മധ്യവർഗത്തെ കണ്ടു; വളർച്ചയുടെ വഴി കണ്ടില്ല
റ്റി.സി. മാത്യു
Sunday, February 2, 2025 3:07 AM IST
""ഇടത്തരക്കാർക്കുവേണ്ടിയുള്ള ബജറ്റ്... ഇതു വരെയുള്ള ബജറ്റുകൾ ഖജനാവ് നിറയ്ക്കാനാണു നോക്കിയത്. ഈ ബജറ്റ് ജനങ്ങളുടെ പോക്കറ്റ് നിറയ്ക്കുന്നു...''
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ അവതരിപ്പിച്ച ബജറ്റിനെ സ്തുതിച്ചു മതിവരുന്നില്ല. രാജ്യത്തെ ഇടത്തരക്കാരെ തന്റെയും ബിജെപിയുടെയും പിന്നിൽ അണിനിരത്തിക്കഴിഞ്ഞു എന്ന മട്ടിലാണ് മോദി ബജറ്റിനുശേഷം പ്രതികരിച്ചത്. തലേന്നു രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഇടത്തരക്കാർ എന്നു നിരവധി തവണ പറഞ്ഞപ്പോൾത്തന്നെ ഇങ്ങനെ എന്തെങ്കിലും വലുതുണ്ടാകും എന്നു കരുതിയതാണ്; അതു ശരിയായി.
പുതിയ സ്കീമിൽ ആദായനികുതി അടയ്ക്കുന്നവർക്കു മാത്രമാണ് നികുതി ഇളവിന്റെ പ്രയോജനം. നിർമല സീതാരാമൻ കുറേനാൾ മുന്പു പറഞ്ഞത്, ഭൂരിപക്ഷം നികുതിദായകരും പുതിയ സ്കീം സ്വീകരിച്ചു എന്നാണ്. അവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പഴയ സ്കീമിനെ സർക്കാരും ക്രമേണ ജനവും അവഗണിക്കും എന്നു വേണം കരുതാൻ.
നികുതിദായകർ 10.4 കോടി
2023-24 -ൽ രാജ്യത്ത് 10.4 കോടി പേർ ആദായനികുതി അടച്ചു എന്നാണ് പ്രത്യക്ഷനികുതി ബോർഡ് (സിബിഡിടി) കണക്ക്. 2013-14 ലെ നികുതിദായകരുടെ ഇരട്ടി. ഇതത്ര ചെറിയ സംഖ്യയല്ല. പഴയ കണക്കുകൾ വച്ച് ഏതാനും ലക്ഷം പേർക്കേ നികുതിയിളവിന്റെ പ്രയോജനമുള്ളൂ എന്നു കരുതി വിമർശിക്കുന്നതിൽ കാര്യമില്ല. ഓർമിക്കേണ്ട കാര്യം ലോകത്ത് ഒരിടത്തും സ്ഥായിയായ വിധേയത്വം മധ്യവർഗത്തിന് ഇല്ല എന്നതാണ്. അപ്പഴപ്പോൾ ഉള്ള ഇഷ്ടാനിഷ്ടങ്ങളാണ് അവരെ നയിക്കുക. ഇന്നു കൈയടിക്കുന്ന ഇടത്തരക്കാർ നാളെ വേറേ വിഷയം വന്നാൽ എതിരായെന്നു വരും.
എങ്കിലും തത്കാലത്തേക്കു മോദി ഗോൾ അടിച്ചു. നികുതി വരുമാനത്തിൽ ഒരു ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തി രാഷ്ട്രീയ സാഹസം ആരും പ്രതീക്ഷിച്ചതുമല്ല. പക്ഷേ മോദി സാഹസികദൗത്യം ഏറ്റെടുത്തു. അത് അഭിനന്ദനാർഹം തന്നെ.
റെയ്ഗനും ട്രംപും കളിച്ച കളി
ഇതിനൊരു മറുവശമുണ്ട്. നികുതിനിരക്ക് കുറച്ച് വരുമാനം കൂട്ടിയ ചരിത്രം പലേടത്തുമുണ്ട്. അമേരിക്കയിൽ 1980 കളിൽ റോണൾഡ് റെയ്ഗനും എട്ടു വർഷം മുൻപ് ഡോണൾഡ് ട്രംപും 1980കളിലെ ബ്രിട്ടനിൽ മാർഗരറ്റ് താച്ചറും ഒക്കെ അതു ചെയ്തു വിജയിച്ചവരാണ്. അവർ ആദായ നികുതി കുറയ്ക്കുക മാത്രമല്ല ചെയ്തത്. ഉത്പന്ന വിലകൾ കുറയ്ക്കാനും നടപടിയെടുത്തു. ഒരു വശത്ത് ജനങ്ങളുടെ പോക്കറ്റിൽ പണം കൂടി. മറുവശത്ത് കടയിലെ സാധനങ്ങൾക്കു വില കുറഞ്ഞു. അപ്പോൾ വിൽപന കൂടി. കടകളിൽ കൂടുതൽ സാധനങ്ങൾ വേണ്ടി വന്നപ്പോൾ ഫാക്ടറികൾ ഉൽപാദനം കൂട്ടി. അതു തൊഴിൽ വർധിപ്പിച്ചു. കൂടുതൽ പേർക്കു പണികിട്ടിയപ്പോൾ കമ്പോളത്തിലെ വിൽപന വീണ്ടും കൂടി. രാജ്യത്തു സാമ്പത്തിക വളർച്ച ഉയർന്നു.
ഇതുകൊണ്ടു സോപ്പ് വിൽപ്പന കൂടുമോ?
ഇപ്പോൾ ഇന്ത്യയിലെ വളർച്ച താഴ്ന്നുപോകുകയാണ്. ആ തളർച്ച മാറ്റാൻ ഒരു ലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകി. അതു കൂടുതൽ സോപ്പും അലക്കുപൊടിയും മാെബൈലും ലാപ് ടോപ്പും ബൈക്കും കാറും വിൽക്കാൻ വഴി തെളിക്കും എന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്. പക്ഷേ അതിന് ഉത്പന്ന വിലകളിൽ കുറവു വരണം. മുൻപറഞ്ഞ സാധനങ്ങളുടെ വിൽപ്പന കുറയുന്നതായാണു കമ്പനികളുടെ കണക്കുകൾ പറയുന്നത്.
രണ്ടു വശത്തുകൂടി പ്രവർത്തിച്ചാലേ വളർച്ച തിരിച്ചു കയറൂ. ഒരു വശം മാത്രമാണു നികുതി കുറച്ചു ക്രയശേഷി (വാങ്ങാനുള്ള കഴിവ് അഥവാ പോക്കറ്റിലെ പണം) വർധിപ്പിക്കുന്നത്. മറുവശത്തു ഉൽപന്ന വിലകൾ സ്വീകാര്യമായ നിലയിലാകണം. രണ്ടാം വശത്ത് ഒന്നും ചെയ്തിതില്ല. മോദിയുടെ നീക്കം സാഹസമായി ഇപ്പോൾ അനുഭവപ്പെടുന്നത് രണ്ടാം വശത്ത് ഒന്നും ചെയ്യാത്തതുകൊണ്ടാണ്.
മധുബനി സാരി അണിഞ്ഞ് കമ്മി കുറച്ചു
മധ്യവർഗത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ച നിർമല സീതാരാമൻ ബിഹാറിനോടു പ്രത്യേക സ്നേഹം കാണിച്ചു. മധുബനി സാരി അണിഞ്ഞതിനൊപ്പം ബിഹാറിൽ പല പദ്ധതികൾ പ്രഖ്യാപിച്ചു. അതും നല്ലത്. പക്ഷേ മറ്റു നാടുകളോട് അങ്ങനെയൊരു അടുപ്പം കാണിച്ചില്ല.
ധനമന്ത്രി കമ്മി കുറയ്ക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണു ബജറ്റിൽ കാണുന്നത്. 2020-21ൽ ജിഡിപിയുടെ 9.2 ശതമാനമായിരുന്ന ധനകമ്മി ഈ മാർച്ചിൽ അവസാനിക്കുന്ന വർഷം 4.8 ശതമാനമായി കുറയും. 4.9 ശതമാനം പ്രതീക്ഷിച്ചതാണ്. നികുതി വരവ് കുറയുമെന്ന ഭീതിയിൽ മൂലധനച്ചെലവ് കുറച്ചതു മൂലം കമ്മി കുറഞ്ഞു. അടുത്ത വർഷവും കമ്മി പ്ലാൻ ചെയ്തതിലും കുറവാക്കാനാണു മന്ത്രി ഉദ്ദേശിക്കുന്നത്. 4.5 ശതമാനമാണ് മൂന്നു വർഷം മുമ്പ് നിർമല പ്ലാൻ ചെയ്തത്. അതു 4.4 ശതമാനമായി പുതുക്കി നിശ്ചയിച്ചു.
റോഡ് പണികൾ വൈകുന്നു
മൂലധനച്ചെലവ് ഉദാരമായി വർധിപ്പിക്കുന്നതിനെപ്പറ്റി ഊറ്റംകൊണ്ടിരുന്ന നിർമല സീതാരാമൻ അതെല്ലാം വിഴുങ്ങി. 2024-25ലേക്ക് 11.11 ലക്ഷം കോടി രൂപ മൂലധനച്ചെലവ് ബജറ്റിൽ പ്രഖ്യാപിച്ചു. ഇന്നലെ പുതുക്കിയ എസ്റ്റിമേറ്റിൽ അത് 10.18 ലക്ഷം കോടിയായി കുറച്ചു. കുറവ് 93,000 കോടി രൂപ. അടുത്ത വർഷത്തേക്കു ബജറ്റിൽ പ്രതീക്ഷ 11.21 ലക്ഷം കോടി. അതിൽ എത്ര സാധ്യമാകും എന്ന് ഒരു വർഷം കഴിഞ്ഞ് അറിയാം.
മൂലധനച്ചെലവ് കുറഞ്ഞപ്പോൾ എന്തായി? പുതിയ റെയിൽവേ ലൈനുകൾക്കും ഇരട്ടിപ്പിക്കലിനും ഗേജ് മാറ്റത്തിനും ഉള്ള വിഹിതം കുറച്ചു. 2023-24 ൽ പുതിയ ലൈനിന് 33,702 കോടി മുടക്കിയത് ഇക്കൊല്ലം 31,459 കോടിയായി കുറഞ്ഞു. അടുത്ത വർഷം മുടക്കുന്നത് 32,235 കോടി മാത്രം. 2023-24 ൽ ലൈൻ ഇരട്ടിപ്പിക്കലിന് 36,806 കോടി മുടക്കിയ സ്ഥാനത്ത് ഇക്കൊല്ലം 31,002 കോടി, അടുത്ത വർഷം 32,000 കോടി. ദേശീയപാത അഥോറിറ്റിയുടെയും മറ്റു റോഡ് പദ്ധതികളുടെയും വിഹിതത്തിലും വളർച്ച നാമമാത്രം.
സർക്കാർ തുക കുറച്ചാൽ സ്വകാര്യ മേഖല കടന്നുവന്ന് പോരായ്മ നികത്തുന്ന കാര്യങ്ങളല്ല ഇവ. സർക്കാർ റോഡ് പണിതിട്ടാൽ ടോൾ പിരിച്ച് കൊള്ള നടത്താൻ സ്വകാര്യമേഖല റെഡിയാണു താനും.
കുടിവെള്ളവും അകലെ
വലിയ പദ്ധതികൾക്കു മാത്രമല്ല ഈ ഗതി. നഗരങ്ങളിലെ ദരിദ്രർക്കുള്ള പാർപ്പിട പദ്ധതി (പിഎംഎവൈ -അർബൻ), ഗ്രാമങ്ങളിലെ പാർപ്പിട പദ്ധതി (പിഎംഎവൈ റൂറൽ) പദ്ധതിയും അവഗണിക്കപ്പെട്ടു. രണ്ടിനുംകൂടി 84,671 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. പുതുക്കിയ എസ്റ്റിമേറ്റിൽ 46,096 കോടി മാത്രം. കുടിവെള്ള പദ്ധതികൾക്കായുള്ള ജൽ ജീവൻ മിഷന് 70,163 കോടി ചെലവാക്കും എന്നു പറഞ്ഞിട്ടു നടപ്പാക്കുന്നത് 22,694 കോടിയുടെ പദ്ധതികൾ മാത്രം. ഗ്രാമീണ റോഡുകൾക്ക് 19,000 കോടി പറഞ്ഞതു 14,500 കോടി മാത്രമായി ചുരുക്കി.
കമ്മി കുറച്ചത് ഇങ്ങനെയൊക്കെയാണ്. ഇവയെല്ലാം നേരിട്ടു പണിയും വരുമാനവും നൽകുന്ന കാര്യങ്ങളാണ്. ഇവ കുറച്ചപ്പോൾ വളർച്ച കുറഞ്ഞതിൽ ആശ്ചര്യപ്പെടാൻ ഒന്നുമില്ല. അതു ബോധപൂർവം ചെയ്തതാണ് എന്നുകൂടി പറയുമ്പോൾ വളർച്ച കുറഞ്ഞതിനു പഴി ആരാണു കേൾക്കേണ്ടത് എന്നതിൽ സംശയമില്ല. ഇതേ ശൈലിയിലാണ് 2025-26 ലെ ബജറ്റും രൂപപ്പെടുത്തിയിരിക്കുന്നത്. വളർച്ചയ്ക്കുളള കുറിപ്പടിയല്ല നിർമല സീതാരാമൻ എഴുതി വായിച്ചത് എന്നു ചുരുക്കം.
മറന്നുപോയ അഞ്ചുലക്ഷം കോടി ഡോളർ
48.12 ലക്ഷം കോടി വലുപ്പമുള്ള ബജറ്റ് കഴിഞ്ഞ വർഷം തയാറാക്കിയത് ഒടുവിൽ 47.16 ലക്ഷം കോടിയുടേതായി ചുരുങ്ങി. അടുത്ത വർഷത്തേക്ക് 50.65 ലക്ഷം കോടിയുടെ ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്. കമ്മി ഈ വർഷത്തെ 15.695 ലക്ഷം കോടിയിൽ നിന്ന് 15.689 ലക്ഷം കോടിയായി കുറയുമെന്നാണു പ്രതീക്ഷ.
അടുത്ത വർഷം തന്നാണ്ടു വിലയിലെ ജിഡിപി 10.1 ശതമാനം വർധിച്ച് 356.98 ലക്ഷം കോടി ആകുമെന്നാണു ബജറ്റിൽ കണക്കാക്കുന്നത്. ഡോളറിൽ 4.12 ലക്ഷം കോടി. അഞ്ചു വർഷം കഴിയുമ്പോൾ അഞ്ചു ലക്ഷം കോടി ജിഡിപി എന്ന 2019 ലെ പ്രസ്താവന ജനങ്ങൾ മറന്നു കാണും എന്നു കരുതാം. 2047 ലേക്കു വാഗ്ദാനം ചെയ്ത വികസിത ഭാരതം സാധിക്കാൻ ഇന്നത്തെ വേഗത്തിൽ വളർന്നാൽ പോരാ എന്നതു മറക്കാതിരുന്നാൽ മതി.