വികസിത ഭാരത സ്വപ്നം
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, February 1, 2025 1:59 AM IST
വികസിത ഭാരത സ്വപ്നത്തിലാണ് ഇന്ത്യ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ച ഭാരതത്തിന്റെ സാന്പത്തിക വളർച്ചയിലാണു രാജ്യവും ലോകവും ഉറ്റുനോക്കുന്നത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നലെ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ സാന്പത്തിക വളർച്ചയിലും വികസിത ഭാരതത്തിലേക്കുള്ള യാത്രയിലുമാണു ശ്രദ്ധ.
കേന്ദ്ര ബജറ്റിനു മുന്നോടിയായി ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ പ്രകടനം വിശകലനം ചെയ്യുന്ന സാന്പത്തിക അവലോകന റിപ്പോർട്ടിലും പ്രതീക്ഷകളാണേറെ. ധനമന്ത്രി നിർമല സീതാരാമൻ ഇന്നു ബജറ്റ് അവതരിപ്പിക്കുന്നതോടെ സാധാരണക്കാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുമോയെന്നതു പ്രധാനമാണ്. ഗ്രാമവികസനത്തിനു കേന്ദ്രം ഊന്നൽ നൽകുന്നുവെന്നു സാന്പത്തിക സർവേ പറയുന്നു. കാർഷിക മേഖല തുടർച്ചയായ വളർച്ച നേടുന്നുവെന്നാണു സർവേയിലെ മറ്റൊരു വിലയിരുത്തൽ. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്നാണു കേന്ദ്രസർക്കാരിന്റെ വാഗ്ദാനം.
കേരളമാതൃകയ്ക്കു പ്രശംസ
സന്പദ്വ്യവസ്ഥയുടെ വിശദമായ വിശകലനമാണ് ഇക്കണോമിക് സർവേ. സർക്കാർ നയങ്ങൾ, വരാനിരിക്കുന്ന സാന്പത്തിക വർഷത്തേക്കുള്ള കാഴ്ചപ്പാട് എന്നിവയുടെ സംഗ്രഹം ഈ സാന്പത്തിക സർവേ നൽകുന്നു. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന സർവേയിലെ വിലയിരുത്തലുകൾക്കു വലിയ പ്രാധാന്യമുണ്ട്. ആദ്യ ഭാഗത്ത് സാന്പത്തിക പ്രകടനത്തെ വിശകലനം ചെയ്യുന്നു. മാക്രോ ഇക്കണോമിക് സൂചകങ്ങളെയും സാന്പത്തിക പ്രവണതകളെയും ഇവിടെ പ്രതിഫലിപ്പിക്കുന്നു. വിദ്യാഭ്യാസം, ദാരിദ്ര്യം, കാലാവസ്ഥാവ്യതിയാനം, ജിഡിപി വളർച്ച, പണപ്പെരുപ്പം, വ്യാപാരം എന്നിവ അടക്കമുള്ള സാമൂഹിക, സാന്പത്തിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതാണു സർവേയുടെ രണ്ടാം ഭാഗം.
വികസിത ഭാരതം (ഹിന്ദിയിൽ വിക്ഷിത് ഭാരത്) എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത രണ്ടു പതിറ്റാണ്ടുകളിൽ ഇന്ത്യക്ക് എട്ടു ശതമാനം വാർഷിക സാന്പത്തിക വളർച്ച ആവശ്യമാണെന്നാണു കേന്ദ്രത്തിന്റെ സാന്പത്തിക സർവേയുടെതന്നെ കണ്ടെത്തൽ. കഴിഞ്ഞ ദശകത്തിൽ രാജ്യം നേടിയ ശരാശരി ആറു ശതമാനം വളർച്ച പോരെന്നു ചുരുക്കം. എങ്കിലും ഗ്രാമീണ വികസനം അടക്കമുള്ള കേന്ദ്രപദ്ധതികൾ ഭാവിയുടെ പ്രതീക്ഷയാണെന്നു സർവേ ചൂണ്ടിക്കാട്ടുന്നു.
സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനായുള്ള കേരളത്തിന്റെ പ്രാദേശിക വികസന മാതൃകയെ സാന്പത്തിക സർവേയിൽ പ്രശംസിച്ചിട്ടുണ്ട്. ഗ്രാമവികസനത്തിനുള്ള കേരള മാതൃക മറ്റു സംസ്ഥാനങ്ങളിലും പകർത്തണമെന്ന വിലയിരുത്തൽ സംസ്ഥാനത്തിനുള്ള പൊൻതൂവലായി.
ജിഡിപി പ്രതീക്ഷ, വെല്ലുവിളി
ആഭ്യന്തര സന്പദ്വ്യവസ്ഥയുടെ അടിസ്ഥാനതത്വങ്ങൾ ശക്തമാണെന്നു സാന്പത്തിക സർവേ പറയുന്നു. ശക്തമായ ബാഹ്യ അക്കൗണ്ടും സ്ഥിരമായ സ്വകാര്യ ഉപഭോഗവുമാണു പ്രധാനം. അടുത്ത സാന്പത്തിക വർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 6.3 മുതൽ 6.8 ശതമാനം വരെ വളരുമെന്നും ലോക്സഭയിൽ ഇന്നലെ സമർപ്പിച്ച സാന്പത്തിക സർവേ കണക്കാക്കുന്നു. നടപ്പു വർഷം ജിഡിപി വളർച്ച ശരാശരി 6.4 ശതമാനം ആയിരുന്നുവെന്ന് സാന്പത്തിക സർവേയിൽ പറയുന്നു. 2023-24 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി ശ്രദ്ധേയമായ 8.2 ശതമാനം വളർച്ച നേടിയിരുന്നു. 2022-23ൽ 7.2 ശതമാനവും 2021-22ൽ 8.7 ശതമാനവും സന്പദ്വ്യവസ്ഥ വളർന്നിരുന്നു. എന്നാൽ നടപ്പു സാന്പത്തിക വർഷത്തിന്റെ ആദ്യ രണ്ടു പാദങ്ങളിൽ രാജ്യത്തിന്റെ വളർച്ച ദുർബലമായ പുരോഗതിയാണു കാണിക്കുന്നത്.
2024-25 സാന്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ സന്പദ്വ്യവസ്ഥ 5.4 ശതമാനമാണു വളർന്നത്. റിസർവ് ബാങ്ക് പ്രവചിച്ചിരുന്ന ഏഴു ശതമാനം ത്രൈമാസിക വളർച്ചയേക്കാൾ വളരെ കുറവാണിത്. ഏപ്രിൽ-ജൂണ് പാദത്തിലും ജിഡിപി റിസർവ് ബാങ്ക് കണക്കാക്കിയതിലും കുറഞ്ഞ വേഗത്തിലാണു വളർന്നത്. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ പണനയത്തിൽ 2024-25ലെ വളർച്ചാ പ്രവചനം 7.2 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി കുറച്ചിരുന്നു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ഏഷ്യൻ വികസന ബാങ്ക് (എഡിബി), ലോക ബാങ്ക് തുടങ്ങിയവയുടെ അനുമാനങ്ങളോടു പൊരുത്തപ്പെടുന്നതാണു ഇന്നലത്തെ സാന്പത്തിക സർവേയിലെ കണക്കുകൾ.
പണപ്പെരുപ്പം, തൊഴിലില്ലായ്മ
കഴിഞ്ഞ സാന്പത്തിക വർഷത്തിൽ രാജ്യത്തെ സേവന മേഖല വളർച്ച പ്രകടമാക്കി. മൂലധനച്ചെലവ് 2021 മുതൽ 2024 സാന്പത്തിക വർഷംവരെ വളർന്നുവെന്നതും ശുഭകരമാണ്. കഴിഞ്ഞ വർഷം ജൂലൈ മുതൽ നവംബർവരെ കാലയളവിൽ 8.2 ശതമാനം വളർച്ച കൈവരിച്ചു. എന്നാൽ സുപ്രധാനമായ ഉത്പാദന മേഖല തളർന്നു.
2017 ജൂലൈ മുതൽ 2018 ജൂണ് വരെയുണ്ടായിരുന്ന ആറു ശതമാനം തൊഴിലില്ലായ്മ നിരക്ക് 2023-24ൽ (ജൂലൈ-ജൂണ്) 3.2 ശതമാനമായി കുറഞ്ഞുവെന്നും സർവേയിലുണ്ട്. എന്നാൽ ഏറ്റവും കൂടിയ നിരക്കുമായി താരതമ്യം ചെയ്തു കുറവു കാണിക്കുന്ന കണക്കിലെ കളിയും യഥാർഥ തൊഴിലില്ലായ്മയും പൊരുത്തപ്പെട്ടേക്കില്ല.
പണപ്പെരുപ്പ നിരക്ക് പിടിച്ചുനിർത്തിയെന്നു സാന്പത്തിക സർവേ പറയുന്നു. പച്ചക്കറി വില സാവധാനം കുറഞ്ഞുവരികയാണ്. വിളവെടുപ്പും വരവും കൂടുന്നുമുണ്ട്. ഇവയിലൂടെ അടുത്ത സാന്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഭക്ഷ്യ വിലക്കയറ്റം കുറയാൻ സാധ്യതയുണ്ടെന്നാണു സർവേയുടെ വിലയിരുത്തൽ. എന്നാൽ ഉപ്പു തൊട്ടു കർപ്പൂരംവരെ വില കൂടിയെന്ന പഴയ വർത്തമാനംപോലെ രാജ്യത്താകമാനം പൊള്ളുന്ന വിലക്കയറ്റം ജനങ്ങളെ വിഷമിപ്പിക്കുന്നുവെന്നത് ആർക്കും നിഷേധിക്കാനാകില്ല. കണക്കിലെ പശു പുല്ലു തിന്നില്ല. വിലക്കയറ്റം കുറഞ്ഞുവെന്നു സർക്കാരും അവകാശപ്പെടുന്നില്ലെന്നതാണു മറുവശം.
അഞ്ചു ട്രില്യണിലെത്തി വിപണി
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾക്കും ഇടയിലുള്ള ശക്തമായ യുഎസ് ഡോളറാണ് 2024ലെ രൂപയുടെ മൂല്യത്തകർച്ചയ്ക്കു പ്രധാന കാരണമെന്നാണു സർവേയുടെ കണ്ടെത്തൽ. രൂപയുടെ മൂല്യത്തകർച്ചയെ ന്യായീകരിക്കാൻ അമേരിക്കൻ ഡോളറിന്റെ മൂല്യം കൂടിയതിനെ പഴിക്കുകയേ മാർഗമുള്ളൂ.
രാജ്യത്തെ മൊത്ത നിഷ്ക്രിയ ആസ്തികൾ മൊത്ത വായ്പകളുടെയും അഡ്വാൻസുകളുടെയും 2.6 ശതമാനമായി കുറഞ്ഞു. റിസർവ് ബാങ്കിന്റെ 2024 ഡിസംബറിലെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ട് (എഫ്എസ്ആർ) പ്രകാരം 12 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണു കുറഞ്ഞത്. ആഗോള സംയോജിത പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) തുടർച്ചയായി പതിനാലാം മാസവും വികസിച്ചു. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.2 ശതമാനം ആണ്.
മുംബൈ സ്റ്റോക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം വിപണി മൂലധനം ആദ്യമായി അഞ്ചു ട്രില്യണ് ഡോളറിൽ എത്തിയെന്നതാണു സർവേയിൽ പറയുന്ന മറ്റൊരു നേട്ടം. അമേരിക്കയും ജപ്പാനും മാത്രമാണ് ഇന്ത്യയേക്കാൾ മുന്നിലുള്ളത്. ബിഎസ്ഇയുടെ വിപണി മൂലധനം 2024 മാർച്ചിൽ നിന്ന് 2024 ഡിസംബർ അവസാനത്തോടെ 14.2 ശതമാനം വർധിച്ച് 445.2 ലക്ഷം കോടി രൂപയിലെത്തി.
2026ലെ അപായ മുന്നറിയിപ്പ്
ഇതേസമയം, ഇന്ത്യയുടെ സാന്പത്തിക സാധ്യതകൾ സന്തുലിതമാണെങ്കിലും സന്പദ്വ്യവസ്ഥയുടെ അപകടങ്ങളെക്കുറിച്ചു സാന്പത്തിക സർവേയിൽ മുന്നറിയിപ്പുകളുണ്ട്. പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും പ്രതിസന്ധികൾ അടക്കം നിലവിലുള്ള സംഘർഷങ്ങളും പിരിമുറുക്കങ്ങളും കാരണം സാന്പത്തിക മേഖലയിൽ ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ ഉയർന്നതായി തുടരുന്നുവെന്നു സർവേ മുന്നറിയിപ്പു നൽകുന്നു. ആഗോള രാഷ്ട്രീയ സാന്പത്തിക മാറ്റങ്ങളും വ്യാപാര അനിശ്ചിതത്വങ്ങളും ഉൾപ്പെടെ പലതും വെല്ലുവിളിയാണ്.
അമേരിക്കയിലെ ഭരണമാറ്റവും അതേ തുടർന്നുള്ള വിപണി വ്യതിയാനങ്ങളും ഉയർന്ന മൂല്യനിർണയങ്ങളും 2025ൽ ഇന്ത്യയുടെ അപകടസാധ്യതകൾ കൂട്ടുന്നു. ആഗോള വിപണിയിൽ അടുത്ത വർഷം അർഥവത്തായ വിപണി തിരുത്തലിന്റെ സാധ്യതയാണു മുഖ്യം. ഓഹരിവിപണിയിൽ വലിയ തകർച്ചയുണ്ടാക്കുന്ന അത്തരമൊരു തിരുത്തൽ സംഭവിച്ചാൽ, ഇന്ത്യയെ അതു വല്ലാതെ ബാധിക്കും. കോവിഡിനു ശേഷം ഓഹരി വിപണിയിലെത്തിയ പുതിയ ചെറുകിട നിക്ഷേപകരാകും പ്രതിസന്ധിയിലാകുക. ഓഹരിവിപണിയിലെ വലിയ വിപണി തിരുത്തലുകൾ അനുഭവിച്ചിട്ടില്ലാത്ത ഇത്തരം പുതിയ ഇടത്തരം നിക്ഷേപകർക്കു കനത്ത തിരിച്ചടികളുണ്ടായാൽ അത് ഇന്ത്യയെ മൊത്തത്തിൽ ദോഷകരമായി ബാധിക്കുമെന്നതു നിസാരമല്ല.
സാന്പത്തിക നഷ്ടങ്ങൾക്കു പുറമേ രാജ്യത്തു വലിയ പ്രശ്നങ്ങൾക്കും ഇത്തരം സംഭവങ്ങൾ കാരണമാകുമോയെന്ന ആശങ്കയാണു സാന്പത്തിക സർവേയിൽ പങ്കുവയ്ക്കുന്നത്. ഈ വെല്ലുവിളി നേരിടുന്നതിനായി തന്ത്രപരവും വിവേകപൂർണവുമായ നയ മാനേജ്മെന്റും ആഭ്യന്തര അടിസ്ഥാനകാര്യങ്ങൾ ശക്തിപ്പെടുത്തലും ആവശ്യമാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
അനിവാര്യ പരിഷ്കാരങ്ങൾ
അടിസ്ഥാന തലത്തിലുള്ള ഘടനാപരമായ പരിഷ്കാരങ്ങളിലൂടെയും നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിലൂടെയും ആഗോള മത്സരക്ഷമത ഇന്ത്യ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നു സർവേ പറയുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ഇപ്പോഴും അപകടസാധ്യത സൃഷ്ടിക്കുന്നു. നിർമിത ബുദ്ധിക്ക് (എഐ) അനുയോജ്യമായ ഭരണ ചട്ടക്കൂടിന്റെ അഭാവം സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിനു കാരണമായേക്കാം.
കോർപറേറ്റ് ബോണ്ടു വിപണിയിലെ പണലഭ്യത വർധിപ്പിക്കുന്നതിനു വിവിധ തന്ത്രങ്ങൾ വേണമെന്നു സർവേ നിർദേശിച്ചു. ദ്വിതീയ വിപണിയുടെ അഭാവം ഇതിനായി പരിഹരിക്കേണ്ടതുണ്ട്. രാഷ്ട്രീയവും സാന്പത്തികവുമായ ആഗോള സ്ഥിതിവിശേഷങ്ങൾ ഇന്ത്യയുടെ വളർച്ചാഫലങ്ങളെ സ്വാധീനിക്കുമെന്ന് തിരിച്ചറിയേണ്ടതു പ്രധാനമാണെന്നു സർവേ മുന്നറിയിപ്പ് നൽകി.
വ്യക്തികൾക്കും ചെറുകിട ബിസിനസുകൾക്കും സാന്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കുകയെന്നത് ഇന്ത്യയുടെ ഇടക്കാല വളർച്ചാ സാധ്യതകൾ നിർവചിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട നയ മുൻഗണനയാണെന്ന് സാന്പത്തിക സർവേ പറയുന്നു.