നികുതിലാഭം പുതിയ സ്കീമിൽ മാത്രം
Sunday, February 2, 2025 3:04 AM IST
ആദായനികുതിദായകർക്കു വലിയ സന്തോഷം പകർന്നുകൊണ്ടു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഇളവ് പുതിയ സ്കീമിൽ നികുതി അടയ്ക്കുന്നവർക്കു മാത്രമാണ് ഗുണം ചെയ്യുന്നത്. 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് 87എ വകുപ്പ് പ്രകാരമുള്ള റിബേറ്റ് 60,000 രൂപയിലേക്കു വർധിപ്പിച്ചാണ് ഈ ആനുകൂല്യം.
പഴയ സ്കീമിൽ തുടരുന്നവർക്കു പ്രത്യേകമായി ഒന്നുമില്ല. ക്രമേണ പഴയ സ്കീം അനാകർഷകമായി നികുതിദായകർ അതിനെ ഉപേക്ഷിക്കാൻ സാഹചര്യമൊരുക്കുകയാണു മന്ത്രി ചെയ്തത്. ശമ്പളവരുമാനക്കാർക്കു സ്റ്റാൻഡാർഡ് ഡിഡക്ഷൻ 75,000 രൂപ കിഴിക്കാം എന്നതിനാൽ 12.75 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി വിമുക്തമാകും. നികുതിദായകരുടെ കൈയിൽ ചെലവാക്കാൻ കൂടുതൽ പണം കിട്ടും. 24 ലക്ഷം രൂപ വരുമാനമുള്ളവർക്ക് 2.64 ലക്ഷം രൂപ ഇനി കൂടുതലായി ചെലവാക്കാം.
![](/newsimages/table1222025.jpg)
ടിഡിഎസ്
സ്രോതസിൽ നികുതി കിഴിക്കുന്ന (ടിഡിഎസ്) വ്യവസ്ഥകളിൽ ധനമന്ത്രി കാര്യമായ മാറ്റം വരുത്തി. വാടകയിനത്തിൽ വർഷം ആറുലക്ഷം രൂപവരെ (മാസം 50,000 രൂപ) കിട്ടുന്നതിന് ഇനി ടിഡിഎസ് ഇല്ല. ഇതുവരെ വർഷം 2,40,000 രൂപ ആയിരുന്നു ടിഡിഎസിനു പരിധി. മുതിർന്ന പൗരർക്ക് വർഷം ഒരു ലക്ഷം രൂപ വരെ പലിശ വരുമാനത്തിനും ടിഡിഎസ് പിടിക്കേണ്ടതില്ല.
ലോട്ടറിയിലും മറ്റും ഒരു വർഷം 10,000 രൂപ കിട്ടിയാൽ മാത്രം ടിഡിഎസ് എന്നത് 10,000 രൂപയോ അതിലധികമോ കിട്ടുന്ന ഓരോ തവണയും ടിഡിഎസ് എന്നാക്കി.
![](/newsimages/table2222025.jpg)
വിദേശത്തേക്കു വിദേശനാണ്യം അയയ്ക്കാനുള്ള ടിസിഎസ് (സ്രോതസിലെ നികുതിപിരിക്കൽ) പത്തുലക്ഷം രൂപ വരെ ഒഴിവാക്കി. 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസവായ്പയ്ക്കും ടിസിഎസ് വേണ്ട. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് സെക്ഷൻ 87A 1(a) പ്രകാരമുള്ള റിബേറ്റ് 60,000 രൂപ ആയി ഉയർത്തി. തൽഫലമായി 12 ലക്ഷം വരെ വരുമാനമുള്ളവർക്കു നികുതിബാധ്യത ഇല്ലാതാകും.
ശമ്പളവരുമാനക്കാർക്കു സ്റ്റാൻഡാർഡ് ഡിഡക്ഷൻ 75,000 രൂപ കൂടി കിഴിക്കാം. അവർക്ക് 12.75 ലക്ഷം രൂപ വരെ നികുതി ഒഴിവാകും.
a) 50 ലക്ഷത്തിനു മുകളിൽ ഒരു കോടി രൂപയ്ക്കു താഴെ വരുമാനം ഉള്ളവർക്ക് നികുതിയുടെ 10 ശതമാനം സർചാർജ്.
b) വരുമാനം ഒരു കോടിക്കു മുകളിൽ സർചാർജ് 15 ശതമാനം.
c) വരുമാനം രണ്ടു കോടിക്കു മുകളിൽ അഞ്ചു കോടിക്കു താഴെ സർചാർജ് 25 ശതമാനം.
d) വരുമാനം അഞ്ചു കോടിക്കു മുകളിൽ സർചാർജ് 37 ശതമാനം.
e) വരുമാനം രണ്ടു കോടിക്കു മുകളിൽ വരുന്നതും സി, ഡി വിഭാഗങ്ങളിൽ പെടാത്തതുമായവർക്ക് സർചാർജ് 15 ശതമാനം.
ടിഡിഎസ് പരിഷ്കാരം
സ്രോതസിലെ നികുതികിഴിക്കൽ (ടിഡിഎസ്) വ്യവസ്ഥകളിൽ കാര്യമായ മാറ്റം ബജറ്റ് വരുത്തി.
1. സെക്യൂരിറ്റൈസേഷൻ ട്രസ്റ്റുകൾ നിക്ഷേപകർക്കു പണം നൽകുമ്പോൾ വ്യക്തികളിൽനിന്നാണെങ്കിൽ 25 ഉം മറ്റാരെങ്കിലുമായാൽ 30 ഉം ശതമാനം ടിഡിഎസ് എന്നതു 10 ശതമാനമായി കുറച്ചു.
2. സെക്യൂരിറ്റികളുടെ പലിശ (വകുപ്പ് 193)യ്ക്ക് ടിഡിഎസ് പിരിവിന്റെ താഴ്ന്ന പരിധി ഇപ്പോൾ നിശ്ചയിച്ചിട്ടില്ല. അത് 10,000 രൂപയായി നിശ്ചയിച്ചു.
3. പലിശ (വകുപ്പ് 194 എ)
ബാങ്ക് / സഹകരണ സംഘം/ പോസ്റ്റ് ഓഫീസ് പലിശ നൽകുമ്പോൾ
(i) മുതിർന്ന പൗരർക്ക് 50,000 രൂപ എന്ന ഒഴിവ് ഒരു ലക്ഷം രൂപയാക്കി.
(ii) മറ്റുള്ളവർക്ക് ഒഴിവ് 40,000 രൂപ എന്നത് 50,000 രൂപയാക്കി.
![](/newsimages/table322025.jpg)
മറ്റുള്ളവർ നൽകുമ്പോൾ
(iii) 5000 രൂപ എന്നതു 10,000 രൂപയാക്കി.
4. കമ്പനി ഓഹരിയുടമയ്ക്കു ലാഭവീതം നൽകുമ്പാേഴും മ്യൂച്വൽ ഫണ്ട് യൂണിറ്റുടമയ്ക്ക് ആദായം നൽകുമ്പോഴും ഒഴിവുപരിധി 5000 എന്നതു 10,000 രൂപയാക്കി.
5. ലോട്ടറി, കുതിരപ്പന്തയം എന്നിവയിലെ വരുമാനത്തിന് ഒരു വർഷം മൊത്തം 10,000 രൂപ വരെ എന്ന പരിധി ഒരു തവണ 10,000 രൂപ എന്നാക്കി.
6. ഇൻഷ്വറൻസ് കമ്മീഷനും മറ്റു കമ്മീഷനുകളും ബ്രോക്കറേജും വഴി 15,000 രൂപ എന്നത് 20,000 രൂപ എന്നാക്കി.
7. വാടക ഒരു വർഷം 2,40,000 രൂപ ആണെങ്കിൽ ടിഡിഎസ് എന്ന വ്യവസ്ഥ മാസം 50,000 രൂപ എന്നാക്കി.
8. പ്രഫഷണൽ/ ടെക്നിക്കൽ സർവീസ് ഫീസ്, റോയൽറ്റി എന്നിവയായി 30,000 രൂപ എന്നത് 50,000 രൂപ എന്നാക്കി.
9. നഷ്ടപരിഹാരമായി 2.50 ലക്ഷം രൂപ എന്നത് അഞ്ചു ലക്ഷം രൂപയാക്കി.