“പ്രഹേളികയ്ക്കുള്ളിലെ നിഗൂഢമാം കടങ്കഥ”
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Wednesday, January 29, 2025 12:12 AM IST
ജനാധിപത്യത്തിൽ, രാഷ്ട്രീയ പാർട്ടികളുടെ സുഗമമായ പ്രവർത്തനത്തിന് നേതാക്കളെ കണ്ടെത്താൻ സാധാരണയായി ഉൾപാർട്ടി തെരഞ്ഞെടുപ്പുകളെയാണ് ആശ്രയിക്കാറ്. ഇന്ത്യയിൽ, സ്വാതന്ത്ര്യസമരം നയിച്ച ചരിത്രപ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഈ രീതി പിന്തുടരുന്നു. പാർട്ടിയുടെ നയങ്ങളിലും ആശയങ്ങളിലും വേരൂന്നിയ താരതമ്യേന മെച്ചപ്പെട്ട നേതാക്കളെ ലഭിക്കാൻ ഈ രീതി സഹായകമായി. പാർട്ടിയുടെ ചരിത്രത്തിലും ഗ്രാഹ്യമുള്ള അവരെ ആശ്രയിച്ചായിരുന്നു സംഘടനയുടെയും ഇന്ത്യൻ ജനാധിപത്യത്തിലെ പൗരന്മാരുടെയും വികാസപരിണാമങ്ങളുടെ ഗതി. അതിലെല്ലാമുപരി, പാർട്ടിയെ നയിക്കാനും സ്ഥാപകനേതാക്കളുടെ ആദർശങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും ചുവടുവയ്ക്കാനും തങ്ങളിൽനിന്നുതന്നെ മികച്ചവരെ തെരഞ്ഞെടുക്കാൻ അംഗങ്ങൾക്ക് അവസരം നല്കി.
എന്നാൽ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാലത്ത് അതിമോഹികളായ മുതിർന്ന ചില നേതാക്കൾ ചില പാർട്ടികളിൽ ഗ്രൂപ്പുകളുണ്ടാക്കുന്നതു കണ്ടു. പാർട്ടിയുടെ പ്രവർത്തനത്തിലും ആദർശലക്ഷ്യങ്ങളിലും നിർണായക സ്വാധീനം ചെലുത്താനായിരുന്നു ഇത്. തത്ഫലമായി പാർട്ടിക്കകത്തെ തെരഞ്ഞെടുപ്പുകൾ ദുർബലമായി. ഇത് പാർട്ടിയുടെതന്നെ ജനാധിപത്യഘടനയെയും ബാധിച്ചു. ഒരുപാടു രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചിടത്തോളം ഉൾപാർട്ടി തെരഞ്ഞെടുപ്പുകൾ ക്രമേണ ചടങ്ങായി മാറി. തീർച്ചയായും, പൊതുജനത്തിനു മുന്നിൽ പ്രതിഛായ നിലനിർത്താനുള്ള ഒരഭ്യാസം മാത്രമായി.
നാമനിർദേശം ചെയ്യുക എന്നൊരേർപ്പാടാണ് പിന്നീടുണ്ടായത്. അതിലൂടെ പാർട്ടിക്കകത്തെ മുതിർന്ന നേതാക്കൾക്കും ശക്തമായ ഗ്രൂപ്പുകൾക്കും ദേശീയ, സംസ്ഥാന തലങ്ങളിൽ അവർക്കിഷ്ടപ്പെട്ടവരെ കുടിയിരുത്താനായി. അതൊരു പതിവായി. മിക്ക രാഷ്ട്രീയപാർട്ടികളുടെയും സംസ്ഥാന ഘടകങ്ങളുടെ പ്രാധാന്യം ഇതു ഗണ്യമായി കുറച്ചു. മിക്കയിടത്തും സുപ്താവസ്ഥയിലാകുകയും ചെയ്തു. ചില പ്രധാന രാഷ്ട്രീയപാർട്ടികളുടെ ശക്തമായ കേന്ദ്രനേതൃത്വത്തിന് പ്രധാന സ്ഥാനങ്ങളിൽ സ്വന്തക്കാരെ വച്ച് പാർട്ടിയെ നിയന്ത്രിക്കാൻ കഴിഞ്ഞു. അതോടെ ജനാധിപത്യരീതിയിലുള്ള പ്രവർത്തനം നാമമാത്രമായി. അത്തരമൊരു രീതി മറ്റു പാർട്ടികളിലേക്കും പടർന്നു.
ചില പാർട്ടികളെങ്കിലും സംഘടനാ തെരഞ്ഞെടുപ്പിലും ജനാധിപത്യരീതിയിലും ഉറച്ചുനിന്നു. അതുവഴി പാർട്ടിയുടെ സുഗമമായ പ്രവർത്തനത്തിനും കഠിനാധ്വാനികളും കഴിവുള്ളവരുമായ നേതാക്കളെ കണ്ടെത്തി മെച്ചപ്പെട്ട സംഘാടനത്തിനുമായി.
ദേശീയ പാർട്ടികളടക്കം ചില പാർട്ടികളിൽ സംസ്ഥാന ഘടകം ദുർബലമാകുകയും മെച്ചപ്പെട്ട തെരഞ്ഞെടുപ്പുപോരാട്ടങ്ങൾക്കായി ‘സമാനമനസ്കരായ’പാർട്ടികളുമായി സഖ്യമുണ്ടാകുകയും ചെയ്തു. രാഷ്ട്രീയമായ ശക്തി ഉറപ്പിക്കുന്നതിനായി പലവിധ നീക്കുപോക്കുകൾക്കും ധാരണകൾക്കും ഇതു വഴിവയ്ക്കുകയും ചെയ്തു. അത്തരം മാറ്റങ്ങളുടെ ഫലമായി പ്രധാനപ്പെട്ട സംസ്ഥാന നേതാക്കളെയോ സംസ്ഥാന ഘടകങ്ങളെയോ ഉപയോഗിച്ച് പാർട്ടിയുടെ ദേശീയ താത്പര്യം സംരക്ഷിക്കാനായി. ഇത് ചില പ്രധാന സംസ്ഥാന നേതാക്കളെയും ഘടകങ്ങളെയും കരുത്തരാക്കി.
കേരളത്തിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്പോൾ രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനും താത്പര്യമുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസായിരുന്നു പ്രധാന പ്രതിപക്ഷ പാർട്ടി. കോൺഗ്രസ് സാമാജികരിൽ ഭൂരിപക്ഷവും ചെന്നിത്തലയ്ക്കൊപ്പമായിരുന്നെങ്കിലും സതീശനെയാണ് പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്.
അംഗീകൃത ജനാധിപത്യ വഴക്കങ്ങളുടെ ലംഘനമായിരുന്നു അത്. ഇത്തരമൊരു പ്രധാന വീഴ്ചയ്ക്കുള്ള കാരണം വിശദീകരിക്കപ്പെട്ടില്ല. പല പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുള്ള മുതിർന്ന നേതാവായ ചെന്നിത്തലയാകട്ടെ പ്രതിഷേധമൊന്നുമുയർത്തിയതുമില്ല. അദ്ദേഹത്തെപ്പോലുള്ള മുതിർന്ന നേതാക്കൾ പാർട്ടിയെയും അതിന്റെ ഉന്നത നേതൃത്വത്തെയും നാണം കെടുത്തുന്ന ഒന്നും ചെയ്യില്ല.
ഈയിടെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുനഃസംഘടനയ്ക്കു കളമൊരുങ്ങിയിരുന്നു. എഐസിസി നിരീക്ഷക ദീപ ദാസ് മുൻഷി കേരളത്തിൽ വരികയും ഇതുസംബന്ധിച്ച് മുതിർന്ന നേതാക്കളുടെ കാഴ്ചപ്പാടും ന്യായീകരണങ്ങളും ആരായുകയും ചെയ്തു. കേരളത്തിലെ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ പിസിസി പ്രസിഡന്റ് സ്ഥാനം ആഗ്രഹിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച. ദീപ ദാസ് മുൻഷിക്ക് ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകേണ്ടിയിരുന്നു. മുതിർന്ന നേതാവും പിസിസി അധ്യക്ഷനുമായ കെ. സുധാകരൻ ഈ നീക്കങ്ങളിൽ അസ്വസ്ഥനായി. ചർച്ചകളിൽ തന്നെയും പങ്കെടുപ്പിക്കണമായിരുന്നെന്നും തന്നോട് ആലോചിക്കണമായിരുന്നെന്നും അദ്ദേഹം കരുതി.
ഒരുതവണകൂടി സ്ഥാനത്തിനില്ലെന്ന് സുധാകരൻ പ്രസ്താവിച്ചിരുന്നതുകൊണ്ടാകാം കേന്ദ്ര നിരീക്ഷക അപ്രകാരം ചെയ്തത്. പാർട്ടിയിലെ മുതിർന്ന നേതാവും ഈഴവ സമുദായത്തിലെ മുതിർന്ന നേതാവുമായതിനാൽ അദ്ദേഹത്തിന്റെ സീനിയോറിറ്റിയെ ബഹുമാനിക്കേണ്ടത് ആവശ്യമായിരുന്നു. പ്രത്യേകിച്ചും പഞ്ചായത്ത്, അസംബ്ലി തെരഞ്ഞെടുപ്പുകളിലേക്ക് അധികദൂരം ഇല്ലാതിരിക്കുന്പോൾ.
തെരഞ്ഞെടുപ്പുപോരാട്ടത്തിന് ഒരുങ്ങേണ്ട സാഹചര്യത്തിൽ ഈഴവ സമുദായത്തിന്റെ പിന്തുണ കോൺഗ്രസിനു വളരെ പ്രധാനപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി അധ്യക്ഷനെ മാറ്റുന്നതിലെ ദുരൂഹതകൾ ദീപ ദാസ്മുൻഷിയെ ഹൈക്കമാൻഡോ പാർട്ടിയുടെ മുതിർന്ന കേരള നേതാക്കളോ അറിയിക്കേണ്ടതായിരുന്നു. സുധാകരനെപ്പോലെ മറ്റൊരു മുതിർന്ന ഈഴവനേതാവ് കോൺഗ്രസിലില്ല. തെരഞ്ഞെടുപ്പുപ്രചാരണത്തിൽ അദ്ദേഹം സജീവമായി ഉണ്ടാകേണ്ടത് കോൺഗ്രസിനും യുഡിഎഫിനും നിർണായകമാണ്.
ആറ്റിങ്ങൽ എംപിയായ അടൂർ പ്രകാശിന്റെ പേര് കോൺഗ്രസിലെ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, സമുദായത്തിൽ കൂടുതൽ സ്വാധീനമുള്ളത് സുധാകരനാണെന്നും അതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിനിർണയത്തിലും പ്രചാരണത്തിലും അദ്ദേഹത്തിന്റെ സജീവപങ്കാളിത്തം ഒഴിച്ചുകൂടാനാകാത്തതാണെന്നും യുഡിഎഫിലെ പലരും കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പുകളിലും സുധാകരന്റെ നേതൃത്വത്തിലാണ് തകർപ്പൻ ജയം നേടിയതെന്ന കാര്യം ആർക്കും അവഗണിക്കാനാകില്ല.
അതുപോലെ വരും തെരഞ്ഞെടുപ്പുകളിലും കേരളത്തിൽ മികച്ച ജയം പാർട്ടി ഹൈക്കമാൻഡ് പ്രതീക്ഷിക്കുന്നുണ്ട്. വിശേഷിച്ചും, ഹരിയാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മോശം പ്രകടനത്തിനുശേഷം. പിസിസി പ്രസിഡന്റിനെ മാറ്റുന്ന കാര്യം മാറ്റിനിർത്തുകയും വരുന്ന തെരഞ്ഞെടുപ്പിനു ശേഷം നോക്കുകയും വേണം. ഒരു സമുദായത്തെയും അകറ്റുന്നത് ഇപ്പോൾ അഭികാമ്യമല്ല.
അതുപോലെ, കേരളത്തിൽ പാർട്ടി സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ നല്ലതുപോലെ ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. ക്രിസ്ത്യൻ, മുസ്ലിം സ്ഥാനാർഥികളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
യുഡിഎഫ് നോമിനേഷന്റെ കാര്യത്തിൽ അടിസ്ഥാനപരമായ പരിഗണന എന്താണെന്നതൊരു നിഗൂഢതയാണ്. പല പേരുകളും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴത് ഊഹാപോഹങ്ങൾ മാത്രമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര ജാഥ ഫെബ്രുവരി അഞ്ചിനു സമാപിച്ചശേഷം മാത്രമാകും കോൺഗ്രസിന്റെ പ്രധാന പരിഗണന അറിയാനാകുക.
ഹൈക്കമാൻഡ് പോലും റാലി കഴിഞ്ഞ ശേഷമാകും ഈ വിഷയം പരിഗണിക്കുക. മുസ്ലിം സ്ഥാനാർഥികൾ യുഡിഎഫിനുള്ള മുസ്ലിം ലീഗ് പിന്തുണയ്ക്ക് സഹായകമാകുമെന്നതിനാൽ ചില മുസ്ലിം സ്ഥാനാർഥികളെ കോൺഗ്രസ് നിർത്തിയേക്കും. ഇവിടെയും സ്ഥാനാർഥികൾക്കു വേണ്ട പ്രധാന പരിഗണന നിശ്ചയിക്കേണ്ടിയിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ക്രിസ്ത്യൻ-മുസ്ലിം സ്ഥാനാർഥികളെ സംബന്ധിച്ച മുഖ്യപരിഗണനയെച്ചൊല്ലിയുള്ള നിഗൂഢത മറനീക്കിയാൽ മാത്രമേ ഊഹാപോഹങ്ങൾ പോലും സാധ്യമാകൂ.
ഏതായാലും ഈ വ്യക്തികളെ ഒരു ഉൾപാർട്ടി തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതാണ് ഈ വിഷയത്തിലെ ഏറ്റവും നല്ല കാര്യം. കോൺഗ്രസ് അംഗങ്ങളുടെ കണ്ണിൽ ഏറ്റവും മികച്ച പാർട്ടി നേതാക്കളെ നൽകാൻ അതിനു മാത്രമേ കഴിയൂ. അത്തരം അംഗങ്ങൾക്ക് തീർച്ചയായും പാർട്ടിയെ സങ്കുചിത താത്പര്യത്തിനതീതമായും പാർട്ടിയുടെ താത്പര്യങ്ങൾക്കനുസൃതമായും കൈകാര്യം ചെയ്യാൻ കഴിയും.
റിപ്പോർട്ടുകളും വിശകലനങ്ങളുമനുസരിച്ച് ഇപ്പോൾ ആശയക്കുഴപ്പത്തിന്റെ അങ്ങേയറ്റമാണ്. സാഹചര്യം വിശദീകരിക്കാനും മനസിലാക്കാനും വിഷമമാണ്. 1939ൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ഒരു റേഡിയോ പ്രഭാഷണത്തിൽ പറഞ്ഞു: “ഇത് ഒരു പ്രഹേളികയ്ക്കുള്ളിൽ നിഗൂഢതയിൽ പൊതിഞ്ഞ കടങ്കഥയാണ്.” രണ്ടാം ലോകയുദ്ധകാലത്തെ സോവ്യറ്റ് യൂണിയനെക്കുറിച്ചായിരുന്നു പരാമർശം. എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനായി രണ്ടാംലോകയുദ്ധത്തിന്റെ തുടക്കത്തിലെ സംഭവങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
കളിക്കളത്തിൽ നിരവധി പേരുണ്ട്. എന്താണു സംഭവിക്കുന്നതെന്നും എന്തു പദ്ധതികളാണ് ഉരുത്തിരിയുന്നതെന്നും വളരെക്കുറച്ചുപേർക്കു മാത്രമെ അറിയൂ. കേരളത്തിലെ വിശ്വസ്തരിൽനിന്നുള്ള നിർദേശങ്ങൾ കേട്ട് ഹൈക്കമാൻഡിനു ശ്വാസം മുട്ടുകയാണ്. ചുരുക്കത്തിൽ, കേരളസ്ഥിതിഗതികളെക്കുറിച്ച് വളരെക്കുറച്ചേ അറിയു. വളരെക്കുറച്ചേ വിശ്വസിക്കാനാകൂ. വ്യക്തമാകുന്നത് ഇതുമാത്രം: പ്രഹേളികയ്ക്കുള്ളിൽ നിഗൂഢതയിൽ പൊതിഞ്ഞ കടങ്കഥ.