്യാപാരയുദ്ധം
അതുകൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും വിവരംകെട്ട വ്യാപാരയുദ്ധം എന്ന് വോൾ സ്ട്രീറ്റ് ജേർണൽ ട്രംപിന്റെ നടപടിയെ വിശേഷിപ്പിച്ചത്. അമേരിക്കൻ സമ്പദ്ഘടനയെ സ്വയം കുത്തി മുറിവേൽപ്പിക്കുകയാണു ട്രംപ് എന്നാണു ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്ന മുൻ യുഎസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ് പറഞ്ഞത്.
1920കളിൽ യുഎസ് പ്രസിഡന്റുമാരായിരുന്ന കാൽവിൻ കൂളിഡ്ജും ഹെർബർട്ട് ഹൂവറും ഇറക്കുമതിച്ചുങ്കം ഉയർത്തി നിർത്തിയതു വലിയ സാമ്പത്തിക തകർച്ചയിലേക്കു രാജ്യവും ലോകവും വീഴാനുള്ള കാരണങ്ങളിൽ ഒന്നായി സാമ്പത്തിക ചരിത്ര രചയിതാക്കൾ പറയാറുണ്ട്. ട്രംപിന്റെ നടപടിയും സമാന ദുരന്തത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്.
അമേരിക്കയിൽ വന്നാൽ ചുങ്കമില്ല
എന്നാൽ, ട്രംപ് ചുങ്കത്തെ ഏറ്റവും മഹത്തായ കണ്ടുപിടിത്തമായാണു വിശേഷിപ്പിക്കുന്നത്. അതുപയോഗിച്ചു മറ്റു രാജ്യങ്ങളെ വരുതിയിലാക്കാം എന്നു വിശ്വസിക്കുന്നു. അമേരിക്കയിൽനിന്നു പുറത്തേക്കു പോയ വ്യവസായങ്ങളെ മടക്കിക്കൊണ്ടുവരാൻ ഇതുവഴി കഴിയും എന്നാണ് അദ്ദേഹം കരുതുന്നത്. “അമേരിക്കയിൽ ഉത്പാദിപ്പിക്കൂ, ഇവിടെ ചുങ്കം ഇല്ല” എന്നു ഞായറാഴ്ചയും അദ്ദേഹം സമൂഹമാധ്യമ പോസ്റ്റ് ഇട്ടത് കമ്പനികൾ വരും എന്ന പ്രതീക്ഷയിലാകാം. ഫോഡ്, ജനറൽ മോട്ടോഴ്സ് എന്നീ അമേരിക്കൻ വാഹനകമ്പനികളും ടൊയോട്ട, ഫോക്സ് വാഗൺ, സ്റ്റെല്ലാന്റിസ്, ഹോണ്ട തുടങ്ങിയ വിദേശ കമ്പനികളും കാനഡയിലും മെക്സിക്കോയിലും നിർമിച്ച വാഹനങ്ങളാണ് അമേരിക്കയിൽ വിൽക്കുന്നത്.
ട്രംപ് ഉദ്ദേശിക്കുംപോലെ കമ്പനികളും തൊഴിലും അമേരിക്കയിലേക്കു മടങ്ങിവരുമോ എന്നതു കണ്ടറിയണം. കഴിഞ്ഞ ഭരണകാലത്തു ട്രംപിനു പല ചുങ്കം തീരുമാനങ്ങളും പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. അമേരിക്ക തങ്ങളുടെ സ്റ്റീലിനു ചുങ്കം ചുമത്തിയപ്പോൾ യുഎസിൽനിന്നുള്ള സ്റ്റീലിനു മാത്രമല്ല പോർക്കിനും ചീസിനും ബൂർബൺ വിസ്കിക്കും ചുങ്കം ചുമത്തി മെക്സിക്കോ തിരിച്ചടിച്ചു. അമേരിക്കയ്ക്ക് അന്നു വഴങ്ങേണ്ടിവന്നു. കാനഡയിലാകട്ടെ അധികാരനഷ്ടം ഉറപ്പാക്കിയ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പോരിനുറച്ചു നിൽക്കുകയാണ്.
ചൈനയോടു യോജിക്കുമോ?
തിങ്കളാഴ്ച നടക്കുന്ന അവസാനവട്ട ചർച്ചകളിൽ ആ രാജ്യങ്ങൾ അടിയറവു പറയുമോ എന്നാണു ട്രംപ് നോക്കുന്നത്. അതുണ്ടായില്ലെങ്കിൽ വ്യാപാരയുദ്ധം ഉറപ്പ്. ഒരു യുദ്ധത്തിൽ ആർക്കും ഏകപക്ഷീയ വിജയമില്ല. രണ്ടു പക്ഷത്തും കഷ്ടനഷ്ടങ്ങൾ ആകും ഫലം. അമേരിക്കയെ വീണ്ടും മഹത്താക്കാൻ വേണ്ട ചെറിയ ത്യാഗമാണ് ഇപ്പോൾ ഉണ്ടാകുന്ന വിലക്കയറ്റം എന്നു പറഞ്ഞു ട്രംപ് മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്.
ചൈനയുമായി ചുങ്കം കാര്യത്തിൽ ഒത്തുതീർപ്പിനു ട്രംപ് ശ്രമിക്കുമെന്നാണു വിലയിരുത്തൽ. ഇലോൺ മസ്ക് തുടങ്ങിയ ശതകോടിപതികളുടെയും ആപ്പിൾ തുടങ്ങിയ വമ്പൻ യുഎസ് കമ്പനികളുടെയും ബിസിനസ് താത്പര്യങ്ങൾ ചൈനയുമായി നല്ല ബന്ധം നിലനിർത്താൻ പ്രേരിപ്പിച്ചേക്കാം. അതല്ല, ചൈനയെയും വരുതിയിലാക്കാൻ ട്രംപ് ഒരുങ്ങിയാൽ കാര്യങ്ങൾ പിടിവിട്ടു പോയെന്നു വരാം. ആഗോള സാമ്പത്തിക തകർച്ചയാവും ഫലം.
യൂറോപ്പിലേക്കും ട്രംപിന്റെ ഭീഷണി നീളുന്നുണ്ട്. ഇനി നിങ്ങളാണ് ലക്ഷ്യം എന്നു യൂറോപ്യൻ യൂണിയനോടും ബ്രിട്ടനോടും ട്രംപ് പറഞ്ഞുകഴിഞ്ഞു. റെനോ, ഫോക്സ് വാഗൻ, ബിഎംഡബ്ല്യു തുടങ്ങിയ യൂറോപ്യൻ കാർ കമ്പനികളുടെ ഓഹരികൾ ഇന്നലെ ഏഴര ശതമാനം വരെ ഇടിഞ്ഞു.
തീവ്രവാദികൾ മാത്രമായാൽ
കഴിഞ്ഞ ഭരണത്തിൽ ട്രംപിന്റെ പ്രമുഖ മന്ത്രിമാരും മറ്റും കുറേക്കൂടി മിതവാദികളായിരുന്നു. ഇത്തവണ തന്നേക്കാൾ തീവ്രനിലപാടുള്ള ആൾക്കാരെയാണു ട്രംപ് കൂടെ കൂട്ടിയത്. മാത്രമല്ല, തന്നോടു യോജിക്കാത്ത ഉദ്യോഗസ്ഥരെയും ഉപദേഷ്ടാക്കളെ മാറ്റുകയും ചെയ്തു. മറുവശം വിശദീകരിക്കാൻ ഭരണത്തിൽ ആളില്ല. എന്നും അമേരിക്കയോടു ചേർന്നുനിന്നിട്ടുള്ള കാനഡയെ പിണക്കാനും തെക്കൻ അതിർത്തിയിലെ മെക്സിക്കോയെ അകറ്റാനും തുനിയുന്നത് അതിന്റെ ഫലമാണ്.
അമേരിക്കയുടെ കരാറുകളിലും വാഗ്ദാനങ്ങളിലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയും ഇതുവഴി ഉണ്ടാകുന്നു. അതിന്റെ ആഘാത-പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ചിലപ്പോൾ വിനാശകാരിയും ആകാം.
ഇന്ത്യയും സൂക്ഷിക്കണം
ഡോണൾഡ് ട്രംപിന്റെ വ്യാപാരയുദ്ധം ഒന്നാം അങ്കത്തിൽ ഇന്ത്യ പെട്ടിട്ടില്ല. പക്ഷേ, അടുത്ത അങ്കങ്ങളിൽ ഇന്ത്യയും സൂക്ഷിക്കേണ്ടിവരും. അമേരിക്കയുമായി വ്യാപാരമിച്ചം ഉള്ള എല്ലാ രാജ്യങ്ങളെയും വരുതിയിലാക്കുക, ഉയർന്ന ചുങ്കം ചുമത്തുന്നവരെ മര്യാദ പഠിപ്പിക്കുക എന്നതൊക്കെയാണല്ലോ ട്രംപിന്റെ ലക്ഷ്യം. രണ്ടു കാര്യത്തിലും ഇന്ത്യ പ്രതിപ്പട്ടികയിലാണ്. എപ്പോഴാണ് ആഘാതം വരിക എന്നേ അറിയാനുള്ളൂ.
ട്രംപിനോടുള്ള ആദരംകൊണ്ടാണോ ഭീതികൊണ്ടാണോ എന്നറിയില്ല നിർമല സീതാരാമൻ ശനിയാഴ്ച അവതരിപ്പിച്ച ബജറ്റിൽ ടൂവീലറുകൾക്കും മറ്റു വാഹനങ്ങൾക്കും ഇറക്കുമതിച്ചുങ്കം കുറച്ചിട്ടുണ്ട്. ട്രംപ് എടുത്തുപറയുന്ന ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്കു വലിയ പ്രയോജനം കിട്ടുന്ന നടപടിയാണത്. ട്രംപിന്റെ മുൻ ഭരണകാലത്ത് അമേരിക്കൻ പഴങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇന്ത്യ കുറച്ചിരുന്നു.