ക്രിസ്മസ് ചന്തയിലെ കൂട്ടക്കൊലയും വൈകിവന്ന വിവേകവും
തോമസ് എം. പോൾ
Sunday, January 19, 2025 1:41 AM IST
കഴിഞ്ഞ ഡിസംബർ 20ന് കിഴക്കൻ ജർമനിയിലെ മാഗ്ദെബുർഗ് പട്ടണത്തിൽ, ഒരു ക്രിസ്മസ് ചന്തയിലേക്കു വാഹനം ഓടിച്ചുകയറ്റി സൃഷ്ടിച്ച അപകടത്തിൽ ആറുപേർ മരിക്കുകയും അറുനൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവം ഒരു മാസത്തിനുശേഷവും ജർമനിയിൽ സജീവ ചർച്ചാവിഷയമാണ്. സാക്സണി-ആൻഹാൾട്ട് സംസ്ഥാനത്തിന്റെ തലസ്ഥാനമായ മാഗ്ദെബുർഗ് രണ്ടര ലക്ഷത്തോളം ജനസംഖ്യയുള്ള ഒരു കോസ്മോപോളിറ്റൻ പട്ടണമാണ്. മാഗ്ദെബുർഗ് അതിന്റെ ലിബറൽ-സോഷ്യലിസ്റ്റ് നിലപാടുകൾക്കു പ്രസിദ്ധമാണെങ്കിലും ഈ ആക്രമണത്തിനുശേഷം വലതുപക്ഷക്കാർ പൊതുസമൂഹത്തിൽ വലിയ പിന്തുണ നേടിക്കൊണ്ടിരിക്കുകയാണ്. കുടിയേറ്റവിരുദ്ധവും ഇസ്ലാം വിരുദ്ധവുമായ തീവ്ര വലതുപക്ഷത്തിന്റെ വളർച്ചയ്ക്ക് ഇസ്ലാമിക ഭീകരാക്രമണങ്ങൾ നിമിത്തമായിത്തീരുന്നതു ജനാധിപത്യസംസ്കാരത്തിന് ഭീഷണിയാണ്.
ഇസ്ലാമിക രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളെ സ്വാഗതംചെയ്ത രാജ്യമാണ് ജർമനി. അഭയാർഥികൾക്ക് ഏറ്റവും ആകർഷകമായ ലക്ഷ്യസ്ഥാനവുമായിരുന്നു അത്. എന്നാൽ, എത്തിച്ചേർന്ന രാജ്യത്തെ സംസ്കാരവും ശൈലിയുമായി പൊരുത്തപ്പെടാൻ വിമുഖത കാണിച്ചുപോന്ന അഭയാർഥികൾ മതമൗലികവാദത്തിനും തീവ്രവാദത്തിനും അടിമകളായി ആതിഥേയ രാജ്യത്തെ ആക്രമിക്കാൻ തുനിയുന്ന കാഴ്ചയാണു കണ്ടത്. ജനാധിപത്യമൂല്യങ്ങൾ അംഗീകരിക്കാനോ സ്ത്രീകളെ ആദരിക്കാനോ മനുഷ്യവ്യക്തികളുടെ സമത്വവും സാഹോദര്യവും പോലുള്ള മാനവികാദർശങ്ങൾ പാലിക്കാനോ കൂട്ടാക്കാത്ത ഇവർ ലോകമാകെ തങ്ങളുടെ മതവും അതിന്റെ പ്രബോധനങ്ങളും മാത്രം മതി എന്ന നിർബന്ധബുദ്ധി പ്രകടിപ്പിക്കുന്നു. ഇക്കൂട്ടർ ന്യൂനപക്ഷമാണെങ്കിലും ബഹുഭൂരിപക്ഷവും ഇവർക്കെതിരേ ചെറുവിരൽപോലും അനക്കാത്തത് സംശയാസ്പദമാണ്. ജർമനി, ഫ്രാൻസ്, ഇറ്റലി, യുകെ, നെതർലൻഡ്സ്, ബെൽജിയം, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവയിലെല്ലാം ഇതാണു സ്ഥിതി. വീട്ടുകാർ വിരുന്നുകാരെ പേടിക്കണം!
എന്തുകൊണ്ട് ക്രിസ്മസ് ചന്ത?
മാഗ്ദെബുർഗിലെ കൊലയാളി സൗദി അറേബ്യയിൽനിന്നുള്ള താലെബ് അൽ-അബ്ദുൾ മൊഹ്സിൻ എന്ന മനഃശാസ്ത്ര വിദഗ്ധനാണ്. 2006ൽ ജർമനിയിൽ ഉപരിപഠനത്തിനെത്തിയ ഇയാൾ, താൻ ഇസ്ലാം മതം ഉപേക്ഷിച്ചതിന്റെ പേരിൽ അറേബ്യയിൽ പീഡിപ്പിക്കപ്പെടും എന്ന വാദം ഉയർത്തി 2016ൽ ജർമനിയിൽ അഭയം തേടി.
ഭീകരവാദത്തിന്റെയും മനുഷ്യക്കടത്തിന്റെയും പേരിൽ ഇയാളെ തിരിച്ചയയ്ക്കണമെന്ന് സൗദി അറേബ്യ പല പ്രാവശ്യം ആവശ്യപ്പെട്ടതാണ്. അപ്പോഴൊക്കെ, അവിടെ അയാൾക്കു നീതിപൂർവകമായ വിചാരണ ലഭിക്കുകയില്ലെന്നു വാദിച്ചുകൊണ്ട് ജർമനി അയാളെ സംരക്ഷിക്കുകയായിരുന്നു. ഇയാൾ ഇസ്ലാം വിരോധിയും തീവ്രവലതുപാർട്ടിയായ എഎഫ്ഡിയുടെ അനുഭാവിയുമായിരുന്നു എന്നു സംശയിക്കുന്നവരുണ്ട്. അയാളുടെ നിരവധി എഫ്ബി പോസ്റ്റുകളിൽ താൻ ഒരു എക്സ് മുസ്ലിം ആണെന്ന് അവകാശപ്പെടുന്നുമുണ്ട്. അയാളുടെ തീവ്രമതനിലപാടുകൾ മറച്ചുവയ്ക്കാനുള്ള മുഖംമൂടിയായിരുന്നു അതൊക്കെ എന്നു വാദിക്കുന്നവരും കുറവല്ല. അറസ്റ്റ് ചെയ്യപ്പെടുന്പോൾ അയാൾ മതമുദ്രാവാക്യങ്ങൾ വിളിച്ചിരുന്നത്രേ!
പലതവണ അധികാരികളുമായി സംഘർഷത്തിൽ ഏർപ്പെട്ടിട്ടുള്ള കൊലയാളി കുറെനാൾ ജർമൻ തടങ്കലിലും കഴിഞ്ഞിട്ടുണ്ട്. ജർമനിയിൽ വന്നശേഷമുള്ള ഇയാളുടെ കുറ്റകൃത്യങ്ങൾ 16 പേജ് നിറയെ എഴുതിയത് ഈയിടെ ജർമൻ മാധ്യമങ്ങൾ പുറത്തുവിടുകയുണ്ടായി. ഭീഷണിപ്പെടുത്തലും കൈയേറ്റശ്രമവും കൈയേറ്റവുമൊക്കെ ഇവയിൽപ്പെടും. തന്റെ പരീക്ഷയുടെ ഫലത്തെക്കുറിച്ചുള്ള ഒരു തർക്കത്തിനിടെ, അന്തർദേശീയമായി ശ്രദ്ധിക്കപ്പെടുന്ന ഒരു കൃത്യം താൻ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയത് 2016ലാണ്. ഇതേ ഭീഷണി ഇയാൾ പലതവണ ആവർത്തിച്ചിട്ടുണ്ട്.
ജർമൻ ജഡ്ജിമാർ വംശീയവാദികളാണെന്നും ജർമൻ നിയമം വിദേശികളോടു വിവേചനം കാട്ടുന്നുവെന്നുമാണ് ഇയാളുടെ വിമർശനം. എങ്കിലും ഇതേ ജർമനിയിലേക്ക് സൗദി അറേബ്യയിൽനിന്നു സ്ത്രീകളെ കടത്തിക്കൊണ്ടുവരാൻ ഇയാൾ എല്ലാ ഒത്താശകളും ചെയ്തിരുന്നു.
എന്തുകൊണ്ട് ഇയാൾ ഈ ക്രൂരകൃത്യം ചെയ്തു എന്നതിന് ഇനിയും കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. 2016ൽ ബർലിനിലെ ഒരു ക്രിസ്മസ് ചന്തയിലേക്കു വാഹനം കയറ്റി 12 പേരെ കൊന്ന ടുണീഷ്യക്കാരൻ അനസ് അമ്റി എന്ന ഇസ്ലാം തീവ്രവാദിയാണ് താലെബിന്റെ മാതൃക. ജർമനിയിൽ അറിയപ്പെടുന്ന അറബ്-ജർമൻ എഴുത്തുകാരനായ അഹമ്മദ് മൻസൂറിന്റെ അഭിപ്രായത്തിൽ ഇയാൾ ഒരു ഇസ്ലാം വിമർശകനാകാൻ സാധ്യതയില്ല. തീവ്രവാദപരവും പുരുഷാധികാരകേന്ദ്രീകൃതവുമായ ചിന്താപദ്ധതിയാണ് അയാളുടേത്. സൗദി അറേബ്യയിൽ ശൈശവത്തിലും കൗമാരത്തിലും യൗവനത്തിലും താൻ പരിചയിച്ച അതേ പുരുഷാധികാര പ്രവണതയാണ് അയാൾ ഇസ്ലാമിനെതിരേയും പ്രയോഗിക്കുന്നത്. ജനാധിപത്യബോധം അയാൾക്കു തീരെയില്ല.
ഇസ്ലാമിനെ എതിർക്കുന്പോൾ പോലും ഇസ്ലാമിന്റെ ചിന്താരീതിയും ഇതര വിഭാഗങ്ങളോടുള്ള മനോഭാവവും അയാൾ ഉപേക്ഷിച്ചിട്ടില്ല. നിയുസ് എന്ന എൻജിഒയുടെ മേധാവിയായ ജൂലിയാൻ റൈഹൽട്ടിന്റെ അഭിപ്രായത്തിൽ, ഇത് ഇറക്കുമതി ചെയ്ത ഭീകരാക്രമണമാണ്. കുറ്റവാളിയെ ഇസ്ലാം വിരുദ്ധനായി ചിത്രീകരിക്കുന്നത് തികഞ്ഞ ലാഘവബുദ്ധിയാണ്. വസ്തുതകളെ ശരിയായി കാണാൻ കഴിയാത്ത രാജ്യത്തിന്റെ പരാജയമാണത്.
ഇസ്ലാമികവിദഗ്ധനും രാഷ്ട്രീയചിന്തകനുമായ ഹമേദ് അബ്ദുൾ സമദിന്റെ അഭിപ്രായത്തിൽ ‘പൊളിറ്റിക്കൽ കറക്റ്റ്നെസി’ന്റെ പേരിൽ ജർമനിയിലെ ഇടതും വലതും കാട്ടിക്കൂട്ടുന്നതും പറഞ്ഞുവയ്ക്കുന്നതും രാജ്യത്തിന്റെ ഭാവിക്കു ശ്രേയസ്കരമല്ല. ഇസ്ലാം വിരുദ്ധനെന്ന് അറിയപ്പെടുന്ന കൊലയാളി, എന്തുകൊണ്ട് ഇസ്ലാമിസ്റ്റുകളുടെ അതേ മനോഭാവത്തോടെ ക്രൈസ്തവസംസ്കാരത്തിന്റെ ഒരു ആഘോഷത്തിലേക്ക് വണ്ടി ഓടിച്ചുകയറ്റുന്നു? പാശ്ചാത്യലോകത്തിന്റെയും ക്രൈസ്തവസംസ്കാരത്തിന്റെയും അടിസ്ഥാനഘടകങ്ങൾ തകർക്കാൻ ഇസ്ലാമിസ്റ്റുകൾ പ്രതിജ്ഞാബദ്ധമാണ്. താലെബ് അസ്ഥിരമായ ഒരു രാജ്യത്തുനിന്നുള്ള അഭയാർഥിയല്ല.
സൗദിയിൽനിന്നുള്ള ഒരു ഷിയാ മുസ്ലിമാണ്. ഇയാളുടെ ആക്രമണം പ്രതീകാത്മകമായി പാശ്ചാത്യ സംസ്കാരം, പാരന്പര്യം, സാമൂഹ്യജീവിതം എന്നിവ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്.ക്രിസ്മസ് ചന്തകൾ ആക്രമിക്കപ്പെടുന്നത് യാദൃച്ഛികമായിട്ടല്ല. ഇസ്ലാമിസ്റ്റുകൾ നിർമാർജനം ചെയ്യാനാഗ്രഹിക്കുന്ന പാശ്ചാത്യ-ക്രൈസ്തവ സംസ്കാരത്തിന്റെ യഥാർഥ പ്രതീകമാണത്. പാശ്ചാത്യരെ ഭയപ്പെടുത്താനും ഇസ്ലാമിന്റെ മേധാവിത്വം മനസിലാക്കിക്കൊടുക്കാനുമുള്ള പദ്ധതിയാണ് അവിടെത്തന്നെ ആക്രമിക്കുക എന്നുള്ളത്.
ഈ കുറ്റവാളികളെ സംരക്ഷിക്കുന്ന തരത്തിൽ വികലവും അബദ്ധജഡിലവുമാണ് പാശ്ചാത്യരാജ്യങ്ങളുടെ നിലപാടുകളെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. അനസ് അമ്റിയെക്കുറിച്ചു ടുണീഷ്യയും മൊറോക്കോയും നൽകിയ മുന്നറിയിപ്പുകൾ ജർമനി അവഗണിച്ചു. അതുതന്നെ താലെബിന്റെ കാര്യത്തിലും സംഭവിച്ചു. അമ്റിക്ക് 14 വ്യത്യസ്ത ഐഡന്റിറ്റി കാർഡുകൾ ഉണ്ടായിരുന്നു. പലപ്പോഴായി നാല്പതിലേറെ ഉദ്യോഗസ്ഥരാണ് അയാളുടെ ഫയലുകൾ കൈകാര്യം ചെയ്തത്. അയാൾ ഒളിച്ചതാകട്ടെ തീവ്രവാദപരം എന്നു മുദ്രയടിച്ചിട്ടുള്ള ഒരു മോസ്കിലും!
നിലപാടുകളിൽ മാറ്റം
2016 മുതൽ വിവിധ ജർമൻ നഗരങ്ങളിൽ ഉണ്ടായിട്ടുള്ള ഇസ്ലാമിക ഭീകരാക്രമണങ്ങൾ മൂലം, അഭയാർഥികളെ അനിയന്ത്രിതമായി രാജ്യത്തു പ്രവേശിപ്പിച്ച മുൻ ചാൻസലർ ആഞ്ചല മെർക്കെലിനെതിരേ കടുത്ത വിമർശനമാണുയരുന്നത്. അഭയാർഥികൾ ലാളിക്കപ്പെടേണ്ടവരല്ലെന്നു മെർക്കെലിന് അറിയില്ലെന്നും അവർക്ക് യാഥാർഥ്യബോധം ഇല്ലെന്നും ബർലിനിലെ ഉദ്യോഗസ്ഥ മേധാവിയായ ഗ്യൂനർ ബാൾസി തുറന്നടിച്ചു.
മാൻഹൈം, സോളിങ്ങൻ, വ്യൂർസ്ബർഗ് പട്ടണങ്ങളിൽ നടന്ന കത്തിയാക്രമണങ്ങൾക്കുശേഷം ജർമനിയിൽ വിദേശികൾക്കു നേരേ നിരവധി ആക്രമണങ്ങളുണ്ടായി. വലതുപക്ഷം ശക്തി നേടി. എഎഫ്ഡി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി വളർന്നു. ഇതൊക്കെക്കൊണ്ട് കുടിയേറ്റനിയമങ്ങൾ കർശനമാക്കാൻ ജർമനി തീരുമാനിച്ചിരിക്കുകയാണ്. സിറിയയിലേക്കു മടങ്ങാൻ തയാറാകുന്ന അഭയാർഥികൾക്ക് 1700 യൂറോ വീതവും വിമാനടിക്കറ്റും നൽകും; കുടുംബത്തിനാണെങ്കിൽ 4000 യൂറോയും.
ഇമിഗ്രേഷനു പകരം ‘റെമിഗ്രേഷൻ’ എന്ന പദപ്രയോഗവുമായി എഎഫ്ഡിയുടെ ചാൻസലർ സ്ഥാനാർഥി ആലീസ് വൈഡൽ രംഗപ്രവേശം ചെയ്തിട്ടുണ്ട്. അഭയാർഥികളുടെ വീടുകളിൽ അവർ വിതരണം ചെയ്ത ‘മടക്കയാത്രാ ടിക്കറ്റു’കൾ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജർമനിയിലെ പൊതുസമൂഹം അതിനെ അത്രയധികം കുറ്റപ്പെടുത്തിയിട്ടില്ല. ഈ സംഭവപരന്പരകൾക്കു ശേഷവും അഭയാർഥികളുടെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങൾ കുറയുന്നില്ല എന്നതാണു കാരണം. ഇക്കഴിഞ്ഞദിവസം ഒരു അതിവേഗ ട്രെയിനിൽ 17 വയസുള്ള ഒരു തീവ്രവാദി പ്രാർഥന നടത്തി ഇതര യാത്രക്കാർക്കു തടസമുണ്ടാക്കിയതും അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പോലീസുകാരെ ആക്രമിച്ചതും വാർത്തയായിരുന്നു. ബെർലിനിലെ ബെർഗിയൂസ് സ്കൂളിൽ 85 ശതമാനവും വിദേശികളായ കുട്ടികളാണ്. ആ സ്കൂളിലെ ഒന്പതാം ക്ലാസുകാർ കഴിഞ്ഞദിവസം ഏറ്റുമുട്ടിയപ്പോൾ ഇരുനൂറോളം പോലീസുകാർ അവരെ നിയന്ത്രിക്കാൻ എത്തേണ്ടതായിവന്നു. വർഷങ്ങളായി ജർമനിയിൽ താമസിച്ചിട്ടും ഈ കുട്ടികൾക്ക് ഒരു വാക്കുപോലും ജർമൻ ഭാഷയിൽ പറയാൻ അറിയില്ല!
അഭയാർഥികളെ ഇരുകൈകളും നീട്ടി സ്വീകരിച്ച സ്വീഡൻ നിയമങ്ങൾ കർശനമാക്കിക്കഴിഞ്ഞു. മേലിൽ അഞ്ചുവർഷത്തിനു പകരം എട്ടുവർഷം കഴിഞ്ഞേ ഒരു വിദേശിക്ക് അവിടെ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയൂ. അഭയാർഥികൾക്കുള്ള സഹായധനം വളരെ കുറച്ചതു കൂടാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നാടുകടത്താനും തീരുമാനിച്ചിട്ടുണ്ട്. സ്വീഡിഷ് സംസ്കാരം, ഭാഷ, ജീവിതശൈലി എന്നിവയോട് അനുരൂപപ്പെടാത്ത അഭയാർഥികൾക്കും അവിടെ സ്ഥാനമുണ്ടാവില്ല.
അഭയാർഥികളെ സ്വീകരിക്കുന്നതിനുള്ള നിയമങ്ങൾ പോളണ്ടും ഹംഗറിയും നേരത്തേതന്നെ കർശനമാക്കിയിരുന്നു. ഈ മാതൃകയിൽ ജർമനിയും മുന്നോട്ടു വരണമെന്നാണ് ജർമൻ ജനതയുടെ ആഗ്രഹം. പൊളിറ്റിക്കൽ കറക്റ്റ്നെസിന്റെയും വോട്ടുബാങ്കിന്റെയും പേരിൽ കുറ്റവാളികളെ സംരക്ഷിക്കുകയും കുറ്റകൃത്യങ്ങൾ കണ്ടില്ലെന്നു നടിക്കുകയും ദേശത്തോടുള്ള അനുരൂപപ്പെടലും മൂല്യങ്ങളുടെ സ്വാംശീകരണവും അവഗണിക്കുകയും ചെയ്താൽ യുകെയിൽ സംഭവിച്ചതുപോലെ ഗ്രൂമിംഗ് ഗ്യാംഗ്സും തീവ്രവാദി ഗ്രൂപ്പുകളും രാജ്യം ഹൈജാക്ക് ചെയ്യുകയായിരിക്കും സംഭവിക്കുക.