സ്മൃതിമണ്ഡപങ്ങൾ: മാറിച്ചിന്തിക്കണം
പ്രഫ. പി.ജെ. തോമസ്
Tuesday, January 21, 2025 12:23 AM IST
ഏറെ വിവാദങ്ങൾക്കൊടുവിൽ, സർവാദരണീയനായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് സ്മാരകം നിർമിക്കാൻ മുൻ പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്ത്രിയുടെ സ്മാരകത്തിനടുത്തായി ഒന്നര ഏക്കർ സ്ഥലം കേന്ദ്ര ഗവൺമെന്റ് അനുവദിച്ചതായി വായിച്ചു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളും ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന ധനതത്വ ശാസ്ത്രജ്ഞനും അതിലുപരി അഴിമതി പുരളാത്ത രാഷ്ട്രീയക്കാരനുമായിരുന്നു മൻമോഹൻ സിംഗ് എന്നുള്ളതിന് തർക്കമില്ല. അദ്ദേഹത്തെ ഓർമിക്കണം എന്നതും വളരെ പ്രധാനംതന്നെ. എന്നാൽ, മുൻ കാലങ്ങളിലെപ്പോലെ വിസ്തൃതമായ സ്ഥലത്ത് ഒരു സ്മൃതിമണ്ഡപം നിർമിക്കുകയാണോ ചെയേണ്ടത്.
നെഹ്റുവിന്റെ സമാധി സ്ഥലം 52 ഏക്കറിലും ഇന്ദിരാ ഗാന്ധിയുടേത് 45 ഏക്കറിലും രാജീവിന്റേത് 15 ഏക്കറിലും ഗാന്ധിജിയുടേത് 40 ഏക്കറിലുമാണെന്ന് വായിച്ചറിയാൻ കഴിഞ്ഞു. അതുപോലെ മാറ്റനേകം സ്മാരകങ്ങൾ ചെറുതും വലുതുമായ സ്ഥലങ്ങളിൽ പ്രധാനമന്ത്രിമാരുടെതായും പ്രസിഡന്റുമാരുടേതായും രാജ്യ തലസ്ഥാനത്തുണ്ട്. ഈ സ്ഥലങ്ങൾ സംരക്ഷിക്കാൻ മാത്രം കോടിക്കണക്കിന് രൂപയാണ് കേന്ദ്ര ഗവണ്മെന്റ് ചെലവാക്കുന്നതെന്നും മനസിലാക്കുന്നു.
വർഷത്തിലൊരിക്കലുള്ള ഓർമ സമ്മേളനവും ചടങ്ങുകളും ഒഴിച്ചാൽ മറ്റെന്തു പ്രയോജനമാണ് ഈ സ്ഥലങ്ങൾക്കുള്ളത്? ആദ്യകാല നേതാക്കന്മാരെ അങ്ങനെ ആദരിച്ചെങ്കിലും ഇനിയും ഇത് തുടരേണ്ടതുണ്ടോ? ഇതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതുണ്ടോ? രാഷ്ട്രീയ നേതാക്കൾക്ക് അമിതപ്രാധാന്യം കൊടുക്കേണ്ടതുണ്ടോ? മറ്റെല്ലാവരെയുംപോലെ രാഷ്ട്രത്തിനു സേവനം ചെയ്തവരാണ് അവരും. അർഹതപ്പെട്ട ബഹുമാനം അർഥവത്തായി കൊടുത്താൽ പോരേ? അമിതപ്രാധാന്യം പ്രയോഗികമാണോ? എത്രനാൾ ഇത് തുടരാനാകും? അനുവദിക്കുന്ന സ്ഥലത്തിന്റെ വിസ്തൃതി വിവാദത്തിന് കാരണമാകില്ലേ? സ്ഥലത്തിന്റെ വിസ്തൃതിയും നേതാവിനോടുള്ള ബഹുമാനവും തമ്മിൽ എപ്പോഴും ബന്ധിപ്പിക്കാനാകുമോ? സ്മൃതിമണ്ഡപത്തെയും സ്മാരകത്തെയും രണ്ടായി കണ്ടുകൂടേ. ഉദാഹരണത്തിന് അമേരിക്കൻ പ്രസിഡന്റുമാരുടെ ശവകുടീരവും സ്മാരകങ്ങളും വ്യത്യസ്തമാണ്. സ്മാരകങ്ങൾ പലതും ലൈബ്രറികളും പാർക്കുകളും അതിപ്രശസ്ത വിദ്യാഭാസ സ്ഥാപനങ്ങളും ആണ്. വുഡ്രോ വിൽസൺ ഇന്റർനാഷണൽ സെന്റർ ഫോർ സ്കോളേഴ്സ് ഒരു ഉദാഹരണം മാത്രം. അത്തരം അനവധി സ്ഥാപനങ്ങൾ അമേരിക്കയിലുണ്ട്.
ഇപ്രകാരം പൊതുജനങ്ങൾക്കുകൂടി പ്രയോജനം കിട്ടുന്ന, അവരുടെ കൂടി ഓർമയിൽ ഈ നേതാക്കൾ നിലനിൽക്കുന്ന തരത്തിലേക്ക് യോജിച്ച സ്മാരകങ്ങളല്ലേ ഇനിയങ്ങോട്ട് വേണ്ടത്. നെഹ്റുവിന്റെ പേരിൽ മ്യൂസിയവും ലൈബ്രറിയും യൂണിവേഴ്സിറ്റിയും ഉണ്ടെങ്കിലും അത്തരം സ്മാരകങ്ങൾ നാമമാത്രമാണല്ലോ. പബ്ലിക് ലൈബ്രറികളോ മ്യൂസിയങ്ങളോ സ്കോളർഷിപ്പുകളോ ഇൻസ്റ്റിറ്റ്യൂട്ടുകളോ പാർക്കുകളോ യൂണിവേഴ്സിറ്റികളോ ഒക്കെ ഇനി അങ്ങോട്ട് ആകാമല്ലോ.
സ്മരിക്കപ്പെടുന്ന പ്രധാനമന്ത്രിയുടെ പ്രത്യേകമായ കഴിവിനെക്കൂടി ഓർമിക്കുന്ന സ്മാരകങ്ങളായാൽ കൂടുതൽ പ്രയോജനമാകും. അത്തരത്തിൽ മൻമോഹൻ സിംഗിന്റെ പേരിൽ പ്രത്യകമായ ഐക്കോണിക് ഗവേഷണ സ്ഥാപനമോ ഒരു പബ്ലിക് പോളിസി സെന്ററോ ഒക്കെ ആയിരുന്നെങ്കിൽ എത്രയോപേർക്ക് അത് പ്രയോജനം ചെയ്തേനെ! മൻമോഹൻ സിംഗിന്റെ ആദർശങ്ങളും അവർക്ക് പ്രയോജനം ചെയ്തേനെ. ഗവണ്മെന്റ് അങ്ങനെ ചിന്തിക്കാൻ ഇടവരട്ടെ.