മദ്യത്തിന്റെ ഉപയോഗവും കാൻസർ സാധ്യതയും
ഡോ. ജീമോൻ പന്ന്യാംമാക്കൽ
Wednesday, January 15, 2025 12:19 AM IST
സംസ്ഥാന വരുമാനത്തിന്റെ 3.7% ഉപേക്ഷിച്ചാൽ ഏകദേശം 62,100 കാൻസർ കേസുകളും 7300 മരണങ്ങളും, അസുഖംമൂലം വൈകല്യങ്ങളോടുകൂടെയുള്ള 51,600 ഓളം ജീവിതവർഷങ്ങളും തടയാൻ കഴിയും. മദ്യത്തിന്റെ ഉപയോഗം കാൻസറിനു കാരണമാകുന്നു എന്ന കാരണത്താൽ ഇതിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മദ്യക്കുപ്പികളിൽ ഇത്തരം മുന്നറിയിപ്പുകൾ കൃത്യമായി നൽകണമെന്ന് അമേരിക്കയിലെ സർജൻ ജനറലിന്റെ 2025 ലെ ഉപദേശികയിൽ കൃത്യമായി വ്യക്തമാക്കിയിരിക്കുന്നു.
മദ്യത്തിന്റെ ഉപയോഗം എങ്ങനെ കാൻസറിനു കാരണമാകുന്നു
മദ്യത്തിന്റെ ഉപയോഗം പ്രധാനമായും നാലുതരത്തിൽ കാൻസറിനു കാരണമാകുന്നു. മദ്യം ശരീരത്തിൽ വിഘടിച്ചുണ്ടാകുന്ന അസറ്റാൽഡിഹൈഡ് ജനിതകഘടനയ്ക്കു മാറ്റംവരുത്തുകയും അർബുദം വരാൻ കാരണമാക്കുകയും ചെയ്യുന്നു. മദ്യം ശരീരത്തിൽ റിയാക്റ്റീവ് ഓക്സിജൻ ഘടകങ്ങൾ വർധിപ്പിക്കുകയും അതുവഴി ഉണ്ടാകുന്ന ഓക്സിഡേഷൻ അവസ്ഥയും സമ്മർദ്ദവും ജനിതകഘടനയെയും പ്രോട്ടീൻഘടനയെയും മാറ്റുകയും കോശങ്ങളിലുളള കൊഴുപ്പ് പാളികളെ നശിപ്പിക്കുകയും ചെയ്യുന്നു.
ഇത് കോശജ്വലനത്തിനു കാരണമാകുകയും അതുമൂലമുള്ള താപനം കോശങ്ങളിലുള്ള ഇൻഫ്ളമേഷൻ വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് അർബുദമായി മാറാം. മദ്യം ശരീരത്തിലുള്ള പലവിധ ഹോർമോണുകളുടെ അളവിനെ മാറ്റുകയും, പ്രത്യേകിച്ച് ഈസ്ട്രജൻ ഹോർമോണിന്റെ വ്യതിയാനംമൂലം കാൻസറിനു കാരണമാകുകയും ചെയ്യുന്നു.
അവസാനമായി, മദ്യം അറിയപ്പെടുന്ന കാർസിനോജനുകളുടെ ആഗിരണം ശക്തമാക്കുകയും അതുവഴി കോശങ്ങളിൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
കേരളത്തിൽ മദ്യം ഉപയോഗിക്കുന്നവർ
ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേയിലെ വിവരങ്ങൾ പ്രകാരം കേരളത്തിൽ 15നും 45 നും പ്രായത്തിനിടയിലുള്ള 19 ശതമാനം പുരുഷന്മാരും മദ്യം ഉപയോഗിക്കുന്നു. സ്ത്രീകളിൽ ഇത് 1.3% മാത്രമാണ്. മദ്യ ഉപയോഗത്തിന്റെ തോത് അനുസരിച്ച് ഹോട്ട് സ്പോട്ടുകളായി അറിയപ്പെടുന്ന ജില്ലകളാണ് പത്തനംതിട്ടയും എറണാകുളവും, ആലപ്പുഴയും. സ്ത്രീകളിൽ മദ്യത്തിന്റെ ഉപയോഗം ഏറ്റവും കൂടുതലായുളളത് എറണാകുളത്തും (4.8%) തൃശൂരുമാണ് (4.7%).
ഇന്ത്യയിൽ പുരുഷൻമാരിലെ ഏറ്റവും കൂടുതൽ മദ്യപാനം അരുണാചൽപ്രദേശിലാണ് (53%). ദക്ഷിണേന്ത്യയിൽ തെലുങ്കാനയിലും (43.4%). മദ്യം നിരോധിച്ചിട്ടുള്ള ഗുജറാത്തിൽ 5.8 ശതമാനവും ബിഹാറിൽ 15.4 ശതമാനവുമാണ് പുരുഷന്മാരിലെ മദ്യപാനം.
ഏതൊക്കെ കാൻസറുകൾക്കു മദ്യപാനം കാരണമാകുന്നു?
പ്രധാനമായും വായ, തൊണ്ട , ശ്വാസനാളം, അന്നനാളം, ചെറുകുടൽ, വൻകുടൽ, കരൾ, സ്തനം എന്നിവയിലെ കാൻസറാണ് മദ്യപാനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നത്. മദ്യത്തിന്റെയും പുകയിലയുടെയും കൂട്ടുപയോഗം ഇവയിൽ പലതിന്റെയും രോഗസാധ്യത പലമടങ്ങു വർധിക്കാൻ കാരണമാകുന്നു.
മദ്യ ഉപയോഗത്തിന്റെ അളവു കണക്കാക്കുന്ന വിധം
പലതരത്തിലുള്ള മദ്യം ലഭ്യമായതിനാൽ മദ്യത്തിന്റെ ഉപയോഗത്തിന്റെ അളവ് കണക്കാക്കാൻ ബുദ്ധിമുട്ടാണ്. താരതമ്യത്തിനായി അതിലടങ്ങിയിരിക്കുന്ന ശുദ്ധമായ മദ്യത്തിന്റെ അളവ് ഗ്രാമിൽ കണക്കാക്കുന്നു. 14 ഗ്രാം ശുദ്ധമായ മദ്യം അടങ്ങിയ ഒരു പാനീയത്തെ ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക് എന്ന് പറയുന്നു.
അതായത് അഞ്ച് ഔണ്സ് വൈനും 12ഔണ്സ് ബിയറും 1.5 ഔണ്സ് വിദേശമദ്യവും ഒരേ അളവായി കണക്കാക്കുന്നു. പലവിധത്തിലുള്ള മദ്യത്തിന്റെ ഉപയോഗം ഓരോ പത്തു ഗ്രാം വർധിപ്പിക്കുന്നതിനനുസരിച്ച് കാൻസർ വരാനുള്ള സാധ്യത പത്തുമുതൽ 15 ശതമാനംവരെ വർധിക്കുന്നു. വളരെ കൂടുതൽ മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവരിൽ കാൻസർ വരാനുള്ള സാധ്യത വളരെ അധികമാണ്.
കാൻസറിനെ കുറിച്ചുള്ള പൊതു അവബോധം
അമേരിക്കയിലെ ജനങ്ങളിൽ മദ്യവും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പൊതു അവബോധം 45 ശതമാനം ആൾക്കാർക്കേയുള്ളു. കേരളത്തിലിത് 15 ശതമാനത്തിലും താഴെയാണ്. ഏറ്റവും പ്രധാനം മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക എന്നതാണ്. മദ്യത്തിന്റെ വില നികുതി വഴി ഉയർത്തുന്നത് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാൻ നല്ല മാർഗമായി ലോകാരോഗ്യ സംഘടന തന്നെ ശിപാർശ ചെയ്യുന്നു. നികുതിയിലൂടെ മദ്യത്തിന്റെ വില രണ്ടിരട്ടിയാക്കുന്നത് ഉപയോഗം 50 ശതമാനം വരെ കുറയ്ക്കും. സർക്കാരിന്റെ വരുമാനത്തിൽ കുറവുണ്ടാക്കുന്നുമില്ല.ദൃശ്യമാധ്യമങ്ങളിലെ പരോക്ഷമായ പരസ്യങ്ങളുടെ നിയന്ത്രണവും ആവശ്യമാണ്.
രാജ്യാന്തര സംഘടനകളുടെ അഭിപ്രായം
ലോകാരോഗ്യ സംഘടനയുടെ പ്രത്യേക കാൻസർ ഏജൻസിയായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് കാൻസർ മദ്യത്തെ തരംതിരിച്ചിരിക്കുന്നത് ഗ്രൂപ്പ് ഒന്നിൽ ഉൾപ്പെടുത്തിയിട്ടുള്ള കാർസിനോജൻ (കാൻസറിനു കാരണമാകുന്ന വസ്തു) ആയിട്ടാണ്. ലോക കാൻസർ റിസർച്ച് ഫോറം മദ്യത്തെ കാൻസറിനു കാരണമാകുന്ന മാരകമായ സാധ്യതകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കണ്ട്രോളും നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും മദ്യപാനം പ്രധാനമായും ഏഴുതരത്തിലുള്ള കാൻസറിന് കാരണമാകുന്നു എന്ന് ഉറപ്പിച്ചു പറയുന്നുണ്ട്.
ആരോഗ്യസംരക്ഷണത്തിനു കുറഞ്ഞ അളവിൽ മദ്യം ഉപയോഗിക്കാമോ
കുറഞ്ഞ അളവിൽ ദിവസേന മദ്യം കഴിക്കുന്നത് ആരോഗ്യസംരക്ഷണത്തിന് ഉതകുന്നതാണെന്ന മിഥ്യാധാരണ സമൂഹത്തിലുണ്ട്. കുറഞ്ഞ അളവിലുള്ള മദ്യത്തിന്റെ ഉപയോഗം ( 1-2 സ്റ്റാൻഡാർഡ് ഡ്രിങ്ക് മാത്രം ) ഹൃദയാരോഗ്യ സംരക്ഷണത്തിന് ഉതകുന്നതാണെന്ന ചില പഠനങ്ങളാണ് ഇതിനു കാരണം. ഇത്തരക്കാരിൽ ഹൃദയാരോഗ്യ സംരക്ഷണത്തിനുള്ള മറ്റു പല ഘടകങ്ങളും കൂടുതലായി ഉണ്ടെന്നതാണ് യാഥാർഥ്യം.
അമേരിക്കയിലെ ഏറ്റവും പുതിയ ഭക്ഷണ മാർഗനിർദേശങ്ങളിൽ കുറഞ്ഞ അളവിലുള്ള മദ്യത്തിന്റെ ഉപയോഗം ആയുസിന്റെ ദൈർഘ്യം കുറയ്ക്കുമെന്നും ഹൃദയരോഗങ്ങൾ, കാൻസർ എന്നിവയുടെ സാധ്യത വർധിപ്പിക്കുമെന്നും വ്യക്തമായി പറയുന്നുണ്ട്. വായിലെയും കരളിലെയും പല കാൻസറുകളുടെയും സാധ്യത വളരെ ചെറിയ അളവിൽപോലും മദ്യം കഴിക്കുന്നവരിൽ ഉയർന്നുനിൽക്കുന്നു. ഓരോ 10 ഗ്രാം മദ്യത്തിന്റെ ഉപയോഗവും ഹെപ്പാറ്റോ സെല്ലുലാർ കാൻസറി( കരളിൽ വരുന്ന ഒരുതരം കാൻസർ) ന്റെ സാധ്യത 10% മുതൽ 15% വരെ ഉയർത്തുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.
ഇന്ത്യൻ വംശജരിൽ മദ്യത്തിന്റെ ഉപയോഗം നല്ലതാണോ?
ഇന്ത്യൻ വംശജരുടെ ജനിതകഘടന വ്യത്യസ്തമായതിനാൽ ഇത്തരം പഠനഫലങ്ങൾ ബാധകമല്ല എന്ന് പറയുന്നവരുണ്ട്. ശരീരത്തിൽ മദ്യത്തിന്റെ വിഘടനത്തിനു പ്രധാനമായും സഹായിക്കുന്ന എൻസൈമുകൾ (പ്രോട്ടീൻ) ആണ് ആൽക്കഹോൾ ഡീഹൈഡ്രോജിനേസും ആൽഡിഹൈഡ് ഡീഹൈഡ്രോജിനേസും. മനുഷ്യന്റെ ജനിതകഘടനയിയിലുളള പല ജീനുകളും ഈ രണ്ട് എൻസൈമുകളെയും നിയന്ത്രിക്കുന്നു.
മദ്യത്തെ അസാറ്റാൽഡിഹൈഡായും അസറ്റിക് ആസിഡായും വിഘടിപ്പിക്കുന്നതിന് ഈ ജീനുകൾ സഹായിക്കുന്നു. മദ്യത്തിന്റെ ദോഷഫലങ്ങളിൽ നിന്നു സംരക്ഷണം നൽകുന്ന ജനിതകഘടന കൂടുതലായി കണ്ടുവരുന്നത് കോക്കേഷ്യരിലാണ്. ഇന്ത്യക്കാരിൽ പ്രധാനമായും ഇത്തരം സംരക്ഷണം ഏറ്റവും കുറവ് നൽകുന്ന ജനിതകഘടകങ്ങളാണ് കാണുന്നത്.
മദ്യക്കുപ്പികളുടെ ലേബലുകൾ
മദ്യത്തിന്റെയും കാൻസറിന്റെയും അപകടകരമായ ബന്ധത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലേബലുകളിൽ ഉൾപ്പെടുത്തണമെന്ന ശിപാർശ നടപ്പിലാക്കാൻ പുതിയ ഗവേഷണങ്ങളുടെ ആവശ്യം നമുക്കില്ല. കേരളത്തിലെ സാഹചര്യത്തിൽ ബോധവത്കരണം അത്യന്താപേക്ഷിതമാണ്. അയർലൻഡും നോർവേയും 2022 മുതൽ കാൻസറിനെക്കുറിച്ചുളള ആരോഗ്യ മുന്നറിയിപ്പുകൾ മദ്യ ഉത്പ്പന്നങ്ങളിൽ ഉൾപ്പെടുത്താനുള്ള ശിപാർശ നൽകിയിട്ടുണ്ട്.
(ലേഖകൻ ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സയൻസിൽ എപിഡെമിയോളജി വിഭാഗം പ്രഫസറും, ശാന്തി സ്വരൂപ് ഭട്നഗർ പ്രൈസ് (മെഡിക്കൽ സയൻസ്)
ജേതാവുമാണ്).