കുട്ടനാടൻ കർഷകരുടെ പ്രതീക്ഷകൾ കൂന്പടഞ്ഞു
റെജി ജോസഫ് / ഒരുവെള്ളം മുക്കിയ നെല്ലറ -1
Wednesday, January 29, 2025 2:20 AM IST
ഹരിത കുട്ടനാടിനു കരുതലാകാൻ ആലപ്പുഴ ജില്ലയിൽ നിർമിച്ച തോട്ടപ്പള്ളി സ്പിൽവേ ഇന്നു നെല്ലറയുടെ അന്തകനായിരിക്കുന്നു. ഓരോ വേലിയേറ്റത്തിലും അറബിക്കടലിലെ ഉപ്പുവെള്ളം കായലും പുഴകളും തോടുകളും താണ്ടി കുട്ടനാടൻ പാടശേഖരങ്ങളിലേക്ക് കുതിച്ചുവരികയാണ്. വിതച്ച നെല്ല് അപ്പാടെ ഓരുവെള്ളം കയറി ചീഞ്ഞുനശിക്കുന്നു. പാകമായി വരുന്നത് പതിരായി. കൃഷിക്കടത്തിൽ വലയുന്ന കുട്ടനാടൻ കർഷകരുടെ പ്രതീക്ഷകൾ കൂന്പടയുകയാണ്. തോട്ടപ്പള്ളി ബണ്ടും കരിമണൽക്കൊള്ളയും വിവിധ വകുപ്പുകളുടെ അനാസ്ഥയുമൊക്കെ കാരണം കേരളത്തിന് അന്നം തരുന്നവരുടെ ജീവിതം അന്യാധീനപ്പെടുന്നു.
കുട്ടനാടിന്റെ കൃഷിവൈവിധ്യത്തിനു തന്നെ ബാധ്യതയായിരിക്കുന്നു തോട്ടപ്പള്ളി സ്പിൽവേ. പ്രളയജലം ശരിയായ രീതിയിൽ കടലിലേക്കൊഴുക്കാൻ സ്പിൽവേ പരാജയപ്പെടുന്പോൾ വെള്ളപ്പൊക്കത്തിന്റെ സകല കെടുതികളും കുട്ടനാട്ടുകാർ അനുഭവിക്കുകയാണ്.
ബണ്ട് നാടിനു ഭാരം
അറബിക്കടലിലേക്കുള്ള കുട്ടനാടിന്റെ അഴുക്കുചാലാണ് തോട്ടപ്പള്ളി സ്പിൽവേ. 1955ൽ 420 മീറ്റർ നീളത്തിൽ പണിത സ്പിൽവേക്കു മുകളിലൂടെയാണ് ദേശീയപാത 66 കടന്നുപോകുന്നത്. വെള്ളപ്പൊക്കം പതിവായ കുട്ടനാട്ടിലെ നെൽകൃഷി സംരക്ഷിക്കാനാണ് നാൽപത് ഷട്ടറുകളോടെ സ്പിൽവേ നിർമിച്ചത്. അച്ചൻകോവിൽ, പന്പ, മണിമല നദികളിലെ പ്രളയജലം ഷട്ടറുകൾ ഉയർത്തി അറബിക്കടലിലേക്ക് ഒഴുക്കും. സെക്കൻഡിൽ 19,500 ക്യുബിക് മീറ്റർ വെള്ളം ഒഴുകും വിധമാണ് രൂപകൽപന ചെയ്തതെങ്കിലും 600 ക്യുബിക് മീറ്റർ വെള്ളമേ ഒഴുക്കാനായുള്ളു. മഴക്കാലത്ത് ശക്തമായ കടൽക്കാറ്റ് വീശുന്നതും കുട്ടനാടിന്റെ ജലനിരപ്പിനെക്കാൾ കടൽനിരപ്പ് ഉയരുന്നതും സ്പിൽവേയുടെ പടിഞ്ഞാറു ഭാഗത്ത് മണൽത്തിട്ടകൾ രൂപപ്പെടുന്നതും ലീഡിംഗ് കനാലിന്റെ വീതി കൂടിയതുമൊക്കെയാണ് കാരണങ്ങൾ.
മാത്രവുമല്ല മുപ്പത് വർഷമായി കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ടുമില്ല. ആകെ നാൽപത് ഷട്ടറുകളിൽ 20 ഷട്ടറുകളുടെ വൈദ്യുതി കേബിളുകൾ തകരാറിലാണ്. 13 ഷട്ടറുകളുടെ കണ്ട്രോൾ പാനലുകൾ പ്രവർത്തിക്കുന്നില്ല. എല്ലാ ഷട്ടറുകളുടെയും അടിവശം ദ്രവിച്ച് അസ്ഥിവാരത്തിലൂടെ വെള്ളം കയറിയിറങ്ങുന്നു. ഒരു ഷട്ടർപോലും പൂർണമായി താഴ്ന്ന നിലയിലല്ല.
2018ലേതുപോലൊരു മഹാപ്രളയമുണ്ടായാൽ ദ്രവിച്ച ഷട്ടറുകളൊന്നും ബാക്കിയുണ്ടാവില്ല. ഇതോടെ കുട്ടനാടും വേന്പനാടും ഉപ്പുകായലുകളായി മാറും. ചെളിയിൽ പൂണ്ടുപോയ ഷട്ടറുകൾ ഇനി ഉയർത്തുക എളുപ്പമല്ല. മുൻപ് ജെസിബി എത്തിച്ച് ഷട്ടറുകൾ ഉയർത്തിയെങ്കിലും പഴയ പടി താഴ്ത്താനായില്ല. അന്നു മുതൽ ഷട്ടറുകൾ വളഞ്ഞും പുളഞ്ഞുമാണ് നിൽക്കുന്നത്.
ജലവിഭവ വകുപ്പിന്റെ വിശദീകരണം
ഷട്ടറുകൾ ഉയർത്തുന്നതിൽ തടസമില്ലെന്നാണ് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഒരു ഷട്ടറിനേ തകരാറുള്ളുവെന്നു പറയുന്പോഴും നാല് ഷട്ടറുകൾ അടിത്തറവരെ എത്തിയിട്ടില്ലെന്ന് ഇവരും സമ്മതിക്കുന്നു. ഏഴാം നന്പർ ഷട്ടർ സ്ഥിരമായി അടഞ്ഞുകിടക്കുകയാണ്. നിലം പൊത്തിയ രണ്ട് ഷട്ടറുകൾക്ക് പകരം കരിമണൽ നിറച്ച ചാക്കുകൾ കൊണ്ട് തടയണ നിർമിച്ചിരിക്കുകയാണ്. ചോർച്ചയുള്ള എല്ലാ ഷട്ടറുകളിലും മണൽചാക്കു നിരത്തിക്കൂടേയെന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല.
40 ഷട്ടറുകളും മാറ്റി സ്പിൽവേ നവീകരണത്തിന് 16.5 കോടിയുടെ പദ്ധതി രണ്ടു വർഷം മുൻപ് ജലസേചനവകുപ്പ് മെക്കാനിക്കൽ വിഭാഗം സർക്കാരിനു സമർപ്പിച്ചിരുന്നു. ഈ പദ്ധതിക്ക് ദേശീയപാത വിഭാഗവും ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡും അനുമതി നിഷേധിച്ചു. നിർമാണം സ്പിൽവേ പാലത്തിന്റെ ബലക്ഷയത്തിനിടയാക്കുമെന്ന നിരീക്ഷണത്തിലാണ് അനുമതി നിഷേധിച്ചത്.
ഉപ്പുവെള്ളം കുട്ടനാട്ടിലേക്ക്
വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും ഗതിയനുസരിച്ച് ഉയർത്താനും താഴ്ത്താനുമാകാതെ വന്നതിനാലാണ് സ്പിൽവേവഴി ഉപ്പുവെള്ളം കുട്ടനാട്ടിലേക്ക് കയറുന്നത്.
കർഷകർക്ക് ഭീഷണിയും നാടിനു ഭീതിയുമായി സ്പിൽവേ മാറിയിക്കുന്നതായി തോട്ടപ്പള്ളിയിലെ മത്സ്യത്തൊഴിലാളികളായ പ്രസന്നനും കൊച്ചുമോനും പറഞ്ഞു. കടൽ വെള്ളത്തിന്റെ കയറ്റം തടയാനാണ് വേന്പനാട് കായലിനു കുറുകെ 1.4 കിലോമീറ്റർ നീളത്തിൽ തണ്ണീർമുക്കം ബണ്ടും മഴക്കാലത്ത് അധികജലം കടലിലേക്കൊഴുക്കാൻ തെക്ക് തോട്ടപ്പള്ളിയിൽ സ്പിൽവേയും നിർമിച്ചത്. രണ്ടു സംവിധാനങ്ങളും നേട്ടത്തെക്കാൾ കർഷകർക്ക് ദുരിതമായി മാറിയിരിക്കുന്നു.
പാടങ്ങൾക്ക് ജലസമാധി
പുന്നപ്ര, അന്പലപ്പുഴ, പുറക്കാട് കൃഷിഭവൻ പരിധി മുതൽ കിടങ്ങറവരെ പാടശേഖരങ്ങളെയാണ് ഓരുവെള്ളം ബാധിച്ചിരിക്കുന്നത്. കരുവാറ്റ ലീഡിംഗ് ചാനൽ വഴി പന്പാനദിയിലെത്തി അതുവഴി തകഴി പുല്ലങ്ങടിവരെ ഉപ്പു വെള്ളം നിറഞ്ഞു. പന്പയുടെ ഇരു വശങ്ങളിലെയും പാടശേഖരങ്ങൾ ഓരുജല ഭീഷണിയിലാണ്.
പന്പ, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ഉപ്പുവെള്ളം കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നു. ചെറുതന കൃഷി ഭവൻ പരിധിയിലെ തണ്ടപ്രതേവേരി, നൂറുപറ, നടുപ്പോച്ച, മടയനാരി, അച്ചനാരി കുട്ടങ്കേരി, ദേവസ്വം തുരുത്ത്, കിഴക്കേപോച്ച വടക്ക്, പോച്ച 400, ചെങ്ങളത്തു പോച്ച, തകഴി കൃഷിഭവൻ പരിധിയിൽ വണ്ടകപ്പുറം, ചെട്ടുതറക്കരി, കൊല്ലനാടി, കോനാട്ടുകരി, പോളേപ്പാടം, കാട്ടാത്രക്കടവ്, തെന്നടി വടക്ക്, ഐവേലിക്കാട് പാടങ്ങളെല്ലാം ഉപ്പു ഭീഷണിയിലാണ്.
സ്പിൽവേയിലെയും ഓരുമുട്ടുകളിലെയും വേലിയേറ്റ ജലപ്രവാഹം നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലാതായ സാചചര്യത്തിൽ കുട്ടനാട്ടിൽ രണ്ടാം കൃഷി എന്നേക്കും ഇല്ലാതാകുമെന്ന് കർഷകനും നെൽ കർഷക സംരക്ഷണ സമിതിയംഗവുമായ സോണിച്ചൻ പുളിങ്കുന്ന് പറഞ്ഞു.
നിലവിൽ ചെറുതന, പള്ളിപ്പാട്, വീയപുരം, കരുവാറ്റ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ ഉപ്പുവെള്ളം കെട്ടിക്കിടക്കുകയാണ്. സ്പിൽവേയിലൂടെ കടലിലേക്ക് വെള്ളം ഒഴുകാനുള്ള പൊഴി തുറന്നു കിടക്കുന്നുണ്ടെങ്കിലും നീരൊഴുക്ക് കുറവാണ്.
പുഴകൾക്കു നിരവധി പാലങ്ങൾ നിർമിച്ചതോടെ തൂണുകൾ ഒഴുക്കിന് തടസമായി. നിന്നൊഴുകുന്ന പായലുകളും മറ്റ് മാലിന്യങ്ങളും തടസമാകുന്നുണ്ട്. ഈ മാസം പകുതിയോടെ വിതയ്ക്കാനിരുന്ന കരുവാറ്റ, പുറക്കാട് മേഖലയിലെ പതിനായിരം ഏക്കറിലും ഓരുവെള്ളം കയറി കൃഷി മുടങ്ങി.
(തുടരും)