പൊന്നു വിളയേണ്ട മണ്ണ് തരിശായി
ദിശ മാറുന്ന കേരളം -3/ റെജി ജോസഫ്
Saturday, January 18, 2025 1:15 AM IST
മലയാളികള്‍ മറുകര പറ്റുമ്പോള്‍ കേരളത്തിലെ കൃഷിയിടങ്ങള്‍ കാടുകയറുകയാണ്. തോട്ടങ്ങളും പാടങ്ങളും ഉള്‍പ്പെടെ സംസ്ഥാനത്ത് 1,09,000 ഹെക്ടര്‍ തരിശുഭൂമിയുണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. വെറുതെ കിടന്ന പട്ടയഭൂമിയില്‍ കൃഷിയിറക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടും നേട്ടമില്ല. കൃഷിക്കുള്ള ചെലവ് വരുമാനത്തെക്കാള്‍ കൂടിയതാണ് അടിസ്ഥാന കാരണം. പിന്നൊന്ന് തൊഴിലാളിക്ഷാമം. പുതുതലമുറയ്ക്ക് കൃഷിതാത്പര്യം കുറഞ്ഞതാണ് മൂന്നാമത്തേത്.
കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് കൃഷിയിട വിസ്തീര്‍ണം 15 വര്‍ഷത്തിനിടെ 1.06 ലക്ഷം ഹെക്ടറാണ് (2.63 ലക്ഷം ഏക്കര്‍) കുറഞ്ഞത്. 2005-2006ല്‍ 21.32 ലക്ഷം ഹെക്ടറില്‍നിന്ന് കൃഷി 20.26 ലക്ഷം ഹെക്ടറിലേക്കു ചുരുങ്ങി. ഒന്നിലധികം തവണ കൃഷിചെയ്യുന്ന സ്ഥലങ്ങളുടെ കുറവുകൂടി കണക്കാക്കിയാല്‍ കൃഷിഭൂമിയിലെ കുറവ് 13. 37 ശതമാനം.
കേരളത്തിലെ കാര്ഷികോത്പാദനത്തോത് താഴോട്ടാണ്. കറിവേപ്പില മുതല്‍ കാന്താരിമുളകുവരെ കമ്പോളത്തില്‍നിന്നു വാങ്ങുകയാണ്. തിന്നാനും കുടിക്കാനും വേണ്ടതേറെയും ഇതര സംസ്ഥാനങ്ങളില്‍നിന്നാണ്.
നെല്ല്, പച്ചക്കറി കൃഷി വിസ്തൃതിക്കു പുറമേ തോട്ടവിള, ഫലവര്‍ഗ, ഔഷധസസ്യ കൃഷി വിസ്തൃതിയും കുറയുന്നതായി സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തോട്ടവിള വിസ്തൃതി 2020-21ല്‍ 6,87,014.15 ഹെക്ടറായിരുന്നത് 2021-22ല്‍ 6,85,309 ഹെക്ടറായി കുറഞ്ഞു. അതായത്, 0.25 ശതമാനത്തിന്റെ കുറവ്. ഫലവര്ഗകൃഷിയില് പൈനാപ്പിള്‍ ഒഴികെ വിസ്തൃതി ഗണ്യമായി കുറഞ്ഞു. പൈനാപ്പിള്‍ കൃഷി ഒരു വര്‍ഷത്തിനിടെ ആറു ശതമാനം വര്‍ധിച്ചു.
കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. പ്ലാവ് കൃഷിയില്‍ രണ്ടു വര്‍ഷത്തിനിടെ 4,334 ഹെക്ടറിന്റെ കുറവുണ്ടായി. ഫലവര്ഗകൃഷിയില് ആകെ വിസ്തൃതിയുടെ 29.02 ശതമാനവും പ്ലാവാണ്. ചക്കയെ പ്രത്യേക ബ്രാന്‍ഡ് ആക്കി വാണിജ്യപരമായി ഉപയോഗപ്പെടുത്തി 30,000 കോടി രൂപ വരുമാനം ഉണ്ടാക്കുമെന്നായിരുന്നു കൃഷിവകുപ്പിന്റെ പ്രഖ്യാപനം.
70 ശതമാനം ചക്കയും മൂത്തു പഴുത്തു വീണു ചീയുന്നതല്ലാതെ ഒന്നും സംഭവിച്ചില്ല. നെല്‍കൃഷിയുടെ വിസ്തൃതി കുറഞ്ഞതു മാത്രമല്ല, ഉത്പാദനക്ഷമതയും വലിയ തോതില്‍ ഇടിഞ്ഞു. 2005 മുതല്‍ 2020 വരെ നെല്‍പ്പാടം 2,75,742-ല്‍നിന്ന് 1,91,051 ഹെക്ടറായി. അതായത്, ഒന്നര പതിറ്റാണ്ടിനുള്ളില്‍ 84,691 ഹെക്ടര്‍ നെല്‍കൃഷി ഇല്ലാതായി. വിളവ് 6,29,987 ടണ്ണില്‍നിന്ന് 5,87,078 ടണ്ണായി ഇടിഞ്ഞു. ആകെ ഉത്പാദന കുറവ് 6.81 ശതമാനം.
സിമന്റിലും സ്വര്‍ണത്തിലും നിക്ഷേപം
മലയാളിയുടെ ജീവിതം കൂടുതല്‍ ആര്‍ഭാടമായി മാറുന്നു. കേരളത്തിലെ 60 ശതമാനം വീടുകളിലും ഓരോ വാഹനമുണ്ട്. 30 ശതമാനം വീടുകളില്‍ ഒന്നിലേറെ വാഹനങ്ങള്‍. മദ്യത്തിനും സ്വര്‍ണത്തിനും ഏറ്റവും പണം ചെലവഴിക്കുന്നതും കേരളമാണ്.
കേരളത്തിലെ സ്വര്‍ണ ഉപഭോഗം ദേശീയ ശരാശരിയുടെ 22 ഇരട്ടിയാണ്. രാജ്യത്തെ മൊത്തം സ്വകാര്യ സ്വര്‍ണശേഖരത്തിന്റെ ഇരുപതു ശതമാനം കേരളത്തിലാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. മലയാളി കുടുംബങ്ങളില്‍ 20 ലക്ഷം കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയിലധികമാണ് സംസ്ഥാനത്തെ ജ്വല്ലറികളിലെ വില്പന. ആറായിരത്തിലധികം ജ്വല്ലറികളിലായി 60,000 കിലോ സ്വര്‍ണം ഒരു വര്‍ഷം വില്‍ക്കുന്നു.
ആഘോഷധൂര്ത്തിലും മലയാളി ഒന്നാമതുതന്നെ. ഇന്ത്യയില്‍ വിവാഹം ഉള്‍പ്പെടെ സദ്യകള്‍ക്ക് ഏറ്റവും ചെലവിടുന്നതും മലയാളികളാണ്. അതിഥിക്ക് ഒരു പ്ലേറ്റില്‍ ആയിരം രൂപയുടെ ഭക്ഷണം എന്ന നിലയിലേക്കു സദ്യകള്‍ മാറി. വിവിധ തലങ്ങളില്‍ ആഘോഷങ്ങളുടെ എണ്ണവും ആളുകളുടെ എണ്ണവും വര്‍ധിച്ചു. രണ്ടാം ലോകമഹായുദ്ധ ക്ഷാമകാലത്ത് വിവാഹത്തിനു ക്ഷണിക്കുമ്പോള്‍ സദ്യക്ക് ഒരു നാഴി അരികൂടി കൊണ്ടുവരാന്‍ മറക്കരുതെന്ന് പറയുകയും കാര്‍ഡില്‍ അറിയിപ്പായി എഴുതിവയ്ക്കുകയും ചെയ്തിരുന്ന ചരിത്രമുണ്ട്. കേവലം എണ്പതാണ്ട്് പിന്നിടുമ്പോള്‍ ഇങ്ങനെയൊക്കെയായി മാറ്റങ്ങള്‍.
സദ്യക്കെന്നപോലെ രോഗനിര്‍ണയത്തിനും മരുന്നിനും രാജ്യത്ത് ഏറ്റവും പണം ചെലവിടുന്നതും കേരളത്തിലാണ്. ഏറ്റവുമധികം ജീവിതശൈലീ രോഗങ്ങളും ഇവിടെത്തന്നെ. വൃക്ക, ഹൃദ്രോഗികളും ഏറ്റവുമധികം ഇവിടെയാണ്. പ്രമേഹരോഗികളുടെ എണ്ണത്തിലും അതിവേഗവര്ധനയുണ്ട്. ഭക്ഷണം ഔഷധമായിരിക്കണമെന്നു പാരമ്പര്യം പറയുന്ന മലയാളിയുടെ തീന്മേശയിലിപ്പോള് ഫാസ്റ്റ് ഫുഡ് മാത്രം. വീട്ടില്‍ പാചകം എന്നത് ഇടവേളകളിലേക്കു ചുരുങ്ങി. ഓണ്‍ലൈനില്‍ സജീവമായി.
നിര്‍മാണത്തിലും ആഘോഷത്തിലും ആര്ഭാടത്തിലുമാണ് മലയാളികളില്‍ ഒരു വിഭാഗത്തിന് കമ്പം. വീട്ടിലെ അംഗങ്ങളുടെ എണ്ണം നോക്കിയല്ല നിർമിതി. ആസ്തി അറിയിക്കാനുള്ള മാര്‍ഗമായി ബംഗ്ലാവുകള്‍ പണിതു കൂട്ടുന്നു. വന്‍കിട വീടുകളുടെ നിര്‍മാണം വരുംഭാവിയില്‍ വ്യക്തിക്കോ സംസ്ഥാനത്തിനോ പ്രയോജനപ്പെടില്ലെന്നും ഉത്പാദനക്ഷമമല്ലാത്ത നിക്ഷേപമാണെന്നും വ്യക്തം. രണ്ടോ മൂന്നോ പേര്‍ക്കു താമസിക്കാന്‍ കൂറ്റന്‍ മാളികയും അതില്‍ നിറയെ സാധനസംവിധാനങ്ങളും. വലിയ വീടുകളുടെ നിര്‍മാണത്തില്‍ മാത്രമല്ല, ഭാവി അറ്റകുറ്റപ്പണികള്‍ക്കും ഭാരിച്ച തുക കണ്ടെത്തണം. ഭാവിയില്‍ ആളില്ലാതെ ഇവ പൂട്ടിയിടുകയോ വിറ്റൊഴിയുകയോ ചെയ്യേണ്ടിവരും. ഗ്രാമീണമേഖലയില്‍ വലിയ വീടുകള്‍ വാങ്ങാന്‍പോലും ആളില്ലാത്ത സാഹചര്യം വന്നുകഴിഞ്ഞു.
വാഹനഭ്രമത്തിലും മലയാളി മുന്നിലാണ്.1000 പേര്‍ക്ക് 466 വാഹനം എന്ന നിലയിലെത്തിയിരിക്കുന്നു. സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. 2013-ല്‍ 80,48,673 വാഹനങ്ങളായിരുന്നു കേരളത്തില്‍. 2022-ല്‍ ഇത് 1,55,65,149 ആയി. വര്‍ധന 93 ശതമാനം.
2013ലെ കണക്ക് അനുസരിച്ച് 13,58,728 കാറുകളാണ് കേരളത്തിലുണ്ടായിരുന്നത്. എന്നാല്‍, 2022 ല്‍ 32,58,312 എന്ന നിലയിലേക്ക് കാറുകളുടെ എണ്ണം ഉയര്‍ന്നു. സ്ത്രീകള്‍ കൂടുതലായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. 2013ല്‍ കേരളത്തില്‍ 50,41,495 ഇരുചക്ര വാഹനങ്ങളുണ്ടായിരുന്നത് 2022 ല്‍ 1,01,51,286 എന്ന നിലയിലേക്കുയര്‍ന്നു.
സര്‍ക്കാരിനും ചെലവേറുന്നു
മദ്യവും ലോട്ടറിയും സര്‍ക്കാരിനു വലിയ വരുമാനമാണ്. എന്നാല്‍ മലയാളിയുടെ കൈയില്‍നിന്ന് പണവും ആസ്തിയും ആയുസും ചോര്‍ത്തുന്നതില്‍ ഇതിന് പങ്കുണ്ട്.സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 19,088.68 കോടിയുടെ മദ്യവില്പനയാണു നടന്നത്. 2022-23ല്‍ ഇത് 18,510.98 കോടിയുടെതായിരുന്നു. മദ്യവില്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി. 2022-23 ല്‍ ഇത് 16,189.55 കോടി രൂപയായിരുന്നു.
2016-22 വരെയുള്ള ആറുവര്‍ഷത്തെ കാലയളവില്‍ 56,236.6 കോടി രൂപയാണ് ലോട്ടറിയിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. സമ്മാനത്തുക കുറച്ചും നികുതി തുക കൂട്ടിച്ചേര്‍ത്തുമുള്ള കണക്കാണിത്. ലോട്ടറി വില്പനയിലൂടെ 47,719.31 കോടി രൂപയും നികുതി ഇനത്തില്‍ 8,517.27 കോടി രൂപയും ലഭിച്ചു. അവകാശികളില്ലാത്ത ടിക്കറ്റുകളിലൂടെ 291 കോടി രൂപയും ഖജനാവിലെത്തി.
വരുമാനം ഇത്രയെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് വേണ്ടിടത്തോളം പണം സര്‍ക്കാരിനില്ല. ആസന്നഭാവിയില്‍ പ്രവാസികളുടെ നിക്ഷേപം കുറയുന്ന സാഹചര്യത്തില്‍ വരുമാനം വീണ്ടും കുറയും. പുതിയ തലമുറയുടെ അതിവേഗ കുടിയേറ്റവും വലിയ ആശങ്കയുളവാക്കുന്നു. ഉത്പാദനം, നിക്ഷേപം, ചെലവഴിക്കല്‍ എന്നിവയിലൂടെയേ സര്‍ക്കാരിന് വരുമാനമുണ്ടാകു.
സര്‍ക്കാര്‍ ചെലവില്‍ 39 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമാണ്. ഇന്ത്യയില്‍തന്നെ ഏറ്റവും കൂടിയ നിരക്ക്. ശമ്പളത്തിനും പെന്‍ഷനുമായി 2024 സാമ്പത്തികവര്‍ഷം നീക്കിവച്ചിരിക്കുന്നത് 68,282 കോടി രൂപ. അതായത്, സര്‍ക്കാര്‍ 100 രൂപ ചെലവാക്കുമ്പോള്‍ 40 രൂപയും ചെലവിടുന്നത് ശമ്പളത്തിനും പെന്‍ഷനുമാണ്. വായ്പകള്‍ക്കുള്ള പലിശയും കൂടി ചേര്‍ക്കുമ്പോള്‍ മൊത്തം തുക 94,258 കോടി രൂപ. അതായത്, മൊത്തം ചെലവിന്റെ 54 ശതമാനം. ഇതുകൊണ്ടുതന്നെ മൂലധന ചെലവ് ഉള്‍പ്പെടെ ഉത്പാദനപരമായ കാര്യങ്ങള്‍ക്ക് അധികം ചെലവിടാനാകുന്നില്ല.
(അവസാനിച്ചു)