ധനകാര്യം: അടിസ്ഥാനപരമായ തിരുത്തലുകൾക്ക് സമയമായി
ഡോ. ജോസ് സെബാസ്റ്റ്യൻ
Tuesday, February 4, 2025 1:09 AM IST
കേന്ദ്രബജറ്റിൽ വലിയ പ്രതീക്ഷയർപ്പിച്ചിരുന്ന കേരളത്തിന് നിരാശ മാത്രം ബാക്കി. ഇനിയിപ്പോൾ ധനമന്ത്രി ബാലഗോപാൽ പണ്ടു പറഞ്ഞ പ്ലാൻ ബി മാത്രമേ സംസ്ഥാനത്തിനു മുന്പിൽ പരിഹാരമായുള്ളൂ. അതെന്തായാലും ഒരു കാര്യം തീർച്ചയാണ്: അടിസ്ഥാനപരമായ തിരുത്തലുകളല്ലാതെ കേരളത്തിനു മുൻപിൽ വഴികളില്ല.
മുറുകുന്ന ദൂഷിതവലയം
കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി 1983-84 വർഷങ്ങളിൽ തുടങ്ങിയതാണ്. അതിനുശേഷം ഏറെക്കുറെ എല്ലാ വർഷങ്ങളിലും റവന്യു വരുമാനം റവന്യു ചെലവുകൾക്കു തികയാത്ത സ്ഥിതിയിൽ തുടർന്നു. വരുമാനം വർധിപ്പിക്കുകയോ വരുമാനത്തിനകത്ത് ചെലവുകൾ ചുരുക്കുകയോ ചെയ്യാമായിരുന്നു. പക്ഷേ, ജനപ്രിയതയ്ക്കുവേണ്ടി അന്യോന്യം മത്സരിച്ച മാറിമാറിവന്ന മുന്നണി സർക്കാരുകളെ സംബന്ധിച്ചിടത്തോളം കടമെടുപ്പായിരുന്നു എളുപ്പമാർഗം.
കടമെടുപ്പും നികുതി പിരിച്ച് ചെലവുചെയ്യലും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. കടം പലിശയടക്കം തിരികെ നൽകേണ്ടതാണ്. പക്ഷേ, പിരിക്കാമായിരുന്ന നികുതി പിരിക്കുന്നില്ലെങ്കിൽ അത് എന്നേക്കുമായി നഷ്ടപ്പെടുകയാണ്. കടമെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്തിന്റെ വിഭവ അടിത്തറ വിപുലപ്പെടുത്താം എന്നതാണ് കടമെടുപ്പിനെ ന്യായീകരിക്കുന്നവർ പലപ്പോഴും ഉയർത്തിക്കാട്ടുന്നത്. പക്ഷേ, സത്യമെന്താണ്? കടമെടുത്തുള്ള വികസനപ്രവർത്തനം, ഉയർന്ന നികുതി വരുമാനത്തിലേക്കു നയിച്ചുകൊള്ളണമെന്നില്ല. കാരണം, ഒരു സമൂഹം നികുതിനൽകൽ സംസ്കാരം വർഷങ്ങൾകൊണ്ടു വളർത്തിയെടുക്കുന്നതാണ്. അത് പൊതുസേവനങ്ങളുടെ അളവും ഗുണനിലവാരവും ജനങ്ങൾ സംഭാവന ചെയ്യുന്ന പൊതുവിഭവങ്ങൾക്ക് ആനുപാതികമായിരിക്കും എന്ന പൊതുബോധം സമൂഹത്തിൽ നിരന്തരം ഊട്ടിയുറപ്പിച്ചുകൊണ്ട് സാധിക്കുന്നതാണ്. നിരന്തരമായ കടമെടുപ്പ് ഈ പൊതുബോധത്തിനു പകരം, സർക്കാർ കാര്യങ്ങൾ എങ്ങനെയെങ്കിലും നടത്തിക്കോളും എന്ന അയഞ്ഞ പൊതുബോധമാണ് സൃഷ്ടിക്കുക. 1990കൾക്കുശേഷം കേരള സന്പദ്വ്യവസ്ഥ ദേശീയ ശരാശരിയേക്കാൾ വളർന്നിട്ടും കേരളത്തിന്റെ ധനപ്രതിസന്ധി രൂക്ഷമാവുകയാണുണ്ടായത് എന്നോർക്കുക.
അസന്തുലിതമായ നികുതിഭാരം
നികുതിനൽകൽ ശേഷി കുറഞ്ഞ ഒരു സമൂഹത്തിൽ അല്ല ഇതു സംഭവിക്കുന്നത്. 1972-73ൽ ആളോഹരി ഗാർഹിക ഉപഭോഗത്തിൽ എട്ടാം സ്ഥാനത്തായിരുന്ന കേരളം 1983 ആകുന്പോഴേക്ക് മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു. 1999-2000 മുതൽ 2022-23ലെ അവസാന സർവേ വരെ കേരളം ഗാർഹിക ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്. പക്ഷേ, നികുതിനൽകൽ ശേഷിയിലുണ്ടായ ഈ അഭൂതപൂർവമായ വർധന വരുമാനത്തിൽ പ്രതിഫലിച്ചില്ല. സമാഹരിക്കുന്ന പൊതുവിഭവങ്ങളുടെ 62 ശതമാനവും പെട്രോളിയം ഉത്പന്നങ്ങൾ, മദ്യം, ഭാഗ്യക്കുറി, മോട്ടോർ വാഹനങ്ങൾ എന്നീ നാല് ഇനങ്ങളിൽനിന്നാണ്. പാവപ്പെട്ടവരും പുറന്പോക്കിൽ കിടക്കുന്നവരും ഇത്രമാത്രം പൊതുവിഭവങ്ങൾ ഖജനാവിൽ എത്തിക്കുന്ന മറ്റൊരു സംസ്ഥാനമില്ല.
ഈ നികുതിഭാരത്തിന് ആനുപാതികമായി പൊതുസേവനങ്ങൾ ഇക്കൂട്ടർക്കു ലഭിക്കുന്നുണ്ടോ? 1,600 രൂപ ക്ഷേമപെൻഷൻ അഞ്ചുമാസമായി കുടിശികയാണ്. 2021ലെ 1,600 രൂപയ്ക്ക് ഇന്ന് 1,370 രൂപയുടെ മൂല്യമേയുള്ളൂ. സപ്ലൈകോ ശാഖകൾ ഏറെക്കുറെ കാലിയാണ്. സർക്കാർ ആശുപത്രികളിൽ മരുന്നും പരിശോധനാ സൗകര്യങ്ങളും കുറഞ്ഞുവരുന്നതുമൂലം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് ഇവർ.
മധ്യവർഗത്തിനും സന്പന്നർക്കും നല്ല കാലം
മധ്യവർഗത്തിനും സന്പന്നർക്കും എന്തുകൊണ്ടും നല്ലകാലമാണ്. കേന്ദ്രബജറ്റ് ഇക്കൂട്ടരുടെ നികുതിഭാരം കുറച്ചുകൊടുത്തു. കേരളത്തിന്റെ കാര്യത്തിൽ മൊത്തം വരുമാനത്തിന്റെ 62 ശതമാനം പോകുന്നത് സമൂഹത്തിലെ അഞ്ചു ശതമാനം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും സർവീസ് പെൻഷൻകാർക്കുമാണ്. ഇക്കൂട്ടരുടെ ഉപഭോഗവസ്തുക്കൾ വിൽക്കുന്ന മാളുകളിലും മറ്റും കച്ചവടം പൊടിപൊടിക്കുകയാണ്. നേരേമറിച്ച് സാധാരണക്കാരുടെ ഉപഭോഗവസ്തുക്കൾ വിൽക്കുന്ന പച്ചക്കറി കടകൾ, പലചരക്കുകടകൾ, സ്റ്റേഷനറി കടകൾ, ചെറുകിട ഹോട്ടലുകൾ എന്നിവ വൻ പ്രതിസന്ധി നേരിടുകയാണ്. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ എവിടെ നോക്കിയാലും ഷട്ടർ ഇട്ട കടമുറികൾ ധാരാളമായി കാണാം.
അഴിച്ചുപണിയെന്ന അനിവാര്യത
ധനകാര്യത്തിൽ അടിസ്ഥാനപരമായ അഴിച്ചുപണിയിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ. കടമെടുപ്പല്ല, നികുതിപിരിവും ചെലവുചുരുക്കലുമാണ് പരിഹാരം എന്ന സത്യം നമ്മുടെ രാഷ്ട്രീയ നേതൃത്വവും ധനകാര്യ വിദഗ്ധരും സമൂഹത്തോട് അർഥശങ്കയ്ക്ക് ഇടയില്ലാത്തവിധം തുറന്നുപറയേണ്ട കാലമായി.
പക്ഷേ, അധിക വിഭവസമാഹരണത്തിനുള്ള ഒരു മുന്നുപാധി ചെലവുകളുടെ പുനർക്രമീകരണമാണ്. നമ്മുടെ മൊത്തം വരുമാനത്തിന്റെ 62 ശതമാനം പോകുന്നത് സമൂഹത്തിലെ വെറും അഞ്ചു ശതമാനം മാത്രം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമാണ്. ഈ തുകയുടെ എത്ര ശതമാനം വിപണിയിൽ എത്തുന്നുണ്ട്? സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ശന്പളം കൂടുന്നതിന് ആനുപാതികമായി ഉപഭോഗം വർധിക്കുന്നില്ല. പെൻഷൻകാരാണെങ്കിൽ ഉപഭോഗത്തിൽനിന്ന് ഏറെക്കുറെ പിൻവാങ്ങിയവരാണ്.
നേരേമറിച്ച് സാധാരണ ജനങ്ങളുടെ ക്ഷേമപെൻഷൻ 1,600ൽനിന്ന് 2,000 ആയി വർധിപ്പിക്കുന്നു എന്നിരിക്കട്ടെ. ആ തുക മുഴുവനായി പ്രാദേശിക വിപണിയിലെത്തി കച്ചവടവും കയറ്റിറക്കും വർധിപ്പിക്കും. അതോടെ സന്പദ്വ്യവസ്ഥ ചലനാത്മകമായി സർക്കാരിന്റെ നികുതിവരുമാനം വർധിക്കും. പ്രതിസന്ധിയിൽനിന്നു കരകയറാനുള്ള മാർഗമിതാണെന്നു ചുരുക്കം.
വ്യവസ്ഥകൾ ചോദ്യം ചെയ്യപ്പെടണം
പ്രതിസന്ധി നേരിടുന്ന ഏതൊരു സമൂഹവും അതിന്റെ അടിസ്ഥാന കാരണങ്ങൾ തിരിച്ചറിഞ്ഞ് തിരുത്തിയാണു മുന്നോട്ടു പോകുന്നത്. 1983-84 മുതൽ കടമെടുത്ത് റവന്യു ചെലവുകൾ നടത്തുന്ന കേരളത്തിന് പക്ഷേ, ഇതുവരെ ഇതിൽനിന്നു കരകയറാൻ കഴിഞ്ഞിട്ടില്ല. നിലവിലുള്ള വ്യവസ്ഥകളെയും സന്പ്രദായങ്ങളെയും അതേപടി നിലനിർത്താൻ കടമെടുക്കാൻ അനുവദിക്കുന്നില്ല. അതാണ് നമ്മുടെ മുറവിളി.
മൊത്തം വരുമാനത്തിന്റെ 23 ശതമാനം പോകുന്നത് സമൂഹത്തിലെ രണ്ടു ശതമാനം വരുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻകാർക്കാണ്. ഒരു പ്രത്യേക ചരിത്രഘട്ടത്തിൽ ആരംഭിച്ച സ്റ്റാറ്റ്യൂട്ടറി പെൻഷൻ വ്യവസ്ഥ ഇന്ന് കാലഹരണപ്പെട്ടിരിക്കുന്നു. കേരളസമൂഹത്തിന്റെ വിവിധ സമുദായങ്ങൾ തമ്മിലും പ്രദേശങ്ങൾ തമ്മിലും വന്പിച്ച അസമത്വങ്ങൾക്ക് കാരണമാകുന്നതാണിത്. മാന്യമായി ജീവിച്ചു മരിക്കാനുള്ള പെൻഷൻ നൽകാനുള്ള ഉത്തരവാദിത്വമേ സമൂഹത്തിനുള്ളൂ. നിലവിലെ പെൻഷൻ വ്യവസ്ഥ സമൂലം അഴിച്ചുപണിത് ആവശ്യാധിഷ്ഠിത സാർവത്രിക പെൻഷനിലേക്കു മാറാതെ സാന്പത്തിക പ്രതിസന്ധിക്ക് ഒരു കാലത്തും പരിഹാരമുണ്ടാകില്ല. വരാനിരിക്കുന്ന ബജറ്റിൽ ഇത്തരം ധീരമായ മാറ്റിച്ചവിട്ടലുകൾക്ക് ധനമന്ത്രി തയാറായെങ്കിൽ എന്ന് ആശിക്കുകയേ നിവൃത്തിയുള്ളൂ.
(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സേഷനിലെ
മുൻ ഫാക്കൽറ്റി അംഗമാണ്.)