സൂര്യകാന്തിപ്പൂക്കൾ
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, January 15, 2025 12:21 AM IST
ലോകാവസാനംവരെ തങ്ങളുടെ സാമ്രാജ്യം നിലനിൽക്കണമെന്ന ശാഠ്യത്തിലാണ് ചക്രവർത്തിമാർ പാറയിൽ നഗരങ്ങൾ നിർമിച്ചതെന്നു പറയാറുണ്ട്. ഈ ശാഠ്യം എഴുത്തുകാർക്കുമുണ്ടെന്നു തോന്നിപ്പോകുന്നു. അവരെഴുതുന്പോൾ ‘എങ്ങനെ ജീവിച്ചു എന്നറിയാതെ നാം മരിക്കുന്നു’ എന്നതിന് ഒരു പുതുഭാഷ്യമുണ്ടാകുന്നു. ‘കണ്ടുകണ്ടാണു കടലിത്ര വലുതായതെ’ ന്ന പുതുഭാഷ്യമുണ്ടാകുന്നു. ‘പാപത്തെ സ്നേഹിക്കുകയും പാപിയെ വെറുക്കുകയും ചെയ്യുക’ എന്നൊരു ഭാഷ്യമുണ്ടാകുന്നു. ഇതെല്ലാം എഴുത്തുകാരന്റെ ആത്മീയശരീരത്തിൽനിന്നു പുറത്തുവരുന്ന മറുഭാഷ്യങ്ങളാണ്.
ഈ ഭാഷ്യങ്ങൾ വിദൂരതാരകങ്ങൾ പോലെയാണ്. നമുക്ക് എത്തിച്ചേരാനാകാത്തവിധം അങ്ങകലെ വിദൂരതയിലെങ്ങോ തപിക്കുന്ന വെളിച്ചത്തിന്റെ ഒരു കീറ്. മഹാകവി സുബ്രഹ്മണ്യഭാരതി ദേശത്തെരുവിലേക്ക് ഈശ്വരിയെ കൊണ്ടുവന്നപ്പോൾ വെളിച്ചത്തിന്റെ ഒരു കീറ് ഒരു കാലഘട്ടത്തിന്റെ ഇരുളിനെ മുഴുവൻ മെഴുക്കിയെടുക്കുകയായിരുന്നു. ഇരുട്ട് പിഴിഞ്ഞുപിഴിഞ്ഞാണു വെളിച്ചമുണ്ടാക്കുന്നത് എന്നൊരു കവിവചനമുണ്ട്. ആ വെളിച്ചം, ജീവന്റെ സ്വഭാവം ആനന്ദം എന്നപോലെ ഹൃദയത്തെ ആനന്ദാതിരേകത്തോളമെത്തിക്കുന്നു. ഇതാണ് സഹൃദയൻ ഇമചിമ്മി നോക്കിനിന്നാൽ കാണുന്ന കമനീയമഹാനടനലീല. അനുഭൂതിയുടെ മഹാനടനലീലയാണിത്. ഇതു കാലം ഒരെഴുത്തുകാരനെ ഏല്പിക്കുന്ന മഹാദൗത്യങ്ങളിൽ ഒന്നാണ്, ഈ ദൗത്യത്തിന്റെ പൊരുളടക്കമാണ് സാഹിത്യം. അതു ചക്രവർത്തിമാർ പണ്ടേക്കുപണ്ടേ പാറയിൽ പണിത നഗരങ്ങൾ പോലെയാണ്.
പ്രൊമിത്യൂസ് സ്വർഗത്തിൽനിന്നു കൊണ്ടുവന്നത് അഗ്നിയല്ല, വാക്കാണെന്നു പറയുന്നതിന്റെ പൊരുളടക്കം ഇതാണ്. അതുകൊണ്ടാണു ഭൂമിയുടെ കാവൽക്കാരായി എഴുത്തുകാരെ ദൈവം തെരഞ്ഞെടുത്തത്. ഭൂമിയിലെ സമസ്ത ജീവജാലങ്ങളും ഉറങ്ങിക്കിടക്കുന്പോൾ എഴുത്തുകാരന്റെ ആശയങ്ങൾ ഉണർന്നിരിക്കുന്നു.
‘ശവകുടീരത്തിൽ നീ ഉറങ്ങുമ്പോഴും നിൻ വാക്കുണർന്നിരിക്കുന്നു’വെന്ന് മാർക്സിന്റെ സ്മൃതികൂടീരത്തിനു മുന്നിൽനിന്നുകൊണ്ട് ഒ.എൻ.വി. എണ്പതാം വയസിൽ തൊണ്ണൂറുകാരന്റെ ജീവിതം പകർത്തിവയ്ക്കുന്പോൾ ഗബ്രിയേൽ ഗാർസ്യ മാർകേസിന്റെ വൃദ്ധനായകൻ നഗ്നസുന്ദരി ശയിക്കുന്ന ശയ്യാഗൃഹത്തിന്റെ നിലക്കണ്ണാടിയിൽ അവളുടെ ലിപ്സ്റ്റിക് കൊണ്ടെഴുതി ‘നോക്കൂ, നമ്മൾ ഈ ലോകത്ത് എന്നും ഒറ്റയ്ക്കാണ്.
എന്നാൽ ഈ ഒറ്റപ്പെടൽ ഒരിക്കലും നരകതുല്യമോ സ്വർഗതുല്യമോ അല്ല. ഇതിനിടയ്ക്കെങ്ങോ ആണ് അതിന്റെ സ്ഥാനം. അവിടെ, ഗതികിട്ടാതെ മരിച്ചുപോയ നമ്മുടെ പൂർവികരുടെ ആത്മാക്കൾ നമ്മെ കാത്തിരിക്കുന്നുണ്ടാകും. അവർ നമ്മെ അമർത്തി ചുംബിക്കും’. ഇതാണ് ലോകാവസാനം വരെയ്ക്കും പണിത എഴുത്തിന്റെ കരുത്ത്. ഇതാണ് സത്യം. ഇതാണ് സൗന്ദര്യം.
ഇ. ഹരികുമാറിന്റെ ഒരു കഥ ഓർമവരുന്നു; ‘സൂര്യകാന്തിപ്പൂക്കൾ’. ബോംബെയിൽനിന്ന് അവധിക്കു നാട്ടിലേക്കു പോരുന്പോൾ അടുത്തവീട്ടിലെ ആന്റി അവനു കുറച്ചു സൂര്യകാന്തിപ്പൂക്കളുടെ വിത്തുകൾ പൊതിഞ്ഞുകൊടുത്തു. അവനതു ഭദ്രമായി സൂക്ഷിച്ചെങ്കിലും യാത്രയ്ക്കിടയിലെ ഉറക്കത്തിൽ, വിത്തുകളെല്ലാം തീവണ്ടിജനാലയിലൂടെ പുറത്തേക്കു പറന്നുപോയി. ഉണർന്നപ്പോൾ ശൂന്യമായ കടലാസുകണ്ട് അവൻ പൊട്ടിക്കരഞ്ഞു. അച്ഛനും അമ്മയും അവനെ ആശ്വസിപ്പിക്കാൻ വല്ലാതെ പാടുപെട്ടു.
നാട്ടിലുള്ള വീടിനുമുന്നിൽ സൂര്യകാന്തിവിത്തുകൾ പാകുന്നതും അതു മെല്ലെ കിളിർത്തുവളർന്ന് വീടു കാണാത്തവിധം സൂര്യകാന്തികൾ നിറഞ്ഞുനിൽക്കുന്നതും അവൻ പ്രായമേറുംതോറും തുടരെ സ്വപ്നം കണ്ടു. പിന്നീടെപ്പൊഴൊ അവനതെല്ലാം മറന്നു. കാലം ഏറെ കഴിഞ്ഞു. അവൻ ബോംബെയിൽ വലിയ ഉദ്യോഗസ്ഥനായി.
ഒരുപാടുനാളുകൾക്കുശേഷം ഒരു വേനലവധിക്കു നാട്ടിലേക്കു തീവണ്ടിയിൽ മടങ്ങുന്പോൾ വരുന്നവഴി ഒരു കാഴ്ചകണ്ടു. റെയിൽപ്പാളത്തിനരികെ നിരനിരയായി സൂര്യകാന്തികൾ പൂത്തുനിൽക്കുന്നു. അവനതു കണ്ടപ്പോൾ ആദ്യമൊന്നും തോന്നിയില്ല. പിന്നെ, തുടരെത്തുടരെ വരിവരിയായി സൂര്യകാന്തിപ്പൂക്കൾ കണ്ടപ്പോൾ പഴയ സൂര്യകാന്തിവിത്തുകളെ അവന് ഓർമവന്നു.
ഒരിക്കൽ, കുട്ടിയായിരുന്നപ്പോൾ നാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ നഷ്ടമായ സൂര്യകാന്തിവിത്തുകളായിരിക്കും ഈ വിരിഞ്ഞുനിൽക്കുന്നത് എന്നവനോർത്തു. ഈ വിത്തുകൾ വീടിനുമുന്നിൽ പാകിയിരുന്നെങ്കിൽ കുറച്ചുപേർ മാത്രമേ കാണുമായിരുന്നുള്ളു. ഇപ്പൊഴിതാ എല്ലാവരും കാണുന്നു. എല്ലാവരും ഇതുകണ്ട് സന്തോഷിക്കുന്നു. ഇതാണ് സുകൃതം, അവനോർത്തു. ഇതാണ് സാഹിത്യം തരുന്ന അനുഭൂതി. ലോകാവസാനംവരെ നിലകൊള്ളുന്ന സൗന്ദര്യം.