യുജിസി കരടു ചട്ടങ്ങൾ ലക്ഷ്യം വയ്ക്കുന്നത്
ഡോ. റൂബിൾ രാജ്
Tuesday, January 21, 2025 10:40 PM IST
(മുൻ പ്രിൻസിപ്പൽ മരിയൻ കോളജ്, കുട്ടിക്കാനം)
“ഒരു തലമുറയുടെ വിദ്യാഭ്യാസംകൊണ്ട് കളിക്കുന്പോൾ നിങ്ങൾ തകർക്കുന്നത് വരാനിരിക്കുന്ന ഒരുപാട് തലമുറകളെയാണ്” - ഡോ. രാധാകൃഷ്ണൻ
എൻഇപി 2020ന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രകടിപ്പിക്കുന്ന താത്പര്യം ശ്ലാഘനീയമാണ്. വിദ്യാഭ്യാസരംഗം ഗൗരവതരമായ പഠനത്തിനും വിശകലനത്തിനും പരിഷ്കാരങ്ങൾക്കും വിധേയമാകുന്നു എന്നതും അഭിനന്ദനാർഹമാണ്. ഗുണനിലവാരമില്ലായ്മ ഒരു കാരണമായി കണ്ടെത്തി വിദേശരാജ്യങ്ങളിൽ ഉന്നതപഠനത്തിനായി വർഷം തോറും ചേക്കേറുന്ന 13.24 ലക്ഷം (2023) വിദ്യാർഥികളുടെ ഒഴുക്കു തടയാൻ, ഇത്തരം ക്രിയാത്മക ഇടപെടലുകൾ ആവശ്യവുമാണ്.
പക്ഷേ, ഒരു പുതിയ ചട്ടമോ, നിയമമോ നടപ്പാക്കുന്പോൾ അത് ഭരണഘടനാവിരുദ്ധവും ആ പരമോന്നത നിയമഗ്രന്ഥത്തിന്റെ ചൈതന്യത്തിനു നിരക്കാത്തതുമാകാൻ പാടില്ല. ഭരണഘടന അനുശാസിക്കുന്ന ഭരണസംവിധാനങ്ങളെ തമസ്കരിച്ചുകൊണ്ടുമാകരുത് പുതിയ നിയമങ്ങൾ. ഭരണഘടന നൽകുന്ന പ്രത്യേക സംരക്ഷണമുള്ളവരുടെ നിയമപരമായ താത്പര്യങ്ങൾ സംരക്ഷിക്കാതെയുമാകരുത് പരിഷ്കാരങ്ങൾ. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഈ മാസം ആറിന് പുറത്തിറക്കിയ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി) ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള കരട് നിർദേശങ്ങൾ ഈ സാഹചര്യത്തിലാണ് വിലയിരുത്തപ്പെടുന്നത്.
കരട് ചട്ടവും ഫെഡറലിസവും
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് ഒരു ഫെഡറൽ സംവിധാനമാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ വലുപ്പവും സാമൂഹ്യ സാസ്കാരിക വൈവിധ്യവും കൊണ്ടാണ് ഭരണഘടനാ നിർമാതാക്കൾ ഫെഡറൽ സംവിധാനം നിഷ്കർഷിച്ചത്. ഒരു ഫെഡറൽ ഗവണ്മെന്റിൽ, അധികാരങ്ങൾ ഭരണഘടനാപരമായി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വീതിച്ചു നൽകിയിരിക്കുകയാണ്. രണ്ടു കൂട്ടർക്കും അവരുടെ നിയമപരിധിയിൽനിന്നുകൊണ്ട് സ്വതന്ത്രമായി പ്രവർത്തിക്കാം. ഫെഡറലിസത്തിന്റെ ഭാഗമായി യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ നിയമനിർമാണ അധികാരങ്ങൾ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരുന്നു.
ഭരണഘടനയുടെ ആരംഭകാലത്ത് വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിന്റെ ഭാഗമായിരുന്നു. എന്നാൽ 1976ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ "വിദ്യാഭ്യാസം' അടക്കം അഞ്ചു വിഷയങ്ങൾ സ്റ്റേറ്റ് ലിസ്റ്റിൽനിന്ന് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി. അതുവഴി പ്രസ്തുത വിഷയം സംബന്ധിച്ച നിയമനിർമാണ അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വീതിച്ചുനൽകി. എന്നാൽ, കൺകറന്റ് ലിസ്റ്റിലെ ഒരു വിഷയം സംബന്ധിച്ച് കേന്ദ്രത്തിന്റെ നിയമനിർമാണവും സംസ്ഥാനത്തിന്റെ നിയമനിർമാണവും തമ്മിൽ സംഘർഷം ഉണ്ടായാൽ കേന്ദ്രനിയമമാണ് നിലനിൽക്കുക എന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. അതുകൊണ്ട്, വൈസ് ചാൻസലർ, പ്രിൻസിപ്പൽ, പ്രഫസർമാർ എന്നിവരുടെ നിയമനവും പ്രമോഷനും സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തിയാലും അത് ഭരണഘടനാപരമായി നിലനിൽക്കില്ല.
വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായതുകൊണ്ട്, സംസ്ഥാനങ്ങളുടെ താത്പര്യവും അഭിപ്രായവും അറിഞ്ഞുകൊണ്ടു വേണം ഗുണമേന്മാ മാനദണ്ഡങ്ങൾ ആവിഷ്കരിക്കാൻ. അല്ലെങ്കിൽ യുജിസിയുടെ സമീപനം ഏകപക്ഷീയവും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് പറയേണ്ടിവരും. മക്കളെ വളർത്തൽ അമ്മയുടെ മാത്രം ഉത്തരവാദിത്വമല്ലാത്തതുപോലെ വിദ്യാഭ്യാസ ഗുണനിലവാര വർധന കേന്ദ്രത്തിന്റെ മാത്രം പരിഗണന ആകേണ്ട വിഷയമല്ല. പുതിയ കരട് ചട്ടങ്ങൾ വഴി ശന്പളം നൽകുന്ന ഒരു സ്ഥാപനം മാത്രമായി സംസ്ഥാന സർക്കാർ തരംതാണിരിക്കുന്നു.
കരടുചട്ടവും വൈസ് ചാൻസലർ നിയമനവും
2018ലെ യുജിസി നിയമമാണ് നിലവിൽ വൈസ് ചാൻസലർ നിയമത്തിന് ബാധകമായിട്ടുള്ളത്. അത് അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം വരുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഒരു മുൻകൈയുണ്ട്. മാറിമാറി വരുന്ന സർക്കാരുകൾ അത് വിദഗ്ധമായി ഉപയോഗിക്കുന്നുമുണ്ട്.
എന്നാൽ, 2025ലെ കരടു നിയമം വൈസ് ചാൻസലർ നിയമനത്തിലെ സംസ്ഥാന സർക്കാരിന്റെ പങ്ക് പൂർണമായും ഇല്ലാതാക്കിയിരിക്കുന്നു. ഇനി കളിക്കളത്തിൽ കേന്ദ്രസർക്കാർ മാത്രമേയുള്ളൂ. അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും മാത്രമാകും അവർ നിയമിച്ച ചാൻസലർ-ഗവർണർ വഴി നടപ്പാക്കുക.
വൈസ് ചാൻസലറുടെ യോഗ്യതയെക്കുറിച്ച് വലിയ കാര്യങ്ങളാണ് കരട് നിയമത്തിലുള്ളത്. ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള പ്രഗത്ഭനായിരിക്കണം, ഭരണത്തിൽ നേതൃപാടവം തെളിയിച്ചിരിക്കണം, ഭരണഘടനാ മൂല്യങ്ങളോട് കൂറ് വേണം, സാമൂഹ്യ പ്രതിബദ്ധതയും സംഘബോധവുമുണ്ടാകണം, വൈവിധ്യങ്ങളെ അംഗീകരിക്കണം എന്നിങ്ങനെ പോകുന്നു യോഗ്യതകൾ. കൂടാതെ, ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിൽ 10 വർഷത്തെ പ്രഫസർഷിപ്പ്, അല്ലെങ്കിൽ ഉന്നത ഗവേഷണ അക്കാദമിക് ഭരണ സ്ഥാപനങ്ങളിൽ സീനിയർ തരത്തിൽ സേവനം.
എന്നാൽ, ഇനിമുതൽ വിദ്യാഭ്യാസ വിദഗ്ധർക്കു മാത്രമല്ല വൈസ് ചാൻസലർ നിയമനം ലഭിക്കാവുന്നത്. വ്യവസായം, പൊതുഭരണം, പൊതുനയം, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നീ മേഖലകളിൽ കഴിവും അക്കാദമിക പ്രാഗത്ഭ്യവും തെളിയിച്ചവർക്കും വൈസ് ചാൻസലറാകാനുള്ള സാധ്യത കരട് രേഖ വെളിപ്പെടുത്തുന്നുണ്ട്.
ഇതുവഴി അക്കാദമിക താത്പര്യങ്ങളേക്കാൾ കോർപറേറ്റ് താത്പര്യങ്ങൾക്കും വ്യക്തിതാത്പര്യങ്ങൾക്കും ചില സംഘടനകളുടെ താത്പര്യങ്ങൾക്കുമാണ് മുൻഗണന ലഭിക്കുക എന്ന് വായിച്ചെടുക്കാനാകും. പ്രത്യേകിച്ച്, ചങ്ങാത്ത മുതലാളിത്തവും ഇതര സങ്കുചിത താത്പര്യങ്ങളും കളംനിറഞ്ഞാടുന്ന വർത്തമാന ഇന്ത്യയിൽ.
സംസ്ഥാനങ്ങളിലെ സർവകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സംസ്ഥാന സർക്കാരിന് ഒരു പങ്കുമില്ല എന്ന് "കരട്' വ്യക്തമാക്കുന്നുണ്ട്. ചാൻസലറായ ഗവർണറാണ് മൂന്ന് വിദഗ്ധർ അടങ്ങുന്ന സെർച്ച് കം സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത്. മൂന്നു വിദഗ്ധരിൽ ഒരാൾ ഗവർണറുടെ നോമിനിയാണ്. ഒരാൾ യുജിസി ചെയർമാന്റെ നോമിനി, സിൻഡിക്കറ്റിന്റെ ഒരു പ്രതിനിധി. മൂന്നിൽ രണ്ടും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ളവരാണ്. കമ്മിറ്റി അഭിമുഖം നടത്തി 3-5 പേരുടെ പാനൽ ചാൻസലർക്ക് നൽകും. അതിൽനിന്ന് ഒരാളെ ചാൻസലർ, വൈസ് ചാൻസലറായി നിയമിക്കും.
നിയമിച്ച വ്യക്തിക്ക് ശന്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ഒരു എടിഎം മാത്രമായി സംസ്ഥാന സർക്കാർ നിലകൊള്ളും. ഫെഡറലിസത്തിന്റെ അന്തഃസത്തയ്ക്കു വിരുദ്ധമായി എല്ലാം കൈപ്പിടിയിൽ ഒതുക്കുന്ന യൂണിറ്ററി ശൈലിയാണിത്.
(തുടരും)