ധീരമായ തിരുത്തലുകൾ
അനന്തപുരി / ദ്വിജൻ
Sunday, January 19, 2025 1:32 AM IST
എല്ലാ മേഖലയും ഒരുമിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തിയ സംഭവമായി വനനിയമ ഭേദഗതി പിൻവലിച്ച തീരുമാനം. ഒന്പതു വർഷത്തെ ഭരണത്തിൽ ഇത്രയും പിന്തുണ മുന്പ് കിട്ടിയിട്ടുണ്ടാവില്ല. കോവിഡ് കാലത്തെ പല തീരുമാനങ്ങളും അന്നു പ്രശംസിക്കപ്പെട്ടെങ്കിലും പിന്നീട് കളങ്കമേറ്റതാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 2013ൽ അന്നത്തെ വനം മന്ത്രി കെ.ബി. ഗണേഷ്കുമാറാണ് വനം നിയമ പരിഷ്കരണത്തിനു തുടക്കമിട്ടത്. ഒന്നാം പിണറായി സർക്കാരിലെ കെ. രാജു അതു മുന്നോട്ടു നീക്കി. ഈ സർക്കാരിലെ എ.കെ. ശശീന്ദ്രൻ അവസാനരൂപം നല്കി പ്രസിദ്ധീകരിച്ചു.
വനം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് അറസ്റ്റ് ചെയ്യാം എന്നതുപോലെ പ്രാകൃതമായ വകുപ്പുകളുള്ള നിയമം കേരളത്തിൽ നടപ്പാക്കാനാകില്ലെന്നു വ്യക്തമായിരുന്നു. വന്യമൃഗങ്ങളെ ശല്യം ചെയ്യുന്നവരിൽനിന്ന് നേരിട്ടു പിഴ ഈടാക്കാനും വകുപ്പുണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥന്മാരുടെ തോന്ന്യാസത്തിന് മലയോരജനതയെ വിട്ടുകൊടുക്കുന്നതിനെതിരേ രൂക്ഷമായിരുന്നു പ്രതിഷേധം. ഇടതുമുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കേരള കോണ്ഗ്രസ്-എം നിയമത്തെ എതിർത്തു. അവരുടെ ചെയർമാൻ ജോസ് കെ. മാണിയും നിയമസഭാകക്ഷി അംഗങ്ങളും മുഖ്യമന്ത്രിക്കു നിവേദനം കൊടുത്തു. കൂടാതെ, പരസ്യമായി ഇക്കാര്യം പ്രകടിപ്പിക്കുകയും ചെയ്തു. വനനിയമം പ്രധാന വിഷയമാക്കി ജനാധിപത്യമുന്നണി മലയോരജാഥ നടത്താൻ നിശ്ചയിച്ചതും സർക്കാരിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചു.
ജോസ് കെ. മാണിയെ തിരിച്ചുപിടിക്കാൻ ലീഗ് വഴി ജനാധിപത്യ മുന്നണി നടത്തുന്ന നീക്കത്തിന് ആക്കം പകരുമോ നിയമ ഭേദഗതി എന്നും ചിന്തിച്ചിരിക്കാം. പി.വി. അൻവറിന്റെ പോരാട്ടങ്ങളും കണ്ടില്ലെന്നു നടിക്കാനാവില്ല. മലയോരപ്രദേശമായ നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പും വരുന്നുണ്ട്. ജനങ്ങളുടെ പ്രതിഷേധത്താൽ സർക്കാർ തിരുത്തുന്നത് ജനാധിപത്യത്തിന്റെ വിജയമാണ്.
പക്ഷേ, ഇത്തരം ഒരു ബിൽ തയാറാക്കിയ മന്ത്രിക്കും അത് അംഗീകരിച്ച മന്ത്രിസഭയ്ക്കും അപമാനകരമാണ് പിൻവാങ്ങൽ. മലബാറുകാരനായ മന്ത്രിക്കോ ബിൽ പരിശോധിച്ച മന്ത്രിസഭയ്ക്കോ ബില്ലിന്റെ ജനദ്രോഹം തിരിച്ചറിയാനായില്ല എന്നത് ഭയപ്പെടത്തുന്നതാണ്. വിഷയങ്ങൾ ഗൗരവമായി പഠിക്കുന്ന മന്ത്രിമാർ ഇല്ലെന്നല്ലേ അതിനർഥം. എങ്കിലും ജനവികാരത്തോടു ചേർന്ന് നിയമ ഭേദഗതി പിൻവലിച്ചത് ധീരതയാണ്. അഭിനന്ദനം അർഹിക്കുന്നതും ജനാധിപത്യ സർക്കാരുകൾക്കു മാതൃകയും.
സഹകരണ മേഖല
സഹകരണരംഗത്തും വലിയ തിരുത്തലുകൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇടതു-വലതു മുന്നണികൾ ഭരിക്കുന്ന പല ബാങ്കുകളിലെയും വലിയ തട്ടിപ്പുകൾ പുറത്തുവരുന്നുണ്ട്. മിക്കവരും സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കുന്നു. വിശ്വാസ്യത തിരിച്ചു പിടിക്കണം.
ജനങ്ങൾ അകന്നുപോകുന്നു എന്ന തിരിച്ചറിവുകൊണ്ടാകാം സഹകരണ ബാങ്കുകളിലെ വായ്പാ കുടിശികയ്ക്ക് സിപിഎം വിലക്കു വന്നു. സഹകരണബാങ്കുകളിൽ കുടിശിക വരുത്തിയ പാർട്ടി അംഗങ്ങൾ ഉടൻ തിരിച്ചടയ്ക്കണം. നേതാക്കളും അംഗങ്ങളും വീഴ്ച വരുത്തിയാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി. പാർട്ടി ഓഫീസുകൾക്കെടുത്ത തുകയും തിരിച്ചടയ്ക്കണം. ഇവിടെ മറ്റൊരു ചോദ്യം ഉയരുന്നു. പാർട്ടിക്കാർ മറ്റുള്ളവരുടെ പേരിൽ അവർപോലും അറിയാതെ എടുത്ത വായ്പകളോ? ഇത്തരക്കാരെയും തള്ളിപ്പറയാൻ, അല്ലെങ്കിൽ അവരുടെ വായ്പയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാർട്ടി തയാറാകണം.
പ്രാഥമിക സഹകരണ സംഘങ്ങളിലെ കിട്ടാക്കടത്തിന് ആനുപാതികമായ തുക കരുതൽ ധനമായി നീക്കിവയ്ക്കണമെന്ന നിർദേശം ഈ സാന്പത്തിക വർഷാന്ത്യം മുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ചെറിയ ലാഭത്തിൽ പോകുന്ന സംഘങ്ങളെല്ലാം നഷ്ടപ്പട്ടികയിലേക്കു വരും. വാണിജ്യബാങ്കുകളിലേതിനു സമാനമായി സഹകരണ ബാങ്കുകളിലും കേന്ദ്ര ഫിനാൻഷ്യൽ ഇന്റലിജൻസിന്റെ നിരീക്ഷണം വരുമെന്നു സൂചനയുണ്ട്.
ഇത്തരം നല്ല തീരുമാനങ്ങൾക്കിടയിലും പാലക്കാട് ബ്രൂവറിയുടെ സ്ഥാപനം പോലെ സംശയത്തിന്റെ നിഴൽ പരക്കുന്നവയും വരുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരളാ ഫിനാൻഷ്യൽ കോർപറേഷൻ അനിൽ അംബാനിയുടെ പൊളിയുന്ന കന്പനിയിൽ 60.8 കോടി രൂപ നിക്ഷേപിച്ചതു സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങളും ഉത്തരമില്ലാതെ കിടക്കുകയാണ്. അതും തെരഞ്ഞടുപ്പു ലക്ഷ്യത്തോടെ ആകും. കരിമണൽകന്പനിക്കാരുടെ 185 കോടി ഇരുതലവാളായത് രക്ഷയായി.
തിരിച്ചടിയുടെ സദ്ഫലങ്ങൾ
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പിണറായിക്ക് ഗുണം ചെയ്തതിന്റെ സൂചനകളുണ്ട്. വലിയ തിരുത്തലുകൾക്ക് തയാറാകുന്നത് അതിന്റെ ഫലമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം വിട്ട ഈഴവ വോട്ടുകൾ തിരിച്ചുപിടിക്കാനും ആ ശ്രമത്തിൽ ചോർന്നുപോകാവുന്ന മുസ്ലിം വോട്ടുകളെ ഭിന്നിപ്പിക്കാനും നീക്കം തുടങ്ങി. മുസ്ലിം പ്രീണനം പിണറായി തിരുത്തുകയാണ്. അതിന്റെ കൃത്യമായ അരങ്ങേറ്റം നടന്നത് താനൂരിൽ ജനുവരി ഒന്നു മുതൽ മൂന്നു വരെ നടന്ന സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിലാണ്. അതിനുള്ള സ്മരണികയിൽ പ്രസിദ്ധീകരിച്ച പാലോളിയുടെ അഭിമുഖത്തിൽ മലപ്പുറത്തെ മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളിലൂടെ പിണറായി തന്റെ മാറ്റം കൃത്യമാക്കി.
പാലോളിയും പിണറായിയും
അടിയുറച്ച സിപിഎം നേതാവാണ് പാലോളി മുഹമ്മദ് കുട്ടി. വംശനാശം വരുന്ന സംശുദ്ധ പൊതുപ്രവർത്തകരിൽ ഒരാൾ. കടുത്ത പിണറായി പക്ഷക്കാരൻ. പ്രായം 96 വയസ്.1969ൽ രൂപംകൊണ്ട മലപ്പുറം ജില്ലയിലെ ആദ്യത്തെ സിപിഎം ജില്ലാ സെക്രട്ടറി. കേരളത്തിൽ തദ്ദേശഭരണ മന്ത്രിവരെ ആയി. ഇപ്പോൾ കരിന്പുഴയിലെ വീട്ടിൽ പദവികളില്ലാത്ത ശാന്തജീവിതം. അദ്ദേഹം സ്വാതന്ത്ര്യത്തിനു മുന്പുള്ള കാലത്തെക്കുറിച്ച് പറഞ്ഞു:
“അക്കാലത്ത് മിക്ക വീട്ടുകാരും ലീഗോ കോണ്ഗ്രസോ ആണ്. മുസ്ലിം ലീഗ് മുന്നോട്ടുവച്ചത് പാക്കിസ്ഥാൻ വാദമായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഈ ആവശ്യമുന്നയിച്ചത് മലപ്പുറം ജില്ലയിൽനിന്നുമായിരുന്നു. അന്ന് മുസ്ലിം സമൂഹത്തിലെ പ്രമാണിമാർ ബ്രിട്ടീഷ് അനുകൂലികളായിരുന്നു. അതുകൊണ്ടുതന്നെ പാക്കിസ്ഥാൻ വാദത്തിന് ബ്രിട്ടീഷുകാർ അനുകൂലമായി. അന്ന് മലബാറിലെ മുസ്ലിം ലീഗ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തിരുന്നത് കെ.എം. സീതി സാഹിബ്, സത്താർ സേട്ടു എന്നിവരാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നപക്ഷം പിന്നീടു ഭരിക്കാൻ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തിൽ മുസ്ലിംകൾക്ക് ജീവിക്കാൻ കഴിയില്ലെന്നുമായിരുന്നു സീതി സാഹിബ് മലപ്പുറത്ത് ലീഗിന്റെ സമ്മേളനത്തിൽ പറഞ്ഞത്.”
“ലീഗ് നിലപാടിനെതിരായ ശബ്ദവും ഉണ്ടായിരുന്നു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഹിന്ദു- മുസ്ലിം ഐക്യമാണ് മുസ്ലിംകൾക്ക് നല്ലതെന്നു പ്രസംഗിച്ചു. വിഭജിക്കപ്പെട്ട ഇന്ത്യയിൽ ജീവിക്കുന്പോൾ ഈ മഹത്തായ രാജ്യത്തെ ഒറ്റിക്കൊടുത്തവർ എന്ന മട്ടിലാവും മറ്റുള്ളവർ കാണുക എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഏതു കാലത്തും മുസ്ലിംകൾക്ക് എതിരേയുള്ള വികാരം ആളിക്കത്തിക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു”- പാലോളി ഓർമ്മിക്കുന്നു.
ഈ വാക്കുകളിലെ മുസ്ലിം രാഷ്ട്രീയം വിശദീകരിച്ചത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയാണ്. അദ്ദേഹം വ്യക്തമാക്കാൻ ശ്രമിച്ചത് ഇതായിരുന്നു: കേരളത്തിലെ മുസ്ലിംകളിൽ രണ്ടു വിഭാഗക്കാരുണ്ട്. മതരാഷ്ട്രവാദികളും അല്ലാത്തവരും. ഇന്നും ഈ രണ്ടു കൂട്ടരുമുണ്ട്. ഭൂരിപക്ഷം വരുന്ന സുന്നികൾ ഇന്ത്യവാദികളാണ്.
അവരാണ് മുസ്ലിം ലീഗിലെ പ്രധാന നേതാക്കൾ. എന്നാൽ, ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മതരാഷ്ട്രവാദികളാണ്. ലീഗുകാർക്ക് അടുത്ത കാലത്തായി അവരോടാണു കൂടുതൽ ചങ്ങാത്തം. അവരുടെ ഉപദേശമനുസരിച്ചാണ് തീരുമാനങ്ങൾ.
ലീഗ് മതരാഷ്ട്രവാദികൾക്ക് കീഴടങ്ങുന്നു എന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇടതുമുന്നണിക്ക് കിട്ടാത്ത മുസ്ലിം ലീഗിലെ പ്രബല വിഭാഗമായ സുന്നികളിൽ പരമാവധി പേരെ തങ്ങൾക്കൊപ്പം നിർത്താനുള്ള പിണറായിയുടെ തന്ത്രമായി ഈ വിശദീകരണത്തെ വ്യാഖ്യാനിക്കാം.
അപകടം മനസിലാക്കിയ ലീഗ് നേതൃത്വം കളത്തിലിറങ്ങി. പിണറായി പറഞ്ഞതിനെ നേരിടാൻ, പാലോളി പറഞ്ഞത് പൊളിയാണെന്നു വരുത്താനായിരുന്നു അവരുടെ നോട്ടം. ലീഗ് നേതാവ് ഷാഫി ചാലിയം രണ്ടു ദിവസങ്ങളിലായി ചന്ദ്രികയിൽ മറുപടി എഴുതി. ഇതൊന്നും പക്ഷേ പാലോളിയുടെ ഓർമകൾക്കു മറുപടിയായില്ല. സർവേന്ത്യാ ലീഗിനും കോണ്ഗ്രസിനും ഒന്നിച്ചു ഭരിക്കാൻ സാധിക്കാതിരുന്നതുകൊണ്ടാണ് ഇന്ത്യ വിഭജിക്കപ്പെട്ടതെന്ന് ഷാഫി വാദിച്ചു. ഷാഫി പറഞ്ഞ പലതും സത്യമാവാമെങ്കിലും പാലോളി പറഞ്ഞ സത്യത്തിനു മറുപടിയായില്ല.
ഫാസിസ്റ്റുകളെ സന്തോഷിപ്പിക്കാനാണ് പാലോളി ശ്രമിച്ചതെന്ന് ആരോപിച്ച് ഡോ. ഹുസൈൻ മടവൂർ ചന്ദ്രികയിൽ എഴുതിയ ലേഖനവും പാലോളിയുടെ വാക്കുകൾ ലീഗുകാരെ വല്ലാതെ അസ്വസ്ഥരാക്കി എന്നതിനു സാക്ഷ്യമാണ്. സിപിഎം കളം മാറ്റി ചവിട്ടുകയല്ലേ എന്ന ഭീതിയും അദ്ദേഹം മറച്ചുവച്ചില്ല. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രികയിൽ മൂന്നാമത്തെ ലേഖനം എഴുതിയ നൗഷാദ് മണ്ണിശേരി സ്വതന്ത്ര ഇന്ത്യയിൽ ആർഎസ്എസ് പ്രസക്തമാകാൻ 60 വർഷം കാത്തിരുന്നു എങ്കിൽ മതനിരപേക്ഷ രാഷ്ട്രമായിരുന്ന പാക്കിസ്ഥാനെ ഒറ്റവർഷംകൊണ്ട് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രമാക്കിയെന്നു പറഞ്ഞു.
ലീഗ് വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ദേശാഭിമാനിയിൽ രണ്ടു ലേഖനങ്ങൾ എഴുതിയ ഡോ. കെ.ടി. ജലീൽ, കോണ്ഗ്രസിന്റെ മുസ്ലിം വിരുദ്ധ സമീപനങ്ങളിൽ നിരാശരായ നേതാക്കളാണ് 1906ൽ ലീഗുണ്ടാക്കിയതെന്നു വാദിച്ചു.
1857ലെ സ്വാതന്ത്ര്യസമരത്തിനു ശേഷം സമരപാതയിൽനിന്ന് വിട്ടുനിന്ന മുസ്ലിംകളെ കൊണ്ടുവരാൻ കോണ്ഗ്രസ് കണ്ടുപിടിച്ച തന്ത്രമാണ് ഖിലാഫത്ത് പ്രസ്ഥാനം. മലബാറിലെ സർവേന്ത്യാ ലീഗ് നേതാക്കളാരും ബ്രിട്ടീഷ്വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലാവുകയോ ജയിലിലാവുകയോ ചെയ്തിട്ടില്ല.
കോണ്ഗ്രസിലെ സമർഥരായ നേതാക്കളെ വലവീശി പിടിക്കാൻ ജിന്ന നോക്കിയിരുന്നു. അങ്ങനെയാണ് സീതിസാഹിബ് സർവേന്ത്യാ ലീഗിലെത്തിയത്. ജിന്നയുടെ ആഹ്വാനമനുസരിച്ച് ലീഗിലെത്തിയ നേതാക്കളും അനുയായികളും വിഭജനത്തെ അനുകൂലിച്ചവരാണ്. പക്ഷേ, മലപ്പുറത്തെ ബഹുഭൂരിപക്ഷം മുസ്ലിംകളും ഇതിൽ ഉണ്ടായിരുന്നില്ല- ജലീൽ വാദിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പു തന്ന പാഠങ്ങളെ സിപിഎമ്മും ലീഗും ഗൗരവമായി എടുത്തിരിക്കുന്നു എന്നതിന് കൃത്യമായ സൂചനകളായി.