ഇളക്കിമറിക്കുമോ ആദ്യദിനം?
പ്രത്യേക ലേഖകൻ
Monday, January 20, 2025 12:22 AM IST
സംഭവബഹുലമായ ‘ഒന്നാം ദിന’മാണ് അനുയായികൾക്ക് ഡോണൾഡ് ട്രംപിന്റെ വാഗ്ദാനം. അമേരിക്കൻ പ്രസിഡന്റെന്ന നിലയിൽ ആദ്യദിനം നിരവധി ഉത്തരവുകളിൽ അദ്ദേഹം ഒപ്പുവയ്ക്കുമെന്നു കരുതുന്നു. സാദാ ഉത്തരവുകളല്ലിത്, അമേരിക്കൻ രാഷ്ട്രീയത്തെ ഇളക്കിമറിക്കാൻ പോന്നവ.
ട്രംപിന്റെ ഭാവി ഉപദേശകരിൽ പ്രധാനിയായ ജയിംസ് ബ്ലെയറും ഇതുതന്നെ പറഞ്ഞ് ആകാംക്ഷ വർധിപ്പിക്കുന്നു. ആദ്യദിനംതന്നെ പലതും സംഭവിക്കുമെന്നാണ് അദ്ദേഹം ഫോക്സ് ന്യൂസിനോടു പറഞ്ഞത്. സത്യപ്രതിജ്ഞാചടങ്ങിലെ ചൂടുംപുകയുമല്ല ബ്ലെയർ ഉദ്ദേശിച്ചത്. ട്രംപിന്റെ കല്ലേപ്പിളർക്കുന്ന കല്പനകളാണ്.
നിയമവിരുദ്ധ കുടിയേറ്റമാണ് പട്ടികയിൽ ഒന്നാമത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയിറക്ക് ആദ്യദിനംതന്നെ തുടങ്ങുമെന്ന് തെരഞ്ഞെടുപ്പുപ്രചാരണത്തിനിടെ ട്രംപ് ഉറപ്പുകൊടുത്തിരുന്നു. ഈ വിഷയത്തിൽമാത്രം ട്രംപിന് അഞ്ച് ഉത്തരവുകൾ വരെ പുറപ്പെടുവിക്കാമത്രെ.
ട്രംപ് വൈറ്റ്ഹൗസിൽ ഒപ്പിടൽ തുടങ്ങുന്പോൾതന്നെ അനധികൃത കുടിയേറ്റക്കാർക്കുവേണ്ടിയുള്ള തെരച്ചിൽ രാജ്യമെങ്ങും തുടങ്ങുമെന്നാണ് അതിർത്തി സംരക്ഷണ കമ്മീഷണർ എന്ന നിലയിൽ ഈ വന്പൻ പ്രക്രിയയുടെ ചുമതലക്കാരനാകുമെന്നു കരുതപ്പെടുന്ന ടോം ഹോമാൻ ഫോക്സ്ന്യൂസിനോടു പറഞ്ഞത്. നിയമവിരുദ്ധ കുടിയേറ്റക്കാരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെയാണ് ആദ്യം ലക്ഷ്യമിടുന്നത്. രാജ്യമാകെ അറസ്റ്റുകളും റെയ്ഡുകളുമുണ്ടാകും. വേണ്ടിവന്നാൽ ദേശീയ അടിയന്തരാവസ്ഥ വരെ പ്രഖ്യാപിക്കാനാണ് നീക്കം.
രേഖകളില്ലാത്ത 11 ദശലക്ഷം കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്. ഇവരിൽ അഞ്ചുലക്ഷം പേർ ക്രിമിനൽ പശ്ചാത്തലമുള്ളവർ. എത്ര ചെലവുവന്നാലും രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുകയാണു ലക്ഷ്യമെന്ന് ട്രംപ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ നീക്കം രണ്ടു കോടി കുടുംബങ്ങളെ നേരിട്ടു ബാധിക്കുമെന്നാണ് കണക്ക്. ജോ ബൈഡന്റെ കുടിയേറ്റ നയങ്ങളെയും നാടുകടത്തുമെന്നാണ് അദ്ദേഹത്തിന്റെ ദൃഢനിശ്ചയം. കുടിയേറ്റക്കാരെ എളുപ്പത്തിൽ തിരിച്ചയയ്ക്കാൻ ടൈറ്റിൽ-42 എന്ന നിയമം തിരിച്ചുകൊണ്ടുവരാനും ട്രംപിനുദ്ദേശ്യമുണ്ട്. കോവിഡ് കാലത്ത് കൊണ്ടുവന്ന നിയമം 2023ഓടെ ബൈഡൻ ഒഴിവാക്കിയിരുന്നു.
ട്രംപിന്റെ കുടിയേറ്റനയത്തെ ഏറ്റവും ശക്തമായി എതിർക്കുന്നത് ഷിക്കാഗോയാണ്. നാളെത്തന്നെ ഷിക്കാഗോയിൽ റെയ്ഡുണ്ടാകുമെന്നാണ് ഹോമാൻ പറയുന്നത്. “പല സ്ഥലങ്ങളിൽ ഒന്നുമാത്രമാണ് ഷിക്കാഗോ. ആരെയും ഒഴിവാക്കില്ല. ആരെങ്കിലും രാജ്യത്തുള്ളത് നിയമവിരുദ്ധമായാണെങ്കിൽ അവർ പോയേ തീരു.”-അദ്ദേഹം വ്യക്തമാക്കി. ഫെഡറൽ അധികാരികളെ പ്രാദേശിക പോലീസ് എതിർക്കില്ലെന്നാണ് ഷിക്കാഗോ പോലീസ് വക്താവ് ഡോൺ ടെറി പറഞ്ഞത്. എന്നാൽ, ഫെഡറൽ കുടിയേറ്റ അധികാരികൾക്ക് ഒരു വിവരവും കൈമാറില്ല. ഷിക്കാഗോയ്ക്കുപുറമെ ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളും എതിർപ്പിന്റെ പാതയിലാണ്.
ഇത്രയൊക്കെയാണെങ്കിലും ആദ്യദിനത്തേക്കു കരുതിവച്ച ഒരു വെടി പൊട്ടിക്കാൻ അദ്ദേഹത്തിനു കഴിയുമെന്നു തോന്നുന്നില്ല; ജന്മാവകാശപൗരത്വം അവസാനിപ്പിക്കൽ. കാരണം ജന്മാവകാശപൗരത്വം അമേരിക്കൻ ഭരണഘടനയിൽ കല്ലിൽ കൊത്തിവച്ച സംഗതിയാണ്.
ട്രംപിന്റെ കടുത്ത സാന്പത്തികനയങ്ങൾ ഒന്നാംദിവസം എത്രത്തോളം ദൃശ്യമാകുമെന്ന് വ്യക്തമല്ല. മറ്റു രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് ഉയർന്ന ചുങ്കം ചുമത്താനുള്ള തീരുമാനം ആദ്യദിനംതന്നെ ഉണ്ടാകുമോയെന്നും അറിയില്ല. എന്നാൽ, പരിസ്ഥിതികാര്യത്തിൽ ആദ്യദിനംതന്നെ പലതിനും പച്ചക്കൊടി ഉയർന്നേക്കാം. “കുഴിക്കൂ, മക്കളേ കുഴിക്കൂ...” എന്നതായിരുന്നു പ്രചാരണവേളയിലുടനീളം ട്രംപിന്റെ മന്ത്രോച്ചാരണം. അമേരിക്കയിലെ എണ്ണയുത്പാദനം കൂട്ടണമെന്ന കാര്യം ആദ്യദിനംതന്നെ ഉറപ്പിക്കേണ്ടതുണ്ട്. ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുന്നതു നിർത്തുമെന്നും തീരത്തിനകലെയുള്ള കാറ്റാടി ഊർജപദ്ധതികൾ നിരോധിക്കുമെന്നും ആദ്യദിന വാഗ്ദാനങ്ങളിലുള്ളതാണ്. പാരീസ് കാലാവസ്ഥാ കരാറിൽനിന്നുള്ള പിന്മാറ്റവും നാളെത്തന്നെ പ്രഖ്യാപിച്ചേക്കും.
ട്രാൻസ്ജെൻഡറുകൾക്ക് നരകകാലം തുടങ്ങുമെന്നുറപ്പാണ്. അവരുടെ അവകാശങ്ങൾ പലതും വെട്ടിക്കുറയ്ക്കും. “ആദ്യദിനംതന്നെ ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കും.” അതാണ് അനുയായികളോട് ട്രംപ് പ്രചാരണവേദികളിൽ നിന്നലറിയത്. കുട്ടികളിലെ ജനനേന്ദ്രിയഛേദനം ഉടനെ നിരോധിക്കുമെന്ന് ഡിസംബർ അവസാനവും ആണയിട്ടതാണ്. വിവിധ തലത്തിലെ സ്കൂളുകളിൽനിന്നും സൈന്യത്തിൽനിന്നും ട്രാൻസ്ജെൻഡറുകളെ ഒഴിവാക്കാനും ഉത്തരവുണ്ടാകും. ഇത്തരക്കാരെ സംരക്ഷിക്കാനുള്ള ബൈഡൻ സർക്കാരിന്റെ നയം ഏതുനിമിഷവും റദ്ദാക്കപ്പെടാം.
2021 ജനുവരി ആറിന് കാപിറ്റോൾ കെട്ടിടത്തിനുനേരേയുണ്ടായ ആക്രമണത്തിലെ കുറ്റക്കാരെന്നു വിധിക്കപ്പെട്ടവരും പ്രതീക്ഷയിലാണ്. ആദ്യദിനം തന്നെ അവർക്കു മാപ്പു ലഭിച്ചേക്കാം.
ഇങ്ങനെയൊക്കെയാണെങ്കിലും ഒന്നോർക്കണം. കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിൽ അടച്ചുപൂട്ടാൻ ബരാക് ഒബാമ അധികാരമേറ്റ് ആദ്യ ആഴ്ചയിൽ ഉത്തരവിട്ടതാണ്. അതിപ്പോഴും അവിടെത്തന്നെയുണ്ട്. എന്നുവച്ചാൽ, പ്രസിഡന്റിന്റെ ചില ഉത്തരവുകളെങ്കിലും മലർപ്പൊടിക്കാരന്റെ സ്വപ്നമായിക്കൂടെന്നില്ല എന്നർഥം. അധികാരത്തിലേറി മിനിറ്റുകൾക്കകംതന്നെ അമേരിക്കക്കാരെ തൃപ്തരാക്കുന്ന പലതും പ്രതീക്ഷിക്കാമെന്നുതന്നെയാണ് ട്രംപിന്റെ വക്താവായ കരോളിൻ ലെവിറ്റ് ഉറപ്പിച്ചുപറയുന്നത്.