യുജിസി കരടുചട്ടങ്ങൾ ഫെഡറൽ തത്വങ്ങൾക്കു ഭീഷണി
പ്രഫ. റോണി കെ. ബേബി
Tuesday, January 14, 2025 12:48 AM IST
സർവകലാശാലാ വൈസ് ചാൻസലർമാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫിന്റെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമായി യുജിസി പുറത്തിറക്കിയ പരിഷ്കരിച്ച കരടു ചട്ടങ്ങൾക്കെതിരേ വലിയ വിമർശനങ്ങൾ പല ഭാഗങ്ങളിൽനിന്ന് ഉയർന്നിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് ജനുവരി ആറിനാണ് യുജിസി റെഗുലേഷന്‍സ് 2025 (Minimum Qualifications for Appointment and Promotion of Teachers and Academic Staff in Universities and Colleges and Measures for Maintenance of Standards in Higher Education) എന്ന നിയമത്തിന്റെ കരട് പുറത്തുവിട്ടത്.
സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രസർക്കാരിന്റെ പ്രതിനിധികളായ ഗവർണർമാർക്ക് സമ്പൂര്‍ണാധികാരം നല്കുന്നതു മുതല്‍ കോളജ്/സര്‍വകലാശാലാ നിയമനങ്ങളില്‍ അധ്യാപക നിയമനത്തിന്റെ അടിസ്ഥാനയോഗ്യതയായ നെറ്റ് എടുത്തുകളയുന്നതുവരെ സമഗ്രമാറ്റം വരുത്തിക്കൊണ്ടുള്ള യുജിസി നിയമഭേദഗതി രാജ്യത്തെ പൊതുവിദ്യാഭ്യാസത്തെ പൂര്‍ണമായും കൈപ്പിടിയിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയനീക്കമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
യുജിസി നിർദേശങ്ങൾക്കെതിരേ തമിഴ്നാട് നിയമസഭ പ്രമേയം പോലും പാസാക്കുന്ന അസാധാരണ സാഹചര്യവുമുണ്ടായി. ജനുവരി 17നു തുടങ്ങുന്ന കേരള നിയമസഭയുടെ സമ്മേളനത്തിലും സമാനമായ പ്രമേയം പാസാക്കണമെന്ന ആവശ്യം പല കോണുകളിൽനിന്ന് ഉയർന്നുകഴിഞ്ഞു. ഭരണഘടനയിലെ വകുപ്പ് 163 പ്രകാരം മന്ത്രിസഭയുടെ നിർദേശങ്ങൾക്കു വിധേയമായിരിക്കണം ഗവർണറുടെ പ്രവർത്തനമെന്ന കാഴ്ചപ്പാടിനു നിരക്കാത്തതും ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധവുമാണ് യുജിസി ചട്ടപരിഷ്കരണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.
വൈസ് ചാൻസലർമാരുടെ നിയമനത്തിന് സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തെ കേന്ദ്രചട്ടം മറികടക്കുന്നുവെന്ന ഭരണഘടനാപ്രശ്നം ഉയർത്തി കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
ഉയരുന്നത് വലിയ വിമർശനങ്ങൾ
അധ്യാപക നിയമനങ്ങൾക്ക് അക്കാദമിക യോഗ്യതയേക്കാൾ മറ്റു ഘടകങ്ങൾക്കാണ് യുജിസിയുടെ കരടു ചട്ടങ്ങൾ മുൻഗണന നൽകുന്നതെന്ന് ഡൽഹി സർവകലാശാലാ അക്കാദമിക് കൗൺസിൽ അംഗങ്ങളും വിമർശനം ഉന്നയിച്ചത് യുജിസിക്ക് തിരിച്ചടിയായിട്ടുണ്ട്. 2018ലെ യുജിസി ചട്ടത്തിലെ 73 വകുപ്പുപ്രകാരം വൈസ് ചാൻസലറായി നിയമിക്കപ്പെടണമെങ്കിൽ സർവകലാശാലാ പ്രഫസറായി കുറഞ്ഞത് 10 വർഷത്തെ പരിചയം വേണം. പ്രശസ്തമായ ഗവേഷണസ്ഥാപനത്തിലോ അക്കാദമിക് ഭരണതലത്തിലോ തത്തുല്യമായ സ്ഥാനം വഹിക്കുന്ന പ്രധാനപ്പെട്ട വിദ്യാഭ്യാസ വിദഗ്ധൻ ആയിരിക്കണം. എന്നാൽ, 2025ലെ കരടുചട്ടങ്ങൾ പ്രകാരം അക്കാദമിക മേഖലകളിൽനിന്നു മാത്രമല്ല വ്യവസായം, പൊതുഭരണം, പൊതുനയം, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള വ്യക്തികളെയും നിയമിക്കുന്നതിന് യോഗ്യതാ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നു. മാനദണ്ഡങ്ങളില്ലാതെ ആരെയും സർവകലാശാലാ തലപ്പത്ത് വൈസ് ചാൻസലറായി നിയമിക്കാൻ കേന്ദ്രസർക്കാരിനു കഴിയുമെന്നു വ്യക്തം. ഇത് അക്കാദമിക താത്പര്യങ്ങളെക്കാൾ ഉപരിയായി വ്യക്തിതാത്പര്യങ്ങൾക്കും കോർപറേറ്റ് താത്പര്യങ്ങൾക്കും മുൻഗണന നൽകുന്നതാണെന്ന വിമർശനമാണ് ഉയരുന്നത്. സമീപകാലത്തായി യുജിസിയും കേന്ദ്രസർക്കാരും അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ കാവിവത്കരണ, വാണിജ്യവത്കരണ, വർഗീയവത്കരണ, കേന്ദ്രീകരണ നയങ്ങളുടെ തുടർച്ചയാണ് ഈ നിർദേശങ്ങൾ എന്ന ആശങ്കയിലാണ് അക്കാദമിക് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ.
സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനങ്ങളെച്ചൊല്ലി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കേരളം, തമിഴ്നാട്, കർണാടക, ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാരുകളും കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായ ഗവർണർമാരും തമ്മിലുള്ള പോരുകൾ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം യുജിസി ഇറക്കിയത്. ഇതിലൂടെ വൈസ് ചാൻസലർ നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണറിൽ നിക്ഷിപ്തമാകും. ഭരണഘടന പ്രകാരം വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരേപോലെ അധികാരമുള്ള കൺകറന്റ് പട്ടികയിൽ പെടുന്നതാണ്. എന്നാൽ, കരടു ചട്ടങ്ങൾ നിലവിൽ വന്നാൽ ഫലത്തിൽ വൈസ് ചാൻസലർമാരുടെ തെരഞ്ഞെടുപ്പിൽ ഒരു പങ്കുമില്ലാതാവുന്ന സംസ്ഥാന സർക്കാരുകൾ ഉന്നത വിദ്യാഭ്യാസമേഖലയിൽനിന്ന് ഏതാണ്ട് പൂർണമായും തന്നെ മാറ്റിനിർത്തപ്പെടുന്ന അവസ്ഥയുണ്ടാവും.
സംസ്ഥാന സർക്കാരുകളെ നോക്കുകുത്തിയാക്കുന്ന നിർദേശങ്ങൾ
പരിഷ്കരിച്ച കരടുചട്ടങ്ങൾ പ്രകാരം വൈസ് ചാൻസലർമാരെ നാമനിർദേശം ചെയ്യേണ്ടത് ഗവർണർ/ചാൻസലറുടെ പ്രതിനിധി, യുജിസി പ്രതിനിധി, സർവകലാശാലയുടെ ഉന്നതസമിതിയായ സെനറ്റ്/സിൻഡിക്കറ്റിന്റെ പ്രതിനിധി എന്നിവരടങ്ങിയ പാനലാണ്. ഇതിൽ ഗവർണർ, യുജിസി ചെയർമാൻ എന്നിവരുടെ നോമിനികൾ സ്വാഭാവികമായും കേന്ദ്രസർക്കാരിന്റെ ഇഷ്ടക്കാരാവും. എന്നുവച്ചാൽ കേന്ദ്രത്തിന്റെ ഇച്ഛ മൂന്നിൽ രണ്ടു ഭൂരിപക്ഷമനുസരിച്ചു നടക്കും. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അധ്യക്ഷനെയും ചാൻസലർ (ഗവർണർ) നിർദേശിക്കും. അതുവഴി ഇന്ത്യയിലെ എല്ലാ സർവകലാശാലകൾക്കും ഏതാനും വർഷങ്ങൾക്കുള്ളിൽ കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തികളായ വൈസ് ചാൻസലർമാരാവും ഉണ്ടാവുക. ഇപ്പോൾ നിർദേശിച്ചിരിക്കുന്ന പരിഷ്കരണങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാന സർവകലാശാലകൾ ഭാവിയിൽ നേരിടാൻ പോകുന്ന അനന്തരഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും യുജിസിയുടെ കരടുചട്ടങ്ങളിലുണ്ട്. നിർദേശങ്ങൾ നടപ്പാക്കാത്ത സ്ഥാപനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്നാണ് ഖണ്ഡിക 11ലെ ‘യുജിസി ചട്ടങ്ങൾ ലംഘിച്ചാലുള്ള അനന്തരഫലങ്ങൾ’ എന്ന ശീർഷകത്തിൽ വ്യക്തമാക്കുന്നത്. യുജിസി നൽകുന്ന കോഴ്സുകൾക്കുള്ള അംഗീകാരം പിൻവലിക്കും വികസനത്തിനു നൽകുന്ന സഹായം തടയും എന്നൊക്കെയാണ് ഭീഷണികൾ.
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണമെന്നു മാത്രമേ 2018ലെ ചട്ടങ്ങളിൽ പറയുന്നുള്ളുവെന്ന വാദമുയർത്തിയാണ് നാളിതുവരെ സംസ്ഥാന സർക്കാരുകളും സർവകലാശാലകളും ഗവർണറെ എതിർത്തത്. സെർച്ച് കമ്മിറ്റി ചാൻസലർ രൂപവത്കരിക്കണമെന്ന് യുജിസി വ്യവസ്ഥ ചെയ്തിട്ടില്ലെന്നും സംസ്ഥാനങ്ങൾ തടസവാദമുയർത്തി. ഈ രണ്ടു തടസവാദങ്ങളെയും മറികടക്കാനാണ് പുതിയ മാർഗരേഖ. സെർച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ചാൻസലറാണെന്നു മാത്രമല്ല, ചാൻസലർ നിർദേശിക്കുന്നയാൾ ഈ സമിതിയിൽ അധ്യക്ഷത വഹിക്കണമെന്നും മാർഗരേഖ വ്യവസ്ഥ ചെയ്യുന്നു. സർവകലാശാലകളിലെ സിൻഡിക്കറ്റ്, സെനറ്റ്, എക്സിക്യൂട്ടീവ് കൗൺസിൽ പ്രതിനിധികളിൽ ആരെങ്കിലുമൊരാളെ ഉൾപ്പെടുത്താമെന്നു മാത്രമാണ് സംസ്ഥാനത്തിനുള്ള ഏക അധികാരം. സർവകലാശാലാ വിഷയങ്ങളിൽ തുടർച്ചയായി ഗവർണറുമായി പോരടിച്ച കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാന സർക്കാരുകൾക്ക് പുതിയ യുജിസി ചട്ടങ്ങൾ വന്നതോടെ വൈസ് ചാൻസലർ നിയമനങ്ങളിൽ ഒരു പങ്കുമില്ലാത്ത സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
കേന്ദ്രസർക്കാരിന്റെ ബലം സുപ്രീംകോടതി വിധികൾ
1956ലെ യുജിസി നിയമത്തിലെ 66-ാം വകുപ്പ് പ്രകാരം സര്‍വകലാശാലകളുടെ അക്കാദിക് നിലവാരം കാത്തുസൂക്ഷിക്കാനും ഏകോപനം നടത്താനുമുള്ള ചുമതല മാത്രമേ യുജിസിക്ക് നൽകിയിട്ടുള്ളൂ. സര്‍വകലാശാലകളുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള യാതൊരു അവകാശവുമില്ല. എന്നാൽ, 2015 മാര്‍ച്ച് 11ലെ കല്യാണി മതിവാണനും കെ.വി. ജയരാജുമായുള്ള കേസില്‍ “യുജിസി പാര്‍ലമെന്റ് നിയമപ്രകാരം രൂപവത്കരിച്ചതിനാൽ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ വഴിയുള്ള സബോർഡിനേറ്റ് ലജിസ്ലേഷന്‍ നിലനില്ക്കും, അതിനെ മറികടക്കാന്‍ പാര്‍ലമെന്റിനു മാത്രമേകഴിയൂ” എന്നും സുപ്രീം കോടതി വിധിച്ചിരുന്നു. യുജിസിയുമായി ബന്ധപ്പെട്ട് തുടര്‍ന്നുവന്ന എല്ലാ വിധികളും ഈ സുപ്രീംകോടതി വിധിയുടെ തുടര്‍ച്ചയായിരുന്നു. വൈസ് ചാന്‍സലർ നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്നും ചാൻസലറാണ് നിയമനാധികാരിയെന്നും കണ്ണൂർ സർവകലാശാലാ കേസിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. യുജിസി പാര്‍ലമെന്റ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടിച്ചതാണെന്നും അതിന്റെ നിയമങ്ങള്‍ ലംഘിച്ച് വൈസ് ചാന്‍സലറെ നിയമിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നുമാണ് ഈ അടുത്തകാലത്ത് വന്ന എല്ലാ വിധികളിലും കോടതികള്‍ ചൂണ്ടിക്കാണിച്ചത്.
ഈ വിധികളുടെ ആവേശത്തിലാണ് ഇപ്പോൾ സർവകലാശാലകളിൽ പൂർണമായും പിടിമുറുക്കുന്നതിനുള്ള നിയമഭേദഗതിയുമായി യുജിസിയും കേന്ദ്രസർക്കാരും രംഗത്തുവന്നിരിക്കുന്നത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെകൂടി തുടർച്ചയാണ് ഈ ചട്ടങ്ങൾ. എന്നാൽ, ഒരു രാഷ്ട്രത്തെയും അതിന്റെ ബഹുസ്വരതയെയും സുന്ദരമായി നിർവചിക്കുകയും നിർണയിക്കുകയും ചെയ്യേണ്ട അതീവപ്രാധാന്യമുള്ള വിദ്യാഭ്യാസ പദ്ധതിയിൽ സ്വാഭാവികമായും സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യവും ഫെഡറലിസത്തിന്റെ അന്തരാംശങ്ങളും പ്രതിഫലിക്കേണ്ടതാണ്. എന്നാൽ, ദൗർഭാഗ്യവശാൽ വിദ്യാഭ്യാസരംഗത്ത് ഉൾപ്പെടെ ഇപ്പോൾ കൊണ്ടുവന്ന കരടുചട്ടങ്ങളടക്കം കേന്ദ്രസർക്കാരിന്റെ ഏകശിലാ നടപടികൾ രാഷ്ട്രീയമായി ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനു മാത്രമല്ല സാംസ്കാരികമായ വൈവിധ്യത്തിനും ഭീഷണിയായി മാറുന്നുണ്ടെന്നു ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു.