കുമാരനാശാൻ എന്ന സ്നേഹഗായകൻ
ആന്റണി ആറിൽചിറ ചമ്പക്കുളം
Thursday, January 16, 2025 12:06 AM IST
ഒരു വർഷം നീണ്ടുനിന്ന മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി ആചരണത്തിന് ഇന്നു തിരശീല വീഴുന്നു. വിവിധതലങ്ങളിൽ നടത്തിയ ആശാൻ അനുസ്മരണങ്ങൾ അതിന്റെ പൂർണതയിലെത്തുകയാണ്. മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാൻ മലയാള കവിതയ്ക്കു നല്കിയ വിലപ്പെട്ട സംഭാവനകൾ ആധുനിക തലമുറയ്ക്കും മറക്കാനാവുന്നതല്ല. ഒരുപക്ഷേ അകാലത്തിലെ വിയോഗം ഉണ്ടായിരുന്നില്ലെങ്കിൽ വിപ്ലവകരമായ പല മാറ്റങ്ങൾക്കും അദ്ദേഹത്തിന്റെ തൂലിക കാരണമാകുമായിരുന്നു. വളരെ കുറഞ്ഞ കാലം മാത്രമാണ് കവിതാരംഗത്ത് പ്രശോഭിച്ചതെങ്കിലും ആധുനിക കവിത്രയങ്ങളിൽ ഒരാൾ എന്ന പേര് അനശ്വര സൃഷ്ടികളിലൂടെ കുമാരനാശാൻ അന്വർഥമാക്കി. 1922ൽ മദ്രാസ് സർവകലാശാലയിൽവച്ച് അന്നത്തെ വെയിൽസ് രാജകുമാരനിൽനിന്ന് മഹാകവിസ്ഥാനവും പട്ടുംവളയും കുമാരനാശാൻ നേടിയത് 49-ാം വയസിലായിരുന്നു. 51 വയസ് പൂർത്തിയാകുംമുൻപ് ആ സ്നേഹഗായകൻ ഈ ലോകത്തോട് വിട പറയുകയും ചെയ്തു.
മഹാദുരന്തം
1924 ജനുവരി 16 രാത്രിയിലാണ് കൊല്ലത്തുനിന്ന് റെഡീമർ എന്ന ബോട്ട് മഹാകവി കുമാരനാശാനെയും മറ്റു നൂറ്റി ഇരുപത്തഞ്ചിലധികം യാത്രക്കാരെയും വഹിച്ച് ആലപ്പുഴയിലേക്കു പുറപ്പെട്ടത്. പതിവിലും കൂടുതൽ യാത്രക്കാരും ചരക്കും ബോട്ടിൽ കയറിയിരുന്നു. കൊല്ലത്തുനിന്ന് ആലുവയിലേക്കു പോകുന്നതിനാണ് മഹാകവി ആലപ്പുഴ വഴി പോകുന്ന ബോട്ടിൽ കയറിയത്. നദിക്ക് അധികം വീതിയില്ലാത്ത, വളവുള്ള പല്ലനയിൽ എത്തിയപ്പോൾ ചാലിനു വശത്തെ മൺതിട്ടയിലിടിച്ച് ബോട്ട് തലകീഴായി മറിഞ്ഞു. ഉറക്കത്തിലായിരുന്ന പലരും എന്താണു സംഭവിക്കുന്നത് എന്നുപോലും അറിയാതെ മരണത്തിന്റെ ആഴങ്ങളിലേക്ക് ഊഴ്ന്നിറങ്ങി. ഉറക്കമായിരുന്ന മലയാളത്തിന്റെ മഹാകവിയും നിത്യതയിലമർന്നു.
ആശാനെ പല്ലനയാറിന്റെ തീരത്തുതന്നെ സംസ്കരിച്ചു. പ്രിയപ്പെട്ട കവിയോടുള്ള ആദരസൂചകമായി പല്ലനയാറിന്റെ തീരത്ത് കുമാരകോടിയിൽ (കുമാരനാശാന്റെ മരണശേഷം ഇവിടം ഇങ്ങനെ അറിയപ്പെടുന്നു) തല ഉയർത്തി നിൽക്കുന്ന സ്മാരകം മലയാള കവിതയിലെ ആശാന്റെ തലയെടുപ്പാണ് വെളിവാക്കുന്നത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ആശാന്റെ പൂർണകായ പ്രതിമയുടെ താഴെ ‘മാറ്റുവിൻ ചട്ടങ്ങളെ ’എന്നുമാത്രം എഴുതിയിരിക്കുന്നു. മലയാള മണ്ണിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലനിന്നിരുന്ന പ്രാകൃതചട്ടങ്ങളോടും രീതികളോടും കാവ്യങ്ങളിലൂടെ പടവെട്ടിയ മഹാകവിയുടെ ഈ വാക്കുകൾ നല്കുന്ന മുന്നറിയിപ്പ് ഇന്നും പ്രസക്തമാകുന്നു എന്നതിലാണ് കവിയുടെ അനശ്വരത.
ചിറയിൻകീഴ് താലൂക്കിലെ അഞ്ചുതെങ്ങ് കായിക്കര ഗ്രാമത്തിൽ ഈഴവ സമുദായ പ്രമുഖനായിരുന്ന നാരായണന്റെയും കാളിയമ്മയുടെയും മകനായി ജനിച്ചു. വക്കം സുബ്രഹ്മണ്യക്ഷേത്ര പരിസരത്ത് ഒരു സംസ്കൃത പാഠശാല ആരംഭിച്ചതോടെ കുമാരൻ ‘കുമാരനാശാനായി ’. ശ്രീനാരായണ ഗുരുവുമായുള്ള കുമാരനാശാന്റെ ബന്ധം അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. 1903ൽ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറിയാകാൻ ഗുരു നിർദേശിച്ചത് കുമാരനാശാനെയായിരുന്നു. ആശാൻ സെക്രട്ടറിയായി പ്രവർത്തിച്ച 16 വർഷം സംഘടനയ്ക്ക് ശക്തമായ അടിത്തറയായി.
ആശാൻ കവിതകൾ
മലയാളത്തിലെ കാല്പനിക വസന്തത്തിനു തുടക്കംകുറിച്ച ആശാൻ മലയാളത്തിന്റെ സ്നേഹഗായകനായിരുന്നു. ആധുനിക കവിത്രയത്തിൽ ആശയഗംഭീരനെന്ന് അറിയപ്പെട്ട ആശാന്റെ കവിതകളിൽ എല്ലാം മാറ്റത്തിന്റെ ആശയങ്ങൾ നിറഞ്ഞിരുന്നു. പിന്നാക്കക്കാരന്റെയും സ്ത്രീകളുടെയും ഉന്നമനം അദ്ദേഹം ലക്ഷ്യംവച്ചിരുന്നു. ബുദ്ധമത ആശയങ്ങളോടു പ്രത്യേക താത്പര്യമുണ്ടായിരുന്ന ആശാൻ ഹിന്ദുമതത്തിൽ നിലനിന്ന ജാതിവ്യവസ്ഥകൾക്കെതിരേ നിരന്തരമെഴുതി.
സ്നേഹം എന്ന ലോകപ്രമാണത്തിന് പ്രഥമസ്ഥാനം നല്കി അദ്ദേഹം രചിച്ച നളിനി, ലീല എന്നീ കാവ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഞെട്ടറ്റുവീണ പൂവിന്റെ കുഞ്ഞ് ആയുസിൽ ജീവിതത്തിന്റെ അർഥവും നിരർഥകതയും തേടുകയായിരുന്നു വീണപൂവിൽ. ഈ കാവ്യം രചിച്ചതിനു കാരണമായതെന്ത് എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. വിഷൂചിക പിടിപെട്ട് ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെ അവസ്ഥയിൽനിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപംകൊണ്ടതെന്നു കരുതുന്നവരുണ്ട്.1907 ഡിസംബറിലാണ് വീണപൂവ് മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. പ്രതീകാത്മകകവിതയുടെ ഉജ്വലശോഭയായി വീണപൂവ് ഇന്നും മലയാളകവിതയെ പ്രകാശമാനമാക്കുന്നു.
മലബാറിലെ മാപ്പിളലഹളയുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട ദുരവസ്ഥയിലെ കഥാപാത്രങ്ങളിലൂടെ സമൂഹത്തിൽ നിലനിന്ന ഉച്ചനീചത്വങ്ങളും വേർതിരിവുകളും ചില വിഭാഗങ്ങൾ നടത്തിയ വേട്ടയാടലുകളും ചിത്രീകരിക്കപ്പെട്ടു.
വീണപൂവിനു പിന്നാലെ വന്നത് ‘നളിനി അഥവാ ഒരു സ്നേഹം’ ആയിരുന്നു. നളിനിയുടെയും ദിവാകരന്റെയും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു നളിനി. ‘നളിനി’യിലെ നായികാനായകരിൽനിന്നു വ്യത്യസ്തരായ രണ്ടു കഥാപാത്രങ്ങളെയാണ്, അദ്ദേഹം ‘ലീല’ എന്ന ഖണ്ഡകാവ്യത്തിലവതരിപ്പിക്കുന്നത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ്, ലീലയുടെയും മദനന്റെയും അനശ്വര പ്രണയകഥയിലൂടെ കവി പറഞ്ഞുവയ്ക്കുന്നത്.
ബുദ്ധമതസന്ദേശങ്ങൾ ആശാനെ വളരെയേറെ സ്വാധീനിച്ചു. അതിലെ ആശയങ്ങൾ പലതും ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ‘ചണ്ഡാലഭിക്ഷുകി’, ‘കരുണ’ എന്നീ കാവ്യങ്ങൾക്ക്, ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചതിന്റെ പ്രധാന കാരണവും അതാകാം. ജാത്യാചാരങ്ങളുടെ അർഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിച്ചത്.
വാസവദത്തയെന്ന വേശ്യാസ്ത്രീക്ക് ഉപഗുപ്തനെന്ന ബുദ്ധശിഷ്യനോടുതോന്നുന്ന പ്രേമത്തിന്റെ കഥപറയുന്ന ‘കരുണ’ വഞ്ചിപ്പാട്ട് (നതോന്നത) വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തൻ അവൾക്കു ബുദ്ധമതതത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അതുകേട്ടു മനംമാറി, ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലും തങ്ങിനിൽക്കും.
ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരമാണ് ‘പ്രരോദനം’ എന്ന കൃതി. ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ.ആർ. രാജരാജവർമയുടെ നിര്യാണത്തെത്തുടർന്ന്, ആശാൻ രചിച്ച വിലാപകാവ്യമാണത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ വെളിവാക്കപ്പെടുന്ന ഒരു കൃതി കൂടിയാണിത്. ‘കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം’ തുടങ്ങി, ഒട്ടനവധി സ്തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും ആശാൻ രചിച്ചിട്ടുണ്ട്. ആശാന്റെ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാഹാരങ്ങളും ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം തുടങ്ങിയ പ്രമുഖങ്ങളായ ചില വിവർത്തനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത് വരുംതലമുറയ്ക്ക് മുതൽക്കൂട്ടായി നിലനിൽക്കുന്നു.