ആദായനികുതി ഇളവുകൾ ഒരു വഴി; നികുതി കൂടുതൽ മധ്യവർഗത്തിന്
ഡോ. സക്കീർ തോമസ് ഐആർഎസ് (ആദായനികുതി മുൻ ഡയക്ടർ ജനറൽ)
Sunday, February 2, 2025 1:33 AM IST
മധ്യവർഗത്തിന്റെ 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിനു നികുതിയില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം വലിയ ചർച്ചയായി. എന്നാൽ, ബജറ്റിന്റെ വിശദമായ കണക്കുകളെടുത്താൽ മധ്യവർഗ വ്യക്തികളിൽ നിന്നാണു സർക്കാർ അടുത്ത സാന്പത്തിക വർഷം കൂടുതൽ നികുതി പ്രതീക്ഷിക്കുന്നത്. കന്പനികളുടെ നികുതി, ജിഎസ്ടി, കസ്റ്റംസ് തുടങ്ങിയ നികുതികളേക്കാൾ കൂടുതൽ വർധന വ്യക്തിഗത ആദായനികുതിയിൽ നിന്നാണെന്നു സർക്കാരിന്റെ നികുതി വരുമാന അനുമാനങ്ങളിൽ നിന്നു വ്യക്തമാണ്.
ധ്യവർഗത്തിനും പാവപ്പെട്ടവർക്കും മേൽ ലക്ഷ്മിയുടെ പ്രസാദം ഉണ്ടാവട്ടേയെന്നാണു പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്പുള്ള വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രധാനമന്ത്രിയുടെ വാക്കുകളോടെ ജനങ്ങളുടെ പ്രതീക്ഷയും വളർന്നു.
സാന്പത്തികമാന്ദ്യം നേരിടാനായി ഡിമാൻഡ് ഉത്തേജക (ഡിമാൻഡ് സ്റ്റിമുലസ്) നയങ്ങൾ പ്രതീക്ഷിക്കാമെന്ന് എല്ലാ സാന്പത്തിക വിദഗ്ധരും വിലയിരുത്തിയിരുന്നു. സാധാരണക്കാരുടെ വാങ്ങൽശേഷി (പർച്ചേസിംഗ് പവർ) വർധിപ്പിക്കുകയെന്നാണ് ഇതിനർഥം. ഇതിനായി ജനങ്ങളുടെ പക്കൽ കൂടുതൽ പണം വേണം. നികുതി കുറയ്ക്കുക എന്നതാണ് ഒരു മാർഗം. ധനമന്ത്രി ഈ വഴി അവലംബിച്ചിരിക്കുന്നതായി ബജറ്റ് പ്രസംഗത്തിൽ പറയുന്നു. എന്നാൽ സാന്പത്തിക വ്യവസ്ഥയുടെ മൊത്തഘടനയിൽ, നികുതിദായകരുടെ പക്കൽ അധികപണം വരുന്നുണ്ടോയെന്നതാണു ചോദ്യം.
ധനമന്ത്രി പ്രഖ്യാപിച്ച നികുതിആനുകൂല്യങ്ങൾ വഴി ഒരു ലക്ഷം കോടിയുടെ വരുമാനനഷ്ടം ഉണ്ടാകുമെന്നു പറയുന്നു. ഈ പണം സാന്പത്തിക വളർച്ചയ്ക്ക് ഉത്തേജകമാകണമെങ്കിൽ, മൊത്തമുള്ള കണക്കുകളും ഇതിലേക്കു വിരൽ ചൂണ്ടണം. എന്നാൽ ബജറ്റിനോടൊപ്പം പാർലമെന്റിൽ സമർപ്പിച്ച വരവ് (റെസീപ്റ്റ്സ് ബജറ്റ്) പരിശോധിച്ചാൽ അടുത്ത സാന്പത്തിക വർഷവും നികുതിയുടെ അധികഭാരം ആദായനികുതി നൽകുന്ന വ്യക്തികളിലാണെന്നു വ്യക്തമാണ്.
ഇന്ത്യയിലെ ആദായനികുതി നിയമത്തിൽ രണ്ടുതരം ആദായനികുതിയുണ്ട്. വ്യക്തികളും ബിസിനസുകാരും നൽകുന്ന വ്യക്തിഗത ആദായനികുതിയാണ് ഒന്ന്. കന്പനികൾ നൽകുന്ന കോർപറേഷൻ നികുതി ആണു രണ്ടാമത്തേത്. രണ്ടും കൂടി ചേർത്താണ് ആദായനികുതിയായി കണക്കാക്കുന്നത്.
നടപ്പു സാന്പത്തിക വർഷത്തിലെ (2024-25) മൊത്തം നികുതി വരുമാനം 38.53 ലക്ഷം കോടി രൂപയായി അനുമാനിച്ചിരിക്കുന്നു. അടുത്ത വർഷത്തിലേത് 42.70 ലക്ഷം കോടിയാണ്. അതായത് മൊത്ത നികുതി വരുമാനത്തിൽ 10 ശതമാനം വളർച്ചയാണു പ്രതീക്ഷിക്കുന്നത്.
ഈ സാന്പത്തിക വർഷത്തിലെ വ്യക്തിഗത ആദായനികുതി (പേഴ്സണൽ ഇൻകം ടാക്സ്) വരുമാനം 12.5 ലക്ഷം കോടി രൂപയാണ്. മൊത്തം നികുതി വരുമാനത്തിന്റെ ഏകദേശം മൂന്നിലൊന്നിന് അടുത്താണിത്. ആദ്യമായാണു വ്യക്തിഗത ആദായനികുതി വരുമാനം മൊത്തം നികുതിയുടെ മൂന്നിലൊന്നിൽ എത്തുന്നത്. ഇന്ത്യയിലെ ആകെ നികുതി ഭാരത്തിന്റെ മൂന്നിലൊന്നും വ്യക്തിഗത നികുതിദായകരിൽ നിന്നാണെന്നു ചുരുക്കം.
ഈ വ്യക്തിഗത നികുതിയുടെ വരവിൽ അടുത്ത സാന്പത്തിക വർഷത്തിൽ കുറവു വരുന്നുണ്ടോയെന്നു പരിശോധിക്കാം. അതാണല്ലോ മധ്യവർഗത്തിന്റെ ആശ. 2025-26ലെ വ്യക്തിഗത ആദായനികുതി മുൻവർഷത്തേക്കാളും 14 ശതമാനം കൂടി 14.38 ലക്ഷം കോടി രൂപയായാണു കണക്കാക്കിയിരിക്കുന്നത്. അതായത് സാധാരണ നികുതിദായകർ അടുത്ത സാന്പത്തിക വർഷം 14 ശതമാനം കൂടുതൽ നികുതി നൽകേണ്ടി വരുന്നു.
എന്നാൽ, വ്യവസായ വളർച്ചയെയും സാന്പത്തിക വളർച്ചയെയും പ്രതിനിധാനം ചെയ്യുന്ന കന്പനികളുടെ ആദായനികുതി (കോർപറേഷൻ ടാക്സ്), ജിഎസ്ടി, എക്സൈസ് മുതലായവയിൽ ഈ അളവിലുള്ള വളർച്ചയില്ല. 2024-25 സാന്പത്തിക വർഷത്തിൽ കോർപറേഷൻ ടാക്സ് ഇനത്തിൽ 10.82 ലക്ഷം കോടി രൂപയേ പ്രതീക്ഷിക്കുന്നുള്ളൂ. അതായതു വളർച്ച 10 ശതമാനം മാത്രം. ജിഎസ്ടി ആകട്ടെ 24-25ൽ 10.61 ലക്ഷം കോടിയാണ്. 2025-26ൽ ഇത് 11.78 ലക്ഷം കോടിയായി അനുമാനിച്ചിരിക്കുന്നു. ജിഎസ്ടിയുടെ വളർച്ച 11 ശതമാനം ആണ്.
റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 2025-26ൽ പണപ്പെരുപ്പം 4.5 ശതമാനം ആയിരിക്കും. ഇതുകൂടി കണക്കിലെടുത്താൽ സാന്പത്തിക സർവേയിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) പ്രതീക്ഷിക്കുന്ന വളർച്ചയായ 6.3 മുതൽ 6.8 ശതമാനം വരെയേ വ്യവസായത്തിനും ബിസിനസിനും പ്രതീക്ഷിക്കുന്നുള്ളൂ. അതായത് വലിയ സാന്പത്തിക വളർച്ച സർക്കാർ പ്രതീക്ഷിക്കുന്നില്ലെന്നാണു ബജറ്റ് കണക്കുകളിൽ നിന്നു വ്യക്തമാകുന്നത്. 2047ലെ വികസിത ഭാരത ലക്ഷ്യത്തിനു വേണ്ട എട്ടു ശതമാനം വളർച്ച കേന്ദ്രസർക്കാർ പോലും പ്രതീക്ഷിക്കുന്നില്ലെന്നു ചുരുക്കം.
അപ്പോൾ അധിക നികുതി വരുമാനം എവിടെ നിന്നാണെന്നതാണു ചോദ്യം. 2025-26 സാന്പത്തിക വർഷത്തിൽ 42.70 ലക്ഷം കോടി രൂപയുടെ നികുതി വരുമാനമാണു പ്രതീക്ഷിക്കുന്നത്. അതിൽ 33 ശതമാനം (14.38 ലക്ഷം കോടി) വ്യക്തികളിൽ നിന്നുള്ള ആദായനികുതിയാണ്. മൊത്ത നികുതി വരുമാനത്തിന്റെ പങ്കിൽ മുൻ വർഷത്തേക്കാളും മൂന്നു ശതമാനം കൂടുതലാണിത്. കന്പനികളുടെ കോർപറേഷൻ ടാക്സിലും കസ്റ്റംസ്, ജിഎസ്ടി എന്നിവയിൽ നിന്നുള്ള വരവ് മൊത്ത നികുതി വരുമാനത്തിലുള്ള പങ്കിൽ ഒരു ശതമാനത്തോളം കുറവും കാണുന്നു. ഫലത്തിൽ കന്പനികളുടെയും ജിഎസ്ടി, കസ്റ്റംസ് നികുതി വരുമാനത്തിലെ കുറവ് പരിഹരിക്കുന്നത് വ്യക്തിഗത ആദായനികുതിയാണ്.
ധനമന്ത്രി എന്തു പറഞ്ഞാലും കണക്കുകൾ കാണിക്കുന്നത്, സർക്കാരിന്റെ നികുതി സ്രോതസ് വ്യക്തിഗത ആദായനികുതിയെന്നാണ്. അതു കൊടുക്കുന്നതാകട്ടെ കൂടുതലും മധ്യവർഗക്കാരാണ്.
അപ്പോൾ, സാന്പത്തിക ഉത്തേജനത്തിനായി മധ്യവർഗത്തിന്റെ പക്കൽ കൂടുതൽ പണം പുതിയ നികുതി നിർദേശങ്ങളിലൂടെ എത്തിക്കുന്നതായി പറയുന്നതോ? മൊത്തമുള്ള കണക്കുകൾ (മാക്രോ ഇക്കണോമിക് ഫിഗേഴ്സ്) ധനമന്ത്രി പറഞ്ഞതിനെ സാധൂകരിക്കുന്നതായി കാണുന്നില്ല. ഇവിടുത്തെ മധ്യവർഗ നികുതിദായകരുടെ സംഭാവനകളാണ് ഈ രാജ്യത്തെ മുന്നോട്ടു നയിക്കുന്നതെന്നു വ്യക്തം.