കരിമണൽക്കൊള്ളയുടെ ഇരകൾ
റെജി ജോസഫ് / ഒരു വെള്ളം മുക്കിയ നെല്ലറ
Thursday, January 30, 2025 3:08 AM IST
കരിമണലിൽ തൊട്ടാൽ കൈനിറയെ കാശാണ്. തോട്ടപ്പള്ളി സ്പിൽവേയുടെ അടിത്തട്ടിൽ നിറഞ്ഞ മണൽ ഒഴുക്ക് തടസപ്പെടുത്തുന്നതിനാൽ അത് വാരാൻ കെപിഎംഎൽ കന്പനി കരാറെടുത്തു. കൂറ്റൻ ഡ്രഡ്ജറുകളിറക്കി ഇവിടെ മണലൂറ്റ് കാലങ്ങളായി തുടരുന്നു. ഇവിടെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് ചെവി കൊടുക്കാൻ ഒരു പാർട്ടിയും നേതാവുമില്ല. അവരേറെയും കരിമണൽക്കാശിന്റെ വിഹിതം പറ്റിയവരാണെന്ന് ദേശവാസികൾ ആശങ്ക പങ്കുവച്ചു.
കരിമണലിലെ വിലയേറിയ ധാതുക്കൾ വേർതിരിച്ചെടുത്തശേഷം വെളുത്ത മണ്ണ് പലയിടങ്ങളിൽ കൂനകൂട്ടിയിരിക്കുന്നു. പത്ത് മീറ്റർ കുഴിക്കാൻ അനുവദിച്ചത് 25 അടിവരെ ആഴങ്ങൾ താണ്ടിയതായി ദേശവാസികൾ പറയുന്നു. വിദേശത്തുനിന്നുവരെ കൂറ്റൻ ഡ്രഡ്ജറെത്തിച്ചായിരുന്നു കഴിഞ്ഞ വർഷത്തെ മണലൂറ്റ്. അതേസമയം എതിർവശത്തുള്ള ലീഡിംഗ് ചാനലിൽ അടിഞ്ഞു കൂടിയ ചെളി മൂന്നു മീറ്റർ ആഴത്തിൽ വാരി വെള്ളം കടലിലേക്ക് ഒഴുക്കണമെന്ന നീർക്കുന്നം കായൽ ഗവേഷണ കേന്ദ്രത്തിന്റെ നിർദേശത്തിന് കരിമണലൂറ്റ്പോലെ വേഗമുണ്ടായില്ല.
അച്ചൻകോവിൽ, മണിമല, പന്പയാറുകൾ സംയോജിക്കുന്ന വീയപുരം പെരുമാങ്കര മുതൽ തോട്ടപ്പള്ളിവരെ ലീഡിംഗ് ചാനലിലെ 11 കിലോമീറ്റർ ആഴം കൂട്ടാൻ 3.12 ലക്ഷം ക്യുബിക് മീറ്റർ ചെളി നീക്കം ചെയ്യുന്നതാണ് പദ്ധതി. വീയപുരത്ത് ആരംഭിച്ച ചെളിവാരൽ ചെറുതനവരെ എത്താൻ നാലുവർഷം വേണ്ടിവന്നു. 35 ശതമാനം ചെളിയാണ് ഇതുവരെ നീക്കം ചെയ്യാനായത്. 2019 മേയിൽ ആരംഭിച്ച് 2020 മാർച്ചിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി എങ്ങുമെത്തിയിട്ടില്ലെന്ന് പരിസ്ഥിതി പ്രവർത്തകനായ പി.ആർ. സതീശൻ പറഞ്ഞു.
കടത്തിൽ മുങ്ങി കർഷകർ
തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് പൂക്കൈതയാറിലൂടെ കായലിലേക്കും തോടുകളിലേക്കുമുള്ള ഓരുവെള്ള പ്രവാഹമാണ് നെൽകൃഷിക്കു ഭീഷണിയായിരിക്കുന്നത്. കുട്ടനാട് സമുദ്രനിരപ്പിനെക്കാൾ താഴ്ന്ന പ്രദേശമായതിനാൽ വേലിയിറക്കത്തിൽ വെള്ളം തിരികെ ഇറങ്ങുന്നുമില്ല. സ്പിൽവേ വഴിയും കായംകുളം കായൽ വഴിയും നിരന്ന ഉപ്പുവെള്ളം അച്ചൻകോവിലാറ്റിലൂടെയാണ് ചെന്നിത്തല, പള്ളിപ്പാട്, മാന്നാർ പാടശേഖരങ്ങളെ മൂടിയത്.
കിടങ്ങറ മുതൽ പുറക്കാട് വരെ രണ്ടാംകൃഷി ഓരുവെള്ള ഭീഷണിയിലാണ്. തൃക്കുന്നപ്പുഴ, കന്നുകാലിപ്പാലം, തോട്ടുകടവ് തുടങ്ങിയ പ്രദേശങ്ങളിലെ തോടുകളിലൂടെയും ഓരുവെള്ളം കയറിവരുന്നു.
ഉപ്പുവെള്ളം കയറിയാൽ നെല്ല് ചീയും. നെന്മണികൾ പതിരാകും. പാകമാകും മുമ്പ് നെൽച്ചെടികൾ പഴുത്ത് ഉണങ്ങും. കൊയ്തു മെതിച്ചാൽ നാഴി അരി വിൽക്കാനുണ്ടാവില്ല. മഴക്കാലം ദീർഘിച്ചതിനാൽ കുട്ടനാട്ടിൽ പല സമയങ്ങളിലായാണ് രണ്ടാം കൃഷി തുടങ്ങിയത്. കടൽത്തിരയും വേലിയേറ്റവും വർധിച്ചതോടെ കൈനകരി പഞ്ചായത്തിലെ 26 പാടങ്ങളും തകഴി, പുറക്കാട് തുടങ്ങി ഒൻപതു പഞ്ചായത്തുകളിലെ ഇരുന്നൂറ് പാടശേഖരങ്ങളും ഓരുവെള്ള ഭീഷണിയിലാണ്. കഴിഞ്ഞ കൊയ്ത്തിൽ വിറ്റ നെല്ലിന്റെ പണത്തിന് നാലു മാസമായി കാത്തിരിക്കുന്നവരാണ് കടം വാങ്ങി അടുത്ത കൃഷിയിറക്കി ഉപ്പുവെള്ളത്തിലായിരിക്കുന്നത്.
നന്നാകില്ല, നന്നാക്കില്ല
കരിമണൽ ഖനന കരാർ കൃത്യമായി പുതുക്കുന്പോഴാണ് ഇതേ ലക്ഷ്യത്തോടെ പണിത സ്പിൽവേയിലെ ഷട്ടറുകൾ കേടുവന്നു നശിക്കുന്നത്. ജലസേചന ടെക്നിക്കൽ വിഭാഗത്തിനാണു ഷട്ടറുകളുടെ ചുമതല. ഷട്ടറുകൾ പൂർണമായി മാറ്റാൻ 2019ലും 2021ലും ടെൻഡർ ക്ഷണിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. സ്പിൽവേയിലെ പൊഴി മുറിക്കാനുള്ള കരാർ നൽകുന്നതും ജലസേചന വകുപ്പു തന്നെയാണ്. പൊഴിമുറിക്കലിന്റെ പേരിൽ കാലങ്ങളായി കരിമണൽ ഖനനമാണു തോട്ടപ്പള്ളിയിൽ നടക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകൻ അശോകൻ പറയുന്നു.
കടലിലേക്ക് നീരൊഴുക്ക് സുഗമമാക്കാൻ മണൽ നീക്കി പൊഴിമുഖം തുറന്നെങ്കിലും വലിയ അളവിൽ വെള്ളം ഒഴുകാത്തത് വെള്ളപ്പൊക്കത്തിനും കൃഷിനാശത്തിനും കാരണമാകുന്നു.
ഷട്ടറുകൾ തുറക്കാനും അടയ്ക്കാനും ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവർ കൃത്യമായി ജോലി ചെയ്യാത്തതാണ് പാടശേഖരങ്ങളിലെ കൃഷി പ്രതിസന്ധിയിലാകാൻ കാരണമെന്നും കർഷകർ ആരോപിക്കുന്നു.
2021 ജൂണിലാണ് സ്പിൽവേയുടെ ഒരു ഷട്ടർ തകർന്നു വീണത്. ഷട്ടറിന് മുകളിലൂടെ സെക്കന്റിൽ ഇരുപതിനായിരം ഘനലിറ്റർ ഉപ്പുവെള്ളം കായലിലേക്ക് ഒഴുകി. അന്നു മുതൽ കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങൾ കടുത്ത ഓരുവെള്ള ഭീഷണിയിലാണ്. മറ്റ് ഷട്ടറുകളിലൂടെയും ഉപ്പുവെള്ളം കായലിലേക്ക് ഒഴുകുന്നു. കായലുകളിൽ വളർത്തുന്ന ശുദ്ധജല മത്സ്യകൃഷിക്കും ഇത് ഭീഷണിയാണ്. ശക്തമായ വേലിയേറ്റമാണ് ഷട്ടർ തകരാൻ കാരണമെന്ന് ഇറിഗേഷൻ വകുപ്പ് പറയുന്നു. വേലിയേറ്റത്തിൽ ഷട്ടറുകൾ ആടിയുലയുന്നതിനാൽ ജലനിരപ്പിന് മുകളിലൂടെയും ഉപ്പുവെള്ളം കായലിൽ കലരുകയാണ്.
(തുടരും)