ആത്മഹത്യയെന്ന സമകാലിക സാമൂഹിക പ്രതിസന്ധി
സിസ്റ്റർ ഡോ. ജൊവാൻ ചുങ്കപ്പുര
Tuesday, January 14, 2025 12:43 AM IST
ആത്മഹത്യ വ്യക്തിയുടെ ജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങളുടെ ആഴമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ കൊച്ചുകേരളത്തിൽ ആത്മഹത്യാനിരക്ക് വളരെ ഉയർന്നതാണ്. മാനസികാരോഗ്യപ്രശ്നങ്ങൾ, സാന്പത്തിക പ്രതിസന്ധി, കുടുംബബന്ധങ്ങളുടെ തകർച്ച എന്നിവ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളാണ്. ജീവിതത്തിന്റെ പ്രകാശവും പ്രതീക്ഷയും നഷ്ടപ്പെടുന്പോൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നു. ഈ പ്രതിസന്ധി മനസിലാക്കാനും പ്രതിരോധിക്കാനും സമഗ്ര ഇടപെടലും സംയുക്തശ്രമവും അനിവാര്യമാണ്.
ആത്മഹത്യാ നിരക്ക് ഇന്ത്യയിലും കേരളത്തിലും
ആത്മഹത്യകളിൽ ഇന്ത്യയുടെ സ്ഥാനം വളരെ മുന്നിലാണ്. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് വർഷംതോറും ശരാശരി ഒന്നര ലക്ഷത്തിലധികം ആത്മഹത്യകളാണ് രാജ്യത്ത് നടക്കുന്നത്. കുടുംബപ്രശ്നങ്ങൾ, വിദ്യാഭ്യാസ പിരിമുറുക്കം, മറ്റു മാനസിക പിരിമുറുക്കങ്ങൾ എന്നിവയാണു പ്രധാന കാരണങ്ങൾ. തൊഴിൽ നഷ്ടപ്പെടൽ, സാന്പത്തിക ബാധ്യത, മാനസികാരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ യുവതലമുറയിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.
കേരളത്തിൽ 2022ൽ മാത്രം എണ്ണായിരത്തോളം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ലക്ഷം ആളുകളിൽ 24 ആത്മഹത്യ എന്നതാണ് 2023ലെ കണക്ക്. കുടുംബപ്രശ്നങ്ങൾ, മദ്യപാനം, സാന്പത്തിക പ്രശ്നങ്ങൾ, വ്യക്തിഗത മാനസികാരോഗ്യചിന്തകൾ എന്നിവയാണ് കേരളത്തിലെ പ്രധാന ഘടകങ്ങൾ.
പ്രായനിരക്കിന്റെ അനുപാതം നോക്കിയാൽ 15-39 വിഭാഗത്തിലാണ് ഉയർന്ന നിരക്ക്. മുതിർന്നവരിലും ഈയിടെയായി ആത്മഹത്യ കൂടുന്നുണ്ടെന്നാണ് കണക്കുകൾ. ലിംഗാനുപാതം നോക്കുന്പോൾ സ്ത്രീകളിൽ പ്രായപൂർത്തിയാകാത്തവരും വിവാഹിതരായവരും ആത്മഹത്യാചിന്തയ്ക്കു കീഴടങ്ങുന്നവരാണ്. പുരുഷന്മാരിൽ മദ്യവും മയക്കുമരുന്നും സ്വയം ജീവനൊടുക്കുന്നതിലേക്കു നയിക്കുന്നു.
മാനസികസമ്മർദങ്ങളുടെ പ്രതിഫലനം
ആത്മഹത്യ ഒരാളുടെ മാത്രം തീരുമാനമല്ല. അതു ജീവിതത്തിലെ വിവിധതലങ്ങളിൽ സൃഷ്ടിക്കുന്ന മാനസികസമ്മർദങ്ങളുടെ ദുഃഖകരമായ പ്രതിഫലനമാണ്. വ്യക്തിഗതമായി മാത്രം പരിഗണിക്കേണ്ട പ്രശ്നമല്ല ഇത്. സാമൂഹികമായും കുടുംബപരമായും വിലയിരുത്തേണ്ടതാണ്.
ക്ഷീണിച്ച മനസിന് കൈത്താങ്ങും കരുണയുടെ വാക്കുകളും നല്കിയാൽ, അതവരുടെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച ഉപഹാരമായി മാറും.
സ്നേഹവും കരുതലും കാണിച്ച് സഹജീവികളുടെ അതിവിഷമ മാർഗങ്ങളിൽ സഹയാത്രികരാകാം. ജീവിതം ഓരോരുത്തർക്കും പ്രിയപ്പെട്ടതാണ്. അതിന്റെ ഗുണം തിരിച്ചറിയാനും അത് പരിപാലിക്കാനും പ്രചോദനം നല്കുക നമ്മുടെ ബാധ്യതയാണ്. ജീവിതം മഹാസമ്മാനമാണെന്നും അതു വെറുതെ വലിച്ചെറിയാനുള്ളതല്ലെന്നുമുള്ള ബോധ്യം എല്ലാവരിലുമുണ്ടാകട്ടെ.
പ്രധാന കാരണങ്ങൾ
1) മാനസികാരോഗ്യപ്രശ്നങ്ങൾ മാനസികാരോഗ്യത്തിലെ ഏറ്റക്കുറച്ചിലാണ് പ്രധാന കാരണം.
ഡിപ്രഷൻ: ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള പ്രാപ്തിക്കുറവ് വ്യക്തികളുടെ ആത്മവിശ്വാസത്തെ തകർക്കുന്നു. ഇതു നിരന്തരചിന്തകളിലേക്കു നയിച്ച് അയാളെ തളർച്ചയിലേക്കും കടുത്ത തീരുമാനത്തിലേക്കും നയിക്കുന്നു.
ബൈപോളാർ ഡിസോർഡർ: ഈ രോഗം മൂലം വ്യക്തി അമിതമായ സുഖാനുഭവങ്ങളുടെയും ഗഹനമായ ദുഃഖാനുഭവങ്ങളുടെയും ഇരയായി മാറുന്നു. ഈ വികാരവൈജാത്യങ്ങൾ ജീവിതത്തിൽ സ്ഥിരതയില്ലായ്മയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നു.
സ്കിസോഫ്രീനിയ: യാഥാർഥ്യത്തിന്റെ തലങ്ങളിൽനിന്നു മാറുന്ന വ്യക്തി മിഥ്യാഭ്രമങ്ങൾക്ക് അടിമയാകുന്നു. ഇതു യാഥാർഥ്യബോധത്തെ തകർക്കുന്നു. മാനസികാരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഒട്ടുമിക്ക സാഹചര്യങ്ങളിൽ സാമൂഹികപിന്തുണ കുറവാണ്.
2) സാന്പത്തിക പ്രതിസന്ധി ആത്മഹത്യയിലേക്കുള്ള പ്രധാന വഴിയാണിത്.
കടബാധ്യത: കർഷകർ, ചെറുകിട വ്യാപാരികൾ, തൊഴിൽസ്ഥിരത ഇല്ലാത്തവർ എന്നിവരിൽ കടബാധ്യത വൻ പ്രശ്നമാണ്. വായ്പാപിരിവിനുള്ള ബാങ്കുകളുടെ കർശനനടപടികൾ പല വ്യക്തികളെയും മാനസികമായും സാന്പത്തികമായും തളർത്തുന്നു.
തൊഴിൽ നഷ്ടം: തൊഴിൽ ഇല്ലായ്മയുണ്ടാക്കുന്ന മാനസികസമ്മർദം അതിരു കടക്കുന്നതാണ്. തൊഴിൽ നഷ്ടപ്പെട്ടവർക്ക് വീണ്ടും കരിയർ ആരംഭിക്കാനുള്ള സാധ്യത കുറവായാൽ അതു മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നു.
മഹാമാരി കാലഘട്ടം: കോവിഡ് മഹാമാരിക്കുശേഷം ജീവിതസാഹചര്യങ്ങളിലും ശൈലിയിലുമുണ്ടായ മാറ്റം ഏറെപ്പേരെ സാന്പത്തികവും മാനസികവുമായ തകർച്ചയിലേക്കു നയിച്ചിട്ടുണ്ട്.
ആഡംബരജീവിതം: സമൂഹത്തിൽ ഉയർന്ന നിലയിൽ എത്തിപ്പെടാൻ കഴിവിനുമപ്പുറത്ത് തീവ്രമായി ശ്രമിക്കുന്പോൾ തിരിച്ചടി കിട്ടുന്നു. കടബാധ്യതയും മാനസികസംഘർഷവുമാകും ഫലം.പരിഹാരം തേടുന്നത് ആത്മഹത്യയിലും.
കുടുംബബന്ധങ്ങളിലെ തകർച്ച: വ്യക്തിയുടെ മാനസികാരോഗ്യത്തിലും ജീവിത മനോഭാവത്തിലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഘടകമാണ് കുടുംബം. കുടുംബത്തിലെ നിരന്തര വഴക്കുകളും എതിർപ്പുകളും വ്യക്തിയുടെ ആത്മവിശ്വാസത്തെ തകർക്കുന്നു. കുടുംബത്തിൽനിന്നു സാന്ത്വനം കിട്ടാതെ വരുന്പോൾ ആളുകളിൽ നിഷേധചിന്ത വളരുന്നു.
വിവാഹമോചനം മാനസികാരോഗ്യത്തെ തകർക്കുന്ന സംഗതിയാണ്. ജീവിതം തിരിച്ചുപിടിക്കുന്നത് വലിയ കടന്പയാകുന്പോൾ പലരും കടുംകൈക്കു തുനിയുന്നു.
ഏകാന്തത വലിയൊരു കാരണമാണ്. മാനസികസമ്മർദം പങ്കിടാനാളില്ലാതാകുന്പോൾ മനോഭാരം അതിരു കടക്കും. സമൂഹത്തോടോ സുഹൃത്തുക്കളോടോ ബന്ധമില്ലാത്ത അവസ്ഥയിലെത്തും. അതോടൊപ്പം മറ്റു ഘടകങ്ങളായ സാമൂഹികസമ്മർദം, മദ്യം-മയക്കുമരുന്ന്, വിദ്യാഭ്യാസ, തൊഴിൽ സമ്മർദങ്ങളും ഈ സമസ്യ സങ്കീർണമാക്കുന്നു. സംയുക്ത ഇടപെടലുകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ.
പ്രതിരോധമാർഗങ്ങൾ
1) മാനസികാരോഗ്യ ബോധവത്കരണ ക്യാന്പുകൾ
മാനസികാരോഗ്യത്തെക്കുറിച്ചു ബോധവത്കരിക്കുന്ന ക്യാന്പുകളിൽ മാനസികാരോഗ്യപ്രശ്നങ്ങൾ, അവയുടെ ലക്ഷണങ്ങൾ, ചികിത്സാമാർഗങ്ങൾ എന്നിവയിലുള്ള അറിവ് ജനങ്ങൾക്കു പകരണം.
2) സമൂഹത്തിന്റെ പങ്കാളിത്തം
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചില പൊള്ളയായ സങ്കല്പങ്ങളും തെറ്റിദ്ധാരണകളും സമൂഹത്തിൽനിന്ന് ഇല്ലാതാക്കണം. മനോരോഗം നാണക്കേടാണെന്ന ചിന്ത തുടച്ചുനീക്കണം. അത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് സാമൂഹിക പിന്തുണ നല്കണം. മാധ്യമങ്ങൾ, സോഷ്യൻ മീഡിയ എന്നിവയ്ക്കു പുറമെ സാധ്യമായ എല്ലാ മാർഗങ്ങളും ബോധവത്കരണത്തിന് ഉപയോഗിക്കണം. വിവേചനമില്ലാതെ ഇത്തരം വ്യക്തികളെ ചേർത്തുനിർത്തുന്ന മനോഭാവം വളർത്തണം. മാനസികാരോഗ്യത്തെ ‘വൻപിഴവ്’ അല്ലെങ്കിൽ ‘ദുരന്തം’ എന്ന രീതിയിൽ കാണുന്ന സമീപനം മാറ്റിയെടുത്തേ മതിയാകു.
സാമൂഹിക പിന്തുണ അനിവാര്യമാണ്. മാനസികപ്രശ്നങ്ങൾ തുറന്നുപറയാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക. ആശയവിനിമയവും പ്രതികരണങ്ങളും മാനസികാരോഗ്യത്തെക്കുറിച്ചുള്ള സ്വതന്ത്ര ചർച്ചകളും പ്രോത്സാഹിപ്പിക്കുക. ഇങ്ങനെ പങ്കുവയ്പിലൂടെ പ്രശ്നങ്ങളുടെ കാഠിന്യം കുറയ്ക്കാം.
3) കുടുംബത്തിന്റെ പങ്ക്
കുടുംബാംഗങ്ങളുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരാൾ ദുഃഖിതനാകുന്പോഴും മാനസികപ്രശ്നങ്ങളാൽ വലയുന്പോഴും കുടുംബത്തിന്റെ പിന്തുണ വളരെ പ്രധാനമാണ്. അനുഭവങ്ങൾ പങ്കുവയ്ക്കലും സൗഹൃദങ്ങളും കൗൺസലിംഗ് സേവനങ്ങളും പ്രയോജനപ്പെടുത്താം.
മാതാപിതാക്കൾ കുട്ടികളുമായി അടുത്തിടപഴകാൻ ശ്രദ്ധിക്കണം. അവരിലുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ നേരത്തേകണ്ടെത്താൻ ഇതു സഹായിക്കും. സ്കൂൾ, ജോലി, സാമൂഹികപരിസരങ്ങൾ എന്നിവിടങ്ങളിലെ അനുഭവങ്ങൾ പങ്കുവയ്ക്കാനും തുറന്നു സംസാരിക്കാനും അവരെ പ്രേരിപ്പിക്കണം. അവരുടെ വികാരങ്ങളും ആശങ്കകളും മനസിലാക്കാൻ ശ്രമിക്കണം. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും മാതാപിതാക്കൾക്കായി സംഘടിപ്പിക്കണം.
4) മദ്യം, മയക്കുമരുന്ന് നിരോധനം
മദ്യവും മയക്കുമരുന്നും പൂർണമായും നിർത്തലാക്കുക അസാധ്യമാണെങ്കിലും ചില നിയമപരമായ നിയന്ത്രണങ്ങൾ അനിവാര്യമാണ്. കൂടുതൽ ശക്തമായ നിയമങ്ങൾ ഈ മേഖലയിലുണ്ടാകണം.
സ്കൂൾ തലത്തിൽത്തന്നെ ജീവിതനൈപുണ്യങ്ങൾ പഠിപ്പിച്ച് വിദ്യാർഥികളെ ജീവിതപ്രതിസന്ധികൾ നേരിടാൻ പ്രാപ്തരാക്കണം. മദ്യം, മയക്കുമരുന്ന് എന്നിവയെക്കുറിച്ചും അതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണം. സ്കൂൾ, കോളജ്, യൂത്ത് ക്ലബ്ബുകൾ എന്നിവ കേന്ദ്രീകരിച്ച് ക്യാന്പുകളും സെമിനാറും പ്രോജക്ടുകളും സംഘടിപ്പിക്കണം. ഇതിനായി വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താം.