അവർ ഒന്നിച്ചു
സെബിൻ ജോസഫ്
Friday, January 17, 2025 1:23 AM IST
രാജ്യത്തിന്റെ പര്യവേഷണ സ്വപ്നങ്ങൾക്ക് ശൂന്യാകാശത്തോളം പ്രതീക്ഷ നൽകി അവസാനം ചേസറും ടാർഗറ്റും കൂടിച്ചേർന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) ഭൂമിയിൽനിന്ന് 470 കിലോമീറ്റർ അകലെ ബഹിരാകാശത്തുവച്ച് രണ്ടു പേടകങ്ങളെ ഡോക്ക് (കൂട്ടിച്ചേർക്കൽ) ചെയ്തു.
ഡിസംബർ 30ന് വിക്ഷേപിച്ച പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റൽ മൊഡ്യൂൾ 4 (പോയെം4) ലെ 220 കിലോഗ്രാം ഭാരമുള്ള സ്പേഡെക്സ് എ (ടാർഗറ്റ്), സ്പേഡെക്സ്ബി (ചേസർ) പേടകങ്ങളെയാണ് സ്പേഡെക്സ് ദൗത്യത്തിൽ കൂട്ടിയോജിപ്പിച്ചത്. ഡോക്കിംഗ് ദൗത്യം വിജയകരമായ വിവരം ഇന്നലെ രാവിലെ 10.04ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇസ്രോ അറിയിച്ചത്. ജനുവരി 12ന് ഡോക്കിംഗ് ട്രയൽ നടത്തിയിരുന്നു. പേടകങ്ങളെ അന്നു മൂന്നു മീറ്റർ അടുത്തെത്തിച്ചശേഷം വീണ്ടും അകലം കൂട്ടി. 15 മീറ്റർ അകലത്തിൽ സഞ്ചരിച്ച പേടകങ്ങളെ മൂന്നു മീറ്റർ അടുത്തെത്തിച്ച ശേഷമാണ് ഇന്നലെ ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കിയത്.
ജനുവരി ഏഴ്, ഒന്പത് തീയതികളിൽ ഡോക്കിംഗ് നടത്താൻ ഇസ്രോ പദ്ധതിയിട്ടിരുന്നെങ്കിലും മുൻനിശ്ചയിച്ച പ്രകാരം പേടകങ്ങളുടെ വേഗം കുറയ്ക്കാൻ സാധിക്കാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചു. കൂട്ടിയോജിക്കപ്പെട്ട പേടകങ്ങളെ വൈകാതെ വേർപെടുത്തുന്ന (അണ്ഡോക്കിംഗ്) പരീക്ഷണവും നടത്തും. ഒരു പേടകത്തിൽനിന്ന് മറ്റു പേടകത്തിലേക്ക് ഡേറ്റ കൈമാറുന്ന പവർട്രാൻസ്ഫർ പരീക്ഷണവും നടത്തും. ഇസ്രോ 2027ൽ നടത്താനിരിക്കുന്ന ചന്ദ്രയാൻ 4 ഉം 2028ൽ ലക്ഷ്യമിടുന്ന ബഹിരാകാശ നിലയ (ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ) പദ്ധതിക്കും കൂടുതൽ വേഗം നൽകുന്ന പരീക്ഷണമാണ് സ്പേഡെക്സ്.
ഹോളിവുഡ് സിനിമയുടെ ബജറ്റിനും താഴെ
യുഎസ്, റഷ്യ, ചൈന രാജ്യങ്ങൾക്കു പിന്നാലെ ശൂന്യഗുരുത്വാകർഷണത്തിൽ (ബഹിരാകാശത്ത്) ഡോക്കിംഗ് സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 370 കോടി രൂപ (ഏകദേശം 480 ലക്ഷം ഡോളർ) ആണ് സ്പേഡെക്സ് പരീക്ഷണത്തിന്റെ ചെലവ്. ചൊവ്വാ ദൗത്യത്തിന് 740 ലക്ഷം ഡോളർ, ചന്ദ്രയാൻ 3ന് 750 ലക്ഷം ഡോളർ എന്നിങ്ങനെയായിരുന്നു ചെലവ്. 2013ലെ നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ ചെലവ് 5,720 ലക്ഷം ഡോളറും റഷ്യയുടെ പരാജയപ്പെട്ട ചാന്ദ്രദൗത്യത്തിന്റെ ചെലവ് 1,330 ലക്ഷം ഡോളറുമായിരുന്നു.
ഇസ്രോയുടെ ബഹിരാകാശദൗത്യത്തേക്കാൾ പണം ചെലവഴിച്ചാണ് ചില സ്പേസ് ഹോളിവുഡ് ചിത്രങ്ങൾ നിർമിച്ചത്. ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലാറിന് 1,650 ലക്ഷം ഡോളറും അൽഫോൻസോ കുറോണിന്റെ ഗ്രാവിറ്റിക്ക് 1,000 ലക്ഷം ഡോളറുമായിരുന്നു നിർമാണച്ചെലവ്. ഭൂമിയിൽവച്ച് ട്രയലുകൾ തീർത്തും നടത്താതെ നേരിട്ട് വിക്ഷേപണ ഘട്ടത്തിലേക്ക് ഇസ്രോ കടക്കുന്നതിനാലാണ് ചെലവ് കുറയുന്നത്. തദ്ദേശീയ സാങ്കേതികവിദ്യയിലുള്ള ഇസ്രോയുടെ പൂർണവിശ്വാസമാണ് വിജയത്തിനു പിന്നിൽ.
1963ൽ ആദ്യവിക്ഷേപണത്തിനുള്ള റോക്കറ്റ് സൈക്കിളിൽ കൊണ്ടുപോയ ചരിത്രമുള്ള ഇസ്രോ, ചെലവുകൾ വളരെയധികം ചുരുക്കിയാണ് ഓരോ പരീക്ഷണവും നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ പ്രവചനം, പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് എന്നീ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച ശേഷമാണ് അന്യഗ്രഹങ്ങളിലേക്കുള്ള ദൗത്യം ഇസ്രോ ആരംഭിച്ചത്. എന്തുകൊണ്ട് നമ്മൾ അതിനപ്പുറം പോയില്ലെന്ന് അടുത്ത തലമുറ ചിന്തിക്കും എന്ന മുൻ രാഷ്ട്രപതിയും പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ വീക്ഷണത്തിൽനിന്നാണ് ഇസ്രോ വിവിധ മേഖലകളിൽ പരീക്ഷണം ആരംഭിച്ചത്. ചന്ദ്രനിലേക്ക് പേടകം ഇടിച്ചിറക്കിയ ചന്ദ്രയാൻ1 ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും ചന്ദ്രയാൻ 2ൽ പരാജയപ്പെട്ട സോഫ്റ്റ് ലാൻഡിംഗ് ചന്ദ്രയാൻ3ൽ നേടിയെടുത്തതും മറ്റു രാജ്യങ്ങളുടെ പരീക്ഷണങ്ങളെക്കാൾ വളരെ കുറഞ്ഞ തുകയ്ക്കാണ്.
2014ൽ ചൊവ്വാ ദൗത്യം ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയപ്പോൾ പാശ്ചാത്യമാധ്യമങ്ങൾ ഇന്ത്യയെ പരിഹസിച്ചിരുന്നു. പശുവുമായി എത്തിയ കർഷകൻ സ്യൂട്ട് ധാരികളുടെ സ്പേസ് ക്ലബ്ബിന്റെ വാതിൽ മുട്ടുന്ന കാർട്ടൂണ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചു. സംഭവം വിവാദമായതോടെ മാധ്യമസ്ഥാപനം മാപ്പ് പറഞ്ഞു.
ഡോക്കിംഗും അണ്ഡോക്കിംഗും
ഇന്റർനാഷണൽ ഡോക്കിംഗ് സിസ്റ്റം സ്റ്റാൻഡേർഡ് (ഐഡിഎസ്എസ്) അടിസ്ഥാനമാക്കിയാണ് ഇസ്രോ ഭാരതീയ ഡോക്കിംഗ് സിസ്റ്റം (ബിഡിഎസ്) വികസിപ്പിച്ചിരിക്കുന്നത്. ഭൂമിയിൽനിന്ന് 470 കിലോമീറ്റർ ഉയരത്തിൽ 20 കിലോമീറ്റർ അകലെ ഒരേ ഭ്രമണപഥത്തിലാണ് ടാർഗറ്റ്, ചേസർ ഉപഗ്രഹങ്ങളെ എത്തിച്ചത്.
മണിക്കൂറിൽ 28,800 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകങ്ങൾ തമ്മിലുള്ള അകലം ദിവസങ്ങൾ കൊണ്ടു കുറച്ചാണ് ഡോക്കിംഗ് സാധ്യമാക്കുന്നത്. ഐഡിഎസ്എസ് ഡോക്കിംഗ് സംവിധാനത്തിൽ 24 മോട്ടറുകൾ ഉപയോഗിച്ചാണ് ഡോക്കിംഗ് നടത്തുന്നതെങ്കിൽ ബിഡിഎസിൽ രണ്ടു മോട്ടറുകൾ മാത്രമേ ഉള്ളൂ. ഇരു പേടകങ്ങളിലെയും ലേസർ സെൻസറുകളും കാമറയും ഉപയോഗിച്ച് ഡോക്കിംഗ് പോയിന്റിലേക്ക് മോട്ടറുകൾ പ്രവർത്തിപ്പിച്ച് കൂട്ടിച്ചേർത്തു. പേടകങ്ങൾ തമ്മിൽ 20 മുതൽ 0.5 മീറ്റർ ദൂരം അടുത്തെത്തിയപ്പോഴാണ് ഡോക്കിംഗ് സാധ്യമാക്കുക.
വിക്ഷേപിച്ച് പത്തുദിവസത്തിനുള്ളിൽ പേടകങ്ങളുടെ ദൂരം കുറച്ച് ഡോക്കിംഗ് നടത്താനാണ് ഇസ്രോ ലക്ഷ്യമിട്ടിരുന്നത്. അകലവും വേഗവും കൂടുതലായതിനാൽ ജനുവരി ഏഴ്, ഒന്പത് തീയതികളിലെ ഡോക്കിംഗ് ശ്രമം ഉപേക്ഷിച്ചു. ജനുവരി 12 ന് ഡോക്കിംഗിനു ശ്രമിച്ചെങ്കിലും വേഗക്കൂടുതൽ പ്രശ്നമായി. പിന്നീട് പേടകങ്ങളെ ദൂരത്തേക്ക് മാറ്റി, വീണ്ടും അടുത്തെത്തിച്ചാണ് ഇന്നലെ ഡോക്കിംഗ് പൂർത്തീകരിച്ചത്. 15 മീറ്റർ അകലത്തിൽ സഞ്ചരിച്ചിരുന്ന പേടകങ്ങളെ മൂന്നു മീറ്റർ അടുത്തെത്തിച്ച ശേഷമാണ് ഡോക്കിംഗ് പ്രക്രിയ ആരംഭിച്ചതെന്ന് ഇസ്രോ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. അഡോക്കിംഗും പവർട്രാൻസ്ഫറും വരും ദിവസങ്ങളിൽ നടക്കുമെന്നും ഇസ്രോ വ്യക്തമാക്കി.
കൂട്ടിച്ചേർത്ത ഉപഗ്രഹങ്ങളെ വിഘടിപ്പിക്കുന്ന പ്രക്രിയയാണ് അണ്ഡോക്കിംഗ്. 2028ൽ ലക്ഷ്യമിടുന്ന ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (സ്പേസ് സ്റ്റേഷൻ) നിർമാണത്തിനും മാതൃപേടകത്തിൽനിന്ന് വിഘടിച്ച് ഒരു പേടകം അന്യഗ്രഹത്തിൽനിന്നോ ബഹിരാകാശത്തുനിന്നോ സാന്പിളുകൾ സ്വീകരിക്കുന്നതിന് ഡോക്കിംഗ്, അണ്ഡോക്കിംഗ് സാങ്കേതിക വിദ്യ ആവശ്യമാണ്.
2027ലെ ചന്ദ്രയാൻ 4 ദൗത്യത്തിൽ ചന്ദ്രനിൽനിന്നുള്ള സാന്പിളുകൾ ഭൂമിയിൽ എത്തിക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്. വരും കാലങ്ങളിൽ വിദൂരഗ്രഹ പര്യവേക്ഷണത്തിനായി പേടകങ്ങൾ അയയ്ക്കുന്പോൾ ഇന്ധനം നിറയ്ക്കുന്നതിനും വിവരം കൈമാറുന്നതിനും ഈ സാങ്കേതികവിദ്യ ഉപകരിക്കും.
ഇസ്രോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി), ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്സി), സ്പേസ് അപ്ലിക്കേഷൻ സെന്റർ (എസ്എസി), ഇസ്രോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ്യു), ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് (എൽഇഒഎസ്) എന്നിവയുമായി സഹകരിച്ച് യു.ആർ. റാവു സാറ്റലേറ്റ് സെന്ററാണ് സ്പേഡെക്സ് പരീക്ഷണം നടത്തുന്നത്.