പശ്ചിമേഷ്യയിലെ പ്രാവുകൾ
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, January 18, 2025 1:20 AM IST
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ലോകനേതാക്കൾ പലരെയും ചടങ്ങിനു ക്ഷണിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കിയത് ഇന്ത്യക്കു നാണക്കേടും തിരിച്ചടിയുമാണ്. പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും യുദ്ധങ്ങൾ മുതൽ ലോസ് ആഞ്ചലസിലാകെ നാശംവിതച്ച വൻ കാട്ടുതീ വരെയുള്ള പ്രശ്നങ്ങളാകും ഓവൽ ഓഫീസിലേക്കുള്ള മടങ്ങിവരവിൽ ട്രംപിന്റെ നേതൃത്വമികവു തുടക്കത്തിലേ പരീക്ഷിക്കപ്പെടുക.
“യുദ്ധം ജയിച്ചാൽ മാത്രം പോരാ; സമാധാനം കൈവരിക്കുകയെന്നതാണു കൂടുതൽ പ്രധാനം’’ എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ആധുനിക കാലത്ത് ആരും യുദ്ധം ജയിക്കുന്നില്ല. എല്ലാവർക്കും നഷ്ടവും ദുരിതങ്ങളുമാകും മിച്ചം. ലോകം മുഴുവൻ രണ്ടു ഭാഗമായി വിഭജിക്കപ്പെട്ടിരിക്കുന്നു: സന്തോഷവും പ്രതീക്ഷയും വെളിച്ചവുമുള്ള ലോകം ഒരു വശത്തും മറുവശത്ത് ഇവയില്ലാതെ നിരാശയും ഇരുട്ടുമുള്ള ലോകവുമാണെന്ന് ‘യുദ്ധവും സമാധാനവും’ എന്ന നോവലിൽ ലിയോ ടോൾസ്റ്റോയ് എഴുതിയിട്ടുണ്ട്.
469 ദിവസത്തെ അക്രമങ്ങൾ
പശ്ചിമേഷ്യയിൽ 469 ദിവസത്തെ അക്രമങ്ങൾക്കു ശേഷവും സന്പൂർണ സമാധാനം അകലെയാണ്. ഇസ്രയേലും ഹമാസും തമ്മിലുള്ള സമാധാന കരാറാണു പുതിയ പ്രതീക്ഷ. ഇസ്രയേൽ മന്ത്രിസഭ അംഗീകരിക്കുന്ന കരാർ നാളെ നിലവിൽ വരും. ഈ കരാറും യുദ്ധം അവസാനിപ്പിക്കുകയോ പൂർണ സമാധാനം കൊണ്ടുവരികയോ ചെയ്യുമെന്നു കരുതാനാകില്ല. കരാറിനു ധാരണയായ ശേഷമുണ്ടായ രണ്ടുദിവസത്തെ ആക്രമണത്തിൽ മാത്രം നൂറു പേർ കൊല്ലപ്പെട്ടു. ദശലക്ഷക്കണക്കിനാളുകൾക്കു പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങൾ സൃഷ്ടിച്ച 15 മാസത്തെ ക്രൂരമായ പോരാട്ടത്തിനുശേഷം ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ എന്തായാലും സ്വാഗതാർഹമാണ്.
സമാധാന കരാർ ദുർബലമായിരിക്കാം. ഇരുപക്ഷത്തും ശരിയായ അനുരഞ്ജനം ഇല്ലെന്നതാണു മുഖ്യം. അമേരിക്കയും ഖത്തറും ഈജിപ്തും അടക്കമുള്ള മധ്യസ്ഥരുടെ പ്രോത്സാഹനത്തിൽ ഇരുപക്ഷവും ഉണ്ടാക്കിയ ധാരണയെക്കുറിച്ചു നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നു. എന്നാൽ യുദ്ധത്തിൽനിന്നുള്ള താത്കാലിക ആശ്വാസം പോലും പ്രധാനമാണ്. രണ്ടു പ്രധാന ഘട്ടങ്ങളായി നടപ്പാക്കുന്ന സമാധാന കരാർ ലോകത്തിനും ഇസ്രയേലിലെയും ഗാസയിലെയും ലക്ഷക്കണക്കിനു ജനങ്ങൾക്കും ആശ്വാസമാണ്.
പ്രത്യാശയുടെ കിരണങ്ങൾ
കരാർ പ്രാബല്യത്തിൽ വരുന്ന ആദ്യദിവസം മുതൽ, വലിയ അളവിലുള്ള മാനുഷികസഹായങ്ങളും ദുരിതാശ്വാസ സാമഗ്രികളും ഇന്ധനവും ഗാസയിലേക്ക് പ്രവേശിക്കാൻ അനുവദിക്കും. ഗാസയിലെ വൈദ്യുതി പ്ലാന്റിന്റെയും ശുചീകരണ സംവിധാനങ്ങളുടെയും പ്രവർത്തനത്തിനും വലിയ യന്ത്രങ്ങൾ വൃത്തിയാക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ഇന്ധനം ആവശ്യമാണ്.
ബോംബാക്രമണങ്ങളും ഡ്രോണുകളുടെ ഉപയോഗവും നിലച്ചാൽതന്നെ ആശ്വാസമാകും. ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങി ഗാസക്കാരുടെ പ്രധാന ഭക്ഷണസ്രോതസായ ബേക്കറികൾ ഉൾപ്പെടെ മുനന്പിന്റെ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനുള്ള നീണ്ട ദൗത്യം ആരംഭിക്കുമെന്നു പ്രത്യാശിക്കുകയും ചെയ്യാം.
പുതിയ ഉടന്പടിക്കുശേഷം വെസ്റ്റ് ബാങ്കിലോ ലബനനിലോ ഹിസ്ബുള്ളയുമായുള്ള ദുർബലമായ വെടിനിർത്തലിന്റെ ഭാവി എന്തെന്നു വ്യക്തമല്ല. കരാർ ലംഘിച്ചുവെന്നു പരസ്പരം ആരോപിച്ചുകൊണ്ട് ലബനനിൽ ഇരുപക്ഷവും തമ്മിൽ ആക്രമണങ്ങൾ ദിനംപ്രതി നടത്തുന്നുണ്ട്. 60 ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം 26ന് അവസാനിക്കും.
ഹമാസ് ഭീകരതയുടെ ശേഷിപ്പ്
2023 ഒക്ടോബർ ഏഴിന് ഹമാസ് അടക്കമുള്ള പലസ്തീനിലെ ഭീകര ഗ്രൂപ്പുകൾ ഇസ്രയേലിലേക്കു കടന്നുകയറി നടത്തിയ ആക്രമണവും പിന്നീട് ഇസ്രയേൽ നടത്തിയ പ്രത്യാക്രമണവും ചരിത്രം മറക്കില്ല. തീകൊണ്ടു തലചൊറിയുകയായിരുന്നു ഹമാസ് ഭീകരർ. ഹമാസും ഹിസ്ബുള്ളയും അടക്കമുള്ള ഭീകര ഗ്രൂപ്പുകളെ കൊട്ടിഘോഷിച്ചതുപോലെ വേഗത്തിൽ കീഴടക്കാനോ, യുദ്ധം പൂർണമായി ജയിക്കാനോ ഒന്നേകാൽ വർഷത്തിനു ശേഷവും ഇസ്രയേലിനും കഴിഞ്ഞില്ല. ഹമാസിന്റെ നേതാക്കളിൽ പലരെയും വകവരുത്താനും ഭീകരകേന്ദ്രങ്ങൾ തകർക്കാനും ഇസ്രയേലിനു കഴിഞ്ഞു. ഹമാസിനേക്കാൾ മികച്ച സൈനിക ശക്തിയാണെന്നു ഇസ്രയേൽ തെളിയിച്ചുവെന്നു മാത്രം.
എങ്കിലും ഇസ്രയേൽ, പലസ്തീൻ ജനതകൾ അനുഭവിച്ച യുദ്ധത്തിനും ആഘാതത്തിനും മരണത്തിനും കുടിയൊഴിപ്പിക്കലിനും പട്ടിണിക്കും വെടിനിർത്തൽ ഒരു പ്രതിവിധിയല്ല. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്ക്കാരെ വിട്ടുകിട്ടാൻ ഹമാസിന്റെകൂടി വിട്ടുവീഴ്ച വേണ്ടിവന്നുവെന്നതും ശ്രദ്ധേയമാണ്. ഹമാസിന്റെ വിലപേശലിനുള്ള രാഷ്്ട്രീയ കാർഡ് ആയിരുന്നു ബന്ദികൾ. നിവൃത്തികേടുകൊണ്ടാണു വെടിനിർത്തൽ കരാറിലേക്കു ഹമാസ് പാഞ്ഞടുത്തത്. ഗാസ മുനന്പിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായി പിൻവലിക്കുക, സ്ഥിരമായ വെടിനിർത്തൽ എന്നീ രണ്ടു പ്രധാന ആവശ്യങ്ങൾ ഉപേക്ഷിച്ചാണു ഹമാസ് കരാറിലെത്തിയത്.
ദുഷ്കരമീ സമാധാനം
2023 നവംബറിൽ അംഗീകരിച്ച ഏഴ് + രണ്ടു ദിവസത്തെ ഉടന്പടി ഉൾപ്പെടെ, കഴിഞ്ഞവർഷം നിർദേശിച്ച മറ്റു നിരവധി വെടിനിർത്തലുമായി ഘടനയിലും ഉള്ളടക്കത്തിലും പുതിയ വെടിനിർത്തൽ കരാറിനു സാമ്യമുണ്ട്. പഴയ ഉടന്പടിയിൽ നിന്നു വ്യത്യസ്തമായി, ആറാഴ്ച (42 ദിവസം) നീളുന്ന മൂന്നു വ്യത്യസ്ത ഘട്ടങ്ങളുള്ള പുതിയ സമാധാന ഉടന്പടി കൂടുതൽ കാലം നിലനിൽക്കും. കഴിഞ്ഞ മേയിൽ താൻ നിർദേശിച്ച കരാറിന്റെ കൃത്യമായ ചട്ടക്കൂടാണു പുതിയ കരാറിനുള്ളതെന്ന് അമേരിക്കയുടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ പറയുന്നു.
ആദ്യഘട്ടത്തിൽ, ഇസ്രയേലിന്റെയും ഹമാസിന്റെയും സൈനിക പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കും. ഗാസയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ സേന പിന്മാറും. ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറുന്നില്ലെന്നതാണു പ്രധാനം. ഗാസയ്ക്കും ഇസ്രയേലിനും ഇടയിലുള്ള അതിർത്തിയിലേക്ക് കിഴക്കോട്ടു പിൻവാങ്ങിയാലും അവരുടെ സൈന്യം ബഫർ സോണിൽ തുടരും. ഫിലാഡൽഫി ഇടനാഴിയിലും നെറ്റ്സാരിം അച്ചുതണ്ടിലും അവർ കൂടുതൽ കാലം തുടരാനാണു സാധ്യത.
പലസ്തീനിലെ 40 കിലോമീറ്റർ നീളത്തിലും അഞ്ചു മുതൽ 13 കിലോമീറ്റർ വിസ്തീർണത്തിലുമിടയിലുള്ള പ്രദേശത്ത് ഇസ്രയേൽ സൈനികസാന്നിധ്യം തുടരുമെന്നാണു സൂചന. വീടുകളും കൃഷിയിടങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ ജീവിതത്തിന് ആ പ്രദേശം ഉപയോഗിക്കാൻ കഴിയില്ല. ജനസാന്ദ്രതയുള്ള ഗാസ മുനന്പിലെ ജീവിതം കൂടുതൽ ദുഷ്കരമാകും.
മൂന്നു ഘട്ടങ്ങളുള്ള കരാർ
ഇസ്രയേൽ-ഹമാസ് സമാധാന കരാറിന് മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തിൽ, ഇസ്രയേലുകാരായ 33 ബന്ദികളെ മോചിപ്പിക്കും. പകരമായി ആയിരത്തിലേറെ പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. ബന്ദികളെ മോചിപ്പിക്കുന്പോൾ അടക്കം ഗാസ മുനന്പിൽ സൈനിക, നിരീക്ഷണ ആവശ്യങ്ങൾക്കായുള്ള വ്യോമപ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവയ്ക്കും.അറുപതോളം ഇസ്രേലി ബന്ദികൾ ജീവനോടെ അവശേഷിക്കുന്നുണ്ടെന്നാണു കരുതുന്നത്. കരാറിനു തൊട്ടുമുന്പും നിരവധി പലസ്തീനികളെ ഇസ്രയേൽ സേന അറസ്റ്റ് ചെയ്തതായി ഹമാസ് പറയുന്നു. കരാറിന്റെ സന്പൂർണ വിശദാംശങ്ങൾ പുറംലോകം ഇനിയും അറിഞ്ഞിട്ടില്ല.
കരാർ നിലവിൽ വന്നു പതിനാറാം ദിവസം അടുത്ത ഘട്ടം സംബന്ധിച്ച് ഇരുപക്ഷവും പരോക്ഷമായ ചർച്ചകള് ആരംഭിക്കും. കൂടുതൽ ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുന്നതും വെടിനിർത്തൽ തുടരുന്നതും ഉൾപ്പെടുന്നതാണ് ഈ പുതിയ ഘട്ടം. രണ്ടാം ഘട്ടത്തിൽ ധാരണയിലെത്തിയില്ലെങ്കിൽ ആദ്യഘട്ടത്തിനപ്പുറം വെടിനിർത്തൽ തുടരുമെന്ന രേഖാമൂലമുള്ള ഉറപ്പുകളൊന്നും നിലവിലില്ല. പ്രാരംഭഘട്ടത്തിനു ശേഷവും ഹമാസിനെ നശിപ്പിക്കാനുള്ള യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തേ വ്യക്തമാക്കിയിരുന്നു.
പാടില്ല തീവ്രവാദവും ഭീകരതയും
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിച്ചിട്ടില്ല. വെടിനിർത്തൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാകുമെന്നു മാത്രം. യുദ്ധം കുറച്ചുകാലത്തേക്കെങ്കിലും തടയാനായെങ്കിൽ അത് ആശ്വാസകരവും സ്വാഗതാർഹവുമാണ്. യുദ്ധവും ഭീകരാക്രമണങ്ങളും ഒരിക്കലും പ്രശ്നപരിഹാരമല്ല; പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേയുള്ളൂ. തീവ്രവാദവും ഭീകരതയും തുടച്ചുനീക്കിയാലേ ഭാവിതലമുറയ്ക്ക് അക്രമണങ്ങളിൽനിന്നും യുദ്ധങ്ങളിൽനിന്നും മോചനമുള്ളൂ.
പശ്ചിമേഷ്യയിലെ സംഘർഷത്തിൽനിന്നു പാഠം പഠിച്ചു തിരുത്താൻ മതതീവ്രവാദികളും ഭീകരരും അടക്കം എല്ലാവിഭാഗങ്ങളും രാജ്യങ്ങളും തയാറാകുമെന്നു പ്രത്യാശിക്കാം.