തലകറക്കുന്ന ട്രംപിസം; കരുതലോടെ മറുലോകം
എസ്. ജയകൃഷ്ണന്
Monday, January 20, 2025 12:27 AM IST
ചിന്തയിലെയും പ്രവൃത്തിയിലെയും അസാധാരണത്വമാണ് പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ ട്രംപ്കാർഡ്. വാക്കുകൾക്ക് ബഹുതല മൂർച്ച. പ്രവചനാതീതമാണ് ചിന്തകൾ. കർമരംഗത്താകട്ടെ കാരിരുന്പിന്റെ ദൃഢതയും. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കൻ നയതന്ത്രത്തെയും അതുവഴി ലോകനയതന്ത്രത്തെയും മാറ്റിമറിക്കുന്ന ധീരത തലകറക്കുന്നതാണ്.
അമേരിക്കയുടെ സുഹൃത്തുക്കൾക്കുപോലും ചുങ്കം ചുമത്താനാണ് ട്രംപിന്റെ നീക്കം. ദുരിതകാലത്തെ വികടനീക്കമായാണ് പല സാന്പത്തികവിദഗ്ധരും ഇതിനെ കാണുന്നത്. മിക്ക ജി-7 രാജ്യങ്ങളിലും വളർച്ച നിലച്ചിരിക്കുന്നു. അമേരിക്കൻ സംസ്ഥാനങ്ങൾ പണപ്പെരുപ്പം നിയന്ത്രിക്കാൻ പാടുപെടുകയാണ്. വാണിജ്യത്തെ ആശ്രയിക്കുന്ന മേഖലകൾക്കു ദോഷകരമാകും ചുങ്കം ചുമത്തുന്നത്.
അന്തംവിട്ട രാഷ്ട്രീയ ചൂതാട്ടം
ട്രംപിന്റെ ലോകരാഷ്ട്രീയചൂതാട്ടങ്ങൾ അന്തംവിട്ടതാണ്. അമേരിക്കയുടെ സൈനികപിന്തുണ ലഭിക്കുന്ന യുക്രെയ്ൻ, തായ്വാൻ തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾതന്നെ അനാഥരായ മട്ടാണ്. റഷ്യയോടുള്ള ട്രംപിന്റെ ചായ്വ് എല്ലാവർക്കുമറിയാം. കാനഡയും ഗ്രീൻലാൻഡും അമേരിക്കയോടു ചേർക്കുമെന്നാണു മറ്റൊരു ഭീഷണി. കാനഡയെ അൻപത്തിഒന്നാമത്തെ സംസ്ഥാനമാക്കണമെന്ന സ്വപ്നം വളർന്ന് പൊട്ടിത്തെറിയുടെ വക്കിലാണ്. മെക്സിക്കോയിലെയും കാനഡയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും ദേശീയനേതാക്കൾ തക്ക മറുപടികൊടുക്കാൻ വാക്കുകൾ തേടുകയാണ്.
ട്രംപിന്റെ പ്രസ്താവനയാണ് കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിക്കുവരെ കാരണമായത്. “ഞങ്ങളുടെ രാജ്യം വിൽപ്പനയ്ക്കുള്ളതല്ല.” എന്നു കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവ് ജഗ്മീത് സിംഗ് മറുപടി നൽകിക്കഴിഞ്ഞു. ട്രൂഡോയുടെ സഖ്യകക്ഷിയാണ് എൻഡിപി.
അനുനയിപ്പിക്കൽ എന്ന കല
ട്രംപിനെ അനുനയിപ്പിക്കൽ ഒരു സാധ്യതയാണ്. അതും പരീക്ഷിക്കുന്നുണ്ട്. “അദ്ദേഹത്തെ വിളിക്കൂ, കാണൂ, എന്തിനെക്കുറിച്ചെങ്കിലും സംസാരിക്കൂ.”എന്നാണ് അദ്ദേഹത്തിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേശകൻ ജോൺ ബോൾട്ടൻ നൽകുന്ന ഉപദേശം. “ഒന്നും ഫലിച്ചില്ലെങ്കിൽ ഗോൾഫ് കളിക്കാനെങ്കിലും പഠിക്കൂ” എന്നും ബോൾട്ടൻ പറഞ്ഞത് സ്വന്തം അനുഭവങ്ങളിൽനിന്നാകും.
പക്ഷേ, ഇതൊന്നും ട്രംപിനെ കൈയിലെടുക്കാൻ പറ്റുമെന്നതിന്റെ ഉറപ്പല്ല. ഇറക്കുമതിച്ചുങ്കത്തിന്റെ കാര്യത്തിൽ ട്രംപിന്റെ നല്ലഭാവത്തെ മുതലെടുക്കാൻ പറ്റുമോയെന്നു നോക്കാൻ, കഴിഞ്ഞ നവംബർ അവസാനം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അദ്ദേഹത്തെ പോയി കണ്ടിരുന്നു. തന്റെ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു ഇത്. കടുത്ത പ്രതികരണം വേണമെന്നായിരുന്നു അവരുടെ പക്ഷം. പ്രതിഷേധം മൂത്ത് ക്രിസ്റ്റിയ വൈകാതെ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. കൂടുതൽ ദുർബലനായ ട്രൂഡോയും ഒടുവിൽ രാജിവച്ചൊഴിഞ്ഞു.
മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം കർശനനിലപാടെടുക്കാനാണു ശ്രമിച്ചത്. ചുങ്കത്തിലൂടെത്തന്നെ തിരിച്ചടി ഭീഷണി ഉയർത്തി. ജനശക്തിയുടെ പ്രകടനവും ശാന്തമായ കീഴടങ്ങലും ട്രംപിനോടുള്ള ശരിയായ തന്ത്രമായേക്കാം. ആർക്കറിയാം?
ചൈനയുടേത് അല്പംകൂടി തീരുമാനിച്ചുറപ്പിച്ച പ്രതികരണമായിരുന്നു. മുൻകരുതലോടെയുള്ള തിരിച്ചടിയായിരുന്നു അവരുടെ തന്ത്രം. ചില അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം ചുമത്തുകയും ചില അമേരിക്കൻ സ്ഥാപനങ്ങളെ വിലക്കുകയും ചെയ്തു. നാട്ടിൽനിന്നു എതിർപ്പുണ്ടാകുമോ എന്ന ചെറിയൊരു ഭയം പ്രസിഡന്റ് ഷീ ജിൻപിംഗിനുണ്ട്. ഒബാമ സർക്കാരിലെ മുൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായ ഇവാൻ മെഡിറോസ് പറയുന്നത് ചൈനയുടെ തന്ത്രം തിരിച്ചടിയും സ്വീകാര്യതയും വൈവിധ്യവത്കരണവും കലർന്നതാണെന്നാണ്.
യൂറോപ്പ് രണ്ടു തട്ടിൽ
യൂറോപ്പാകട്ടെ ഇക്കാര്യത്തിൽ രണ്ടു തട്ടിലാണ്. തിരിച്ചടിച്ചുങ്കങ്ങൾ ഏർപ്പെടുത്തണമെന്ന് ഒരു കൂട്ടർ പറയുന്പോൾ, അമേരിക്കൻ ആയുധങ്ങളും ദ്രവീകൃത പ്രകൃതിവാതകവും വാങ്ങി പുതിയ സർക്കാരിനെ സന്തോഷിപ്പിക്കണമെന്നാണ് മറുപക്ഷം. ട്രംപിന്റെ ഭീഷണികൾ അമേരിക്കൻ സ്ഥാപനങ്ങൾക്കുമേലുള്ള നിയന്ത്രണത്തിന്റെ കാഠിന്യവും കുറച്ചേക്കാം. അമേരിക്കൻ ടെക് ഭീമന്മാർക്കുമേലുള്ള അന്വേഷണത്തിൽനിന്ന് യൂറോപ്യൻ യൂണിയൻ പിന്തിരിയുകയാണ്. മെക്സിക്കോയുടെ നീക്കങ്ങളുടെ ഫലം യൂറോപ്പ് ശ്രദ്ധിക്കുന്നുണ്ട്. ഒപ്പം, ഒന്നിച്ചുനിൽക്കാൻ കഠിനശ്രമം നടത്തുന്നുമുണ്ട്.
ട്രംപിന്റെ ആഗോള രാഷ്ട്രീയ ചൂതാട്ടം മറ്റൊരളവിലുള്ള ആശങ്ക യൂറോപ്പിനുണ്ടാക്കുന്നുണ്ട്. യുക്രെയ്നുമായി പുതിയ കരാറെന്ന വാഗ്ദാനം മൂന്നു ചോദ്യങ്ങളെങ്കിലുമുയർത്തുന്നു. പുടിനും യുക്രെയ്നുമായി ബന്ധപ്പെട്ടുള്ള ട്രംപിന്റെ ലക്ഷ്മണരേഖ (അങ്ങനെയൊന്നുണ്ടെങ്കിൽ) എന്താണ്? ട്രംപ് യുക്രെയ്നെ കൈവിടുകയാണെങ്കിൽ, അതവിടെ തീരുമോ അതോ യൂറോപ്പിലെ മറ്റ് അമേരിക്കൻ സുരക്ഷാ ബാധ്യതകളും ഉപേക്ഷിക്കുമോ? യുക്രെയ്നിന്റെ ഭൂമിശാസ്ത്രപരമായ പരമാധികാരത്തെ ഉപേക്ഷിക്കുകയാണെങ്കിൽ, അതേ നയം തന്നെയാകുമോ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ചെറിയ രാജ്യങ്ങളെ സംബന്ധിച്ചും?
കൈയേറ്റം ചർച്ചയാകുന്നു
ഗ്രീൻലാൻഡ് കൈയടക്കുമെന്നും കാനഡയെ അമേരിക്കയോടു ചേർക്കുമെന്നുമുള്ള ട്രംപിന്റെ ഈയിടത്തെ ആക്രോശം കൈയേറ്റത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകളിലേക്കു നയിക്കുന്നുണ്ട്. രാഷ്ട്രങ്ങളുടെ പരമാധികാരത്തോടുള്ള ട്രംപിന്റെ തുറന്ന പുച്ഛം രാജ്യാന്തര മാനദണ്ഡങ്ങളിൽ അടിസ്ഥാനപരമായ മാറ്റംവരുത്തുമെന്ന ഭയവുമുണ്ട്.
ഇത് അമേരിക്കയ്ക്കുതന്നെ ദോഷം ചെയ്യുമെന്ന് ഈ രംഗത്തെ പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്ട്രങ്ങളുടെ പരമാധികാരം സംബന്ധിച്ച നിലവിലുള്ള ന്യായങ്ങളും നിയമങ്ങളും ദുർബലപ്പെട്ടാൽ മറ്റു വൻശക്തികൾ കടന്നുകയറ്റമോ അതിർത്തി മാറ്റിവരയ്ക്കലോ ചെയ്താൽ അതിനോടുള്ള എതിർപ്പും ദുർബലമാകും. ആ എതിർപ്പിനുള്ള വിശ്വാസ്യതയും ഇല്ലാതാകും. ചൈന-തായ്വാൻ പ്രശ്നത്തിൽ ഇത് അമേരിക്കയെ വെട്ടിലാക്കാനാണു സാധ്യത.
ഒന്നും ആർക്കും പിടികിട്ടുന്നില്ല
ട്രംപിന്റെ ഉദ്ദേശ്യങ്ങൾ എങ്ങനെ മനസിലാക്കുമെന്നതാണ് ലോകനേതാക്കളുടെ മുന്നിലെ വെല്ലുവിളി. രാജ്യാന്തരബന്ധങ്ങളിൽ അമേരിക്കയുടെ നിലവിലുള്ള സ്ഥാനം നിലനിർത്തി ലോകമാർക്കറ്റിൽ പതിവുവിട്ട തന്ത്രങ്ങളിലൂടെ മേധാവിത്തം പിടിച്ചെടുക്കലാകാം. അതുവഴി ശക്തവും കൂടുതൽ സമതുലിതവുമായ സഖ്യകക്ഷികളെ നിർമിക്കലുമാകാം. അങ്ങനെയാണെങ്കിൽ അനുനയവും തന്ത്രജ്ഞതയും സന്ദർശനങ്ങളും സമ്മാനങ്ങളും മൃദുവായ വഴക്കവുമൊക്കെ ഗുണം ചെയ്തേക്കും!
എന്നാൽ, കാനഡയും ഗ്രീൻലാൻഡും സംബന്ധിച്ച് തനതായ രൂപരേഖയോടെയും തായ്വാനെയും യുക്രെയ്നെയും കൈവിട്ടും പുതിയ ലോകക്രമത്തിലേക്കാണ് ട്രംപിന്റെ നോട്ടമെങ്കിൽ അമേരിക്കൻ സഖ്യകക്ഷികൾ കൂടുതൽ ഉറച്ചതും ദീർഘദൃഷ്ടിയുള്ളതുമായ പ്രതികരണവുമായി പ്രത്യക്ഷപ്പെടേണ്ടിവരും.
അമേരിക്കയിലെ 4-5 ദശലക്ഷം വരുന്ന ഇന്ത്യക്കാരും അല്പം ആശങ്കയോടെയാണ് ട്രംപിന്റെ വരവിനെ നോക്കിക്കാണുന്നത്. വെല്ലുവിളികളും അവസരങ്ങളുമാണ് കാത്തിരിക്കുന്നതെന്നു പൊതുവെ പറയാം.