വാക്ക്
ഡോ. മുഞ്ഞിനാട് പത്മകുമാർ
Tuesday, January 21, 2025 10:43 PM IST
എനിക്കെഴുതാൻ ഒരു കഴുകന്റെ തൂവൽ തരൂ എന്നോ വെഡ്യൂസിയസിന്റെ അഗാധത തരൂ എന്നോ ഭൂമിയിലെ ഒരു കവിയും ഇന്നേവരെ പ്രാർഥിച്ചിട്ടുണ്ടാവില്ല. നൂറ്റാണ്ടോളം ഈ ഭൂമിയിൽ കഴിയണമേ എന്നുള്ളതു മാത്രമായിരിക്കണം എല്ലാ കവികളുടെയും പ്രാർഥന. ആ പ്രാർഥനയുടെ അൾത്താരയാണ് കവിഹൃദയം. ആനന്ദിക്കുമ്പോൾ ഒരു ഹൃദയവും ദുഃഖിക്കുമ്പോൾ ആയിരം ഹൃദയവുമുള്ള ആ അൾത്താരയിലിരുന്നാണ് എല്ലാ കവികളും എഴുതുന്നത്. അവിടെയിരുന്നാണ് വിയർത്തൊലിക്കുന്ന വേനലിനെക്കുറിച്ചും അസ്ഥിയിൽനിന്ന് മാംസം വേർപെടുംവരെ എനിക്ക് പ്രണയിക്കണമെന്നും ആകാശനീലിമയിൽ വിദൂരതയിലൂടെ ഒരരയന്നമായി പറന്നുപോകണമെന്നും പൂവിന്റെ മണമാകണമെന്നും ഒരു കവി എഴുതിപ്പോകുന്നത്.
ഭാരതപ്പുഴ വറ്റാത്ത ഒരു കവിതയാകുന്നതുപോലൊരു അനുഭൂതിയാണിത്. ഈ അനുഭൂതിയുടെ പൂർണതയാണ് കവിയുടെ ബലി. ഒരു കവിത എഴുതിക്കഴിഞ്ഞാൽ കവി മരിച്ചുവീഴുന്നു എന്നു പറയുന്നത് അതുകൊണ്ടാണ്. കവിയുടെ ഉയിർപ്പാണ് അടുത്ത കവിത. കവിയുടെ കല്ലറ നിരാശയുടേതല്ല, അതു പ്രതീക്ഷയുടേതാണന്ന് പറയുന്നതും അതുകൊണ്ടാണ്.
അരബിന്ദോയുടെ ‘സാവിത്രി’ ഓർമ വരുന്നു. സ്വർഗ-നരകങ്ങളെക്കുറിച്ചോ ജന്മജന്മാന്തരങ്ങളെക്കുറിച്ചോ വിലപിക്കാത്ത കവിതയാണത്. കാവ്യത്തിൽ അരബിന്ദോ പാടുന്നു “ഇവിടെ ഞാനും ഈശ്വരനും തനിച്ചാകുന്നു” എന്ന്. ഈ തനിച്ചാകലാണ് ഒരു കവിയുടെ ഏകാന്തത. “ഞാൻ മൺപുറ്റിലിരിക്കുമ്പോഴെല്ലാം ആയുധത്തിന് മൂർച്ച കൂട്ടുകയായിരുന്നു”വെന്ന് ഒരു ലാറ്റിനമേരിക്കൻ കവി പാടുന്നുണ്ട്. കവിയുടെ ആയുധം വാക്കാകുമ്പോൾ അതിനു മൂർച്ച കൂട്ടാനാണ് കവി തപസിരിക്കുന്നത്. അതിന്റെ മനോസഞ്ചാരമാണ് കവി തേടുന്ന ഏകാന്തത. രത്നാകരനിൽനിന്ന് വാത്മീകിയിലേക്കുള്ള പരിണാമം വാക്കിന്റെകൂടി പരിണാമമാണ്. ഇത് ഹോമറിലും വ്യാസനിലും കാളിദാസനിലും ടാഗോറിലും നെരൂദയിലും കാണാം. അത് അളന്നെടുക്കാനാകില്ല. വാക്ക് അങ്ങനെ ഒരാകാശമായി മാറുകയാണ്.
സ്ഫുടതാരകൾ കൂരിരുട്ടിലുണ്ടെന്നും സിന്ധുവിൽ ദ്വീപുകളുണ്ടെന്നും കുമാരനാശാൻ എഴുതുമ്പോൾ വാക്കാണ് വെളിച്ചമായും വെളിച്ചത്തിന്റെ ദ്വീപായും മാറുന്നത്. നിശബ്ദതയുടെ വാതിലിൽ മുട്ടി സംഗീതത്തെ വിളിച്ചുണർത്തുന്നത് വാക്കാണെന്ന് ചൈനീസ് കവി സൂചിൻ എഴുതിയിട്ടുണ്ട്. ഇതെല്ലാം അന്തരംഗത്തൊടൊത്തഞ്ചിന്ദ്രിയങ്ങളും വെന്തടങ്ങുന്ന വിശ്വഭംരവേദന തന്നെയാണ്.
കുറേക്കാലം ഞാനാലോചിച്ചു തലപുണ്ണാക്കിയ ഒരു ചോദ്യമുണ്ടായിരുന്നു. ആരാണ് കവികൾക്കു വാക്കുകൾ നൽകിയത് എന്ന്. ഈ ചോദ്യത്തിനൊരു ഇരുതലവാളിന്റെ മൂർച്ചയുള്ളതുകൊണ്ടാകണം എന്നും ഇതെന്റെ ഉറക്കം കെടുത്തിയിരുന്നു. ഒടുവിൽ ഞാനെന്റേതായ ഒരുത്തരത്തിലെത്തി; പ്രൊമിത്യൂസ്. സ്വർഗാധിപതിയായ സീയുസ് ദേവനെ ധിക്കരിച്ച് മനുഷ്യനെ സ്നേഹിക്കുകയും സ്വർഗത്തിൽനിന്ന് അഗ്നി മോഷ്ടിച്ച് ഭൂമിയിലെ മനുഷ്യർക്കു നൽകുകയും ചെയ്ത പ്രൊമിത്യൂസ്. പ്രൊമിത്യൂസ് അഗ്നിയല്ല വാക്കാണ് സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് മോഷ്ടിച്ചു കൊണ്ടുവന്നത് എന്നാണെന്റെ വിശ്വാസം.
ആ വാക്ക് പ്രൊമിത്യൂസ് ഭൂമിയിലെ ആദ്യത്തെ മനുഷ്യനു നൽകിയിട്ടുണ്ടാകാം. വാക്ക് ലഭിച്ച ആ മനുഷ്യൻ പിന്നീട് കവിയായിട്ടുണ്ടാകണം. അവന്റെ സന്തതിപരമ്പരകളിൽനിന്നാകണം ഭൂമിയിലെ എല്ലാ കവികളും ഉണ്ടായിട്ടുള്ളത്. ഇതൊരു തലതിരിഞ്ഞ ആലോചനാവിഷയമാണ്.
ജനകനും യാജ്ഞവല്ക്യനും തമ്മിലുള്ള ഒരു സംവാദം ഉപനിഷത്തിലുണ്ട്. ജനകൻ മഹാഗുരുവായ യാജ്ഞവല്ക്യനോട് ചോദിക്കുന്നു “ഗുരോ എന്താണ് വെളിച്ചം?” എന്ന്.
ഗുരു പറയുന്നു, “സൂര്യൻ”
“സൂര്യനസ്തമിച്ചാൽ?”
“ചന്ദ്രൻ”
“ചന്ദ്രനസ്തമിച്ചാൽ?”
“നക്ഷത്രങ്ങൾ”
“നക്ഷത്രങ്ങളസ്തമിച്ചാൽ?”
“അഗ്നി”
“അഗ്നി അസ്തമിച്ചാൽ?”
“വാക്ക്”
ആ സംവാദം അവിടെ പൂർണമാകുകയാണ്. വാക്ക് അസ്തമിക്കുന്നില്ല. വിളിപ്പുറത്തെ ദൈവം പോലെയാകണം കവിക്ക് വാക്ക് എന്നു പറയാറുണ്ട്. കവികുലഗുരു എഴുത്തച്ഛൻ പോലും പ്രാർഥിച്ചത് “വാരിധിതന്നിൽ തിരമാലകളെന്നപോലെ ഭാരതീപദാവലി തോന്നേണേ കാലേ കാലേ” എന്നാണ്. ഉറങ്ങുന്നവരെയാണ് പ്രളയം ആദ്യം മുക്കിക്കൊല്ലുന്നത് എന്നു പറയാറുണ്ട്. പക്ഷേ, കവികളെ ഒരിക്കലും പ്രളയത്തിന് മുക്കിക്കൊല്ലാനാകില്ല. കാരണം അവർ ഉറങ്ങുമ്പോഴും അവരുടെ വാക്ക് ഉറങ്ങാതിരിക്കുന്നു. കാറൽ മാർക്സിന്റെ സ്മൃതികുടീരത്തിൽ നിന്നുകൊണ്ട് ഒ.എൻ.വി. പാടിയതും അതാണ്
“ശവകുടീരത്തിൽ നീയുറങ്ങുമ്പൊഴും
ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു.”