പ്രതാപം തിരിച്ചുപിടിക്കാന്‍ ട്രംപ്
സെബിൻ ജോസഫ്
Monday, January 20, 2025 12:18 AM IST
ഇന്ന് അമേരിക്കയുടെ 47-ാമതു പ്രസിഡന്റായി അധികാരമേൽക്കുന്ന ഡോണൾഡ് ട്രംപ് ഇക്കണോമിക്സില്‍ ബിരുദധാരിയാണ്. തന്റെ കൈയിലുള്ള ബിരുദവുമായി ബിസിനസ് രംഗത്തേക്ക് ഇറങ്ങിയ ട്രംപ് തൊട്ടതെല്ലാം പൊന്നാക്കി. സ്കോട്ടിഷ്, ജര്‍മന്‍ പാരമ്പര്യമുള്ള ഡോണൾഡ് ട്രംപ് 1946 ജൂണ്‍ 14നാണ് ന്യൂയോര്‍ക്കില്‍ ജനിക്കുന്നത്. ബിസിനസുകാരനായ ഫെഡ് ട്രംപിന്റെയും മേരി ആനി മാക് ലീഡോയുടെയും മകന് മിലിട്ടറി സ്കൂളിലാണ് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റയില്നിന്ന് ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ട്രംപ് പതാവിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി 2016 നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്രംപ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഹില്ലരി ക്ലിന്റണെ തോൽപ്പിച്ച് അമേരിക്കയുടെ 45-ാം പ്രസിഡന്റായി. കോവിഡ് മഹാമാരി നല്കിയ തിരിച്ചടി ട്രംപിനു തുടർഭരണം നിഷേധിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനോടു തോൽക്കേണ്ടിവന്നു. രാഷ്ട്രീയത്തിൽ ഒരു തിരിച്ചുവരവ് ട്രംപിനില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാൽ, അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരംഗത്തുണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞവർഷം നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനു പകരം വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഡൊമോക്രാറ്റുകള്‍ മത്സരംഗത്തിറക്കിയെങ്കിലും വിജയം ട്രംപിനൊപ്പമായി. വിജയിക്കാന്‍ വേണ്ട ഇലക്ടറല്‍ വോട്ടുകളിലും ജനപ്രിയ വോട്ടുകളിലും ട്രംപ് മുന്നിട്ടുനിന്നു. താന്‍ മത്സരിച്ചിരുന്നെങ്കിൽ ട്രംപ് പരാജയപ്പെടുമായിരുന്നെന്ന് ജോ ബൈഡന് പിന്നീട് പശ്ചാത്തപിച്ചു.
കുടിയേറ്റക്കാര്‍ക്കെതിരേ കടുത്ത സമീപനം സ്വീകരിക്കുകയും ചൈനയുമായി വ്യാപാരയുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത ട്രംപിന്റെ ഒന്നാം ഭരണകാലം മെക്സിക്കന്‍ അതിര്‍ത്തിയിലെ വിവാദ മതിൽനിർമാണത്തിൽ കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍, പശ്ചിമേഷ്യയില്‍ ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ വഴിയൊരുക്കിയ ഏബ്രഹാം ഉടന്പടിയും ഉത്തരകൊറിയ പോലുള്ള രാജ്യങ്ങളുമായി അമേരിക്കയുടെ ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ചതും ട്രംപിന്റെ നേട്ടമായി വിലയിരുത്തപ്പെട്ടു.
‘ആദ്യം അമേരിക്ക’ എന്ന മുദ്രാവാക്യവുമായി ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ്, വീണ്ടും അമേരിക്കയെ മികച്ചതാക്കും എന്നു പ്രഖ്യാപിച്ചാണ് അധികാരത്തിലെത്തുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങ്. അതിശൈത്യമായതിനാല്‍ തുറന്ന വേദിയിൽ നിശ്ചയിച്ചിരുന്ന ചടങ്ങുകള്‍ കാപിറ്റോള്‍ മന്ദിരത്തിലേക്കു മാറ്റി.
ആദ്യ ഭരണത്തിൽനിന്നു വ്യത്യസ്തമായി ഇത്തവണ ചൈനയുമായി സഹകരിച്ച് മുന്നോട്ടു പോകാനാണ് ട്രംപിന്റെ പദ്ധതി. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിച്ചിരുന്നു. എന്നാൽ, ഷീക്കു പകരം വൈസ് പ്രസിഡന്റ് ഹാൻ ഷെംഗായിരിക്കും പങ്കെടുക്കുകയെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണു പങ്കെടുക്കുന്നത്.
വര്‍ണവെറിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് ആദ്യ ട്രംപ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തുന്നതിനു ശ്രമം നടത്തിയെന്നും റഷ്യയുടെ സഹായം തേടിയെന്നും ആരോപണം ഉയര്‍ന്നു. 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം അട്ടിമറിക്കാന്‍ ട്രംപ് ശ്രമിച്ചതായും ആരോപണമുയർന്നു. ട്രംപിന്റെ തോല്‍വി അംഗീകരിക്കാൻ മടിച്ച അനുയായികള്‍ കാപിറ്റോളിലേക്ക് ഇടിച്ചുകയറി കലാപമുണ്ടാക്കിയത് അമേരിക്കൻ ജനാധിപത്യത്തിന്റെ മുഖത്തേറ്റ അടിയായിരുന്നു.
മധുരപ്രതികാരം
നാലു വര്‍ഷം മുമ്പ് നടന്ന കാപിറ്റോള്‍ കലാപത്തിനു ശേഷം ആദ്യമായാണ് ട്രംപ് യുഎസ് തലസ്ഥാനത്തേക്ക് തിരികെയെത്തുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ട്രംപിനു ചായസത്കാരം ഒരുക്കും. 2020ലെ തെരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം അംഗീകരിക്കാതിരുന്ന ട്രംപ് അദ്ദേഹത്തിന് ചായസത്കാരം ഒരുക്കാന്‍ വിസമ്മതിച്ചതും ചരിത്രമാണ്. താന്‍ അധികാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇസ്രയേല്‍-പലസ്തീന് വിഷയം ഇത്ര രൂക്ഷമാകില്ലായിരുന്നെന്ന് ട്രംപ് പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.
വെല്ലുവിളികള്‍
യുക്രെയ്ന്-റഷ്യ യുദ്ധം, ഇസ്രയേല്‍-പാലസ്തീന് സംഘര്‍ഷം, പണപ്പെരുപ്പം, കാലാവസ്ഥ ഉടമ്പടി എന്നിവയാണ് പുതിയ ട്രംപ് ഭരണകൂടം ആഗോളതലത്തിൽ നേരിടുന്ന വെല്ലുവിളികള്‍. ആദ്യ ഭരണത്തില്‍നിന്നു വ്യത്യസ്തമായി വിശ്വസ്തരെയും ഇലോണ്‍ മസ്കിനെപ്പോലെയുള്ള വ്യവസായികളെയും ഒപ്പം കൂട്ടിയാണ് ഇത്തവണ ട്രംപ് എത്തുന്നത്.
അമേരിക്കയെ കൂടുതല്‍ മികച്ചതാക്കി മാറ്റാനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിക്കും. ഒന്നാം ഭരണത്തില്‍ വന്ന പാളിച്ചകള്‍ വിലയിരുത്തിയാകും രണ്ടാം സര്‍ക്കാര്‍ മുന്നോട്ടുപോകുക. ചൈനയെ ഒപ്പം കൂട്ടി കൂടുതല്‍ വ്യാപാരസൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇത്തവണ ട്രംപ് ശ്രമിക്കുക. ഇന്ത്യയുമായും ഊഷ്മള ബന്ധം പുലര്‍ത്തുന്ന ട്രംപ് വൈകാതെ ഇന്ത്യാ സന്ദര്‍ശനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മധ്യേഷ്യയിലെ ബന്ധങ്ങൾ വിപുലപ്പെടുത്താനാണ് ട്രംപ് ഉദ്ദേശിക്കുന്നത്.