സ്വാതന്ത്ര്യദിനത്തിന്റെ പുതുനിർവചനം
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Tuesday, January 21, 2025 12:30 AM IST
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തെ പുനർ നിർവചിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആലോചിക്കുകയാണോ, അതോ രണ്ട് വ്യത്യസ്ത ദിവസങ്ങളിലെ ചരിത്ര ദിനാഘോഷങ്ങളിൽ മാറ്റങ്ങൾ ആസൂത്രണം ചെയ്യുകയാണോ? ഒന്നും ഉറപ്പില്ല. കഴിഞ്ഞയാഴ്ച മധ്യപ്രദേശിലെ ഇൻഡോറിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത് നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. എല്ലാത്തിനുമുപരി, കാരണങ്ങളോ നിർബന്ധിത സാഹചര്യങ്ങളോ ഇല്ലാതെ ഭാഗവത് ഒരു പ്രസ്താവനയും പുറപ്പെടുവിക്കില്ല. എന്തായാലും അദ്ദേഹം പറഞ്ഞത് രസകരവും പഠിക്കേണ്ടതുമാണ്.
മോഹൻ ഭാഗവത് പറഞ്ഞു: “5000 വർഷത്തെ നമ്മുടെ പാരമ്പര്യം എന്താണ്? ശ്രീരാമൻ, ശ്രീകൃഷ്ണൻ, പരമശിവൻ എന്നിവരിൽനിന്നാണ് അതാരംഭിച്ചത്. അത് നമ്മുടെ സ്വന്തവും. നമ്മുടേതായ ഉണർവിനായി ഒരു പ്രസ്ഥാനം ഉണ്ടായി. ജനങ്ങളുടെ ഉപജീവനത്തെക്കുറിച്ചുള്ള ആശങ്ക ഉപേക്ഷിച്ച് നിങ്ങൾ എന്തിനാണ് ക്ഷേത്രങ്ങൾ നിർമിച്ചത് തുടങ്ങിയ ചോദ്യങ്ങൾ മീറ്റിംഗുകളിൽ, കോളജ് വിദ്യാർഥികൾ ചോദിക്കാറുണ്ടായിരുന്നു. ഇതൊക്കെ ചോദിക്കാൻ അവരോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും.
അങ്ങനെ ഞാൻ അവരോട് പറയാറുണ്ടായിരുന്നു, നമുക്ക് സ്വാതന്ത്ര്യം ലഭിച്ച 1947നുശേഷം ഇപ്പോൾ എട്ടാം ദശകത്തിലാണ്. ഇസ്രയേലും ജപ്പാനും നമുക്കൊപ്പം തുടങ്ങി, അവർ വലിയ ഉയരങ്ങളിലെത്തി. ജനങ്ങളുടെ ജീവനോപാധികളെക്കുറിച്ച് നിങ്ങൾ എപ്പോഴും ആശങ്കാകുലരായിരുന്നു. നിങ്ങൾ സോഷ്യലിസത്തെക്കുറിച്ച് സംസാരിച്ചു, എല്ലാ മുദ്രാവാക്യങ്ങളും നൽകി, പക്ഷേ അത് സഹായിച്ചോ? ഇന്ത്യയുടെ ഉപജീവനമാർഗവും ശ്രീരാമക്ഷേത്രത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് മനസിൽ വയ്ക്കുക. അതിനാൽ ഈ പ്രസ്ഥാനം മുഴുവനും ഇന്ത്യയുടെ സ്വയം ഉണർവിനു വേണ്ടിയായിരുന്നു.
നൂറ്റാണ്ടുകളോളം പീഡനങ്ങൾ നേരിട്ട ഇന്ത്യയുടെ യഥാർഥ സ്വാതന്ത്ര്യം അന്ന് (രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനം) സ്ഥാപിക്കപ്പെട്ടു. ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ടായെങ്കിലും അത് സ്ഥാപിതമായിരുന്നില്ല”. ആരെയും എതിർക്കാനല്ല രാമക്ഷേത്ര പ്രസ്ഥാനം ആരംഭിച്ചതെന്ന് വാദിച്ച ഭാഗവത്, രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലാണ് ഇന്ത്യയുടെ യഥാർഥ സ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടതെന്ന് പറഞ്ഞു. നിരവധി നൂറ്റാണ്ടുകളായി ‘പരചക്ര’ (ശത്രു ആക്രമണം) നേരിട്ട ഭാരതത്തിന്റെ ‘യഥാർഥ സ്വാതന്ത്ര്യം’ ഈ ദിവസം സ്ഥാപിതമായതിനാൽ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം ‘പ്രതിഷ്ഠ ദ്വാദശി’ ആയി ആഘോഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരു ലിഖിത ഭരണഘടന നിർമിക്കപ്പെട്ടു. രാജ്യത്തിന്റെ ‘സത്ത’ എന്ന നിർദിഷ്ട കാഴ്ചപ്പാട് കാണിക്കുന്ന പാത അനുസരിച്ചായിരുന്നു അത്. എന്നാൽ, അന്നത്തെ ദർശനത്തിന്റെ ചൈതന്യമനുസരിച്ചല്ല ആ രേഖ പ്രവർത്തിക്കുന്നത്.
രാജ്യത്ത് യാതൊരു ഭിന്നതയുമില്ലെന്നും അയോധ്യയിൽ ജനങ്ങൾ ശുദ്ധമായ മനസോടെയാണ് സംഭവത്തിനു സാക്ഷ്യം വഹിച്ചതെന്നും പ്രതിഷ്ഠാ ചടങ്ങിനെ പരാമർശിച്ച് ആർഎസ്എസ് മേധാവി പറഞ്ഞു. ഭാഗവത് പറയുന്നതനുസരിച്ച്, അധിനിവേശക്കാർ രാജ്യത്തെ നശിപ്പിച്ചു, അങ്ങനെ ഇന്ത്യയുടെ സത്ത നശിക്കുന്നു. ക്ഷേത്രം ഉയരുന്നത് ചിലർക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് രാമക്ഷേത്ര സമരം ഇത്രയും കാലം നീണ്ടുനിന്നത്.
ഘർ വാപസി സമരം പാർലമെന്റിൽ ചർച്ചയ്ക്ക് വന്നപ്പോൾ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ഭാഗവത് പറഞ്ഞു. “ഇന്ത്യയുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മതേതരമായ ഭരണഘടനയാണെന്നും അത്തരമൊരു സാഹചര്യത്തിൽ മതേതരത്വം പഠിപ്പിക്കാൻ ലോകത്തിന് എന്ത് അവകാശമുണ്ടെന്നും ഈ കൂടിക്കാഴ്ചയിൽ മുഖർജി എന്നോട് പറഞ്ഞു. മുഖർജി കൂട്ടിച്ചേർത്തു. 5000 വർഷത്തെ ഇന്ത്യൻ പാരമ്പര്യം മതേതരത്വം നമ്മെ പഠിപ്പിച്ചു”. യോഗത്തിൽ മുഖർജി പരാമർശിച്ച 5000 വർഷം പഴക്കമുള്ള ഇന്ത്യൻ പാരമ്പര്യം രാമൻ, കൃഷ്ണൻ, ശിവൻ എന്നിവരിൽനിന്നാണ് ആരംഭിച്ചതെന്ന് ഭാഗവത് പറഞ്ഞു.
അതെന്തായാലും, ഭാഗവതിന്റെ പ്രസ്താവനകൾ, പ്രതീക്ഷിച്ചതുപോലെയും പതിവുപോലെയും കോൺഗ്രസ്, ബിജെപി നേതാക്കൾ തമ്മിൽ രൂക്ഷമായ തർക്കങ്ങളിൽ മാത്രം കലാശിച്ചു. സ്വാതന്ത്ര്യ സമരത്തെയും ഭരണഘടനയെയും കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് രാജ്യത്തോട് പറയാൻ ഭാഗവതിന് ധൈര്യമുണ്ടായിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
“അദ്ദേഹം പറഞ്ഞത് രാജ്യദ്രോഹമാണ്. കാരണം, ഭരണഘടനയും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടവും അസാധുവാണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. മറ്റേതൊരു രാജ്യത്തായാലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും ചെയ്യുമായിരുന്നു”. നമ്മുടെ രാജ്യത്തെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും ബിജെപിയും ആർഎസ്എസും പിടിച്ചെടുത്തിട്ടുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഇപ്പോൾ രണ്ടുകൂട്ടരോടും മാത്രമല്ല, ഇന്ത്യൻ ഭരണകൂടത്തോടുതന്നെ പോരാടുകയാണ്. ജെ.പി. നഡ്ഡ, നിർമല സീതാരാമൻ, അമിത് മാളവ്യ തുടങ്ങിയ ബിജെപി നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. “ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ഇന്ത്യയെ അപകീർത്തിപ്പെടുത്താനും താഴ്ത്തിക്കെട്ടാനും നിന്ദിക്കാനും ആഗ്രഹിക്കുന്ന അർബൻ നക്സലുകളുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നത് രഹസ്യമല്ല”, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ ഇപ്പോൾ അത്തരമൊരു വിഷയം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത് എന്താണ്? പരിചയസമ്പന്നനായ ഒരു ആക്ടിവിസ്റ്റും ജാഗ്രതയോടെ സമർഥമായ പ്രസ്താവനകൾ നടത്തുന്നതിൽ പേരുകേട്ടയാളുമായ അദ്ദേഹം, പ്രകോപനപരമായ ഉള്ളടക്കമുള്ള അത്തരം പ്രസ്താവനകൾ നടത്തില്ല. എല്ലാത്തിനുമുപരിയായി മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, രാജഗോപാലാചാരി തുടങ്ങിയ മുതിർന്ന നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റനേകം മുതിർന്ന നേതാക്കളും നയിച്ച കോൺഗ്രസിന്റെ അതുല്യമായ നേതൃത്വത്തിലുള്ള സമാധാനപരവുമായ പോരാട്ടമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരമെന്ന് എല്ലാവർക്കും അറിയാം.
കോൺഗ്രസ് അംഗങ്ങൾ വലിയ തോതിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. അതുമായി താരതമ്യം ചെയ്യുമ്പോൾ, ഹിന്ദു മഹാസഭയിൽനിന്നും ആർഎസ്എസിൽനിന്നും വി.ഡി. സവർക്കർ, കെ.ബി. ഹെഗ്ഡേവർ, രമാകാന്ത് ദേശ്പാണ്ഡെ, ഹേമു ക്ലാനി തുടങ്ങി ഏതാനുംപേരേ ഉണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ആർഎസ്എസിന്റെ രചനകളിൽ ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങിയ രക്തസാക്ഷികളെക്കുറിച്ച് യാതൊരു പരാമർശവുമില്ല.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ചില പ്രസ്ഥാനങ്ങളെ ശുദ്ധവും യഥാർഥവുമായ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളായി കണക്കാക്കാൻ കഴിയുമോ എന്നതിൽ ഉറപ്പില്ല. ഇത്തരമൊരു അംഗീകാരം നൽകിയാൽ അത് എന്ത് ലക്ഷ്യമാണ് കൈവരിക്കുകയെന്നും പറയാനാവില്ല. എന്തായാലും ഇത്തരമൊരു നീക്കത്തിന് തന്റെ മനസിലുള്ള പദ്ധതികളെക്കുറിച്ചും അത് ഒരു ദേശീയ ലക്ഷ്യത്തെ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ചും ഭാഗവത്തന്നെ വിശദീകരിക്കുന്നത് നന്നായിരിക്കും.
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമായി അറിയപ്പെട്ടിരുന്ന ബ്രിട്ടനെന്ന ഉന്നത സാമ്രാജ്യത്വ ശക്തിക്കെതിരേ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ദേശീയ നേതാക്കൾ നയിച്ച പ്രതിബദ്ധതയുള്ള സന്നദ്ധപ്രവർത്തകരുടെ മഹത്തായ പ്രസ്ഥാനമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം. ഇത്തരമൊരു നീക്കം ഇന്ത്യൻ ദേശീയതാത്പര്യങ്ങളെ എങ്ങനെ സഹായിക്കും എന്ന് ചിന്തിക്കുന്നതിനു മുന്പ് ഇത്തരം നീക്കങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്.