വാഹനം ഓടിക്കുന്നവരോടു സ്നേഹപൂർവം...
ജോബി ബേബി
Tuesday, January 21, 2025 12:27 AM IST
ഒരു വാഹനം കൈകാര്യം ചെയ്യുമ്പോൾ നാം അശ്രദ്ധകൊണ്ട് മറക്കുന്നതും അറിയാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. സുരക്ഷിതമായ ഡ്രൈവിംഗിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ഡ്രൈവിംഗ് സീറ്റിലിരിക്കുന്പോൾ വാഹനം ഓടിക്കുക എന്നതല്ലാതെയുള്ള മറ്റെന്ത് പ്രവൃത്തിയും അപകടമാണ്. റോഡിലെ സിഗ്നൽ ബോർഡുകളും എതിരേയും വശങ്ങളിൽനിന്നും പിന്നിൽനിന്നും വരുന്ന വാഹനങ്ങളെയും കാൽനടയാത്രികരെയും ശ്രദ്ധിച്ചുവേണം പോകാൻ. ഫോൺകോളുകൾ വന്നാൽ വാഹനം ഒതുക്കിനിർത്തി മാത്രം സംസാരിക്കുക.
മ്യൂസിക് സിസ്റ്റത്തിലെ പാട്ടു മാറ്റുന്നതിനോ വോളിയം ലെവൽ മാറ്റുന്നതിനോ ആണെങ്കിൽപോലും ഓടിക്കൊണ്ടിരിക്കുന്ന വാഹനം സൈഡ് ആക്കിയതിനുശേഷം ചെയ്യുന്നതാണ് ആരോഗ്യകരമായ ഡ്രൈവിംഗ് ശീലം. അതുപോലെതന്നെയാണ് വാഹനത്തിന്റെ ഹോൺ. ചിലയാളുകൾ വാശി തീർക്കുംപോലെയാണ് ട്രാഫിക് സിഗ്നലിൽ ചുവപ്പ് കത്തിനിൽക്കുന്പോൾപോലും നിർത്താതെ ഹോൺ മുഴക്കുന്നത്. നിരർഥകവും അരോചകവുമായ ദുഃശീലമാണിത്.
മദ്യപിച്ചുള്ള ഡ്രൈവിംഗ് നമ്മുടെ ചിന്തയെയും കാഴ്ചയെയും മന്ദീഭവിപ്പിക്കുകയും ദുരന്തങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. വാഹനത്തിൽ കയറിയാൽ ഉടൻ സേഫ്റ്റി ബെൽറ്റ് ധരിക്കുക. ഡ്രൈവർ ആയാലും സഹയാത്രികരായാലും അപകടം ഉണ്ടായാൽ തെറിച്ചു വീഴാതിരിക്കാനും ഗുരുതര പരിക്കുകൾ ഒരു പരിധിവരെ കുറയ്ക്കാനും ഇതുകൊണ്ട് കഴിയും.
അറിയാമായിട്ടും മറക്കുന്നവ
■ വാഹനം യാത്രയ്ക്കായി ഇറക്കുന്നതിനു മുമ്പ് ടയറുകളുടെ മർദം, ലൈറ്റുകൾ, ബ്രേക്കുകളുടെ കാര്യക്ഷമത എന്നിവയെല്ലാം പരിശോധിക്കുക. ആർസി ബുക്ക്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും ഉറപ്പാക്കുക. രാത്രിയിൽ വാഹനത്തിന്റെ ബാക്ക്ലൈറ്റ് തെളിയാത്ത അവസ്ഥ വൻ അപകടങ്ങൾക്കുപോലും ഇടയാക്കും.
■ ബൈക്കിലായാലും കാറിലായാലും ഓവർലോഡ് പ്രോത്സാഹിപ്പിക്കരുത്.
■ കനത്ത മഴയും കാറ്റും ഉള്ള കാലാവസ്ഥയിലും മഞ്ഞുകാലത്തും രാത്രിസഞ്ചാരങ്ങൾ നിയന്ത്രിക്കണം. യാത്രാവേളയിൽ ഉറക്കം തോന്നിയാൽ വാഹനം ഒതുക്കി നിർത്തി കുറഞ്ഞത് 30 മിനിറ്റെങ്കിലും വിശ്രമിച്ച് മാത്രം യാത്ര പുനരാരംഭിക്കുക.
■ വിശ്രമിക്കാതെ ഏറ്റവും കൂടുതൽ ദൂരം ഡ്രൈവ് ചെയ്യുന്നയാളല്ല മികച്ച ഡ്രൈവർ. യാത്രയ്ക്കിടെ ഉറക്കം വന്നാൽ വാഹനം പ്രധാനപാതയിൽനിന്നു മാറ്റി ചെറിയ ഇടവഴികളിലോ സർവീസ് റോഡിലോ പാർക്ക് ചെയ്ത് ഉറങ്ങുക. ഒരിക്കലും തിരക്കേറിയ പ്രധാന പാതയുടെ അരികിൽ വാഹനം നിർത്തി ഉറങ്ങരുത്.
■ ഇരുചക്ര വാഹന അപകടങ്ങളില്‍പ്പെട്ട് മരിച്ചവരില്‍ നല്ലൊരു ശതമാനവും ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചവരാണ്. ഒട്ടും സ്ഥിരതയില്ലാത്ത, ടയറിന്റെ അൽപ്പം ഭാഗത്തുമാത്രം റോഡുമായി തൊടുന്ന, എപ്പൊഴും നമ്മളെ മറിച്ചിടാവുന്ന ഇരുചക്രവാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും തലയ്ക്കുള്ള കവചമായ ഹെല്‍മറ്റ് ചിന് സ്ട്രാപ്പിട്ട് ധരിക്കേണ്ടതാണ്.
■ വൺവേ സംവിധാനമുള്ള ഹൈവേകളിലും മറ്റും വാഹനം വലതുവശത്തുകൂടിയും ഇടതുവശത്തുകൂടിയുമെല്ലാം മാറിമാറി ഓടിക്കുന്ന ശീലമുള്ളവരുണ്ട്. ഏതു റോഡാണെങ്കിലും നമ്മുടെ ട്രാഫിക് നിയമപ്രകാരം റോഡിന്റെ ഇടതുവശം ചേര്‍ന്ന് മാത്രമേ വാഹനം ഓടിക്കാവൂ. വൺവേ റോഡിലെ വലതുവശത്തെ ട്രാക്ക് ഓവർടേക്ക് ചെയ്യാൻ മാത്രമുള്ളതാണെന്നു പലർക്കും അറിയില്ല. മറ്റു വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതുവശത്തുകൂടി മാത്രം ചെയ്യുക. ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി ഓണ്‍ ചെയ്ത് വണ്ടി ഓടിക്കരുത്.
■ വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ നിര്‍ത്തുന്നതിനോ അല്പംമുമ്പുതന്നെ സിഗ്നല്‍ കൊടുക്കുകയും പിന്നിൽനിന്നു വരുന്ന വാഹനങ്ങളും എതിരേനിന്നുള്ള വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം അപകടം ഉണ്ടാവില്ല എന്ന് ഉറപ്പായ ശേഷം വശങ്ങളിലേക്ക് തിരിയുകയോ ഓവര്‍ടേക്ക് ചെയ്യുകയോ നിര്‍ത്തുകയോ ചെയ്യുക.
■ യാതൊരു കാരണവശാലും പിന്നിലെ യാത്രികന് കൈകൊണ്ട് സിഗ്നല്‍ കാണിക്കാന്‍ പാടില്ല. കാരണം, വാഹനം ഓടിക്കുന്നയാളുടെ മനോധര്‍മം അറിയാതെ കാട്ടുന്ന സിഗ്നല്‍ അപകടം ക്ഷണിച്ചുവരുത്തും.
■ രാത്രിയില്‍ നഗരാതിര്‍ത്തിയില്‍ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. മറ്റുള്ള ഇടങ്ങളില്‍ എതിര്‍വശത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് നിർബന്ധമായും ലൈറ്റ് ഡിം ചെയ്ത് കൊടുക്കൽ ശീലിക്കുക.
■ കാറില്‍ കയറി ഇരുന്നയുടന്‍ ചില്ലുകൾ താഴ്ത്താതെ എസി പ്രവര്‍ത്തിപ്പിക്കരുത്. കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്നര്‍ എന്നിവയില്‍നിന്നു പുറപ്പെടുന്ന ബെന്‍സീൻ വാതകം മാരകരോഗത്തിനുപോലും കാരണമാകും. കാറില്‍ കയറിയശേഷം ഗ്ലാസ് താഴ്ത്തി ഉള്ളിലുള്ള വായു പുറത്തുപോയശേഷം മാത്രം എസി പ്രവര്‍ത്തിപ്പിക്കുക.
■ ഏറെനേരം വെയിലത്ത് കിടന്ന വാഹനമാണെങ്കിൽ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഫാന്‍ പരമാവധി വേഗത്തില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഓടിക്കുക. ചൂട് വായുവിനെ എളുപ്പത്തില്‍ പുറന്തള്ളാന്‍ ഇതു സഹായിക്കും. അതിനുശേഷം ഗ്ലാസുകള്‍ ഉയര്‍ത്തി എസി പ്രവര്‍ത്തിപ്പിക്കുക.
■ ചൂടുള്ള സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ബെന്‍സീനിന്റെ അളവ് 2000 മുതല്‍ 4000 മി.ഗ്രാം വരെ ഉയരാന്‍ സാധ്യതയുണ്ട്. അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളമാണിത്.
■ എന്‍ജിന്റെ ചൂട് കുറയ്ക്കുന്നതിനുള്ള സംവിധാനമാണ് റേഡിയേറ്റര്‍. വേനല്‍ച്ചൂടില്‍ റേഡിയേറ്ററിലെ ചെറിയ തകരാര്‍ പോലും എന്ജിന് ഓവര്‍ഹീറ്റാകാന്‍ ഇടയാക്കും. ഇത് എന്ജിന് കേടാകുന്നതിനും ചെലവേറിയ എന്ജിന് പണിക്കും കാരണമാകും. അതിനാല്‍ കൂളന്റ് പഴകിയതെങ്കില്‍ മാറുക. റേഡിയേറ്റര്‍ ഫാന്‍ ബെല്‍റ്റ്, ഹോസ് എന്നിവ പരിശോധിച്ച് വിള്ളലില്ലെന്ന് ഉറപ്പാക്കണം. റേഡിയേറ്ററിന് ചോര്‍ച്ചയില്ലെന്നും ഉറപ്പു വരുത്തണം.
■ ടയറില്‍ നിറയ്ക്കേണ്ട കാറ്റിന്റെ അളവ് ഡ്രൈവര്‍ സൈഡിലെ ഡോര്‍ തുറക്കുമ്പോള്‍ കാണാനാകുമെന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.
■ വേനല്‍ക്കാലത്ത് പൊടിയുടെ ശല്യം രൂക്ഷമാകുമെന്നതിനാല്‍ ഇടയ്ക്കിടെ വിന്‍ഡ് സ്ക്രീന്‍ വൃത്തിയാക്കേണ്ടി വരും. അതിനാല്‍ വാഷര്‍ റിസര്‍വോയറില്‍ പതിവായി വെള്ളം നിറച്ചുവയ്ക്കുക.
■ ഒരിക്കലും കുട്ടികളെ ഒറ്റയ്ക്ക് കാറില്‍ ഇരുത്തിയിട്ട് പുറത്തുപോകരുത്. പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. നിര്‍ത്തിയിട്ട കാറിനുള്ളിലെ ചൂട് പത്തു മിനിറ്റ് കൊണ്ട് അപകടകരമാംവിധം ഉയരും. മുതിര്‍ന്നവരെ അപേക്ഷിച്ച് മൂന്നു മുതല്‍ അഞ്ച് ഇരട്ടി വേഗത്തിലാണ് കുട്ടികളുടെ ശരീരതാപനില ഉയരുകയെന്ന് ഓര്‍ക്കുക.
■ ഓട്ടം കഴിഞ്ഞ് വാഹനം നിർത്തുമ്പോൾ സൂര്യപ്രകാശം വാഹനത്തിനു മുന്നില്‍ പതിക്കാത്ത വിധം പാര്‍ക്ക് ചെയ്യുക. സ്റ്റിയറിംഗ് വീലും സീറ്റുമൊക്കെ ചൂടാകുന്നത് ഇങ്ങനെ തടയാം. പാര്‍ക്ക് ചെയ്യുമ്പോള്‍ മുന്നിലെയും പിന്നിലെയും വിന്‍ഡ് സ്ക്രീനുകള്‍ക്കുള്ളില്‍ തിളക്കമുള്ള സണ്‍ഷേഡ് വയ്ക്കുന്നതും ഉള്ളിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും. വെയിലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു ലോക്ക് ചെയ്യുമ്പോള്‍ വിന്‍ഡോ മറ്റുള്ളവർക്ക് കൈകടത്താൻ കഴിയാത്ത വിധം അല്പം തുറന്നു വയ്ക്കുന്നത് നന്നായിരിക്കും.
■ ഡ്രൈവർക്ക് നേരിട്ടു കാണാൻകഴിയാത്ത സ്വന്തം വാഹന ഭാഗമാണ് ബ്ലൈൻഡ് സ്പോട്ട്. എന്നാൽ മിററുകൾ യഥാവിധി ക്രമീകരിക്കുന്നതിലൂടെ ഈ കാഴ്ചയില്ലായ്മ ഒരു പരിധിവരെ മറികടക്കാനാകും. ബ്ലൈൻഡ് സ്പോട്ടിലൂടെ വരുന്ന വാഹനത്തെ ഡ്രൈവർ ശ്രദ്ധിക്കാതെ വരുമ്പോൾ അപകടങ്ങൾ സുനിശ്ചിതം. നമ്മുടെ വാഹനം വലിയ വാഹനത്തിന്റെ റിയർവ്യൂ മിററിൽ പതിയാത്ത ചില അവസരങ്ങൾ ഉണ്ട്. അതിനാൽ പെട്ടെന്നുള്ള ഓവർടേക്കിംഗ് ഒഴിവാക്കുക.
■ മുന്നിലുള്ള വാഹനത്തിനോട് (പ്രത്യേകിച്ച് ലോഡ് കയറ്റിയ ഭാരവാഹനങ്ങളോട്) വളരെ അടുപ്പിച്ച് ഒരു കാരണവശാലും നമ്മുടെ വാഹനം ഓടിക്കരുത്. രാത്രിയിൽ ഓവർടേക് ചെയ്യുമ്പോൾ ഡിം ആൻഡ് ബ്രൈറ്റ് മാറിമാറി ഉപയോഗിക്കുക. രാത്രിയിൽ വളവുകളിൽ നിർബന്ധമായും ഹെഡ് ലൈറ്റ് ഡിം ചെയ്തു ബ്രൈറ്റ് ചെയ്യുക.
■ സൈഡ് മിററുകൾ മടക്കിവച്ചുള്ള ഡ്രൈവിംഗ് കണ്ണുകൾ അടച്ചുപിടിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതുപോലെയാണ്. ഒന്നിച്ചുള്ള റൈഡ് ആണെങ്കിൽ തമ്മിൽ സംസാരിച്ചു റോഡ് നിറഞ്ഞുപോകുന്നത് ഒഴിവാക്കി ഒന്നിനുപിറകെ ഒന്നായി ബൈക്കുകൾ ഓടിക്കാൻ റൈഡർമാർ ശ്രദ്ധിക്കേണ്ടതുണ്ട്.
■ മത്സരം വേണ്ടേ വേണ്ട. പ്രത്യേകിച്ചും നാം ഓടിക്കുന്നതിനേക്കാൾ വലിയ വാഹനങ്ങളോട്. അവയുടെ സ്പീഡും ബ്രേക്കും ആയിരിക്കില്ല നമ്മുടെ വണ്ടിക്ക്. ട്രാഫിക് സിഗ്നലിൽ വാഹനം ഗിയറിൽ ഇട്ട് ക്ലച് പിടിച്ചു നിർത്തിയിടുന്നത് നല്ലതല്ല. ന്യൂട്രൽ ഗിയർ ആണ് അഭികാമ്യം.
■ വഴിയിൽവച്ച് പരിചയക്കാരെ കണ്ടാൽ വാഹനത്തിന്റെ എൻജിൻ നിർത്താതെ സംസാരിക്കുന്നത് അശ്രദ്ധമൂലം അപകടമുണ്ടാക്കാൻ വഴിവയ്ക്കുന്നതാണ്.
■ നിയമപരമല്ലാത്ത സിഗ്നലുകൾ ഒരുകാരണവശാലും പ്രയോഗിക്കരുത്. ഉദാഹരണം: കവലയിൽ നേരേപോകാൻ ഹസാർഡ് വാണിംഗ് ലൈറ്റ് ഇടുക, ഓവർടേക്ക് ചെയ്യാൻ ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് സിഗ്നൽ കൊടുക്കുക.