ഇവിടെ ഇളംപുഞ്ചിരി മായുകയാണ്
ദിശമാറുന്ന കേരളം-1 / റെജി ജോസഫ്
Thursday, January 16, 2025 12:11 AM IST
കേരളത്തിലെ ജനസംഖ്യ മൂന്നര കോടി കടക്കുമ്പോഴും ജനനനിരക്ക് കുറയുന്നതായി ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് റിപ്പോര്‍ട്ട്. 2009ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ജനനം 5.5 ലക്ഷം. 2019ല്‍ 4.8 ലക്ഷം. അതായത് ഒരു പതിറ്റാണ്ടിനുള്ളില്‍ 70,000 കുട്ടികളുടെ കുറവ്.
പത്തു വര്‍ഷം മുമ്പ് ആയിരം പേര്‍ക്ക് 16 കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 12 ആയി താഴ്ന്നു. സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 1.56ല്‍നിന്ന് 1.46 ലേക്കു കുറഞ്ഞിരിക്കുന്നു.
കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതത്തിലും വലിയ വ്യതിയാനം സംഭവിച്ചിരിക്കുന്നു. 1,084 സ്ത്രീകള്‍ക്ക് ആയിരം പുരുഷന്മാര് എന്നതാണ് നിലവിലെ തോത്. അതായത് സംസ്ഥാനത്ത് 1.86 കോടി സ്ത്രീകളും 1.72 കോടി പുരുഷന്മാരുമാണുള്ളത്. പുതിയ തലമുറയുടെ 80 ശതമാനം കുടുംബങ്ങളിലും മക്കളുടെ എണ്ണം ഒന്നോ രണ്ടോ ആയി കുറഞ്ഞിരിക്കുന്നു. എല്ലാ മേഖലകളിലും കേരളത്തിന്റെ പൊതു ഉത്പാദനക്ഷമതയെ ആസന്നഭാവിയില്‍ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് തീര്‍ച്ച. കാര്‍ഷിക മേഖലയിലായിരിക്കും പ്രത്യാഘാതം എറ്റവുമുണ്ടാവുക. ഭക്ഷ്യ സ്വയംപര്യാപ്തത ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.
കേരളത്തില്‍ ജനനനിരക്ക് ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലാണ്. എറണാകുളം തൊട്ടുപിന്നിലുണ്ട്. നിലവില്‍ ആലപ്പുഴയിലെ 1,000 പേരില്‍ എട്ട് മാത്രമാണ് നവജാത ശിശുക്കള്‍. എറണാകുളത്ത് 8.45. സംസ്ഥാന ശരാശരി 11.94 മാത്രം. മധ്യ, തെക്കന്‍ മേഖലകളിലെ ഒന്‍പത് ജില്ലകളില്‍ സംസ്ഥാന ശരാശരിയെക്കാള്‍ താഴെയാണ് ജനനനിരക്ക്. ദേശീയ ശരാശരിയേക്കാള്‍ അതിവേഗത്തിലാണ് കേരളത്തില്‍ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ കുറവു സംഭവിക്കുന്നത്.
നാലുവയസില്‍ താഴെയുള്ളവരുടെ നിരക്കിലും വലിയ കുറവാണുണ്ടായിരിക്കുന്നത്. 4.2 ശതമാനം കുറവാണ് ഓരോ വര്‍ഷവും കുഞ്ഞുങ്ങളുടെ എണ്ണത്തിലുണ്ടാകുന്നത്. 25 വയസു മുതല്‍ 44 വയസു വരെയുള്ളവരുടെ എണ്ണത്തിലുണ്ടായ കുറവ് വിദേശത്തേക്കുള്ള പ്രവാസത്തിന്റെ ഭാഗമായുണ്ടായതാണെന്ന് കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഇക്കാലത്തു കേരളത്തില്‍ ജോലി തേടിയെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ നിരക്ക് കൂടിയതാണ് ജനസംഖ്യാ വളര്‍ച്ചാ നിരക്ക് നെഗറ്റീവ് പത്ത് ശതമാനത്തിലേക്കു പോകാതിരിക്കാന്‍ കാരണം.
കേരളത്തിലെ പ്രത്യുത്പാദന നിരക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ തന്നെ രണ്ടിനു താഴേക്ക് എത്തിയിരുന്നു. അതേസമയം ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതിനാല്‍ ജനസംഖ്യയിലെ കുറവ് ഇനിയും പ്രകടമായി തോന്നുന്നില്ലെന്നു മാത്രം. ഇപ്പോഴത്തെ സൂചന അനുസരിച്ച് 2035 മുതല്‍ കേരളത്തില്‍ ജനസംഖ്യ താഴേക്കു വന്നുതുടങ്ങും. വിദേശ കുടിയേറ്റത്തിന്റെ നിരക്ക് കൂടിയാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ കുറയാനുള്ള സാധ്യതയുമുണ്ട്.
കേരളം വൃദ്ധസദനം
കുട്ടികളുടെ എണ്ണം കുറയുന്നതിനേക്കാള്‍ ഉയര്‍ന്നതോതില്‍ ഇവിടെ വയോധികരുടെ എണ്ണം കൂടുകയാണ്. ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 70 വയസാണെന്നിരിക്കേ കേരളത്തില്‍ പുരുഷന്മാര്ക്ക് 75.2, സ്ത്രീകള്‍ക്ക് 77.9 എന്നതാണ് ആയുസ്. വയോധികരുടെ ചികിത്സയ്ക്കും ക്ഷേമത്തിനും പ്രത്യേക ഫണ്ടും പദ്ധതിയും വേണ്ട സാഹചര്യമാണ്. ഖജനാവില്‍നിന്ന് പെന്ഷന് ചെലവ് ഇനിയും വര്‍ധിക്കും. 2011ലെ സെന്‍സസ് പ്രകാരം 11.7 ശതമാനമായിരുന്നു കേരളത്തില്‍ 60 കഴിഞ്ഞവര്‍. 2023ല്‍ ഇത് 21.7 ശതമാനമായി. ഇതേസമയം 24 വയസ് മുതല്‍ 44 വയസ് വരെയുള്ളവരുടെ എണ്ണം സംസ്ഥാനത്ത് കുറയുകയും ചെയ്തു. നെഗറ്റീവ് 3.2 ശതമാനമാണ് ഈ പ്രായത്തിലുള്ളവരുടെ വളര്‍ച്ചാനിരക്ക്. അതായത് ഓരോവര്‍ഷവും 3.2 ശതമാനം യുവാക്കള്‍ സംസ്ഥാനത്ത് കുറഞ്ഞുവരുന്നു.
ജനനനിരക്കിലെയും പ്രത്യുത്പാദന നിരക്കിലെയും കുറവ് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. മനുഷ്യ അധ്വാന വിഭവശേഷിയില്‍ കുറവു സംഭവിക്കുമ്പോള്‍ സ്വാഭാവികമായും ഇതരസംസ്ഥാനങ്ങളെയും തൊഴിലാളികളെയും ആശ്രയിക്കേണ്ടിവരും.
വയോജനങ്ങളുടെ എണ്ണം മാത്രമല്ല വൃദ്ധസദനങ്ങളുടെ എണ്ണവും ഉയരുകയാണ്. സംസ്ഥാനത്ത് അംഗീകൃത വൃദ്ധസദനങ്ങള്‍-745. മൂന്നു വര്‍ഷത്തിനിടെ പുതുയായി തുറന്നത് 98 വൃദ്ധസദനങ്ങള്‍. കണക്കില്‍പെടാത്ത സ്ഥാപനങ്ങള്‍ വേറെയും. വാര്‍ധക്യത്തില്‍ തുണയില്ലാതാകുന്നവരുടെ തോത് കൂടുന്നതിനനുസരിച്ച് വൃദ്ധസദനങ്ങളുടെ എണ്ണവും ഉയരുന്നു. 2016-17ല്‍ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 19,149. 20212-23ല്‍ 35,000. കോവിഡിനുശേഷം അഗതികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. സാഹചര്യം ഇതായിട്ടും സര്‍ക്കാര്‍ നേരിട്ടു നടത്തുന്നത് 16 വൃദ്ധസദനങ്ങള്‍ മാത്രം. സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്നത് 82 സ്ഥാപനങ്ങള്‍. ശേഷിക്കുന്നവ ട്രസ്റ്റുകളുടെയും സമുദായങ്ങളുടെയും ചുമതലയിലാണ്. വയോജനഭവനങ്ങളില് ഇടംകിട്ടാതെ നടതള്ളപ്പെട്ട ആയിരക്കണക്കിന് വയോധികര്‍ അനാഥരായി പലയിടങ്ങളില്‍ കഴിയുന്നുണ്ട്. മക്കളുടെ കുടിയേറ്റമാണ് വൃദ്ധസദനങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. ഏറ്റവുമധികം വൃദ്ധസദനങ്ങള്‍ എറണാകുളം ജില്ലയിലും കുറവ് മലപ്പുറത്തുമാണ്.
ആളില്ലാവീടുകള്‍ 11.58 ലക്ഷം
സെന്‍സസ് പ്രകാരം കേരളത്തില്‍ ആകെ വീടുകള്‍ 77.16 ലക്ഷം. ഇതില്‍ 11.58 ലക്ഷം വീടുകളും ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. അണുകുടുംബങ്ങള്‍ മാത്രം താമസിക്കുന്ന വീടുകളുടെ എണ്ണം 52.81 ലക്ഷം. രണ്ടുമുതല്‍ അഞ്ചുവരെ മുറികളുള്ള വീടുകള്‍ 66.19 ലക്ഷം. ഇവയില്‍ 9.43 ലക്ഷം വീടുകളും പൂട്ടിക്കിടക്കുന്നു. ഒറ്റമുറി വീടുകളില്‍ 1.26 ലക്ഷവും രണ്ടുമുറി വീടുകളില്‍ 3.39 ലക്ഷവും മൂന്നുമുറി വീടുകളില്‍ 3.30 ലക്ഷവും നാലുമുറി വീടുകളില്‍ 1.96 ലക്ഷവും ആളില്ലാതെ കിടക്കുന്നു. സംസ്ഥാനത്തെ 16 ലക്ഷം വീടുകളില്‍ ഒന്നോ രണ്ടോ പേര് മാത്രമാണ് താമസക്കാര്‍. ഇതില്‍തന്നെ എട്ടുലക്ഷം വീടുകളിലും 60 വയസു കഴിഞ്ഞ വയോധികര്‍ മാത്രമാണ് കഴിയുന്നത്. വൃദ്ധനോ വൃദ്ധയോ തനിച്ചു പാര്‍ക്കുന്ന വീടുകളും ഏറെയാണ്.
(തുടരും)