മുന്നിൽനിന്നു നയിച്ചതു ദീപിക; കർഷകദ്രോഹം ഇനിയുണ്ടാകില്ലെന്ന ഉറപ്പുകൂടി വേണം
വാർത്താ വീക്ഷണം /സി.കെ. കുര്യാച്ചൻ
Thursday, January 16, 2025 2:32 AM IST
കർഷകരടക്കമുള്ള മലയോര ജനതയെ കാട്ടുനീതിക്കു വിധേയരാക്കാൻ വനംവകുപ്പ് നടത്തിയ കുത്സിത ശ്രമത്തെ ഒരിക്കൽകൂടി പാതിവഴിയിൽ തടയാനായിരിക്കുന്നു. കേരളകർഷകന്റെ ജിഹ്വയായ ദീപിക മുന്നിൽനിന്നു നയിച്ച പോരാട്ടമാണ് ഇവിടെ ഫലംകാണുന്നത്.
കർഷകർക്കു ദ്രോഹകരമായതൊന്നും തന്റെ സർക്കാർ ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കണമെങ്കിൽ വനംവകുപ്പിന്റെ കർഷകദ്രോഹം ഇനിയുണ്ടാകില്ലെന്ന ഉറപ്പുകൂടി അദ്ദേഹം നൽകണം. കേരളത്തിന്റെ വനവിസ്തൃതി വർധിപ്പിക്കാൻ ഉന്നത വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന കർഷകവിരുദ്ധ നടപടികൾ സംബന്ധിച്ച് കർഷക പ്രതിനിധികൾകൂടി ഉൾപ്പെടുന്ന സ്വതന്ത്ര സമിതിയുടെയോ ജുഡീഷറിയുടെയോ അന്വേഷണം ഉണ്ടാകണം. വനം വകുപ്പിന്റെ നിയന്ത്രണം ചുമതലക്കാരനായ മന്ത്രി നിർവഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പാക്കുകയും വേണം.
ജനരോഷത്തെത്തുടർന്ന് 2019ൽ പിൻവലിക്കേണ്ടിവന്ന നിയമഭേദഗതിയാണ് കൂടുതൽ കർഷകവിരുദ്ധമാക്കി 2024 നവംബർ ഒന്നിന് കേരളപ്പിറവി സമ്മാനമായി വനംവകുപ്പ് കേരളകർഷകനു നൽകിയത്. നിയമഭേദഗതിയുടെ കരട് മന്ത്രിസഭ അംഗീകരിച്ച് അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച വിവരം പുറത്തു വന്നതുമുതൽ ഈ ഭേദഗതി നിയമമായാൽ ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ദീപിക നിരന്തരമായി എഴുതിക്കൊണ്ടിരുന്നു. ഈ നിയമത്തെ തലനാരിഴകീറി പരിശോധിച്ച് അതിലെ ജനവിരുദ്ധതയുടെ ആഴം കേരളസമൂഹത്തെ ബോധ്യപ്പെടുത്താൻ ദീപിക നടത്തിയ പോരാട്ടങ്ങളിൽ അനേകം വാർത്തകളും നിരവധി ലേഖനങ്ങളും മൂർച്ചയേറിയ മുഖപ്രസംഗങ്ങളും ഉൾപ്പെടുന്നു. ഈ വിഷയം വിടാതെ പിന്തുടർന്ന ദീപികയ്ക്കു പിന്നാലെ മറ്റു മാധ്യമങ്ങളും അണിചേർന്നു.
മലയോരജനതയ്ക്കുമേൽ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വന്യജീവികൾ ഏകപക്ഷീയമായി നടത്തുന്ന ആക്രമണങ്ങളുടെ ഭീകരത വെളിവാക്കുന്നതായിരുന്നു 2024 ഫെബ്രുവരി 22ലെ ദീപികയുടെ ‘ഇവർ രക്തസാക്ഷികൾ’ എന്ന ഒന്നാം പേജ്. വന്യമൃഗ ആക്രമണങ്ങളിൽ രക്തസാക്ഷികളായവരുടെ ചിത്രങ്ങൾ കേരളത്തിന്റെ കണ്ണീരായി മാറുകയായിരുന്നു. കേരളം നേരിടുന്ന അതിദാരുണമായ പ്രതിസന്ധി രാജ്യത്തെയാകമാനം ബോധ്യപ്പെടുത്താൻ അതുവഴി കഴിഞ്ഞു.
അതോടെ മലയോര കർഷകരെ വനം കൈയേറ്റക്കാരായും വന്യജീവി വേട്ടക്കാരായും ചിത്രീകരിച്ചിരുന്ന കപട പരിസ്ഥിതിവാദികൾക്കും ഒരുപറ്റം വനം ഉദ്യോഗസ്ഥർക്കും അവർക്ക് ഒത്താശചെയ്യുന്ന ചില മാധ്യമങ്ങൾക്കും പത്തിമടക്കേണ്ടിവന്നു. ഇതിന്റെ തുടർപോരാട്ടമായാണ് വനനിയമ ഭേദഗതി മാറിയത്. ഡിസംബർ 16ന് ‘വരുന്നൂ വഖഫിനൊത്തൊരു കാട്ടുനിയമം’, ഡിസംബർ 19ന് ‘നിയമസഭയിൽ തൂക്കണം, എൽദോസിന്റെ നക്ഷത്രം’ എന്നീ മുഖപ്രസംഗങ്ങളും മറ്റു ലേഖനങ്ങളും ഈ നിയമഭേദഗതിയുടെ ആപത്തുകൾ തുറന്നുകാട്ടുന്നതായിരുന്നു.
സീറോമലബാർ സഭ മെത്രാൻ സിനഡും കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസും കത്തോലിക്കാ കോൺഗ്രസും ഇൻഫാം അടക്കമുള്ള നിരവധി കർഷക സംഘടനകളും മാത്രമല്ല സർക്കാരിനു നേതൃത്വം നൽകുന്ന എൽഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസ് എമ്മും നിയമഭേദഗതി പിൻവലിക്കണമെന്ന് ഉറച്ച നിലപാടെടുത്തു.
കോൺഗ്രസും കേരള കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെല്ലാം നിയമഭേദഗതിക്കെതിരേ ശക്തമായി രംഗത്തുവന്നു. ഇത്രമാത്രം പൊതുജനവികാരം ഉയർന്നതോടെയാണ് ന്യായീകരണവുമായി രംഗത്തുനിന്ന വനംമന്ത്രിയെയും ഉദ്യോഗസ്ഥരെയും തള്ളാൻ മുഖ്യമന്ത്രി തയാറായത്. കൂടാതെ സമീപനാളുകളിൽ കാട്ടാന അടക്കമുള്ള വന്യജീവി ആക്രമണങ്ങൾ രൂക്ഷമായതും മരണങ്ങളുണ്ടായതും വനംവകുപ്പിന്റെ തന്ത്രങ്ങളെല്ലാം പൊളിയാൻ കാരണമായി. ഉപതെരഞ്ഞെടുപ്പിലേക്കു പോകുന്ന നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ആദിവാസികൾ കൊല്ലപ്പെട്ടതും വനംവകുപ്പിന്റെ വാദങ്ങൾ ദുർബലമാക്കി എന്നുവേണം കരുതാൻ.
സംസ്ഥാനത്ത് വനാതിർത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ 1.3 കോടി ജനങ്ങളെ ആശങ്കയുടെ മുൾമുനയിലാക്കുന്നതാണ് സർക്കാർ കൊണ്ടുവന്ന വനനിയമ ഭേദഗതി. വനം ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകാൻ ലക്ഷ്യമിട്ടുള്ള ഭേദഗതിയെ ന്യായീകരിച്ച വനംമന്ത്രി ഈ ഉദ്യോഗസ്ഥ ലോബിക്കു മുന്നിൽ തലകുനിക്കുന്ന നിരവധി സംഭവങ്ങൾ കേരളം കണ്ടതാണ്. കേന്ദ്രനിയമത്തിന്റെ മേൽക്കോയ്മ പറഞ്ഞ് സംസ്ഥാന സർക്കാരിനെ കാൽക്കീഴിലാക്കുന്ന വനം ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ ഇനിയെങ്കിലും കഴിയേണ്ടതുണ്ട്. അവർ ഗൂഢലക്ഷ്യത്തോടെ കൊണ്ടുവരുന്ന നിയമങ്ങളും ചട്ടങ്ങളും സൂക്ഷ്മമായി പരിശോധിക്കാൻ മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികളും കർഷക സംഘടനകളും മതനേതാക്കളും മാധ്യമങ്ങളും ജാഗ്രതകാട്ടണമെന്നും ഈ നിയമഭേദഗതി വ്യക്തമാക്കുന്നു.
50 വർഷം പിന്നിട്ട വനം-വന്യജീവി നിയമം കാലാനുസൃതമായി പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി തയാറാകുകയാണ് വേണ്ടത്. കേന്ദ്ര നിയമത്തിലെ ജനവിരുദ്ധത ഇന്നലെ മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. കേരളത്തെപോലെ ജനസാന്ദ്രതയേറിയതും വനാവരണമുള്ളതുമായ ഒരു ഭൂപ്രദേശത്തിന് താങ്ങാവുന്നതല്ല നിലവിലെ വനം-വന്യജീവി നിയമം എന്ന യാഥാർഥ്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളും പരിസ്ഥിതി പ്രവർത്തകരും അംഗീകരിക്കുകയും വേണം. നിക്ഷിപ്ത താത്പര്യക്കാരായ വനം ഉദ്യോഗസ്ഥർക്ക് അവരുടെ അജൻഡ നടപ്പാക്കാനുള്ള ഇടമായി കേരളത്തെ വിട്ടുകൊടുക്കരുതെന്ന ശക്തമായ താക്കീതാണ് വനംനിയമ ഭേദഗതിക്കെതിരേ ഉയർന്ന ശക്തമായ പ്രതികരണങ്ങൾ.