പേര്‍ഷ്യയില്‍ തുടങ്ങിയ ആഗോള കുടിയേറ്റം
റെജി ജോസഫ്
Friday, January 17, 2025 1:18 AM IST
ഐക്യരാഷ്ട്രസഭയില്‍ അംഗത്വമുള്ള ലോകരാജ്യങ്ങള്‍ 193. ഇതില്‍ 183 രാജ്യങ്ങളിലും മലയാളിയുടെ സാന്നിധ്യമുണ്ടെന്നാണ് നോര്‍ക്ക റൂട്ട്സിന്റെ കണക്ക്. കുടിയേറ്റത്തോത് ഓരോ വര്‍ഷവും കൂടിവരുന്നു. 22 ലക്ഷം മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസജീവിതം നയിക്കുന്നതായി കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍, പ്രവാസികളുടെ എണ്ണം 40 ലക്ഷത്തിനു മുകളിലെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ് വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തില്‍ നയപരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും സര്‍വേയ്ക്കു നേതൃത്വം നല്കിയ ഡോ. ഇരുദയ രാജന് വ്യക്തമാക്കി. 2018ല്‍ 1,29,763 വിദ്യാര്‍ഥി കുടിയേറ്റക്കാരാണുണ്ടായിരുന്നത്. 2023ല്‍ 2,50,000 ആയി വര്‍ധിച്ചു. 2018നേക്കാള്‍ 92 ശതമാനം വര്‍ധന. 17 വയസിനു മുന്‍പുതന്നെ നാടു വിടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുള്ളതായി സര്‍വേ വ്യക്തമാക്കുന്നു.
നാടുവിടുന്ന യുവത്വം
കേരളത്തില്‍നിന്നുള്ള മൊത്തം കുടിയേറ്റക്കാരില്‍ 11.3 ശതമാനം വിദ്യാര്‍ഥികളാണ്. ഇതില്‍ത്തന്നെ എറണാകുളമാണ് ഒന്നാം സ്ഥാനത്ത് - 43,990 പേര്. തൊട്ടുപിന്നാലെ തൃശൂരും കോട്ടയവും. യഥാക്രമം 35,783, 35,382. ഏറ്റവും കുറച്ചു വിദ്യാര്‍ഥികള്‍ വിദേശത്തുള്ളത് വയനാട്ടില്‍നിന്നാണ് - 3750. വിദേശപഠനം തെരഞ്ഞെടുക്കുന്നവരില്‍ 54.4 ശതമാനം ആണ്‍കുട്ടികളാണെങ്കിലും സ്ത്രീ-പുരുഷ അനുപാതം അടുത്ത കൊല്ലത്തോടെ തുല്യതയിലെത്തും.
ഏറ്റവും കൂടുതല്‍ കുടിയേറ്റം യുകെയിലേക്ക്. തൊട്ടുപിന്നില്‍ കാനഡയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും. നാലിലൊന്ന് പേര് ഇംഗ്ലണ്ടിലേക്കും അഞ്ചിലൊന്നു പേര് കാനഡയിലേക്കും എന്നാണ് കണക്ക്. കേരളത്തിലെ ആകെ 80 ശതമാനവും പുരുഷന്മാരാണെന്നതും ഇവിടത്തെ പൊതു ഉത്പാദനക്ഷമത കുറയാന്‍ കാരണമാകുന്നു.
സര്‍ക്കാരിന് വരവിനേക്കാള്‍ ചെലവു കൂടുന്ന കാലം എത്തുകയാണ്. ഉത്പാദനക്ഷമതയുള്ള യുവതലമുറ കേരളം വിടുന്നു എന്നതു മാത്രമല്ല, വിദേശ പൗരത്വം നേടിയവരും നാട്ടിലേക്കു മടങ്ങിവരാന്‍ താത്പര്യപ്പെടാത്തവരും നാട്ടില്‍ നിക്ഷേപത്തിനു താത്പര്യം കാണിക്കുന്നില്ല. യൂറോപ്പ്, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ചെന്ന് ജോലിസ്ഥിരത നേടിയവരില്‍ 60 ശതമാനം അവിടെ പൗരത്വം നേടിക്കഴിഞ്ഞു. അവര്‍ മാത്രമല്ല അവരുടെ അനന്തര തലമുറയും മടങ്ങിവരില്ല. ഗള്‍ഫിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലുംനിന്നു മാത്രമാണ് ജോലിക്കാലം കഴിഞ്ഞ് പ്രവാസി മലയാളികളുടെ മടക്കം.
തുടരുന്ന ഗൾഫ് പ്രയാണം
മലയാളികളുടെ ഗള്‍ഫ് അഥവാ പേര്‍ഷ്യന്‍ അതിജീവന പ്രയാണം അര നൂറ്റാണ്ട് പിന്നിടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ മലയാളി കുടിയേറ്റക്കാരുള്ളത് യുഎഇയിലാണ് - 38.6 ശതമാനം. രണ്ടാമത് 16.9 ശതമാനവുമായി സൗദി അറേബ്യ. ഏറ്റവും കൂടുതല്‍ ഗള്‍ഫ് മലയാളികളുള്ള താലൂക്ക് മലപ്പുറത്തെ തിരൂരാണ് - 1,09,133പേര്. തൊട്ടുപിന്നില്‍ തലശേരിയും (93,326) തിരൂരങ്ങാടിയും (80,379). ഏറ്റവുമധികം പ്രവാസികളുള്ള പത്തു താലൂക്കുകളില്‍ എട്ടും വടക്കന്‍ കേരളത്തിലാണ്. ഏറ്റവും കുറച്ച് ആള്ക്കാര് വിദേശത്തുള്ള താലൂക്ക് ദേവികുളമാണ് - 860. രണ്ടാം സ്ഥാനത്ത് വൈത്തിരി - 7087.
ഭായിമാരുടെ ഗള്‍ഫ്
35 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. അതായത്, കേരളത്തിലെ ആകെ ജനസംഖ്യയുടെ 12 ശതമാനം. നിലവില്‍ സംസ്ഥാനത്തിന്റെ തൊഴില്‍മേഖലയുടെ 26.7 ശതമാനം വരുമിത്. ഓരോ വര്‍ഷവും ഒന്നര ലക്ഷം വീതം ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് വണ്ടികയറുന്നു.
കൃഷിക്കും മറ്റുമായി ഒന്നോ രണ്ടോ മാസം മാത്രമാണ് അവർ നാട്ടിലേക്ക് മടങ്ങിപ്പോകുന്നത്. വര്‍ഷത്തില്‍ മുന്നൂറു ദിവസം വരെ കേരളത്തില്‍ ജോലി ചെയ്ത് വരുമാനമുണ്ടാക്കുന്നരാണ് ഈ വിഭാഗം. പതിറ്റാണ്ടു മുന്‍പ് 500 രൂപയായിരുന്നു ഇവരുടെ ദിവസക്കൂലി. നിലവില്‍ ആയിരം രൂപയ്ക്കു മുകളിലെത്തി ഇവരില്‍ ഒരു വിഭാഗത്തിന് ദിവസവേതനം. മാസം ഇരുപതിനായിരം രൂപ സ്വന്തം നാട്ടിലേക്ക് അയ്ക്കുന്നവരാണ് ഭായില്മാരില് 60 ശതമാനവുമെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ കണക്ക്. മലയാളിക്ക് വീടും കെട്ടിടവും ഉണ്ടാക്കിത്തരുന്ന ഭായിമാരില്‍ ഏറെപ്പേര്‍ക്കും സ്വന്തം നാട്ടില്‍ ചെറിയ വീടേയുള്ളൂ. ഇവിടെ ലഭിക്കുന്ന കൂലി അപ്പാടെ സ്വന്തം നാട്ടില്‍ ഇവര്‍ കൃഷിയിടത്തില്‍ മുടക്കുന്നു.
ഇതരസംസ്ഥാന തൊഴിലാളികളില്‍ 60 ശതമാനവും ജോലി ചെയ്യുന്നത് നിര്‍മാണമേഖലയിലാണ്. സമീപഭാവിയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2030ഓടെ ഇവരുടെ എണ്ണം 50 ലക്ഷമായി ഉയരും. ബംഗാളി, ആസാമി കോളനികള്‍ കേരളത്തില്‍ സാധാരണമാകും.
20 ലക്ഷം ബംഗാളികളെങ്കിലും ഒരു പതിറ്റാണ്ടിനുള്ളില്‍ കേരളത്തിലുണ്ടാകും. അതായത്, കേരളത്തിലെ ഒരു ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ പേര്. കേരളത്തില്‍ കുടുംബമായി കഴിയുന്ന ഇതര സംസ്ഥാനക്കാര്‍ 10.3 ലക്ഷത്തോളം വരുമെന്നാണു കണക്ക്. ഇത് 2025ല്‍ 13.2 ലക്ഷമായും, 2030ല്‍ 15.2 ലക്ഷമായും വര്‍ധിക്കും.
ഇതരസംസ്ഥാന തൊഴിലാളികളില്‍ 17.5 ലക്ഷം പേര് പണിയെടുക്കുന്നത് നിര്‍മാണമേഖലയിലാണ്. ഉത്പാദനമേഖലയില്‍ 6.3 ലക്ഷം പേര്. കാര്‍ഷിക അനുബന്ധ മേഖലയില്‍ മൂന്നു ലക്ഷം പേരും ഹോട്ടല്‍ ഭക്ഷണശാല മേഖലയില്‍ 1.7 ലക്ഷം പേരും പണിയെടുക്കുന്നു. ബാക്കിയുള്ളവര്‍ അസംഘടിത മേഖലയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇവര്‍ ചുരുങ്ങിയത് ആയിരം കോടി രൂപ കേരളത്തില്‍നിന്നു പ്രതിവര്‍ഷം അവരുടെ നാടുകളിലേക്ക് അയയ്ക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ ഇവിടെ കിട്ടുന്ന കൂലിയുടെ 10 ശതമാനം മാത്രമാണ് കേരളത്തില്‍ ചെലവഴിക്കുന്നതെന്നാണ് തൊഴില്‍വകുപ്പിന്റെ കണ്ടെത്തൽ.
കേരളത്തിലെ യാത്രാബസുകളില്‍ ഹിന്ദിയിലും ബംഗാളിയിലും റൂട്ട് ബോര്‍ഡുകള്‍ എഴുതുന്നതും യാത്രക്കാരില്‍ വലിയൊരു ഭാഗം ഇതര സംസ്ഥാനക്കാരായതും സ്വാഭാവികം. കേരളത്തിലെ സിനിമ തിയറ്ററുകളില്‍ ബംഗാളി, ഹിന്ദി, ഒറിയ, ആസാമീസ് സിനിമകള്‍ പതിവായി. ഇവര്‍ക്കു മാത്രമായി എല്ലായിടങ്ങളിലും ഞായറാഴ്ചകളില്‍ ഭായി ബസാറുകളുമുണ്ട്. പെരുമ്പാവൂരില്‍ ഇവരുടെ മാര്‍ക്കറ്റിലെത്തിയാല്‍ ബംഗാള്‍ പ്രതീതി.
ഹമാരി മലയാളം
ഒരു വിഭാഗം മലയാളികള്‍ മലയാളം മറക്കുമ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികൾ മലയാളം പഠിക്കുകയാണ്. സര്‍ക്കാരിന്റെ ചങ്ങാതി പദ്ധതിയില്‍ സാക്ഷരതാ മിഷന് പ്രസിദ്ധീകരിച്ച പാഠപുസ്തകമാണ് ഹമാരി മലയാളം. അരി, പരിപ്പ്, ഗോതമ്പ്, ചായ, കാപ്പി തുടങ്ങിയ നിത്യോപയോഗ വസ്തുക്കളെ മലയാളത്തില്‍ പഠിച്ചെടുക്കാനുള്ള അവസരമാണിത്. പരിശീലനം ലഭിച്ച ഇന്‍സ്ട്രക്ടര്‍മാര്‍ അവധിദിവസങ്ങളിലും വൈകുന്നേരവും ഇവരുടെ ലേബര്‍ ക്യാമ്പുകളിലെത്തി പഠിപ്പിക്കുന്നു. ഇതിനോടകം ആറായിരം പേര് ഇത് പഠിച്ച് പരീക്ഷ പാസായിക്കഴിഞ്ഞു.
ചാവല്‍, റൊട്ടി, ദാല്‍, ദോശ, പുട്ട്, കടല, ഇടിയപ്പം, പൊറോട്ട തുടങ്ങിയ ഭക്ഷണവസ്തുക്കള്‍ മലയാളത്തില്‍ പഠിപ്പിക്കുന്ന സിലബസായതിനാല്‍ ഭായിമാര്‍ക്ക് പുസ്തകം ഇഷ്ടപ്പെട്ടു. ഭക്ഷണം, ആരോഗ്യം, യാത്ര, തൊഴില്സാമഗ്രികള്, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി അവര്‍ ബന്ധപ്പെടുന്ന മേഖലയെ അടിസ്ഥാനമാക്കിയാണ് അധ്യായങ്ങള്‍. നാലുമാസംകൊണ്ട് തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കാന്‍ പദ്ധതിക്ക് സാധിച്ചു. ആഴ്ചയില്‍ അഞ്ചു മണിക്കൂറാണ് ക്ലാസ്.
(തുടരും)